28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5

                                    




                                                  28  



                             യേശുക്രിസ്തു ആരാണ് ?

                 

                                     ജീവന്റെ വെളിച്ചം - 5


                                          യോഹന്നാൻ 8:12



യേശുക്രിസ്തുവിന്റെ ജീവിതം എല്ലാത്തരത്തിലും ഇരുളിന് പിടിച്ചടക്കാൻ കഴിയാത്ത വെളിച്ചത്തിന്റെതായിരുന്നു. തിന്മയോട് തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക എന്നതാണ് അവിടുത്തെ ജീവിതസന്ദേശം ( റോമ 12:21 ).

യോഹ 13:1-11- വാക്യങ്ങളിൽ യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമായി പെസഹാ ആചരിക്കുന്നു.

യോഹ 13:4 -'അത്താഴത്തിൽ നിന്ന് എഴുന്നേറ്റ് വസ്ത്രം ഊരിവെച്ചു ഒരു തുവർത്ത് എടുത്ത് അരയിൽ ചുറ്റി ഒരു പാത്രത്തിൽ വെള്ളം പകർന്ന് ശിഷ്യന്മാരുടെ കാൽ കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ട് തുവർത്തുവാനും തുടങ്ങി.'

യോഹ 13:3 -'പിതാവ് സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു  ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ .....'

ഏതെങ്കിലും തരത്തിലുള്ള ഉയർച്ച ഉണ്ടായാൽ, മറ്റുള്ളവരെ അംഗീകരിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും ഉള്ള മനോഭാവം അനേകർക്കും ഇല്ലാതെയാകുന്നതായി  നാം കാണാറുണ്ട്. കടന്നു വന്ന വഴികളെയും സഹായിച്ച ആളുകളേയും മറക്കുന്ന വരുമുണ്ട്. എന്നാൽ ദൈവമായിരുന്ന യേശുക്രിസ്തു മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നപ്പോൾ കാണിച്ചുതന്ന മാതൃക താഴ്മയുടെയും വിനയത്തിന്റേതുമായിരുന്നു.

യോഹ 13:14 - 'കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ  തമ്മിൽ കാൽ കഴുകേണ്ടതാകുന്നു.' സാധാരണ, ഗുരുക്കന്മാരുടെ കാൽ ശിഷ്യന്മാർ കഴുകാറുണ്ട്. എന്നാൽ ഇവിടെ  ശിഷ്യന്മാരുടെ കാൽ കഴുകുന്ന ഗുരുവിനെയാണ് നാം കാണുന്നത്.

യോഹ 8:15 - 'നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു; ഞാൻ ആരേയും വിധിക്കുന്നില്ല.'മറ്റൊരു ഭാഗത്ത് 'നിങ്ങളിൽ ആർ പാപത്തെക്കുറിച്ച് എനിക്ക് ബോധം വരുത്തും' എന്ന് യേശുക്രിസ്തു പറയുന്നുണ്ട്. ഇങ്ങനെ നിർമ്മലനും വിശുദ്ധനും ആയി ജീവിച്ച യേശുക്രിസ്തു ആരെയും വിധിച്ചില്ല. നമ്മുടെ കാഴ്ചപ്പാടിനും ചിന്താഗതിക്കും ഒത്തവണ്ണം ഒരു വ്യക്തി പ്രതികരിച്ചില്ലെങ്കിൽ നാം അവരെ കുറ്റം പറയാനും വിധിക്കാനും സാദ്ധ്യതയുണ്ട്. എന്നാൽ, യേശു പറയുന്നു 'ഞാൻ ആരേയും വിധിക്കുന്നില്ല.'

യോഹ 8:1-11 വരെ വാക്യങ്ങളിൽ ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രിയെ കൊണ്ടു വന്ന് യേശുവിന്റെ മുമ്പിൽ നിർത്തുന്നു. യെഹൂദന്റെ ന്യായപ്രമാണപ്രകാരം അവളെ കല്ലെറിഞ്ഞാണ് ശിക്ഷിക്കേണ്ടത്. യേശുവിനോട് ഇവളെക്കുറിച്ച് എന്തു പറയുന്നു എന്ന് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് 'നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ' എന്നായിരുന്നു. അവർ അത് കേട്ടിട്ട് മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി. എന്നാൽ യേശു സ്ത്രീയോട് പറഞ്ഞത്, 'ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് ' എന്നായിരുന്നു.

