9 സാമൂഹിക ബന്ധങ്ങൾ ബൈബിൾ വീക്ഷണത്തിൽ Bible Study II Bro Sunil Kumar C.G
9
സാമൂഹിക ബന്ധങ്ങൾ ബൈബിൾ വീക്ഷണത്തിൽ
Bible Study II Bro Sunil Kumar C.G
എഫെസ്യർ 6:5-9
സാമൂഹികബന്ധങ്ങൾക്ക് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് വിശുദ്ധ വേദപുസ്തകം നൽകുന്നത്. മത്തായി സുവിശേഷത്തിൽ ശിഷ്യന്മാരോടായി യേശുക്രിസ്തു പറയുന്നു. - 'നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു; നിങ്ങൾ ഭൂമിയുടെ ഉപ്പ് ആകുന്നു'
( മത്താ 5:13,14 )
സമൂഹത്തിൽ ഒരു ക്രിസ്തുശിഷ്യൻ ആയിരിക്കേണ്ടുന്ന ഉന്നതമായ ജീവിത നിലവാരത്തെകുറിച്ചാണ് നമുക്കിവിടെ കാണുവാൻ കഴിയുന്നത്. സമൂഹത്തിലെ നാനാതുറകളിലുമുള്ള വ്യക്തികളോടും ബന്ധങ്ങളോടും ഏറ്റവും ദൈവകൃപയിലും ദൈവസ്‌നേഹത്തിലും ആയിരിക്കേണ്ടത് ഒരു ക്രിസ്തുശിഷ്യന്റെ കടമയാണ്. ദാസൻ-യജമാനൻ, ധനവാൻ-ദരിദ്രൻ, ജാതി വ്യത്യാസം തുടങ്ങി ഉച്ചനീചത്വങ്ങൾക്കെതിരെ വിശുദ്ധവേദപുസ്തകം ശക്തമായി നിലകൊള്ളുന്നു. വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ട നാളുകളിൽ അടിമ-ഉടമ വ്യവസ്ഥിതി നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ അതില്ലെങ്കിലും, തൊഴിലാളി-മുതലാളി ബന്ധം നിലനിൽക്കുന്നുണ്ട്. അതുനിമിത്തം ഉണ്ടാകുന്ന ഏകാധിപത്യ സ്വഭാവങ്ങളും, അടിച്ചമർത്തലുകളും നമുക്ക് പലയിടങ്ങളിലും കാണാൻ കഴിയും.
എഫെ 6:5-7 -'ദാസന്മാരേ, ജഢപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിൻ. മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാൽ അല്ല, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും മനുഷ്യരെയല്ല കർത്താവിനെ തന്നെ പ്രീതിയോടെ സേവിച്ചുകൊണ്ടു അനുസരിപ്പിൻ.' ഇന്ന് പലപ്പോഴും യേശുവിനെ അറിഞ്ഞവരാണ് തൊഴിൽ ദാതാവും തൊഴിലാളിയുമെങ്കിൽ അത്തരം ഒരു സമീപനം തൊഴിലാളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി എന്ന് വരില്ല. മനുഷ്യരെ പ്രസാദിപ്പിക്കാൻ കേവലം ചില കാര്യങ്ങൾ ചെയ്യുന്നതിലല്ല; ഒരുവനെ ദൈവം എവിടെ ആക്കിവെച്ചിരിക്കുന്നുവോ അവിടെ യേശുക്രിസ്തുവിന്റെ മനസ്സുള്ളവരായി ദൈവത്തിന്റെ ഇഷ്ടം ചെയ്യുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.
ഫിലി 2:5-8 -'ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.'
കൊലൊ 3:22-25 -'ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ട് ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്. നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്ന പോലെ മനസ്സോടെ ചെയ്‌വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.' തന്റെ പ്രവൃത്തി ഉത്തരവാദിത്തത്തോടെ ചെയ്യുവാനാണ് ഒരു ദാസനെക്കുറിച്ച് കർത്താവ് ആഗ്രഹിക്കുന്നത്.
