23 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 5

                                      


                                                     


                                                  23        



                              യേശുക്രിസ്തു ആരാണ് ?    


                                     ജീവന്റെ അപ്പം - 5

        

                                     യോഹന്നാൻ 6:35



യേശുക്രിസ്തു മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്ക് വന്നത് മാനവകുലത്തിന് പാപത്തിൽനിന്നുള്ള മോചനം സാധ്യമാക്കുവാനാണ്. പാപത്തിന്റെ ശമ്പളമായ മരണത്തെ സ്വയം ഏറ്റെടുത്ത് പാപമോചനത്തെ അവിടുന്ന് സാധ്യമാക്കി.

റോമ 8:3 -'ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.'

ലൂക്കൊ 1:35 -'അതിന്നു ദൂതൻ: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.'

ലേവ്യ 17:11 -'മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻമൂലമായി പ്രായശ്ചിത്തം ആകുന്നത്.' മാനവകുലത്തിന്റെ പാപമോചനത്തിനുവേണ്ടി യേശുക്രിസ്തു കാൽവറിക്രൂശിൽ തന്റെ രക്തം ചിന്തി.

യോഹ 6:51 -'സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.' ലേവ്യ 17:11ൽ നാം നേരത്തെ വായിച്ചതു പോലെ തന്റെ ശരീരം യേശുക്രിസ്തു ക്രൂശിൽ നമുക്കുവേണ്ടി യാഗം ആക്കി.

2 കൊരി 5:21 -'പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കുവേണ്ടി പാപം ആക്കി.'

യോഹ 10:11 -'ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.' സ്വന്തം ജീവൻ കൊടുത്ത് തന്റെ ആടുകളെ രക്ഷിക്കുന്ന ഒരു ഇടയനോട് തന്നെത്തന്നെ ഉപമിക്കുകയാണ് യേശുക്രിസ്തു.

ലൂക്കൊസ് 23:1-25 വരെ വാക്യങ്ങളിൽ ഗെത്ത്‌ശേമനതോട്ടത്തിൽ ( മർക്കൊ 14:32 ) നിന്ന് ചേവകരാൽ പിടിക്കപ്പെട്ട യേശുക്രിസ്തുവിനെ നാടുവാഴിയായ ഹെരോദാവും യെഹൂദാ ഗവർണ്ണറായ പീലാത്തൊസും ചോദ്യം ചെയ്യുന്നു. മരണയോഗ്യമായത് ഒന്നും കണ്ടെത്തിയില്ല എങ്കിലും യേശുക്രിസ്തുവിനെ ക്രൂശിക്കാൻ ഏല്പിച്ചു. കാരണം, യേശുക്രിസ്തു തന്നെത്താൻ ഏല്പിച്ചുകൊടുത്തതാണ്.

              വിശുദ്ധ വേദപുസ്തകം 2 തരം മരണങ്ങളെക്കുറിച്ച് പറയുന്നു.

     മനുഷ്യൻ ഈ ഭൂമിയിൽ നേരിടുന്ന ശാരീരികമായ മരണമാണ് ഒന്നാമത്തേത്    

               റോമ 6:23 -'പാപത്തിന്റെ ശമ്പളം മരണമത്രെ; .....'

രണ്ടാമത്തേത് 

             2 കൊരി 5:10 -'അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.' ഈ വാക്യത്തിൽ പറയുന്നതുപോലെ ന്യായവിധിക്ക് ശേഷമുള്ളതാണ് രണ്ടാം മരണം.

വെളി 20:15 -'ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ തള്ളിയിടും.'

ആദ്യത്തെ മരണത്തിൽ ശരീരത്തിൽ നിന്ന് ജീവൻ വേർപെടുന്നുണ്ടെങ്കിലും ആ ജീവൻ ദൈവസന്നിധിയിൽ ഉണ്ട്. എന്നാൽ രണ്ടാം മരണത്തിൽ ദൈവവുമായിട്ട് എന്നെന്നേക്കുമുള്ള ഒരു വേർപാടാണ് സംഭവിക്കുന്നത്. അത് നിത്യനരകത്തിലേക്ക് പോകുന്നു.

യെശയ്യാവ് 53-ാം അധ്യായത്തിൽ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തെ വിവരിച്ചിരിക്കുന്നു. ഒപ്പം നടന്ന പത്രൊസും ശേഷമുള്ള ശിഷ്യന്മാരും വിവരിച്ചതിനെക്കാൾ വ്യക്തമായും കൃത്യമായും ആണ് ക്രിസ്തുവിന് 700 വർഷം മുമ്പ് യെശയ്യാവ് പരിശുദ്ധാത്മാവിനാൽ ഈ വചനങ്ങൾ രേഖപ്പെടുത്തിയത്.

