4 ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിന്? II Bible Study II Bro SunilKumar C.G



  4 

ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിന്?

Bible Study II Bro SunilKumar C.G



വെളി 22:3-5  



എത്ര മനോഹരമായാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിയ്ക്കുന്നത്. നാം വാങ്ങുകയും നിർമ്മിക്കുകയും ചെയുന്ന ഓരോ സാധനങ്ങക്കൾക്കും ഒരു ലക്ഷ്യമുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിനല്ലാതെ യാതൊന്നും നാം നിർമ്മിക്കാറില്ല. നമ്മുടെ വീട്ടിലെ ക്ലോക്ക് കൃത്യസമയം കാണിയ്ക്കാതെ വരുമ്പോൾ നാം  അതിനെ ഉപേക്ഷിയ്ക്കും. അതായത് ഉപയോഗശൂന്യമായതൊന്നും നാം വാങ്ങാറില്ല, സൂക്ഷിക്കാറില്ല, നിർമ്മിക്കാറുമില്ല.

ഉല്പ 1:1 -'ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.'

സകല ചരാചരങ്ങളേയും 'ഉണ്ടാകട്ടെ' എന്ന കല്പനയാൽ സൃഷ്ടിച്ച ദൈവം; നിലത്തെ പൊടി കൊണ്ട് അവിടുത്തെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത് എന്തിന്?

ഉല്പ 1:3 -'വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.'

എബ്രാ 11:3 -'ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നുവരു മാറ് ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താൽ അറിയുന്നു.'

സങ്കീ 33:9 -'അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പ്പിച്ചു; അങ്ങനെ സ്ഥാപിതമായി.'

മറ്റൊന്നിനും സമയം കണ്ടെത്താൻ കഴിയാത്ത വിധത്തിൽ അനേകർ, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനായി പകലന്തിയോളം അധ്വാനിയ്ക്കുന്നു. എന്നിട്ടും വേണ്ടും വണ്ണം കാര്യങ്ങൾ ക്രമീകരിക്കാൻ കഴിയാതെ മനുഷ്യൻ വലയുന്നു. ജീവിക്കാൻ വേണ്ടി പെടാപ്പാട് പെടുന്ന അനേകർക്കും എന്തിനാണ് ജീവിയ്ക്കുന്നത് എന്ന ചോദ്യത്തിന് മതിയായ ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല. നമുക്കറിയാം നാം ഉള്ളിലേക്കെടുക്കുന്ന ശ്വാസം പുറത്തേയ്ക്ക് വരുന്നില്ലെങ്കിൽ, അവിടെ നമ്മുടെ ഭൂമിയിലെ ജീവിതം തീരുകയാണ്. നാം പോലും പ്രതീക്ഷിക്കാത്ത നിമിഷം എല്ലാം ഉപേക്ഷിച്ച്, നാം ഈ ലോകം വിട്ട് പോകുന്നു. ആ അർത്ഥത്തിൽ ഒരുവൻ നോക്കുമ്പോൾ, അവന്റെ ജീവിതത്തിന്റെ ഓട്ടം വെറും ശൂന്യതയിൽ അവസാനിക്കുകയാണ്. 

എന്നാൽ മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവത്തിന് വ്യക്തമായ ഒരു പദ്ധതി ഉണ്ടായിരുന്നു. ആ പദ്ധതി കേവലം താൽക്കാലികമായി, ഈ ഭൂമിയിലെ ജീവിതത്തിൽ ഒതുങ്ങിത്തീരുക എന്നതായിരുന്നില്ല.

ഉല്പ 1:26-28 -'അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ സൃഷ്ടിക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വ ഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചര ജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.'

ഭൂമിയിലെ സകല ചരാചരങ്ങളുടെ മേലും മനുഷ്യൻ വാഴണം എന്ന ലക്ഷ്യത്തോടെ യാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

ഉല്പ 2:8 -'അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.'

ഉല്പ 2:9 -'കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.'

ഉല്പ 2:16,17 -'യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.'