എന്നാൽ, രാജാധിരാജാവായി അവിടുന്ന് വീണ്ടും വരുമ്പോൾ അന്ന് അവിടുന്ന് സകലരേയും നീതിയോടെ ന്യായം വിധിക്കും.

2 കൊരി 5:10 -'അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.' അന്ന് അവിടെ നിൽക്കാനുള്ള പ്രാഗത്ഭ്യം ഉണ്ടാകുവാൻ ഇന്ന് നാം ലോകത്തിന്റെ വെളിച്ചമായി ശോഭിക്കണം.

              യോഹ 6:1-15 വാക്യങ്ങളിൽ അഞ്ച് അപ്പം കൊണ്ട് ജനത്തെ പോഷിപ്പിച്ചതിന് ശേഷം അവർ തന്നെപ്പിടിച്ച് രാജാവാക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞിട്ട്, യേശുക്രിസ്തു പിന്നേയും തനിച്ച് മലമുകളിലേക്ക് കയറിപ്പോകുന്നത് നാം കാണുന്നുണ്ട്. സമൂഹത്തിൽ അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി മനുഷ്യർ തമ്മിൽ മത്സരിക്കുമ്പോൾ, ഒരു സ്ഥാനം നൽകിയാൽ അത് നിരസിക്കുന്നവർ ചുരുക്കമായിരിക്കേ, ഇവിടെ യേശു അരുളിചെയ്യുന്നു. 'എന്റെ രാജ്യം ഐഹികമല്ല' (യോഹ 18:36)

യേശുവിനെ രക്ഷകനും കർത്താവുമായി അംഗീകരിച്ച് നിത്യജീവനായി കാത്തിരിക്കുന്നവർ പലപ്പോഴും തങ്ങളുടെ രാജ്യം ഇതല്ല, പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടാണ് തങ്ങൾ കാത്തിരിക്കുന്നത് എന്ന് പറയുമ്പോഴും; പ്രായോഗിക ജീവിതത്തിൽ സ്ഥാനമാനങ്ങൾക്കും, അധികാരത്തിനും, പ്രശസ്തിക്കും, പ്രശംസക്കും, ആർഭാടത്തിനും വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാവുന്നുണ്ട്. എന്നാൽ, യേശു തന്റെ ശിഷ്യരെ ഉപദേശിച്ചതുതന്നെ പ്രാവർത്തികമാക്കി. ആ മാതൃക പിൻപറ്റാൻ ആഹ്വാനം ചെയ്തു. 

യോഹ 18:1-8 വാക്യങ്ങളിൽ യേശുക്രിസ്തുവിനെ പിടിച്ചു കൊണ്ടുപോകാൻ ഭടന്മാർ വരുന്ന ഭാഗമാണ്. ഗതസമനത്തോട്ടത്തിൽ ചേവകർ യേശുവിനെത്തേടി വരുമ്പോൾ അവിടുന്ന് ചോദിക്കുന്നു. 'നിങ്ങൾ ആരെ തിരയുന്നു?'. 'ഞാൻ തന്നേ' എന്ന് യേശു പറയുമ്പോൾ പിടിക്കാൻ വന്നവർ നിലത്തുവീഴുന്നു. യേശുവിന്റെ വാക്കിന്റെ മുമ്പിൽ അവർക്ക് നില്ക്കാൻ കഴിഞ്ഞില്ല. ആ അടയാളത്താൽ തന്നെ കാണിച്ചുകൊടുക്കുന്നതിനായി 30 വെള്ളിക്കാശ് കൈപ്പറ്റിയ യൂദയുടെ ചുംബനത്തിന്റെ ആവശ്യമില്ലാതെതന്നെ യേശു തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്. എന്നാൽ, യൂദാ അവിടെ തിന്മ ചെയ്യാനായി സ്വയം ഏല്പിച്ചുകൊടുക്കുകയാണ്.

യോഹ 18:8,9 -'ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പൊയ്‌ക്കൊള്ളട്ടെ എന്ന് യേശു ഉത്തരം പറഞ്ഞു. നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവൻ പറഞ്ഞ വാക്കിന് ഇതിനാൽ നിവൃത്തി വന്നു.'

