15 അത്ഭുതങ്ങളും അടയാളങ്ങളും

    15   അത്ഭുതങ്ങളും അടയാളങ്ങളും


മർക്കൊസ് 16:15- 20



വിശുദ്ധ വേദപുസ്തകത്തിൽ ഉടനീളം അത്ഭുതങ്ങളുടെ ഒരു നീണ്ടനിര നാം കാണുന്നുണ്ട്. പഴയനിയമത്തിൽ ഉല്പത്തി 1,2 അദ്ധ്യായങ്ങളിൽ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്നവിധം വിവരിച്ചിരിക്കുന്നു. നാം ജനിക്കുമ്പോൾത്തന്നെ സൃഷ്ടിയുടെ   ഓരോ വൈവിധ്യങ്ങളെയും കാണുന്നതുകൊണ്ട് ഇതിലുള്ള ദൈവപ്രവൃത്തിയുടെ മഹത്വം നമുക്ക് ഗ്രഹിക്കാൻ കഴിയാതെപോകുന്നു എന്നത് ഒരു സത്യമാണ്. എന്നാൽ മാറിനിന്ന് പരിശോധിച്ചാൽ ദൈവത്തിന്റെ സൃഷ്ടിയുടെ മഹത്വം ഓരോ കാര്യങ്ങളിലും നമുക്ക് കാണാൻ കഴിയും. സസ്യങ്ങൾ, ജീവജാലങ്ങൾ, പക്ഷിമൃഗാദികൾ, തുടങ്ങി ഈ പ്രപഞ്ചത്തിലെ ഓരോന്നും ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളാണ്.

സങ്കീ 33:9-  'ദൈവം അരുളി ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.'

ഉല്പത്തി 6,7,8 അദ്ധ്യായങ്ങളിൽ നോഹയുടെ കാലത്ത് ദൈവം പ്രളയത്താൽ ഭൂമിയെ നശിപ്പിക്കുന്നതായി കാണുന്നു. അന്നു വരെ മഴ ഇല്ലായിരുന്നു. ഒരു മനുഷ്യനും പ്രതീക്ഷിക്കാത്ത ഒരു പ്രളയം അയച്ച് ദൈവം ഭൂമിയെ വിധിക്കുന്നു.

പുറപ്പാട് 3:2,3 വാക്യങ്ങളിൽ യഹോവയുടെ ദൂതൻ മുൾപ്പടർപ്പിൽനിന്ന് മോശെയോട് സംഭാഷിക്കുന്നതായി നാം കാണുന്നുണ്ട്. പുറപ്പാട് 5 മുതൽ 12 വരെയുള്ള അദ്ധ്യായങ്ങളിൽ ഫറവോന്റെ അടിമത്തത്തിൽ നിന്ന് യിസ്രായേലിനെ രക്ഷിക്കാൻ ദൈവം മോശെയെയും അഹരോനെയും അയച്ച് അവരിൽക്കൂടി അനവധി അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. തന്റെ ജനത്തെ വിടുവിക്കുവാൻ ഫറവോന്റെ ഹൃദയത്തോട് ദൈവം ഇതിലൂടെ ഇടപെടുന്നു.

പുറപ്പാട് 14:15-31 വാക്യങ്ങളിൽ അടിമത്തത്തിൽ നിന്ന് പുറപ്പെട്ടുവരുന്ന യിസ്രായേലിന് ചെങ്കടലിൽക്കൂടി ദൈവം വഴിയൊരുക്കുന്നു.

പുറപ്പാട് 14:18 ൽ യിസ്രായേലിനെ പിടിക്കാനായി പിന്തുടർന്നുവരുന്ന ഫറവോനിലും സൈന്യത്തിലും ദൈവത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്നു.

