1 എന്താണ് ബൈബിൾ II Bible Study II Bro Sunil Kumar C.G
1
എന്താണ് ബൈബിൾ II Bible Study
Bro Sunil Kumar C.G
2 പത്രൊസ് 1:20,21
വിശുദ്ധവേദപുസ്തകത്തെ ആധാരമാക്കി ചില ആത്മീയ ചിന്തകൾ പങ്കുവെയ്ക്കുവാൻ കർത്താവിൽ ശരണപ്പെടുകയാണ്. ലോകത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള പുസ്തകമാണ് വിശുദ്ധവേദ പുസ്തകം. സാമ്രാജ്യങ്ങളുടെ ചരിത്രങ്ങളെയും വിവിധ രാജ്യങ്ങളുടെ അവസ്ഥകളെയും അതു മാറ്റി മറിച്ചിട്ടുണ്ട്. വ്യക്തികളെ അതു രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നാം പരിശോധിക്കുമ്പോൾ വ്യക്തികളുടെ ജീവിതത്തിൽ, സമൂഹത്തിൽ, രാഷ്ട്രങ്ങളിൽ വളരെ ആഴമായ പരിവർത്തനം വരുത്തുവാൻ സാധിച്ചിട്ടുള്ള ഒരു പുസ്തകമാണ് ബൈബിൾ.
എന്തുകൊണ്ടാണ് ഈ ബൈബിൾ ഇത്തരത്തിൽ ഒരു രൂപാന്തരം വരുത്തുവാ ൻ തക്കവണ്ണം പ്രാപ്തി ഉള്ളതായി തീർന്നത്? ആരാണീ ബൈബിൾ എഴുതിയത്? എഴുതുവാനുള്ള പ്രചോദനം എന്തായിരുന്നു? ഇവിടെ നമ്മൾ വിചിന്തനം ചെയ്യാൻ ആഗ്രഹിയ്ക്കുന്നത് ഇതാണ്.
വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ, അതിൽ 2 ഭാഗങ്ങളുണ്ട്. 39 പുസ്തകങ്ങളുടെ സംഗ്രഹമായ പഴയ നിയമം, 27 പുസ്തകങ്ങളുടെ സംഗ്രഹമായ പുതിയ നിയമം. ഏകദേശം 1600 വർഷങ്ങൾ കൊണ്ടാണ് വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ടത്. അതായത്, യേശുക്രിസ്തു ജനിയ്ക്കുന്നതിനും 1500 വർഷങ്ങൾക്കു മുൻപേ എഴുതിത്തുടങ്ങി. യേശുക്രിസ്തുവിന്റെ മരണഅടക്ക പുനരുത്ഥാനത്തിനു ശേഷം ഏകദേശം 100 വർഷത്തോളം, അങ്ങനെ ഏകദേശം 1600 വർഷങ്ങൾ കൊണ്ട് നാൽപ്പതിലധികം എഴുത്തുകാരാൽ 60 തലമുറകളുടെ ദൈർഘ്യത്തിൽ എഴുതിത്തീർത്തതാണ് വിശുദ്ധ വേദപുസ്തകം.
വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ അതിൽ ചരിത്രം ഉണ്ട്, ശാസ്ത്രമുണ്ട്. കവിതകളുണ്ട്, പ്രബോധന പുസ്തകങ്ങളുണ്ട്. അങ്ങനെ വ്യത്യസ്തമായ നിലവാരത്തിൽ വ്യത്യസ്തരായ വ്യക്തികളാൽ രചിക്കപ്പെട്ടിട്ടുള്ളതാണ് വിശുദ്ധ വേദപുസ്തകം. പഴയ നിയമ പുസ്തകങ്ങൾ നമ്മൾ പരിശോധിക്കുമ്പോൾ ദാനിയേൽ, എസ്ര എന്നിവർ എഴുതിയ പുസ്തകങ്ങളുടെ ചില ഭാഗങ്ങൾ അരാമിക് ഭാഷയിലാണ് എഴുതപ്പെട്ടിരിയ്ക്കുന്നത്. പഴയ നിയമത്തിലെ ബാക്കി പുസ്തകങ്ങളെല്ലാം എബ്രായ ഭാഷയിൽ ആണ് എഴുതപ്പെട്ടിരിയ്ക്കുന്നത്. എന്നാൽ പുതിയ നിയമം എഴുതപ്പെട്ടിരിയ്ക്കുന്നത് ഗ്രീക്ക് ഭാഷയിലാണ്. പുതിയ നിയമവും പഴയ നിയമവും പരിശോധിക്കുമ്പോൾ, യെശ 7:14 ൽ നമ്മളിങ്ങനെ കാണുന്നുണ്ട്, ‘അതുകൊണ്ട് കർത്താവ് തന്നെ നിങ്ങൾക്ക് ഒരു അടയാളം തരും. കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ഇമ്മാനുവേൽ എന്നു പേർ വിളിയ്ക്കും.’ യേശുക്രിസ്തുവിന്റെ ജനനത്തിനും ഏകദേശം 700 വർഷങ്ങൾക്കു മുമ്പ് യെശയ്യാവ് പ്രവാചകൻ വ്യക്തമായി യേശുക്രിസ്തുവിന്റെ ജനനത്തെ കുറിച്ച് പ്രവചിക്കുകയുണ്ടായി.
ഉല്പ 3:15, യെശ 53-ാം അധ്യായം ഇവിടെയെല്ലാം ആത്യന്തികമായി പഴയ നിയമം ഊന്നൽ കൊടുക്കുന്നത് ഭൂമിയിലേക്കു വരുവാനുള്ള യേശുക്രിസ്തുവിനെ കുറിച്ചാണെന്ന് നമുക്ക് കാണാൻ കഴിയുന്നു.
സെഖ 12:10 -‘..... തങ്ങൾ കുത്തിയിട്ടുള്ളവങ്കലേക്ക് അവർ നോക്കും .....’ എന്ന് യിസ്രായേൽ ജനത്തെക്കുറിച്ച് പറയുന്നു. ഇത് സൂചിപ്പിക്കുന്നത് യേശുക്രിസ്തുവിന്റെ കാൽവരി കുരിശിലെ മരണത്തെ കുറിച്ചാണ്. പഴയ നിയമം ആകമാനം പരിശോധിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത്; സ്രഷ്ടാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള വ്യ ക്തമായ ഇടപെടലും, ദൈവത്തെ അനുസരിച്ച് ദൈവത്തിന്റെ വഴികളിൽ നടന്ന് ദൈവത്തിന്റെ കല്പനകളെ പ്രമാണിച്ച വ്യക്തികളുടെ ജീവിതത്തിൽ ദൈവം ഇടപെട്ട വഴികളെക്കുറിച്ചും ആണ്. അതേസമയം ദൈവം വ്യക്തമായി ഇടപെട്ടിട്ടും; അതിനെ തള്ളിക്കളഞ്ഞ് സ്വന്തമായ വഴിയിലൂടെ നീങ്ങിയവരുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന അനർത്ഥങ്ങളെക്കുറിച്ചും നമുക്ക് വിശുദ്ധ വേദപുസ്തകത്തിൽ കാണാൻ കഴിയുന്നുണ്ട്.
ചുരുക്കത്തിൽ പഴയനിയമം ആകമാനം നോക്കുമ്പോൾ; വ്യക്തികളുടെ സ്വഭാവഗുണങ്ങളേയോ, നേട്ടങ്ങളെയോ ഉയർത്തിക്കാണിക്കുന്നതിന് ഉപരിയായി; സ്രഷ്ടാവായ ദൈവത്തിന്റെ ഇഷ്ടമറിഞ്ഞ്, കല്പനകൾ അനുസരിച്ച വ്യക്തികളുടെ ജീവിതത്തിൽ, ദൈവം എങ്ങനെ ഇടപെട്ടു എന്നും അവരെ ദൈവം ഏതു തരത്തിൽ ഉപയോഗിച്ചു എന്നും നമുക്ക് കാണാൻ കഴിയുന്നുണ്ട്. അതായത് ദൈവത്തിന്റെ വ്യക്തമായ സ്വഭാവം, ദൈവീക ഇടപെടലിലൂടെ നമുക്ക് കാണാൻ കഴിയുന്നത് പഴയ നിയമ പുസ്തകങ്ങളിലാണ്. ആ പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ സൂചിപ്പിക്കുന്നത് വരുവാനുള്ള മശീഹയെക്കുറിച്ചും മനുഷ്യനോടുള്ള ദൈവത്തിന്റെ വ്യക്തവും നേരിട്ടുള്ളതുമായ ഇടപെടലിനെക്കുറിച്ചുമാണ്.
പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ പരിശോധിക്കുമ്പോൾ അവിടെ നമുക്ക് കാണാൻ കഴിയുന്നത്; പാപമോചകനായെത്തി, ക്രൂശിലെ യാഗത്താൽ മാനവകുലത്തിന്റെ പാപത്തെ കഴുകി വെടിപ്പാക്കി അവർക്കൊരു വീണ്ടെടുപ്പ് സാധ്യമാക്കിയ യേശുക്രിസ്തുവിനെയാണ്. അതോടൊപ്പം മരണത്തെ തോൽപ്പിച്ച് ഉയർത്തെഴുന്നേറ്റ യേശുക്രിസ്തു തന്റെ ഭക്തന്മാരെ ചേർക്കുവാൻ രണ്ടാമതും വരുമ്പോൾ, അവിടുത്തെ ജീവിതത്തെയും ഉപദേശങ്ങളേയും ഹൃദയത്തോടു ചേർത്തുകൊണ്ട് ആ യേശുക്രിസ്തുവിനായി വിശുദ്ധിയോടും നിർമ്മലതയോടും കാത്തിരിക്കുന്ന ഒരു ജനത്തെ ഒരുക്കുക എന്നുള്ളതാണ് പുതിയ നിയമ പുസ്തകങ്ങളുടെ ലക്ഷ്യം.
മാനവകുലത്തിന്റെ രക്ഷയ്ക്കായി, കേവലം ഒരു മനുഷ്യനായി ഭൂമിയിലേക്ക്, ഒരു സ്ത്രീയുടെ ഉദരത്തിൽ നിന്ന് ജനിയ്ക്കുന്ന യേശുക്രിസ്തുവിനെ കൈക്കൊള്ളാനായി ഒരു സമൂഹത്തെ തയ്യാറാക്കുന്നതായിരുന്നു പഴയ നിയമത്തിന്റെ ലക്ഷ്യം. എന്നാൽ ഇനി വാനമേഘങ്ങളിൽ വെളിപ്പെട്ട ശേഷം രാജാവായി ഈ ഭൂമിയിൽ ആയിരം ആണ്ട് വാഴുവാൻ വരുന്ന യേശുക്രിസ്തുവിനെയാണ് നമ്മൾ പുതിയ നിയമത്തിൽ കാണുന്നത്. അതായത് ഇനി യേശുക്രിസ്തു ഭൂമിയിലേക്കു വരുന്നത് മനുഷ്യന്റെ പാപം മോചിക്കുവാൻ ഒരു പാത ഒരുക്കുവാനല്ല; മറിച്ച്, പാപമോചനത്താലുള്ള സന്തോഷവും സമാധാനവും സ്വാതന്ത്ര്യവും യേശുക്രിസ്തുവിനാൽ പ്രാപിച്ച്, അവിടുത്തെ വരവിനായി ഒരുങ്ങി കാത്തിരിക്കുന്ന ഒരു ജനത്തെ ചേർക്കുവാനാണ്. അതാണ് പുതിയ നിയമത്തിന്റെ ഉദ്ദേശവും അതിലേക്കാണ് പുതിയം നിയമം ലക്ഷ്യം വയ്ക്കുന്നതും.
