29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

 





                                                  29 



                             യേശു ക്രിസ്തു ആരാണ് ?


                                      പുനരുത്ഥാനം - 1


                                  യോഹന്നാൻ 11:25,26



യോഹ 11:25,26 -'..... ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരുനാളും മരിക്കുകയില്ല; .....'

താൻ സ്‌നേഹിച്ച ലാസറിന്റെ മരണശേഷം  ആ ഭവനത്തിലേക്ക് വന്ന യേശുക്രിസ്തു, ലാസറിന്റെ സഹോദരി മാർത്തയോട് പറയുന്ന വാക്യമാണ് നാം കണ്ടത്.

എന്താണ് പുനരുത്ഥാനം?

  1 കൊരി 15:20 -'എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തിരിക്കുന്നു.' മരിച്ച അവസ്ഥയിൽ നിന്നുള്ള ഉയർപ്പാണ് പുനരുത്ഥാനം. അങ്ങനെ ഉയിർത്തെഴുന്നേറ്റ ആദ്യത്തെ വ്യക്തിയാണ് യേശുക്രിസ്തു. യേശുക്രിസ്തുവിനായി വിശുദ്ധിയോടെ ജീവിക്കുന്ന ഭക്തന്മാർക്ക് അവിടുത്തെ രണ്ടാം വരവിൽ പുനരുത്ഥാനം ഉണ്ടാകും.

ഉല്പ 5:24 -'ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.' ഹാനോക്ക് മരണം കാണാതെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ട മനുഷ്യനാണ്.

    2 രാജാ 2:1-11 -'..... അവർ സംസാരിച്ചുകൊണ്ടു നടക്കുമ്പോൾ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേർപിരിച്ചു; അങ്ങനെ ഏലിയാവ് ചുഴലിക്കാറ്റിൽ സ്വർഗ്ഗത്തിലേക്ക് കയറി.' ഏലിയാവ് എന്ന ഭക്തനായ മനുഷ്യനെ ദൈവം അഗ്നിമയ രഥങ്ങളിൽ സ്വർഗ്ഗത്തിലേക്ക് എടുത്തു.

യേശുക്രിസ്തുവിനെ കല്ലറയിൽ അടക്കം ചെയ്തതോടെ എല്ലാം തീർന്നു എന്ന് റോമൻ സാമ്രാജ്യവും യെഹൂദന്മാരും കരുതി. എന്നാൽ യേശുക്രിസ്തുവിനെ പിടിച്ചുവെയ്ക്കുവാൻ കല്ലറയ്ക്ക് കഴിഞ്ഞില്ല, അവിടുന്ന്  മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു. യേശുക്രിസ്തുവിൽ ഭക്തിയോടെ ജീവിക്കുന്ന എല്ലാവരുടെയും ലക്ഷ്യം ഈ പുനരുത്ഥാനമാണ്.

   റോമ 5:12 - 'അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.'

              ഉല്പത്തി 2,3 അദ്ധ്യായങ്ങളിൽ ആദ്യ മനുഷ്യനായ ആദാമും ഹവ്വയും അനുസരണക്കേടിനാൽ മരണത്തിന് അധീനരായിത്തീർന്നതായി നാം കാണുന്നു. ഇങ്ങനെ സകല മനുഷ്യരിലും മരണം പരന്നു. ഇവിടെയാണ് യേശുക്രിസ്തുവിലൂടെയുള്ള പുനരുത്ഥാനത്തിന്റെ പ്രസക്തി.

             1 കൊരി 15:20,21 - 'എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു. മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.'

ആദാമിന്റെ പാപത്തിൽ വ്യക്തിപരമായി ഭാഗഭാക്കല്ലെന്നിരിക്കെ, അതിന്റെ ഫലമായ മരണം ഞാനെന്തിന് അനുഭവിക്കണം എന്ന് നാം ചിന്തിച്ചെന്ന്‌വരാം. ഇവിടെയാണ് ദൈവത്തിന്റെ സ്‌നേഹവും നീതിയും വെളിപ്പെടുന്നത്. നമുക്ക് വേണ്ടിയുള്ള രക്ഷയും പുനരുത്ഥാനവും ദൈവം ഒരുക്കിയിരിക്കുന്നത് ദാനമായിട്ടാണ്. അതിന് വില ഇല്ലാതിരുന്നിട്ടല്ല; ദൈവം ഒരുക്കിയ രക്ഷയ്ക്ക് ദൈവവ്യവസ്ഥപ്രകാരം വില നൽകേണ്ടിയിരുന്നു. ദൈവരൂപത്തിൽ ഇരുന്നവൻ തന്നെ, മനുഷ്യരൂപത്തിലേക്ക് ഇറങ്ങിവന്ന് മാനവകുലത്തിന്റെ പാപത്തിന്റെ ശിക്ഷ തന്റെ ശരീരത്തിൽ ഏറ്റെടുത്ത്, പരിഹാരം വരുത്തി, മരണത്തെ തോൽപിച്ച് ഉയിർത്തെഴുന്നേറ്റ് പുനരുത്ഥാനം വാഗ്ദാനം ചെയ്തു. ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ ഉണ്ടായതിനാൽ ഏക മനുഷ്യനാൽത്തന്നെ പുനരുത്ഥാനവും ഉണ്ടായി. അതാണ് ദൈവനീതി. യേശുക്രിസ്തു ഒരുക്കുന്ന പുനരുത്ഥാനത്തിന്റെ ഫലം അനുഭവിക്കേണ്ടത് കേവലം ചിലരല്ല, സകല മാനുഷ്യരുമാണ്.