പുറപ്പാട് 16-ാം അദ്ധ്യായത്തിൽ മരുഭൂമിയിൽ യിസ്രായേലിന് ദൈവം മന്നാ കൊടുക്കുന്നു. ലക്ഷക്കണക്കിന് ജനത്തിന് ആഹാരം സ്വർഗ്ഗത്തിൽനിന്ന് ദൈവംതന്നെ പൊഴിച്ചു കൊടുക്കുന്നു.

പുറ 16:35- 'കുടിപാർപ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽ മക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു .....'

യോശുവ 3-ാം അദ്ധ്യായത്തിൽ നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ കാൽ യോർദ്ദാൻ നദിയിൽ തൊടുമ്പോൾ അത് ചിറപോലെ മാറി വെള്ളത്തിന്റെ ഒഴുക്ക് നിന്നിട്ട് ഉണങ്ങിയ നിലത്തു കൂടി പെട്ടകത്തെ അക്കരെ കടത്തുന്നതായി കാണാം. യൊശുവ 6-ാം അദ്ധ്യായത്തിൽ യെരിഹോ മതിൽ വീഴുന്നതായി നാം കാണുന്നു. ഇക്കാലത്ത് പലരും ചിന്തിക്കാറുണ്ട് ജനം ആർപ്പിട്ടപ്പോഴാണ് യെരിഹോ മതിൽ വീണതെന്ന്. യഥാർത്ഥത്തിൽ ജനത്തിന്റെ ആർപ്പല്ല, മറിച്ച് ജനത്തിന്റെ അനുസരണമാണ് അതിന് നിദാനമായത്. ദൈവം കൊടുത്ത നിർദ്ദേശം അവർ അതേപോലെ അനുസരിച്ചു. ഇന്ന് നാം അതുപോലെ ചെയ്താൽ  ഒരു മതിൽ പൊളിയണമെന്നില്ല. കാരണം, യെരിഹോവിനെ സംബന്ധിച്ച് ദൈവത്തിന്റെ പദ്ധതി അതായിരുന്നു. യിസ്രായേലിന്റെ യാത്രയിൽ അവർക്കുവേണ്ടി ദൈവം ഓരോ കാര്യവും ചെയ്തത് വൃത്യസ്തമായ രീതിയിലാണ്. അവരെ കരുതുകയും വഴി നടത്തുകയും ചെയ്യുന്ന, അവരുടെ രാജാവായിരിക്കാൻ ആഗ്രഹിക്കുന്ന ഒരു ദൈവം ഉണ്ടെന്നും; തന്നെ അനുസരിച്ച് കീഴ്‌പ്പെട്ടിരിക്കുന്ന ഒരു ജനത്തെ വാർത്തെടുക്കുക എന്നതാണ് അവിടുത്തെ ഇഷ്ടം എന്നതുമാണ് ദൈവം ഇതിലൂടെ അവരെ മനസ്സിലാക്കാൻ ആഗ്രഹിച്ചത്. 

              1 രാജാ 17 -ാം അദ്ധ്യായത്തിൽ സാരെഫാത്തിലെ വിധവയും മകനും ദൈവത്താൽ സംരക്ഷിക്കപ്പെടുന്നു. ഏലിയാവ് മരിച്ചുപോയ ഒരു ബാലന് ജീവൻ കൊടുക്കുന്നു.

            2 രാജാ 4:8-37 വാക്യങ്ങളിൽ ഏലീശായുടെ അനുഗ്രഹത്താൽ ശൂനേമിലെ സ്ത്രീക്ക് ഒരു മകൻ ജനിക്കുന്നു. അവൻ മരിച്ചപ്പോൾ അവന് ജീവൻ തിരികെ ലഭിക്കുന്നു.

2 രാജാ 5-ാം അദ്ധ്യായത്തിൽ സേനാനായകനായ നയമാന്റെ കുഷ്ഠം സൗഖ്യമാക്കുന്നു.