മനുഷ്യൻ അത് തിന്നാൽ മരിക്കുമെങ്കിൽ എന്തിനാണ് ദൈവം ആ മരം തോട്ടത്തിൽ മുളപ്പിച്ചത് എന്നത് ന്യായമായ ഒരു ചോദ്യമാണ്. എന്നാൽ ഇവിടെ ദൈവം നമുക്ക് തരുന്ന ഒരു സന്ദേശം ഉണ്ട് - തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യന് നൽകുന്നു. ഏതു കാലഘട്ടത്തിലും ദൈവം മനുഷ്യനെ കുറിച്ച് ആഗ്രഹിക്കുന്നത് ഇതാണ് -പരപ്രേരണ കൊണ്ടല്ല, സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടല്ല, മറിച്ച് ഓരോ വ്യക്തിയും, സ്വന്തം ഇഷ്ടപ്രകാരം ഒരു തീരുമാനത്തിലേയ്ക്ക് ഏത്തണം; ഒന്നാമത്തെ മനുഷ്യൻ മുതൽ നമ്മോടുള്ള ബന്ധത്തിൽ വരെ ദൈവത്തിന്റെ ഇഷ്ടം അതാണ്. 

ഉല്പ 3:1-6  വരെ വായിക്കുമ്പോൾ നാം കാണുന്നത്, തന്ത്രശാലിയായ   പിശാച് കൗശലമേറിയ പാമ്പിലൂടെ സ്ത്രീയോട് സംസാരിക്കുന്നു; ദൈവം അവർക്ക് കൊടുത്ത കല്പനയെ ലംഘിക്കാനുള്ള ആശയം അവരുടെ ഹൃദയത്തിൽ കൊടുക്കുന്നു. പാമ്പ് സ്ത്രീയോട് ചോദിക്കുന്നു -'ഈ തോട്ടത്തിലെ യാതൊരു വൃക്ഷഫലവും തിന്നരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടോ?' സ്ത്രീ നൽകുന്ന മറുപടി -'നന്മതിന്മകളുടെ അറിവിൻ വൃക്ഷഫലം തിന്നരുത്, തൊടുക പോലും അരുതെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്.' പാമ്പ് സ്ത്രീയോടു പറയുന്ന കാര്യം -'ഈ വൃക്ഷത്തിന്റെ ഫലം തിന്നാൽ നിങ്ങളുടെ കണ്ണ് തുറന്ന്, നിങ്ങൾ ദൈവത്തെ പോലെ നന്മതിന്മകളെ അറിയുന്നവർ ആകും' എന്നാണ്. 

            ഉല്പ 3:6 -'ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാ നം പ്രാപിക്കാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിനും കൊ ടുത്തു; അവനും തിന്നു.'

ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും ദൈവ തേജസ്സിൽ സൃഷ്ടിക്കപ്പെട്ടിരിക്കെ, അതിലുപരിയായ ഒരു തലത്തിലേക്ക് എത്താനുള്ള വാഞ്ഛ, പാമ്പിന്റെ കൗശലത്തിൽ വീണ സ്ത്രീക്ക് ഉണ്ടായി. ദൈവം അവരിൽ നിന്ന് എന്തൊക്കെയോ മറയ്ക്കുന്നു എന്നും, അത് സ്വന്തമാക്കണം എന്നും ആഗ്രഹിച്ച് അവൾ ആ വൃക്ഷഫലം തിന്മാൻ ഇടയായി. 

            ദൈവത്തിന്റെ സ്‌നേഹത്തെ വേണ്ടുംവണ്ണം ഗ്രഹിക്കാതെ, ദൈവത്തിന്റെ കരുതലിനെ സംശയിച്ച്, ദൈവത്തോട് അനുസരണക്കേട് കാണിച്ച് സ്ത്രീ ദൈവകല്പനയെ ലംഘിച്ചു. തന്മൂലം ദൈവസാന്നിദ്ധ്യം അവരിൽ നിന്ന് നഷ്ടമായി, ദൈവതേജസ്സ് അവർക്ക് നഷ്ടപ്പെട്ടു, തങ്ങൾ നഗ്നരെന്ന് അവർ തിരിച്ചറിഞ്ഞു.

റോമ 3:23 -'ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു.'

നമ്മുടെ ഏവരുടെയും പൂർവ്വികരായ ആദാം-ഹവ്വമാരുടെ വസ്ത്രം തേജസ്സായിരുന്നു. പാപം നിമിത്തം, ദൈവത്തിന്റെ സ്‌നേഹത്തിലും സാമീപ്യത്തിലും അവരെ നിലനിർത്തിയിരുന്ന ദൈവത്തിന്റെ ആത്മാവിനെ ദൈവം തിരികെ എടുത്തു. അക്ഷരാർത്ഥത്തിൽ അവരുടെ ശരീരത്തിന് ഒരു മരണം സംഭവിച്ചില്ല എങ്കിലും, ആത്മീക മരണം ഉണ്ടായി. 