എഫെ 6:9 -'യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗ്ഗത്തിൽ ഉണ്ടെന്നും അവന്റെ പക്കൽ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ടു അങ്ങനെ തന്നേ അവരോടു പെരുമാറുകയും ഭീഷണിവാക്കു ഒഴിക്കയും ചെയ്‌വിൻ.' യേശുക്രിസ്തുവിനെന്നവണ്ണം, കർത്താവിന്റെ താഴ്മയിലും വിനയത്തിലും അനുസരണത്തിലും ഒരു ദാസൻ യജമാനനെ സേവിക്കുമ്പോൾ, യജമാനൻ ഓർക്കേണ്ടത് തന്റേയും തന്റെ ദാസന്റേയും സ്വർഗ്ഗത്തിലുള്ള യജമാനന് മുഖപക്ഷം ഇല്ല, ആ ദൈവം ഈ ദാസനെ തന്റെ പക്കൽ ആക്കിയിരിക്കുന്നു എന്നത്രേ. ദൈവത്തിന്റെ കരുതലാണ് തന്നെ യജമാനൻ എന്ന സ്ഥാനത്ത് ആക്കിയിരിക്കുന്നത് എന്ന ബോധത്തോടെ ഭീഷണിവാക്ക് ഒഴിവാക്കാൻ യജമാനന്മാരെ വിശുദ്ധവേദപുസ്തകം പ്രബോധിപ്പിക്കുന്നു.
കൊലൊ 4:1 -'യജമാനന്മാരേ, നിങ്ങൾക്കും സ്വർഗ്ഗത്തിൽ യജമാനൻ ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.' യജമാനന്മാർ സ്വർഗ്ഗത്തിലെ ദൈവത്തിന്റെ ദാസന്മാരാകയാൽ അവർക്ക് ദൈവത്തിന്റെ കൃപ ലഭിക്കേണ്ടതിന് അവർ തങ്ങളുടെ ദാസന്മാരോട് കൃപയോടെ പെരുമാറണം എന്ന് വിശുദ്ധവേദപുസ്തകം പറയുന്നു.
മത്താ 5:44,45 -'ഞാനോ നിങ്ങളോടു പറയുന്നതു; നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായിത്തീരേണ്ടതിന്നു തന്നേ .....'
സകല മനുഷ്യരും എങ്ങനെയായിരിക്കണം എന്ന് വിശുദ്ധവേദപുസ്തകം പറയുന്നു. നിങ്ങൾ നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് പ്രധാനപ്പെട്ട ഉപദേശങ്ങളിൽ ഒന്നാണ്. ശപിക്കുന്നവർക്ക് ശാപവും ഉപദ്രവിക്കുന്നവർക്ക് ഉപദ്രവവും നൽകാൻ ഒരു ക്രിസ്തുശിഷ്യന് അനുവാദം ഇല്ല. എന്നാൽ, ഇത് കേവലം അറിവിൽ നിന്നല്ല, മറിച്ച് കൃപയുടെ നിറവിൽ നിന്നും സമ്പൂർണ്ണമായ ദൈവാശ്രയത്തിൽ നിന്നും വിധേയത്വത്തിൽ നിന്നും ഉണ്ടാകേണ്ടതാണ്.
1 തിമൊ 2:1-5 -'എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്‌തോത്രവും ചെയ്യണം എന്നു ഞാൻ സകലത്തിനും മുമ്പെ പ്രബോധിപ്പിക്കുന്നു. അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു .....'
ഈ കാലഘട്ടത്തിൽ രാജവാഴ്ച ഇല്ലെങ്കിലും, രാജ്യത്തിന് ദിശാബോധം നൽകുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും രാജ്യം കാക്കുന്ന ഭടന്മാരും ക്രമസമാധാനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാ മനുഷ്യരും സമാധാനത്തോടെ ജീവിക്കേണ്ടതിന് പ്രാർത്ഥനയും യാചനയും പക്ഷവാദവും സ്‌തോത്രവും ദൈവസന്നിധിയിൽ ഒരു ഭക്തനിൽ നിന്നുണ്ടാകേണം എന്ന് വിശുദ്ധവേദപുസ്തകം നിഷ്‌കർഷിക്കുന്നു. ഭരണകൂടത്തിനും ഭരണകർത്താക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന ഒരു സമൂഹമാണ് ക്രിസ്തുശിഷ്യന്മാരുടേത്.