               ആവ 28:1-16 വാക്യങ്ങളിൽ ദൈവത്തെ മാനിച്ച്,  അനുസരിച്ച്, ദൈവകല്പന ഏറ്റെടുത്ത് മനസ്സിലാക്കി അതുപോലെ ജീവിക്കുന്നവർക്ക് ദൈവം നൽകുന്ന നന്മകളുടെയും അനുഗ്രഹങ്ങളുടെയും വിശാലമായ ഒരു പട്ടിക കാണാൻ കഴിയും.

ഈ കാര്യങ്ങളെല്ലാം ദൈവം ചെയ്തത് മനുഷ്യരൂപമെടുത്ത് യേശുക്രിസ്തു ഈ ലോകത്തിലേക്ക് വരുന്നതിന് മുമ്പായിരുന്നു. പഴയ നിയമത്തിൽ ഈ അത്ഭുതങ്ങളും അടയാളങ്ങളും നടന്നത് യേശുവിനോട് പ്രാർത്ഥിച്ചിട്ടൊന്നും ആയിരുന്നില്ല. അന്ന് യേശു വന്നിട്ടില്ലായിരുന്നു.

പുറപ്പാട് പുസ്തകത്തിൽ ഫറവോന്റെ മുമ്പിൽ മോശെയെ ദൈവം അയയ്ക്കുമ്പോൾ മോശെ ചെയ്ത പല അത്ഭുതങ്ങളും അതുപോലെ ചെയ്‌വാൻ കഴിവുള്ളവർ ഫറവോന്റെ കൊട്ടാരത്തിൽ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ലഭിക്കുന്നത് മുഴുവൻ യേശുവിലൂടെ ആണെന്നും യേശു വന്നത് തന്നെ നമുക്കു വേണ്ടി അവ ചെയ്യുന്നതിനായിരുന്നു എന്നും തെറ്റിദ്ധരിക്കുന്ന അനേകരുണ്ട്. എന്തിനാണ് ഈ അത്ഭുതങ്ങളും അടയാളങ്ങളും യേശുക്രിസ്തു ചെയ്തത് എന്ന് തിരിച്ചറിയുമ്പോഴാണ് പുതിയ നിയമത്തിലൂടെ ദൈവം ആഗ്രഹിക്കുന്ന കാര്യം എന്തെന്ന് നാം മനസ്സിലാക്കുന്നത്.

              മത്താ 8:1-4 വാക്യങ്ങളിൽ ഒരു കുഷ്ഠരോഗി യേശുവിനോട് പറയുന്നു 'നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കണം' യേശു കൈനീട്ടി അവനെ തൊട്ടു, അവൻ സൗഖ്യമായി.

                മത്താ 8:5-10- ശതാധിപന്റെ ബാല്യക്കാരനെ സൗഖ്യമാക്കുവാൻ അവൻ യേശുവിനോട് അപേക്ഷിക്കുന്നു. 'നീ എന്റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല' എന്ന് അവൻ പറയുമ്പോൾ യേശു പറയുന്നു - ഞാൻ വരാം. ആ ശതാധിപന്റെ വിശ്വാസം കണ്ടിട്ട് യേശുപോലും അത്ഭുതപ്പെടുന്നു. 

മത്താ 8:26,27 - യേശു കാറ്റിനെയും കടലിനെയും ശാന്തമാക്കുന്നു.

മത്താ 17:24,25 - യേശുക്രിസ്തു കടലിന്മേൽ നടക്കുന്നു.

മത്താ 8:28-32 - രണ്ട് ഭൂതഗ്രസ്തരെ യേശു സൗഖ്യമാക്കുന്നു.

യോഹ 14:13,44 - മരിച്ച് 4 ദിവസം കഴിഞ്ഞ ലാസറിനെ യേശു ഉയർപ്പിക്കുന്നു.