                 യോഹ 10:17,18 -'എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്‌നേഹിക്കുന്നു. ആരും അതിനെ എന്നോട്  എടുത്തുകളയുന്നില്ല; ഞാൻ തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്.'

ജീവനെ കൊടുപ്പാനും തിരികെ പ്രാപിപ്പാനും അധികാരമുള്ള യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു എന്നതാണ്, ക്രിസ്തുശിഷ്യന്മാരുടെ പ്രത്യാശ.

യേശുക്രിസ്തു പിടിക്കപ്പെട്ടശേഷം അവിടുത്തെ ശിഷ്യന്മാർ, പ്രത്യേകാൽ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞതായി നാം കാണുന്നുണ്ട്. അത് യേശുക്രിസ്തുവിനെ അറിയാതിരുന്നിട്ടോ, കൂടെ നടക്കാതിരുന്നിട്ടോ, അത്ഭുതങ്ങളും അടയാളങ്ങളും കാണാതിരുന്നിട്ടോ അല്ല. യേശു നൽകിയ അധികാരത്തിൽ അവർ  അടയാളങ്ങൾ ചെയ്തവരാണ്. എന്നാൽ വിസ്താരത്തിനായി യേശുക്രിസ്തു പിടിക്കപ്പെട്ടപ്പോൾ, ആ കൂട്ടത്തിൽ ഉള്ളവനാണോ എന്ന ചോദ്യത്തിന് മുന്നിൽ പത്രൊസും പതറുകയാണ്.

എന്നാൽ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിനെ കണ്ടതിനുശേഷം പെന്തെകൊസ്ത നാളിൽ, ശേഷം ശിഷ്യന്മാരോടൊപ്പം എഴുന്നേറ്റുനിന്നുകൊണ്ട് യെരുശലേമിൽ വന്ന യെഹൂദന്മാരോട് പത്രൊസ് ധൈര്യത്തോടെ വിളിച്ചു പറയുന്നു - 'നിങ്ങൾ ക്രൂശിച്ച യേശുവിനെയാണ് ദൈവം കർത്താവും രക്ഷകനും ആക്കി വെച്ചിരിക്കുന്നത്.' ഇതിനുള്ള ധൈര്യം പത്രൊസിന് നൽകിയത് പുനരുത്ഥാനം ചെയ്ത യേശുവിന്റെ ദർശനവും ഉയരത്തിൽ നിന്ന് ദാനമായി ലഭിച്ച പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ആണ്. ക്രിസ്തീയ ജീവിതത്തിൽ സുവിശേഷീകരണത്തിന് ധൈര്യം നൽകുന്നത് പുനരുത്ഥാനത്തിന്റെ പ്രത്യാശയാണ്. പ്രതികൂലങ്ങളുടെയും പ്രതിബന്ധങ്ങളുടെയും അവഗണനകളുടെയും മധ്യേ, ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിനാലുള്ള രക്ഷയെ സാക്ഷീകരിക്കണമെങ്കിൽ; പരിശുദ്ധാത്മാവിന്റെ ശക്തിയും പുനരുത്ഥാനത്തിലുള്ള പ്രത്യാശയും നമ്മുടെ ജീവിതത്തിൽ അത്യാവശ്യമാണ്. 

മരണത്തിനുശേഷം എന്ത് എന്ന ചോദ്യം അനേകരെ ഭാരപ്പെടുത്തുമ്പോൾ, മരണത്തിനു മുമ്പിൽ മനുഷ്യൻ വിറങ്ങലിച്ചുപോകുമ്പോൾ, ഭക്തനായ പൗലൊസ് മരണത്തെ വെല്ലുവിളിക്കുന്നു - 'ഹേ! മരണമേ നിന്റെ ജയമെവിടെ.'

ഇത് വ്യക്തിപരമായി ഓരോരുത്തരുടെയും ജീവിതത്തിൽ  ഉണ്ടാകേണ്ട ഒരു തിരിച്ചറിവാണ്. യേശുക്രിസ്തുവിന്റെ പുനരുത്ഥാനം എനിക്ക് വേണ്ടിയായിരുന്നു എന്ന ചിന്തയിൽ, മരണം സകലത്തിന്റെയും അവസാനമല്ല മറിച്ച് ദൈവീകമായ സാന്നിദ്ധ്യത്തിലേക്കുള്ള പ്രവേശനത്തിന്റെ കവാടമാണ് എന്ന് തിരിച്ചറിഞ്ഞ്; യേശുവിനെ അനുഗമിച്ച് ദൈവേഷ്ടം ചെയ്ത് ജീവിപ്പാൻ ഒരുവനെ ശക്തീകരിക്കുന്ന പ്രേരകഘടകമാണ് പുനരുത്ഥാനം. ഇവിടെ നാം വായിക്കുന്നു - യേശുവാണ് പുനരുത്ഥാനം.

പുനരുത്ഥാനത്തിന്റെ നായകനായ യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി സ്വീകരിച്ച് മരണത്തെ തോൽപിച്ച് ദൈവസാന്നിദ്ധ്യത്തിലുള്ള നിത്യമായ വാസത്തിനായി നമ്മെത്തന്നെ സമർപ്പിക്കാം.

                                                       Video Link




Comments

Popular posts from this blog

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5