27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4
27 യേശുക്രിസ്തു ആരാണ് ?
ജീവന്റെ വെളിച്ചം - 4
യോഹന്നാൻ 8:12
ദൈവത്തിൽനിന്നകന്ന് ഇരുളിലായിത്തീർന്ന് ദൈവത്മാവിന്റെ നിയന്ത്രണമില്ലാതെ ആയിരിക്കുന്ന ലോകത്തിന്റെ നിഷ്ഫല പ്രവൃത്തികളിൽ വീണുപോകാതെ; തിന്മയാട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക എന്നതാണ് വെളിച്ചത്തിന്റെ പ്രത്യേകത. ആ വെളിച്ചമാണ് യേശുക്രിസ്തു. ലോകത്തിന്റെ ഇരുളിന് അതിനെ കീഴ്‌പ്പെടുത്താൻ കഴിഞ്ഞില്ല.
യോഹ 8:46 -'നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? .....' ഒരു വ്യക്തിക്കും പാപം ചൂണ്ടിക്കാണിക്കാൻ കഴിയാത്ത വിധം വിശുദ്ധ ജീവിതമാണ് യേശുക്രിസ്തു നയിച്ചത് . വെളിച്ചമായി ലോകത്തിൽ വന്നവൻ ജീവന്റെ വെളിച്ചത്തിന്റെ ശക്തിയാൽ തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിച്ചു.
ലൂക്കൊ 2:42 -'അവന് പന്ത്രണ്ടു വയസ്സായപ്പൊൾ അവർ പതിവുപോലെ പെരുന്നാളിന്നു പോയി.' അതിന്റെ അർത്ഥം എപ്പോഴും ചെയ്തു വരുന്നതുപോലെ അവർ പെരുന്നാളിന് പോയെന്നാണ്.
ലൂക്കൊ 2:51 -'പിന്നെ അവൻ അവരോടു കൂടെ ഇറങ്ങി, നസറെത്തിൽ വന്ന് അവർക്കു കീഴടങ്ങിയിരുന്നു .....'
ലൂക്കൊ 2:52 -'യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.'
ലൂക്കൊ 3:23 -'യേശുവിനു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു.'
ലൂക്കൊ 4:16 -'അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.'
മത്താ 13:53-58 -'ഈ ഉപമകളെ പറഞ്ഞു തീർന്നശേഷം യേശു അവിടംവിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു. അവർ വിസ്മയിച്ചു; അവന് ഈ ജ്ഞാനവും വീര്യപ്രവത്തികളും എവിടെ നിന്ന്? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ? ഇവന്റെ സഹോദരിമാരും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇത് ഒക്കെയും എവിടെ നിന്ന് എന്നു പറഞ്ഞ് അവങ്കൽ ഇടറിപ്പോയി. യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.'
യേശുക്രിസ്തു ഇന്ത്യയിൽ വന്നിരുന്നു എന്ന് ചിലർ പറയാറുണ്ട്. എന്നാൽ, നാം മുൻപറഞ്ഞ വാക്യങ്ങളിൽ യേശുക്രിസ്തുവിന്റെ ജനനത്തേയും, പ്രവൃത്തികളേയും, ജീവിതത്തേയും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. യേശുവിന്റെ ജീവിതത്തെ കണ്ടറിഞ്ഞ അവിടുത്തെ ശിഷ്യന്മാർ എഴുതിയിരിക്കുന്നു, അവിടുന്ന് ആ ദേശത്തുതന്നെ ഉണ്ടായിരുന്നു എന്ന്. 'പതിവുപോലെ'എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. അല്ലെങ്കിൽ ജനം പറഞ്ഞേനെ ഇവൻ പുറത്തുപോയി പഠിച്ചിട്ട് വന്നിട്ടാണ് ഈ കാര്യങ്ങൾ പറയുന്നതെന്ന്. അവർക്ക് അത്ഭുതം തോന്നുകയുമില്ലായിരുന്നു. യേശുവിന്റെ അറിവ് മാനുഷികമായി ലഭിച്ചതല്ല, എന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ വചനം വെളിച്ചമായി മനുഷ്യരുടെ ഇടയിൽ വെളിപ്പെട്ടതാണ്.
യോഹ 19:25-27 -'..... യേശു തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രിയേ, ഇതാ, നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു. പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു .....'