ഇവിടെയെല്ലാം സകല ചരാചരങ്ങളിന്മേലുമുള്ള യേശുവിന്റെ സർവ്വാധിപത്യമാണ് നാം കാണുന്നത്. പഴയ നിയമത്തിൽ അത്ഭുതങ്ങളിലും അടയാളങ്ങളിലും കൂടെ ദൈവം ആഗ്രഹിച്ചത് ദൈവസാന്നിധ്യത്തെ ജനത്തിന് അറിയിക്കുകയും അവരെ നയിക്കാൻ ആഗ്രഹിക്കുന്ന സ്രഷ്ടാവായ ദൈവത്തെക്കുറിച്ച് ജനത്തെ മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു.

മത്താ 14:14 -'അവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൗഖ്യമാക്കി.' മനുഷ്യന്റെ അവസ്ഥ കണ്ടിട്ട് മനസ്സലിയുന്ന കർത്താവിനെയാണ് ഇവിടെ നാം കാണുന്നത്.

മത്താ 13:58 -'അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികളെ ചെയ്തില്ല. യേശുവിന്റെ പിതൃനഗരത്തിലാണ് ഈ കാര്യം സംഭവിച്ചത്. സാക്ഷാൽ യേശുക്രിസ്തു ആണെങ്കിൽപ്പോലും അത്ഭുതങ്ങൾ നടക്കാൻ ജനത്തിന് വിശ്വാസം ആവശ്യമാണെന്നും അവിശ്വാസം നിമിത്തം യേശു അത്ഭുതം പ്രവർത്തിച്ചില്ല എന്നുമാണ് ഇവിടെ നാം വായിക്കുന്നത്. യേശുവിന്റെ അടുക്കലേക്ക് വരുന്ന ഒരുവന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ നടക്കണമെങ്കിൽ യേശുവിന്റെ മനസ്സലിവും അവന്റെ വിശ്വാസവും ആവശ്യമാണ്.

ലൂക്കൊ 5:18-24 -വരെയുള്ള വാക്യങ്ങളിൽ ഒരു പക്ഷവാതക്കാരനെ കട്ടിലിന്മേൽ എടുത്തുകൊണ്ട് യേശുവിന്റെ അടുത്ത് വരികയാണ്. യേശു അവനെ നോക്കി ചുറ്റും നില്ക്കുന്ന ജനം കേൾക്കെ 'നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു' എന്നു പറഞ്ഞു ഇത് കേട്ട ജനം ഇളകി, പാപമോചനം കൊടുക്കാൻ ഇവൻ ദൈവമാണോ എന്നവർ ചിന്തിച്ചു. എന്നാൽ യേശു ഇവിടെ വ്യക്തമാക്കുന്നത് - ഈ കിടക്കയിൽ കിടക്കുന്നവന് എഴുന്നേറ്റ് നടക്കാൻ എളുപ്പമാണ് പക്ഷെ ഇത് കാണുമ്പോൾ ഭൂമിയിൽ പാപങ്ങളെ മോചിക്കാൻ യേശുവിന് അധികാരമുണ്ടെന്ന് ജനം തിരിച്ചറിയണം. ഇത് നാം ഇന്നും ഓർക്കേണ്ടതായ ഒരു സത്യമാണ്.

മർക്കൊ 16:15 -'പിന്നെ യേശു അവരോട്: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്‌നാനം ഏല്ക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും .....

മർക്കൊ 16:17 -'വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: .....