ക്രിസ്തുശിഷ്യന്മാരേക്കുറിച്ച് പലവിധ ചിന്താഗതികൾ ലോകം വെച്ച് പുലർത്തുന്നു. എന്നാൽ, വിശുദ്ധവേദപുസ്തകം ഭരണാധികാരികൾക്ക് എതിരല്ല. ദൈവമറിയാതെ ഒരു ഭരണാധികാരിയും ലോകത്തിൽ അധികാരത്തിൽ വരുന്നില്ല. ഇത്തരത്തിൽ ദൈവം ആക്കിവെച്ചിരിക്കുന്ന ഭരണാധികാരി ആരായിരുന്നാലും അവരുടെ സമാധാനത്തിനും സ്വസ്ഥതയ്ക്കും വേണ്ടി അവർ ദൈവസ്‌നേഹത്തിലും കൃപയിലും ഭരണം നടത്തേണ്ടതിനായി പ്രാർത്ഥിക്കാനുള്ള ഉത്തരവാദിത്വം ക്രിസ്തുശിഷ്യന് ഉണ്ട്. ഇത് ദൈവത്തിന് പ്രസാദകരമായ കാര്യമാണ്. കാരണം വിശാലമായ അർത്ഥത്തിൽ ചിന്തിക്കുമ്പോൾ സകലമനുഷ്യരും പൂർവ്വപിതാവായ ആദാമിന്റെ സന്തതികളാണ്. അതിനാൽ സകല മനുഷ്യരും രക്ഷപ്രാപിക്കണം, സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണം എന്ന് ദൈവം ആഗ്രഹിക്കുന്നു.
യാക്കോ 2:1-4 -'സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുത്. നിങ്ങളുടെ പള്ളിയിൽ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാൽ നിങ്ങൾ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു നീ അവിടെ നില്ക്ക അല്ലെങ്കിൽ എന്റെ പാദപീഠത്തിങ്കൽ ഇരിക്ക എന്നും പറയുന്നു എങ്കിൽ നിങ്ങൾ ഉള്ളിൽ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?'ഏത് കാരണം കൊണ്ടും മുഖപക്ഷം കാണിക്കുവാൻ വിശുദ്ധ വേദപുസ്തകം അനുവാദം തരുന്നില്ല. ജാതിയും, സമ്പത്തും, നിറവും, വിദ്യാഭ്യാസവും അടിസ്ഥാനമാക്കിയുള്ള വേർതിരിവുകൾ സമൂഹത്തിൽ പ്രകടമായി നിലനിൽക്കുന്നു. എന്നാൽ ഇത്തരത്തിൽ വിധിക്കുന്നവരുടെ ഉള്ളിൽ ദൈവികപ്രമാണം ഇല്ല, അവർ ന്യായരഹിതമായി പ്രവർത്തിക്കുന്നു. മുഖപക്ഷം കാണിക്കുന്നവരെ ദൈവം അതേ രീതിയിൽ കൈകാര്യം ചെയ്യുന്ന നാൾ ഉണ്ട്. നമുക്ക് സമ്പത്തും സ്ഥാനമാനങ്ങളും ഉണ്ടായാലും പൗലൊസ് പറഞ്ഞതുപോലെ, ലഭിച്ചതല്ലാതെ നമുക്ക് ഒന്നുമില്ല. ഒരു കുടുംബത്തിൽ നാം ജനിച്ചെങ്കിൽ അത് നാം വിചാരിച്ചിട്ടല്ല, ദൈവത്തിന്റെ ദാനമാണ്.
യാക്കോ 1:9,10 -'എന്നാൽ എളിയ സഹോദരൻ തന്റെ ഉയർച്ചയിലും, ധനവാനോ പുല്ലിന്റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാൽ തന്റെ എളിമയിലും പ്രശംസിക്കട്ടെ.' എന്താണ് എളിയ സഹോദരന്റെ ഉയർച്ച എന്ന് അടുത്ത അദ്ധ്യായത്തിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്.
യാക്കോ 2:5 -' പ്രിയ സഹോദരന്മാരേ, കേൾപ്പിൻ; ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്‌നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?.....'