           മരണം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്  ഒരു വേർപാടാണ്. ദൈവതേജസ്സിൽ ആയിരുന്നു കൊണ്ട്, ദൈവത്തെ കേൾക്കുവാനും അനുസരിക്കുവാനും സംവാദിക്കുവാനും സംഭാഷിക്കുവാനും കഴിയുന്ന തരത്തിൽ മനുഷ്യനെ പ്രാപ്തനാക്കുവാൻ ദൈവം നൽകിയിരുന്ന ദൈവാത്മാവ് അവർക്ക് നഷ്ടമായി.

ഉല്പ 3:8,9 -'വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.'

മനുഷ്യൻ ദൈവത്തോട് അനുസരണക്കേട് കാണിച്ചപ്പോൾ അവന്റെ ദേഹത്തിലും  ദേഹിയിലും ആത്മാവിലും മാറ്റം ഉണ്ടായി.

ഉല്പ 3:23 -'അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കി.'ഏദൻ തോട്ടത്തിലെ നന്മയും ദൈവസന്നിദ്ധ്യവും അനുഭവിച്ചിരുന്ന മനുഷ്യനെ, അവിടെ നിന്ന് പുറത്താക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്.

ദൈവസ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ രോഗവും കഷ്ടതയും വേദനയുമുള്ള ജീവിതത്തിന്  ഉടമയായി. പ്രിയരേ, ഇന്ന് നാം അനുഭവിക്കുന്ന എല്ലാ വ്യഥകൾക്കും   കഷ്ടതകൾക്കും കാരണം ഇതാണ്. ഇവിടെ യാതൊരു വ്യത്യാസവുമില്ല, ഭൂമിയിൽ മനുഷ്യരായി ജനിക്കുന്ന ഓരോരുത്തരും ആദാമിന്റെ പാരമ്പര്യത്തിലാണ് ജനിക്കുന്നത്; അതുനിമിത്തം സകലമനുഷ്യരും ആദാമിൽ നിന്നുള്ള പാപത്തിന്റെ സ്വാധീനത്തിലാണ്.

ഉദാഹരണമായി - ഒരു മനുഷ്യൻ തന്റെ മകൻ ജനിക്കുന്നതിന് മുമ്പ്, തന്റെ വസ്തു ബാങ്കിൽ ഈട് വെച്ച് വായ്പ എടുത്തു എന്നിരിക്കട്ടെ. മകന്റെ ജനനത്തിനു മുമ്പേ അദ്ദേഹം ഈ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ബാങ്കിലെ ബാധ്യത, പലിശയും കൂട്ടുപലിശയും ആയി വർദ്ധിച്ചു. മകൻ വളർന്നു, തിരിച്ചറിവായി. തന്റെ പിതാവിന്റെ ആ വസ്തുവിൽ അധ്വാനിക്കാനായി അവൻ ചെല്ലുമ്പോൾ,  ബാങ്കുകാർ അവനെ അറിയിക്കും - ഈ വസ്തു നിന്റെ പിതാവിന്റേതാണ്; പക്ഷെ ആ വായ്പയുടെ മുതലും പലിശയും കൊടുക്കാതെ നിനക്ക് അത് അനുഭവിക്കാൻ പറ്റില്ല. ഞാൻ ജനിക്കുന്നതിന് മുമ്പുള്ള കാര്യമാണ്, എനിയ്ക്ക് ഇതിൽ ഉത്തരവാദിത്വമില്ല - എന്ന് ആ മകന് മറുപടി പറയാൻ കഴിയില്ല. പിതാവ് ചെയ്തതിന് മകൻ കടം വീട്ടേണ്ടി വരും.