മത്താ 13:58 - ൽ അവിശ്വാസം നിമിത്തം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല എന്ന് നാം വായിക്കുന്നു. ഇവിടെ നാം കാണുന്നത് വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും എന്നാണ്. ഈ കാലഘട്ടത്തിൽ ഈ വാക്യങ്ങൾ നാം ചേർത്ത് ചിന്തിക്കേണ്ടതാവശ്യമാണ്. അതായത്, യേശുക്രിസ്തുവിന്റെ നാമത്തിൽ പുറപ്പെട്ട് പ്രവർത്തിക്കുന്ന ശിഷ്യന്മാർ പ്രാർത്ഥിക്കുമ്പോൾ പ്രവൃത്തി നടക്കണമെങ്കിൽ രണ്ട് കാര്യങ്ങൾ നടക്കണം - അവർ വിശ്വസിക്കണം, വരുന്ന ജനവും വിശ്വസിക്കണം. അപ്പോഴാണ് ആ വിഷയത്തിൽ കർത്താവ് മനസ്സലിയുമ്പോൾ - പാപങ്ങളെ മോചിക്കുവാൻ ക്രിസ്തുവിന് അധികാരം ഉണ്ടെന്ന് ജനം അറിയേണ്ടതിന് അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്നത്.

യോഹന്നാൻ 6 -ാം അദ്ധ്യായത്തിൽ യേശുക്രിസ്തു 5 അപ്പവും 2 മീനും കൊണ്ട് പുരുഷാരത്തെ പോഷിപ്പിക്കുന്നു. അവർ തിന്ന് തൃപ്തരായി അടുത്ത ദിവസവും യേശുവിനെത്തേടിവരുന്നു. ആ അദ്ധ്യായത്തിന്റെ അവസാനത്തിലേക്ക് വരുമ്പോൾ യേശു തന്റെ വരവിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു. 'ഞാൻ ജീവന്റെ അപ്പമാണ്. കേവലം താല്ക്കാലികമായ ഈ ശരീരത്തെ പോഷിപ്പിക്കുക എന്നതിലുപരിയായി നിലനിൽക്കുന്ന ജീവൻ നൽകാനായിട്ടാണ് ഞാൻ വന്നത്.' എന്ന് ജനത്തെ ഉപദേശിക്കുന്നു. ഈ അപ്പവും മീനും തിന്നിട്ട് വലിയ കാര്യമൊന്നുമില്ല. ജീവന്റെ അപ്പമായ യേശുവിനെ ഉൾക്കൊള്ളണം എന്ന ഉപദേശം കേട്ട് പലരും മാറിപ്പോയി. ഇന്നും ഈ രണ്ടാമത്തെ ഭാഗം അധികമാരും പറയാറില്ല. യേശുവിന്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുമ്പോൾ യേശു ചെയ്യുന്നത് അവിടംകൊണ്ട് നിർത്താതെ നിത്യജീവനിലേക്ക് അവർ പ്രവേശിക്കുവാനുളള സന്ദേശം കൊടുക്കുകയാണ്. കാതലായ ഈ സന്ദേശം കേട്ടപ്പോൾ കൂടിവന്ന പുരുഷാരം മുഴുവനും യേശുവിനെ വിട്ടുപോയി. ശിഷ്യന്മാർ മാത്രം ശേഷിച്ചു. അവരോടും യേശു ചോദിക്കുന്നു. 'നിങ്ങൾക്കും, എന്നെവിട്ടു പൊയ്‌ക്കൊൾവാൻ മനസ്സുണ്ടോ'? മറുപടിയായി പത്രൊസ് പറയുന്നു.

യോഹ 6:68 -'ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്.'

യേശുക്രിസ്തുവിന്റെ പക്കൽ നിത്യജീവനുണ്ടെന്നും നിത്യജീവമൊഴികൾ യേശുവിൽ നിന്നാണ് ലഭിക്കുന്നതെന്നും തിരിച്ചറിഞ്ഞ് അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കും അതീതമായി നിത്യജീവൻ ഉൾക്കൊണ്ട് യേശുവിനെ പിൻപറ്റാനാണ് മനുഷ്യനെ യേശു ആഹ്വാനം ചെയ്യുന്നതെന്നും ഒരുവൻ തിരിച്ചറിയണം.