യെശ 52:14 -'അവന്റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ട് .....'

യെശ 53:6 -'നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേൽ ചുമത്തി.'

യെശ 53:10 -'എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടം തോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സു പ്രാപിക്കയും .....'

യെശ 53:12 -'അതുകൊണ്ട് ഞാൻ അവന് മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും, ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും, അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കുവേണ്ടി ഇടനിന്നും കൊണ്ട് അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.'

2 കൊരി 5:15 -'ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കുവേണ്ടി മരിച്ച് ഉയർത്തവനായിട്ടുതന്നേ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.'

ജീവന്റെ അപ്പമായി ഈ ലോകത്തിൽ വന്ന യേശുക്രിസ്തു നമുക്ക് ജീവനുണ്ടാകുവാൻ വേണ്ടി നമ്മുടെ പാപത്തിന്റെ ശിക്ഷ ഏറ്റെടുത്ത് മരിക്കാൻ തയ്യാറായി. അതുകൊണ്ട് നമ്മുടെ ഉള്ളിൽ ഒരു തീരുമാനവും സമർപ്പണവും ഉണ്ടാകണം. 

              നമ്മുടെ പാപമോചനത്തിന് വേണ്ടി മരിക്കാൻപോലുമുള്ള പ്രാപ്തി നമുക്കില്ല. ദൈവത്തെ സമ്പൂർണ്ണമായി അനുസരിക്കാനുള്ള പ്രാപ്തി മനുഷ്യനില്ലാത്തതുകൊണ്ട്, പാപമറിയാത്തവനായ യേശുക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപം ആക്കി പാപത്തിന് ശിക്ഷ വിധിച്ചു.

ദൈവം എവിടെയാണന്ന് പലരും ചിന്തിക്കാറുണ്ട്. യേശുക്രിസ്തുവിനോടും ഇതേ ചോദ്യം പലരും ചോദിച്ചു യേശു അതിന് പറഞ്ഞ ഉത്തരം 'എന്നെ കണ്ടവർ ദൈവത്തെ കണ്ടിരിക്കുന്നു. ഞാനും പിതാവും ഒന്നത്രേ' എന്നാണ്. ദൈവത്തിന്റെ ആളത്വത്തെ, സ്വഭാവത്തെയെല്ലാം യേശുക്രിസ്തു വെളിപ്പെടുത്തി. തന്റെ അടുക്കൽ വന്ന ആരേയും അവിടുന്ന് വിട്ടുകളഞ്ഞില്ല. 

             മനുഷ്യന്റെ ഇന്നത്തെ അസമാധാനത്തിന്റെയും ഹൃദയത്തിലെ അസ്വസ്ഥതയുടെയും, ലക്ഷ്യബോധമില്ലായ്മയുടെയും പരിഹാരം, നമ്മെ ഈ ഭൂമിയിൽ ഉരുവാകുന്നതിനുമുമ്പേ കണ്ട ദൈവം, കാൽവറി ക്രൂശിൽ ഒരുക്കിയിരിക്കുകയാണ്.

യെശ 53:5 -'എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേൽ ആയി, അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.'

യെശ 52:14, യെശ 53:10 വാക്യങ്ങളിൽ പറയുന്നതുപോലെ തലയിൽ മുൾക്കിരീടമേറ്റ്, ശരീരം ഉഴവുചാൽ പോലെ കീറപ്പെട്ട്, മുഖത്തെ രോമങ്ങൾ ഒന്നൊന്നായി പിഴുതെടുക്കപ്പെട്ട് നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർക്കപ്പെട്ട്, നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവിടുന്ന് സ്വന്ത ശരീരത്തിൽ വഹിച്ചു. ഇന്ന് മനുഷ്യൻ സമാധാനത്തിനായിട്ട് പലയിടത്തും ഓടുന്നു. എന്നാൽ നമ്മുടെ സമാധാനത്തിനായുള്ള പദ്ധതി ദൈവം ഒരുക്കിക്കഴിഞ്ഞു. 


            യേശുക്രിസ്തുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതന്മാർ സർവ്വജനത്തിനുമുള്ള മഹാസന്തോഷം നൽകുന്ന സന്ദേശം അറിയിച്ചു. അവിടുന്ന് മാനവകുലത്തെ പാപത്തിൽ നിന്ന് രക്ഷിക്കാനുള്ളവനാണ്. ആ യേശുക്രിസ്തുവിന്റെ പാദപീഠത്തിങ്കൽ നമ്മെത്തന്നെ സമർപ്പിക്കാം.

                                                                      Video Link



Comments