അതുപോലെ, നിരന്തരം ദൈവിക കൂട്ടായ്മയിൽ വസിക്കാൻ  സൃഷ്ടിയ്ക്കപ്പെട്ട ആദാം-ഹവ്വ ദമ്പതിമാരെ ദൈവം പുറത്താക്കിയപ്പോൾ, അവരിൽ നിന്നുണ്ടായ മാനവകുലം മുഴുവൻ ദൈവസാന്നിദ്ധ്യത്തിന് പുറത്തായി. വാഴുവാൻ തക്കവണ്ണം സൃഷ്ടിക്കപ്പെട്ട മനുഷ്യന് വാഴ്ച നഷ്ടപ്പെട്ടു. മനുഷ്യൻ പാപത്തിന്റെ അടിമത്തത്തിലായി. അവനെ പാപം ഭരിക്കാൻ തുടങ്ങി. നിലനില്പിനു വേണ്ടി അഹോരാത്രം പണിപ്പെടുന്ന അവസ്ഥയിലേക്ക് അവൻ അധ:പതിച്ചു. 

              ദൈവസാന്നിദ്ധ്യത്തിൽ, നിരന്തരം സമാധാനത്തോടും സന്തോഷത്തോടും കഴിയേണ്ട മനുഷ്യന്റെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടു. അതിനായി മറ്റു പലതിനേയും ആശ്രയിക്കേണ്ട തരത്തിൽ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു. എന്തൊക്കെ ഉണ്ടായാലും തൃപ്തരാകാത്ത അവസ്ഥയിലേക്ക് മനുഷ്യർ ആയിത്തീർന്നു.  ഇതാണ് ബൈബിളിന്റെ ആദ്യ അധ്യായങ്ങളിൽ നാം കാണുന്നത്. 

            എന്നാൽ ബൈബിളിന്റെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകത്തിലേ ക്ക് നാം വരുമ്പോൾ:- വെളി 5:9,10 -'..... നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ട് സർവ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കി വെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ട് അവർ പാടുന്നു.' വാഴ്ച നഷ്ടപ്പെടുത്തിയ മനുഷ്യനെ, യേശുക്രിസ്തുവിന്റെ രക്തത്താൽ ദൈവത്തിനായി വിലയ്ക്കു വാങ്ങി, വാഴുവാൻ തക്കവണ്ണം ദൈവം യഥാസ്ഥാനപ്പെടുത്തുന്നതാണ് ഇവിടെ നാം കാണുന്നത്. യേശുവിനെ കണ്ടിട്ട് സ്‌നാപക യോഹന്നാൽ പറയുന്നു, യോഹ 1:29 '..... ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് .....'

നമുക്ക് ഒത്തിരി പാരമ്പര്യങ്ങളും, അനുഭവങ്ങളും ഒക്കെ പറയാൻ ഉണ്ടെങ്കിലും  ഈ ഭൂമിയിൽ ലഭിക്കുന്ന നാളുകൾ വളരെ തുച്ഛമാണെന്നുള്ളതാണ് യാഥാർത്ഥ്യം. നൂറു വർഷം ജീവിക്കുന്ന ഒരാളുടെ കാര്യം നോക്കുമ്പോൾ; നൂറ് വയസ്സ് എന്നത് ഒത്തിരി ദൈർഘ്യമുള്ളതായി തോന്നുമെങ്കിലും അത് 36525 ദിവസം മാത്രമേ ആകുന്നുള്ളു. അത്, ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിയുമായി താരതമ്യം ചെയ്യുമ്പോൾ തുലോം തുച്ഛമാണ്. നമുക്ക് ഈ ഭൂമിയിൽ ജീവിക്കുവാനുള്ള അവസരം ദൈവം എന്തിന്  തന്നു എന്ന് തിരിച്ചറിഞ്ഞ,് അതിന് ഒത്തവണ്ണം ജീവിക്കാൻ നമ്മുടെ ജീവിതത്തെ ഏല്പിച്ചു കൊടുക്കുമ്പോഴാണ് നമ്മുടെ ജീവിതം യഥാസ്ഥാനപ്പെടുന്നത്. നമ്മെ പാപത്തിന്റെ അടിമത്തത്തിൽ നിന്ന് വീണ്ടെടുത്ത് ദൈവത്തോടൊപ്പം വാഴുന്ന ഒരു ജനമാക്കി മാറ്റുക എന്നുള്ളതാണ് ദൈവത്തിന്റെ ആത്യന്തികമായ പദ്ധതി. 

വെളി 21:1 -'ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞു പോയി; സമുദ്രവും ഇനി ഇല്ല.'

വെളി 21:3 'സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടു കൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും.'