മറ്റൊരു കാര്യം നമ്മൾ ഓർക്കണം, വോൾട്ടയർ തുടങ്ങി അനേകം തത്വചിന്തകന്മാർ ഈ വിശുദ്ധ വേദപുസ്തകത്തെ, ബൈബിളിനെ, ഭൂമിയിൽ നിന്നും തൂത്തെറിയുവാൻ വേണ്ടി ഉത്സാഹിച്ചു, അവർ പ്രഖ്യാപിച്ചു ബൈബിളിനെ ഈ ഭൂമുഖത്തു നിന്നും എന്നെന്നേയ്ക്കുമായി തുടച്ചു നീക്കുമെന്ന്. അതേ പോലെ റോമാ സാമ്രാജ്യം ഉൾപ്പെടെ എത്രയോ സാമ്രാജ്യങ്ങൾ ഈ ബൈബിളിനെ ഉന്മൂലനാശം ചെയ്യാൻ വേണ്ടി ഉത്സാഹിച്ചു. ഈ കാലഘട്ടത്തിൽ എത്രയോ രാഷ്ട്രങ്ങൾ ബൈബിളിനെ ഈ ഭൂമുഖത്തു നിന്നും നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികൾ ആവിഷ്‌ക്കരിച്ചു. എന്നാൽ നമ്മൾ കാണുന്ന കാഴ്ച ഈ പ്രതിബന്ധങ്ങളേയും പ്രതികൂലങ്ങളേയും ഒക്കെ അതിജീവിച്ച് ബൈബിൾ ഇന്നും നിലനിൽക്കുന്നു; എന്നു മാത്രമല്ല ബൈബിളിന്റെ പ്രയാണം അനവരതം തുടരുന്നു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, സമ്പൂർണ്ണ ബൈബിൾ ഏകദേശം 670 ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. പുതിയ നിയമം 1521 ഭാഷകളിലേക്ക് ഭാഷാന്തരം നടത്തിയിട്ടുണ്ട്. ബൈബിളിലെ കഥകൾ 1121 ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഇവിടെ നമ്മൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചിന്തിക്കണം. ഇത്രത്തോളം പ്രതികൂലങ്ങളെ, പ്രതിബന്ധങ്ങളെ അതിജീവിച്ച് വിശുദ്ധ വേദപുസ്തകം ഇന്നും നിലനിന്ന് മുന്നേറുകയാണ്. അത് എന്തുകൊണ്ട് എന്നു മനസ്സിലാക്കണമെങ്കിൽ വിശുദ്ധ വേദപുസ്തകം എഴുതിയതാരാണ് എന്ന് നമ്മൾ ആദ്യം മനസ്സിലാക്കണം.
ബൈബിൾ എഴുതിയ 40 ഓളം പേരെ നമ്മൾ പരിശോധിക്കുമ്പോൾ അതിൽ രാജാക്കന്മാരുണ്ട്, ന്യായാധിപന്മാരുണ്ട്, പണ്ഡിതന്മാരുണ്ട്, പ്രവാചകന്മാരുണ്ട്. ആട്ടിടയന്മാരുണ്ട്, ചുങ്കം പിരിക്കുന്നവരുണ്ട്, മീൻ പിടുത്തക്കാരുണ്ട്, ഇങ്ങനെ സാമൂഹികമായും സാംസ്‌ക്കാരികമായും ജീവിതത്തിന്റെ വ്യത്യസ്ത നിലവാരങ്ങളിൽ, വിവിധമായ സാഹചര്യങ്ങളിൽ ജീവിച്ചവരെക്കൊണ്ടാണ് ഈ വിശുദ്ധ വേദപുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.