ഒരുവൻ ദരിദ്രനാണെങ്കിലും, അവൻ ആ അവസ്ഥയിലും വിശ്വാസത്തിൽ സമ്പന്നനായി നിൽക്കുന്നുവെങ്കിൽ ദൈവം തന്നെ സ്‌നേഹിക്കുന്നവർക്ക് നൽകിയ വാഗ്ദാനത്തിന്റെ അവകാശിയായി അവൻ മാറുന്നു. ആയതിനാൽ അവൻ സമ്പന്നനാണ്. ഇത് ധനവാന്മാർ തിരിച്ചറിയണം. ധനം, സ്ഥാനമാനങ്ങൾ ഇവയെല്ലാം എപ്പോൾ വേണമെങ്കിലും നശിച്ചു പോകാം. ഇതെല്ലാം വിട്ട് ഒരു നാളിൽ താൻ ഈ ലോകം വിട്ട് പോകേണ്ടതുണ്ട്; എന്നറിഞ്ഞ് ധനവാന്മാർ എളിമ ധരിക്കണം.
യാക്കോ 2:9 -'മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങൾ ലംഘനക്കാർ എന്നു ന്യായപ്രമാണത്തിൽ തെളിയുന്നു.' ഒന്നാമത്തെ മനുഷ്യനായ ആദാം എന്ന ഒരുവനിൽ നിന്ന് ഉളവായതാണ് മനുഷ്യരാശിയെല്ലാം, അതുകൊണ്ട് ഇങ്ങനെയുള്ള വിവേചനങ്ങൾ മനുഷ്യർ വെച്ചു പുലർത്തരുത് എന്ന് ദൈവം ആഗ്രഹിക്കുന്നു. ആൺ-പെൺ വേർതിരിവ് മാത്രമേ ദൈവം മനുഷ്യസൃഷ്ടിയിൽ വെച്ചിട്ടുള്ളൂ.
1 കൊരി 12:13 -'യെഹൂദന്മാരോ, യവനന്മാരോ, ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏക ശരീരമാകുമാറ് ഒരേ ആത്മാവിൽ സ്‌നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.'
യെഹൂദൻ, യവനൻ എന്ന ജാതിവ്യത്യാസമില്ല ദാസൻ യജമാനൻ എന്ന ഉച്ചനീചത്വങ്ങളില്ല ക്രിസ്തുവിശ്വാസികൾ എല്ലാം ഒരേ ശരീരമെന്ന ഐക്യത്തിൽ ഉള്ളവരാണ്. ഒരു കൃഷിയിടത്തിലെ പല വരമ്പുകൾ പോലെ, നിലങ്ങൾ പോലെ വേർതിരിക്കപ്പെട്ടു കിടക്കുമ്പോഴും നാം പറയാറുണ്ട്; ഒരു വലിയ മഴപെയ്ത് ജലപ്രവാഹം ഉണ്ടാകുമ്പോൾ ഈ മതിലുകളും വരമ്പുകളും മാറി ഒരു തടാകം പോലെ ഒന്നാകും. അതുകൊണ്ട് ഇപ്പോഴുള്ള വേർതിരിവുകൾ കുഴപ്പമൊന്നുമില്ലെന്ന്. ഇത്തരത്തിലുള്ള പല ഉപദേശങ്ങളും ഇക്കാലത്ത് അനേകർ പറയാറുണ്ട്. എന്നാൽ വിശുദ്ധവേദപുസ്തകം പറയുന്നത് ഇതാണ്. നാം ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും.'( മത്താ 18:18 ) ഇവിടെ നാം വേർതിരിവ് കാണിച്ചിട്ടുണ്ടെങ്കിൽ അതിന് തക്കവണ്ണവും, വേർതിരിവുകളില്ലാതെ മറ്റുള്ളവരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലും കരുതലിലും ഒന്നായിക്കാണാനുള്ള കൃപ നാം കാണിച്ചാൽ അതിന് തക്കവണ്ണവും പ്രതിഫലം ദൈവം നൽകും.
അപ്പൊ പ്ര 16:1 -'പൗലൊസ് ദെർബ്ബെയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അവന്റെ അപ്പൻ യവനനായിരുന്നു.'
1 തിമൊ 1:18 -'മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്കു ഒത്തവണ്ണം ഞാൻ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു.....'ഒരു യെഹൂദസ്ത്രീയിൽ യവനന് ഉണ്ടായ മകനായ തിമൊഥെയൊസിനെ, ഒരുപാട് യെഹൂദ പാരമ്പര്യം പറയാനുള്ള പൗലൊസ് വിളിക്കുന്നത്, മകനേ എന്നാണ്. യേശുക്രിസ്തു ഒരു ശരീരമായി നമ്മെ വിളിച്ചിരിക്കുമ്പോൾ ആ ഒരു തലത്തിലേക്ക് വളരാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ നാം വളരെ സൂക്ഷിക്കണം.