ദൈവവും മനുഷ്യനും കൂടി ഒരുമിച്ച് വസിക്കുന്ന അവസ്ഥയിലേക്ക്, ദൈവം മനുഷ്യനെ  മടക്കിക്കൊണ്ടു വരുന്ന മനോഹരമായ കാഴ്ചയാണ്  ഇവിടെ നാം കാണുന്നത്.

വെളി 22:3-5 -'യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവരുടെ മേൽ പ്രകാശിക്കുന്നതു കൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേയ്ക്കും രാജാക്കന്മാരായിരിക്കും.'

ദൈവത്തോടൊപ്പം രാജാക്കന്മാരായിരുന്ന് പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും വാഴുവാൻ തക്കവണ്ണം നമ്മെ ആക്കിത്തീർക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഈ അവസ്ഥയിലേക്ക് നാം എങ്ങനെ മാറും? അനുസരണക്കേടായിരുന്നു പാപത്തിന് നിദാനം എങ്കിൽ, പാപമോചനത്തിന് എങ്ങനെ വഴിയൊരുങ്ങും? ആദാമിൽ നിന്ന് ജനിച്ച എല്ലാ മനുഷ്യരും ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസം കൂടാതെ പാപികളായിരിക്കെ, ആർക്ക് പാപമോചനത്തിനായി ദൈവത്തിന്റെ അടുക്കലേക്ക് ചെല്ലാൻ കഴിയും? ഇവിടെയാണ് യേശുക്രിസ്തു മനുഷ്യനായി ഭൂമിയിലേക്ക് വന്നതിന്റെ മഹത്വം നാം ദർശിക്കുന്നത്.

ഫിലി 2:5-8 'ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീർന്നു.'

ഒന്നാമത്തെ മനുഷ്യനായ ആദാം അനുസരണക്കേട്ട് കാണിച്ചു എങ്കിൽ, ദൈവമായ യേശുക്രിസ്തു മനുഷ്യരൂപത്തിൽ ഭൂമിയിലേക്ക് വന്ന് നമുക്കു വേണ്ടി അനുസരണം തികച്ചു. തന്റെ ജീവൻ വെടിയുന്നതിനു മുമ്പ് യേശുക്രിസ്തു പറയുന്നു -'..... നിവൃത്തിയായി .....' ( യോഹ 19:30 )

ക്രൂശീകരണത്തിലേക്ക് താൻ നയിക്കപ്പെടുന്നതിനു മുമ്പ്, ഗത്‌സമനത്തോട്ടത്തിൽ തന്റെ ശിഷ്യന്മാരുമായി എത്തി, അവരെ വിട്ട് അല്പം ദൂരെ മാറിപ്പോയി പ്രാർത്ഥി ക്കുമ്പോൾ യേശു സ്വർഗ്ഗത്തിലേക്ക് നോക്കി പറയുന്നുണ്ട് - 'പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ .....' ( ലൂക്കൊ 22:42 ). 

             മാനവകുലത്തിന്റെ പാപമോചനത്തിനാവശ്യമായ അനുസരണം കാൽവരിക്രൂശിലെ പരമയാഗത്താൽ യേശുക്രിസ്തു പൂർത്തിയാക്കി. 

              ഒന്നാമത്തെ മനുഷ്യൻ ദൈവത്തിന്റെ സ്‌നേഹത്തെ, തിരിച്ചറിയാൻ കഴിയാതെ അവഗണിച്ചെങ്കിൽ, കാൽവരിക്രൂശിൽ ജീവനെ യാഗമാക്കുവാൻ യേശുക്രിസ്തുവിനെ നൽകിയതിലൂടെ ദൈവം തന്റെ സ്‌നേഹത്തെ വെളിപ്പെടുത്തി.

യോഹ 3:16 -'തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു.'

മനുഷ്യനെ ദൈവത്തിൽ നിന്നകറ്റുന്ന, ദൈവസാന്നിദ്ധ്യം ഭയമുളവാക്കാൻ കാരണമാകുന്ന; ഹൃദയത്തെ മുറുകെപ്പിടിച്ചിരിക്കുന്ന പാപത്തിന്റെ കരാളഹസ്തത്തെ എങ്ങനെ മനുഷ്യൻ ഒഴിവാക്കും? അതിൽ നിന്ന് എങ്ങനെ മോചനം പ്രാപിക്കും? അവന്റെ ഹൃദയം എങ്ങനെ ശുദ്ധമാകും?