മർക്കൊ 9:38 -ാം വാക്യത്തിൽ യേശുവിനെ അനുഗമിക്കാതെ തന്നെ ഒരുവൻ ഭൂതങ്ങളെ പുറത്താക്കുന്നത് ശിഷ്യന്മാർ കണ്ടു എന്ന് എഴുതിയിരിക്കുന്നു. യേശു സർവ്വശക്തനായ ദൈവം ആയതുകൊണ്ടും, യേശുവിന്റെ നാമത്തെ ഭൂതങ്ങൾ ഭയപ്പെടുന്നതുകൊണ്ടും അത് സംഭവിക്കും.

അപ്പൊ. പ്രവൃ 19:13-16 - ൽ ചിലർ ഭൂതത്തെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ ഭൂതം അവരെ കീഴ്‌പ്പെടുത്തി ഓടിക്കുന്നു.

ഒന്നാമൻ യേശുവിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുമ്പോൾ അവൻ അത് ചെയ്യുന്നത് യേശുവിനോടുള്ള സ്‌നേഹത്തിലും വിശ്വാസത്തിലും യേശുവിന്റെ നാമത്തിന്റെ മഹത്വത്തിനും കഷ്ടത അനുഭവിക്കുന്നവന്റെ വിടുതലിനുമായിട്ടാണ്. എന്നാൽ പ്രവൃത്തികൾ 16-ാം അദ്ധ്യായത്തിൽ കാണുന്നവർ അത് ചെയ്യുന്നത് അവർ സേവിക്കുന്ന മൂർത്തികളുടെ നാമത്തിന്റെ മഹത്വത്തിനും ആദായത്തിനും വേണ്ടിയാണ്. അവരെ പിശാച് ഓടിക്കുന്നു.

ലൂക്കൊ 10:17-20 - ൽ കർത്താവ് അയച്ച 70 പേർ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തിട്ട് സന്തോഷത്തോടെ മടങ്ങി യേശുവിന്റെ അടുക്കൽ വരുമ്പോൾ യേശു അവരോട് പറയുന്നു, 'എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല, നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.' (ലൂക്കൊ 10:20)

മത്താ 11:20-24 - ൽ  തന്റെ വീര്യപ്രവൃത്തികൾ നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ യേശുക്രിസ്തു അവയെ ശാസിക്കുകയാണ്. യേശുവിന്റെ ഒരേയൊരു ലക്ഷ്യം ഇത് അനുഭവിക്കുന്ന ജനങ്ങൾ ഒരു മാനസാന്തരത്തിലേക്ക് വരണം. ജീവനുള്ള ദൈവം ഉണ്ടെന്നും അവിടുത്തെ പുത്രനായ ക്രിസ്തു ഭൂമിയിലേക്ക് വന്നത് മാനവകുലത്തിന്റെ മോചനത്തിനു  വേണ്ടിയാണെന്നും തിരിച്ചറിഞ്ഞ് ജനങ്ങൾ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയണം. പുതിയ നിയമകാലത്ത് യേശുക്രിസ്തുവിലൂടെ  നടക്കുന്ന അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ലക്ഷ്യം ഇതാണ്.

ഈ ഭൂമിയിൽ എന്തു നന്മ ലഭിച്ചാലും നമ്മൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചില്ലെങ്കിൽ നമ്മുടെ മുമ്പിലുള്ളത് രണ്ടാം മരണമായ നരകമായിരിക്കും. എന്നാൽ, ഈ അത്ഭുതങ്ങളും അടയാളങ്ങളും അനുഭവിക്കുമ്പോൾ രക്ഷകനായ യേശുവിനെ തിരിച്ചറിഞ്ഞ്, ജീവനുള്ള ദൈവത്തിങ്കലേക്ക്  അടുത്തുവന്ന്, കർത്താവിനെ പിൻപറ്റുന്ന ഒരു ജീവിതമാണ് ദൈവം എല്ലാവരെക്കുറിച്ചും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നമ്മെത്തന്നെ നമുക്ക് സമർപ്പിക്കാം.


Video LInk 






Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5