അപ്പൊ. പ്ര 4:13 -ൽ ലേഖന കർത്താവായ വൈദ്യനായ ലൂക്കോസ് ഇങ്ങനെ എഴുതിയിട്ടുണ്ട്. അവിടെ കൂടിയ ജനങ്ങൾ, പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും അവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നറിഞ്ഞുകൊണ്ട് അത്ഭുതപ്പെടുകയാണ്. കാരണം യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനുശേഷം, ആ പുനരുത്ഥാനത്തിനു സാക്ഷി നിന്നു കൊണ്ട് അവരറിയിക്കുന്ന സുവിശേഷസന്ദേശം കേട്ട് അത്ഭുതം കൂറി, അവർ പറയുകയാണ് - ഈ പത്രോസും യോഹന്നാനും പഠിപ്പില്ലാത്തവരാണ്, അവർ സാമാന്യരായ മനുഷ്യരാണ്, അവർക്ക് ഈ ജ്ഞാനം എവിടെ നിന്നു കിട്ടി. വിശുദ്ധ വേദപുസ്തകം പരിശോധിക്കുമ്പോൾ ഇങ്ങനെ അത്ഭുതം കൂറുമാറുള്ള ജ്ഞാനത്തോടെയാണ് ഇവർ രചിച്ചിട്ടുള്ളത് എന്ന് നമുക്ക് കാണാൻ കഴിയും
എന്താണിതിനു കാരണം? 2 തിമൊ 3:16 - ൽ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് - എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ, അതന്റെ അർത്ഥം വിശുദ്ധ വേദപുസ്തകത്തിലെ എഴുത്തുകൾ ദൈവത്തിന്റെ പ്രേരണ യാൽ ഉളവായതാണ്. ഇതെഴുതുവാൻ ആവശ്യമായ ജ്ഞാനം, പ്രചോദനം, അറിവ്, ഭാഷാ ക്രമം ഇതെല്ലാം വെളിപ്പെട്ടുകിട്ടിയത് ദൈവത്തിന്റെ പ്രചോദനത്താലാണ്. അതായത്, കേവലം മാനുഷികമായ ബുദ്ധിയിൽ നിന്നുളവായതല്ല, കേവലം ചില അറിവുകളിൽ നിന്നുളവായതല്ല. മറിച്ച് അത്യുന്നതനായ ദൈവത്തിന്റെ പ്രചോദനത്താൽ ലഭിച്ച ജ്ഞാനമാണ്, ആശയങ്ങളാണ് അവിടെ ഓരോരുത്തരും പങ്കുവെച്ചിരിയ്ക്കുന്നത്.
2 പത്രൊ 1:20,21 -‘തിരുവെഴുത്തിലെ പ്രവചനമൊന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ലായെന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.’ പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല. ദൈവകൽപ്പനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ. വിശുദ്ധ വേദപുസ്തകത്തെ ഗ്രഹിക്കുവാൻ ഒരുവൻ ആഗ്രഹിക്കുമ്പോൾ, ആദ്യമായിട്ട് മനസ്സിലാക്കേണ്ട അടിസ്ഥാന വിഷയമാണിത്.
ബൈബിൾ എഴുതപ്പെട്ടിട്ടുള്ളത് ദൈവത്തിന്റെ പ്രചോദനത്താലാണ്. വ്യക്തിപരമായ ഏതെങ്കിലും ഒരു ലക്ഷ്യത്തോടെയോ, താൽപര്യത്തോടെയോ എഴുതപ്പെട്ടിട്ടുള്ളതല്ല, മറിച്ച് വ്യക്തമായ ദൈവിക നിയോഗം പ്രാപിച്ച ഭക്തന്മാരാൽ എഴുതപ്പെട്ടിട്ടുള്ളതാണ് വിശുദ്ധ വേദപുസ്തകം. മറ്റൊരു ഭാഗത്ത് നമ്മൾ കാണുന്നു സങ്കീ 119:89 -‘യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേയ്ക്കും സ്ഥിരമായിരിക്കുന്നു.’ അതായത് സ്വർഗ്ഗത്തിലെന്നേ യ്ക്കും സ്ഥിരമായിരിയ്ക്കുന്ന ദൈവത്തിന്റെ വചനത്തെ സകല മാനവകുലത്തിനും ലഭ്യമാകുവാൻ തക്കവണ്ണം; പരിശുദ്ധാത്മാവ്, അനേക വ്യക്തികളുടെ ഹൃദയങ്ങളിൽ പ്രചോദനം കൊടുത്ത്, നമുക്ക് എഴുതി ലഭിച്ചതാണ് വിശുദ്ധ വേദപുസ്തകം.