1 യോഹ 1:7-9 -'..... അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിക്കാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.'

1 പത്രൊ 2:24 -'നാം പാപം സംബന്ധിച്ച് മരിച്ച് നീതിയ്ക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ട് ക്രൂശിന്മേൽ കയറി; .....'

നമ്മുടെ പാപങ്ങളുടെ ശിക്ഷയാണ് യേശുക്രിസ്തു സ്വയം ഏറ്റെടുത്തത്. യേശുവിന്റെ കാൽവരിക്രൂശിലെ മരണത്തിലൂടെ ദൈവം ആഗ്രഹിക്കുന്ന ശ്രേഷ്ഠമായ കാര്യം, നാം പാപം സംബന്ധിച്ച് മരിച്ച് നീതിയ്ക്ക് ജീവിക്കുക എന്നതാണ്.

മനസാ വാചാ കർമ്മണാ ഒരു പാപം പോലും നമ്മുടെ ഹൃദയത്തിൽ ഓർമ്മ വന്നില്ലെങ്കിലും; മനുഷ്യനായി ജനിച്ച ഏവരും ആദാമിന്റെ സന്തതിയാകയാൽ പാപത്തിന്റെ അടിമത്തത്തിലാണെന്നും; അതിൽ നിന്ന്  മോചനം പ്രാപിക്കുവാൻ നമുക്ക് യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും നാം അംഗീകരിക്കണം. പാപത്താൽ ദൈവത്തിൽ നിന്ന് അകന്നുപോയ എനിക്കു വേണ്ടി, പാപത്തിന്റെ ശിക്ഷയായ മരണം യേശുക്രിസ്തു  സ്വയം ഏ റ്റെടുത്ത്, ഞാൻ മരിക്കേണ്ട സ്ഥാനത്ത് എനിയ്ക്കു വേണ്ടി മരിച്ചെന്നും; അതുകൊണ്ട് ഇനി ഞാൻ ജീവിക്കുന്നത് യേശുക്രിസ്തുവിനു വേണ്ടിയാണ് എന്ന് ഓരോരുത്തരും സ്വയം നിർണ്ണയിക്കണം.

2 കൊരി 5:14,15 -'ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ, എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ച് ഉയിർത്തവനായിട്ടു തന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.' 

ആ സ്‌നേഹസന്ദേശം ഹൃദയത്തിൽ ഉൾക്കൊണ്ട്, യേശുവിനെ രക്ഷകനും കർത്താവും പാപമോചകനുമായി അംഗീകരിച്ച്, ആര് യേശുവിനു വേണ്ടി ഒരുങ്ങി കാത്തിരിക്കുന്നുവോ, അവരെ ചേർക്കാൻ യേശുക്രിസ്തു വീണ്ടും വരും.

അവരാണ് ഈ ഭൂമിയിൽ  യേശുക്രിസ്തുവിനോടൊപ്പമുള്ള ആയിരമാണ്ട് വാസത്തിനു ശേഷം, പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും വാഴുന്നത്. ഒന്നോർക്കുക, നമുക്ക് ദൈവം നൽകിയ ഈ ആയുസ്സ് ഇവിടെ എങ്ങനെയെങ്കിലും ജീവിച്ച് പോകാൻ വേണ്ടിയല്ല, മറിച്ച് ദൈവതേജസ്സ് പ്രാപിച്ച് ദൈവത്തോടൊപ്പം കോടാനുകോടി യുഗങ്ങൾ വാഴുവാനാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

യേശുക്രിസ്തുവിന്റെ സ്‌നേഹത്താൽ ഈ സത്യം മനസ്സിലാക്കി, ഈ ഭൂമിയിൽ ദൈവത്തിനൊത്ത വിശുദ്ധിയിലും നിർമ്മലതയിലും ജീവിക്കുവാൻ സമർപ്പണമുള്ള ഒരു ജീവിതം നമുക്ക് ഏവർക്കും ഉണ്ടാകട്ടെ. വാഴുവാൻ തക്കവണ്ണം സൃഷ്ടിക്കപ്പെട്ട നാം വാഴ്ചയിലേക്ക് മുന്നേറുന്ന ഒരു ജീവിതമായിത്തീരട്ടെ. അതിനായി ദൈവം നമ്മെ ഏവരെയും സഹായിക്കട്ടെ.



Bible Study Video Link





Comments