യേശുവിന്റെ അടുക്കൽ വന്ന ഒരു വ്യക്തിയെപ്പോലും അവിടുന്ന് കൈവിട്ടില്ല എന്ന് പറഞ്ഞ വാക്ക് ഇവിടെ നിവൃത്തിയായി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദയ്ക്ക് പോലും രക്ഷപ്പെടുവാനുള്ള വഴി അവിടുന്ന് തുറന്നുകൊടുക്കുകയാണ്!

           യോഹ 18:10 -'ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറുത്തു കളഞ്ഞു; ആ ദാസനു മല്‌ക്കോസ് എന്നു പേർ.' യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് എന്തിനാണ് വാള് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത എന്ന് പലരും ചിന്തിക്കാറുണ്ട്.

ലൂക്കൊ 22:36 -'എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.'

              ലൂക്കൊ 22:37,38 -'അവനെ അധർമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതിന് നിവൃത്തി വരുന്നു എന്ന് പറഞ്ഞു. കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട് എന്നു അവർ പറഞ്ഞതിന്നു: മതി എന്ന് അവൻ അവരോട് പറഞ്ഞു.' കന്യകയിൽനിന്ന് യേശുക്രിസ്തു ഭൂജാതനാകും എന്ന്, യേശുക്രിസ്തുവിന്റെ ജനനത്തിനും 700 വർഷം മുമ്പ് പ്രവചിച്ച യെശയ്യാവിന്റെ മറ്റൊരു പ്രവചനത്തിന്റെ നിവൃത്തിയാണ് ഇവിടെ സംഭവിച്ചത്.

യെശ 53:1-12 വരെ വാക്യങ്ങൾ യേശുക്രിസ്തുവിന്റെ ക്രൂശികരണത്തെക്കുറിച്ച് യെശയ്യാവ് പ്രവചിച്ചതാണ്.

യെശ 53:12 -'..... അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട്  അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.' ഈ പ്രവചനമാണ് ഗത്‌ശേമന തോട്ടത്തിൽ നിവൃത്തിയായത്.  കൈവശം കരുതിയ ആ വാളുകൊണ്ട് ശിമോൻ  പത്രൊസ്, യേശുക്രിസ്തുവിനെ പിടിക്കാനെത്തിയ കൂട്ടത്തിലെ ഭടന്റെ കാതറുത്ത് നിലത്തിട്ടു ( യോഹ 18:10 ).

ലൂക്കൊ 22:51 -'അപ്പോൾ യേശു: ഇത്രക്ക് വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാത് തൊട്ടു സൗഖ്യമാക്കി.' ഇവിടെ തന്നെ പിടിക്കാൻ വന്ന ഭടന്റെ മുറിഞ്ഞുവീണ കാത്, യേശുക്രിസ്തു  തൊട്ട് സൗഖ്യമാക്കുന്നു.

ലൂക്കൊ 22:42 -'പിതാവേ, നിനക്ക് മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്ന് നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ എന്ന് പ്രാർത്ഥിച്ചു.'

തന്റെ ജീവനും ശരീരവും രക്തവും മാനവകുലത്തിന്റെ മോചനത്തിനുവേണ്ടി യാഗമാക്കുവാൻ പോകുന്ന ആ സന്ദർഭത്തിലും തന്റെ ഇഷ്ടമല്ല ദൈവേഷ്ടം തന്നെ നിറവേറട്ടെ എന്നാണ്  അവിടുന്ന് പ്രാർത്ഥിക്കുന്നത്.

യോഹ 6:38 -'ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നിരിക്കുന്നത്.' എന്ന വാക്കിന് അനുസാരമായിട്ടാണ് അവിടുന്ന് പ്രവർത്തിച്ചത്. 'ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും .....' ഇതാണ് യേശുക്രിസ്തു തന്റെ ജീവിതത്തിൽ നിവർത്തിച്ചു കാണിച്ച മാതൃക.

ആ മാതൃക പിൻപറ്റി ജീവന്റെ വെളിച്ചമുള്ളവരായി ഈ ലോകത്തിൽ ജീവിക്കാൻ നമ്മെ ഏവരെയും ദൈവം സഹായിക്കട്ടെ!

Video Link








Comments

Popular posts from this blog

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3