ദൈവത്തിന്റെ തിരഞ്ഞെടുപ്പിന്റെ ബന്ധത്തിൽ യെഹൂദൻ-ജാതി എന്ന രണ്ടേരണ്ട് വേർതിരിവുകളേ ദൈവം വെച്ചിട്ടുള്ളൂ. യെഹൂദൻ ഒഴികെയുള്ളവരെയെല്ലാം ജാതികൾ എന്നാണ് ബൈബിളിൽ അറിയപ്പെടുന്നത്.
റോമ 11:25 -'ജാതികളുടെ പൂർണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.'
റോമ 11:11 -'അവർക്കു (യിസ്രായേലിന്) എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളൂ.' അബ്രഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകനായ യാക്കോബിന്റെ പന്ത്രണ്ട് മക്കളുടെ ഗോത്രങ്ങളിൽ നിന്ന് ഉളവായ ആ സമൂഹത്തെ ദൈവം വിളിച്ച പേരാണ് യിസ്രായേൽ എന്നത്.
റോമ 9:6-8 -'ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല. യിസ്ഹാക്കിൽ നിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നേയുള്ളൂ. അതിന്റെ അർത്ഥമോ ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.' എന്നാൽ അബ്രഹാമിൽ നിന്ന് ജനിച്ചു എന്നത് കൊണ്ടുമാത്രം എല്ലാവരും മക്കൾ ആകണമെന്നില്ല, മറിച്ച് വാഗ്ദത്തത്താൽ ജനിക്കണം. യെഹൂദനാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ദൈവികപ്രമാണങ്ങൾ അനുസരിച്ച് അത്തരത്തിൽ ജീവിക്കുന്നവരാണ് യഥാർത്ഥ യിസ്രായേല്യർ. അതുപോലെ തന്നെ ദൈവം ഒരുവനെ വിശ്വാസി എന്ന് എണ്ണുവാൻ തക്കവണ്ണം ആവശ്യമായ വിശ്വാസത്തിന്റെ പ്രവൃത്തികൾ ഉളവാക്കാനുള്ള ജീവിതസമർപ്പണം ഒരുവന് ഉണ്ടാകണം. അവിടെയാണ് ദൈവം പ്രസാദിക്കുന്നത്. ദൈവത്തിന്റെ സന്നിധിയിൽ യാതൊരു മുഖപക്ഷവുമില്ല, ഇത് കാണുവാൻ തക്കവണ്ണം നമ്മുടെ കണ്ണുകൾ തുറക്കട്ടെ.
കൊലൊ 3:1,2 - 'ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തു ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ, ഭൂമിയിലുളളതല്ല ഉയരത്തിലുളളതു തന്നേ ചിന്തിപ്പിൻ.' ഉയരത്തിലുളളത് അന്വേഷിക്കുന്നവന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നാം തുടർന്നു വായിക്കുന്നു.
കൊലൊ 3:9 -'അന്യോന്യം ഭോഷ്‌ക്ക് പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്റെ പ്രതിമ പ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.'
യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട് ദൈവപുത്രനായ ക്രിസ്തുവിനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്ക് ദൈവമക്കളാകുവാനുള്ള അധികാരം നൽകിയിരിക്കുന്നു. അങ്ങനെയുള്ള നമ്മളിനി വേർതിരിവുകൾക്ക് ജീവിതത്തിൽ സ്ഥാനം കൊടുത്താൽ വരുവാനുള്ള നിത്യതയിൽ നാം കണക്ക് ബോധിപ്പിക്കേണ്ടിവരും. നാം മറ്റുള്ളവരെ സ്‌നേഹിക്കുകയും കരുതുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് നമ്മെക്കുറിച്ച് ദൈവം ആഗ്രഹിക്കുന്നു. ആ ലക്ഷ്യബോധത്തോടും ഉത്തരവാദിത്തത്തോടും കൂടെ നമുക്ക് ക്രിസ്തുവിൽ മുന്നേറാം. നമ്മെത്തന്നെ സമർപ്പിക്കാം.
Bible Study Video LInk
Comments
Post a Comment