യേശുക്രിസ്തു ക്രൂശിൽ കിടക്കുമ്പോൾ, തനിക്ക് മറ്റ് സഹോദരങ്ങൾ ഉണ്ടെങ്കിലും തന്റെ അമ്മയായ മറിയയെ താൻ സ്‌നേഹിക്കുന്ന ശിഷ്യനെ ഏല്പിക്കുന്നു. ക്രൂശിൽ തന്റെ രക്തം വാർന്നുപോയി, ശരീരം ഇഞ്ചിഞ്ചായി കീറപ്പെട്ട അവസ്ഥയിലും ആ ഉദാത്തമായ സ്‌നേഹം താൻ പ്രകടിപ്പിക്കുകയാണ്. 'എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല .....' ( മത്താ 10:37 ) എന്ന് അരുളിച്ചെയ്ത യേശുക്രിസ്തുവിന്റെ പ്രായോഗിക ജീവിതത്തിലെ പ്രവൃത്തി നമ്മൾ കണ്ടു.
ലൂക്കൊ 23:34 -'എന്നാൽ യേശു: പിതാവേ ഇവർ ചെയ്യുന്നതു ഇന്നത് എന്ന് അറിയായ്ക കൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു .....'
യേശുക്രിസ്തുവിനെ പിടിച്ച് ചോദ്യം ചെയ്ത് യാതൊരു തെറ്റും തന്നിൽ ഇല്ലെന്ന് കണ്ടെത്തിയിട്ടും ക്രൂശിക്കാൻ വേണ്ടി ഏല്പിച്ചുകൊടുത്തു. ശരീരം ചാട്ടവാർ അടികൊണ്ട് കീറപ്പെട്ടു, രക്തം ചീന്തി, തലയിലേക്ക് മുൾക്കിരീടം ആഴ്ന്നിറങ്ങി. ഇങ്ങനെയെല്ലാമായിട്ടും യേശു അവരോട് ക്ഷമിക്കേണമേ എന്ന് പിതാവായ ദൈവത്തോട് അപേക്ഷിക്കുകയാണ്.
മത്താ 5:44 -'ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ.'
ശത്രുക്കളെ കൊല്ലണമെന്നല്ല, അവരെ സ്‌നേഹിക്കണം എന്നാണ് യേശു പറഞ്ഞത്. ഉപദ്രവിക്കുന്നവരെ തകർത്തുകളവാൻ പദ്ധതി ആവിഷ്‌കരിക്കാനല്ല, അവർക്കുവേണ്ടി പ്രാർത്ഥിക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്തത്. യേശുവിന്റെ സ്‌നേഹത്താൽ പിടിക്കപ്പെട്ട ശിഷ്യന്മാരുടെ സമൂഹത്തോട് വിശുദ്ധ വേദപുസ്തകം അരുളിചെയ്യുന്നത് - ജാതി മത വർഗ്ഗ ഭേദമെന്യേ ഭരണകർത്താക്കൾക്കും, രാഷ്ട്രീയ നേതാക്കൾക്കും, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും, ക്രമസമാധാനപാലകർക്കും തുടങ്ങി എല്ലാവർക്കും വേണ്ടി നിഷ്‌കളങ്കമായും നിർമ്മലമായും പ്രാർത്ഥിക്കാനാണ്. യേശുക്രിസ്തു കാട്ടിത്തന്ന മാതൃക അതാണ്.
യേശുക്രിസ്തു ഭൂമിയിലേക്ക് വന്നപ്പോൾ പറഞ്ഞു, 'ഞാൻ ലോകത്തിന്റെ വെളിച്ചമാണ്; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും .....' തന്റെ ജീവിതം കൊണ്ട് അവിടുന്ന് അത് വെളിപ്പെടുത്തി. ഈ മാർഗ്ഗം മുന്നേറിയത് ഈ വഴിയിലൂടെയാണ്. റോമൻ ഭരണകൂടം ഉൾപ്പെടെ എത്രയോ രാജ്യങ്ങൾ, യേശുവിന്റെ സ്‌നേഹത്താൽ പിടിക്കപ്പെട്ട ജനസമൂഹങ്ങളെ കൊന്നൊടുക്കി. എന്തെല്ലാം പീഢനങ്ങളിലൂടെ വിശ്വാസസമൂഹം കടന്നുപോയി. എന്നിട്ടും എല്ലാ പ്രതിബന്ധങ്ങളെയും പ്രതികൂലങ്ങളെയും അതിജീവിച്ച് ശിഷ്യന്മാരുടെ സമൂഹം മുന്നേറിയതിന്റെ കാരണം കർത്താവിന്റെ ഈ വാക്കുകളാണ്. 'നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക.'
യേശുക്രിസ്തു അരുളിചെയ്തു 'ഞാൻ ലോകത്തിന്റെ വെളിച്ചമാണ്. ', നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്.' നമുക്ക് ലോകത്തിന്റെ വെളിച്ചമാകാം. അതിനായി നമ്മെത്തന്നെ സമർപ്പിക്കാം. ആമേൻ!
Video LInk
Comments
Post a Comment