യെശ 34:16 -‘യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ച് വായിച്ചു നോക്കുവിൻ അവയിൽ ഒന്നും കാണാതിരിക്കുകയില്ല ..... അവന്റെ വായല്ലോ കല്പ്പിച്ചത്, അവന്റെ ആത്മാവത്രേ അവയെ കൂട്ടി വരുത്തിയത്.’ യഹോവയുടെ പുസ്തകം ദൈവത്തിന്റെ പുസ്തകം. ബൈബിളിനെ കുറിച്ച് യെശയ്യാവ് എഴുതിയിരിയ്ക്കുന്നത് ഇങ്ങനെയാണ്.
അപ്പോൾ നമ്മൾ ഇവിടെ കാണുന്നത്, 40 - ലധികം ആളുകളാൽ വിശുദ്ധ വേദപുസ്തകം എഴുതപ്പെട്ടു. പഴയ നിയമം 39 പുസ്തകങ്ങൾ, പുതിയ നിയമം 27 പുസ്തകങ്ങൾ. ഇതെഴുതപ്പെട്ടത് 60 തലമുറകളുടെ ദൈർഘ്യത്തിൽ. വർഷത്തിന്റെ കണക്കു നോക്കുമ്പോൾ 1600 വർഷങ്ങളുടെ കാലദൈർഘ്യം, എന്നാൽ ഇത് ഒന്നോടൊന്ന് ചേർത്ത് ആശയങ്ങളുടെ പൊരുത്തത്തിൽ വരുവാൻ കാരണം; വ്യക്തിപരമായ ലക്ഷ്യത്തോടു കൂടി എഴുതപ്പെട്ടതല്ല; മറിച്ച് ദൈവത്തിന്റെ നിയോഗം പ്രാപിച്ച് പരിശുദ്ധാത്മാവിനാൽ ഉത്തേജനം ലഭിച്ച്, സ്വർഗ്ഗത്തിൽ എന്നേയ്ക്കും സ്ഥിരമായിരിക്കുന്ന ദൈവത്തിന്റെ വചനം പരിശുദ്ധാത്മാവിനാൽ പകർന്ന് ലഭിച്ച്, സകല മാനവകുലത്തിനും വേണ്ടി ലഭ്യമാകുവാൻ തക്കവണ്ണം ദൈവം അനേകരിലൂടെ പകർന്ന് തന്നതിനാലത്രേ. അതുകൊണ്ടാണ് ബൈബിളിനെ ഇല്ലാതാക്കാൻ അനേക ശ്രമങ്ങൾ വ്യക്തികളിൽ നിന്നും, സാമ്രാജ്യങ്ങളിൽ നിന്നും, ഭരണകൂടങ്ങളിൽ നിന്നും ഉണ്ടായിട്ടും; അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഇന്നും മുന്നേറാൻ കാരണം.
ആത്യന്തികമായിട്ട് വിശുദ്ധ വേദപുസ്തകത്തിന്റെ രചയിതാവ് സകലത്തേയും സൃഷ്ടിച്ച ദൈവമാണ്. ആ ദൈവം ഇത് നൽകിയിരിയ്ക്കുന്നത് മാനവകുലത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ്. അതിന്റെ ആത്യന്തികമായ ലക്ഷ്യം നിത്യ ജീവനിലേക്ക് മനുഷ്യൻ ലക്ഷ്യം വെച്ച് അതിനു വേണ്ടി ഒരുങ്ങുക എന്നുള്ളതാണ്.
അതുകൊണ്ട് പ്രിയരേ, ഈ വിശുദ്ധ വേദപുസ്തകത്തിന്റെ അന്തസത്ത നമ്മളുടെ ജീവിതത്തിൽ ഉൾക്കൊണ്ട്; എല്ലാ മുൻവിധികൾക്കും അപ്പുറമായി ദൈവത്തിന്റെ ശബ്ദമായി അതിനെ ഏറ്റെടുത്ത് ജീവിക്കുവാൻ തക്കവണ്ണം, ഒരു സമർപ്പണവും ഒരുക്കവും നമ്മളുടെ ജീവിതത്തിൽ ഉണ്ടാകട്ടെ, ദൈവം അതിനായി എല്ലാവരേയും സഹായിക്കട്ടെ.
Comments
Post a Comment