24 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 1

                            




                                                  24 



                             യേശുക്രിസ്തു ആരാണ് ?


                                    ജീവന്റെ വെളിച്ചം - 1


                                            യോഹന്നാൻ 8:12



യോഹ 8:12 - 'യേശു പിന്നെയും അവരോടു സംസാരിച്ചു. ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുളളവൻ ആകും എന്നു പറഞ്ഞു.'

വെളിച്ചം പലതരത്തിലാണ്. വെളിച്ചത്തിന്റെ ഉറവിടവും, ഘടനയും, ദൗത്യവും പലതാണ്. വെളിച്ചം എന്ന് കേൾക്കുമ്പോൾത്തന്നെ സൂര്യന്റെ വെളിച്ചമോ, ബൾബിന്റെ വെളിച്ചമോ ആണ് നമ്മുടെ മനസ്സിൽ വരുന്നത്. വെളിച്ചത്തിന്റെ ഉറവിടങ്ങൾ പലതാകുമ്പോൾ അതിന്റെ ഘടനക്കും ദൗത്യത്തിനും ഒക്കെ മാറ്റം വരും. സൂര്യന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം അതിന്റെ  അകത്തുള്ള പദാർത്ഥങ്ങൾ കത്തി അതിൽനിന്ന് ചൂടും പ്രകാശവും പരക്കുമ്പോഴാണ് ഉണ്ടാകുന്നത്. എന്നാൽ, സൂര്യനിൽനിന്നുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതാണ് ചന്ദ്രന്റെ വെളിച്ചം. പലതരത്തിലുള്ള വൈദ്യുത ബൾബുകളുണ്ട്. വൈദ്യുതി പരിവർത്തനം ചെയ്ത് ഊർജ്ജമാറ്റം നടത്തിയാണ് അത് വെളിച്ചം നൽകുന്നത്. അതേസമയം മിന്നാമിനുങ്ങിന്റെ വെളിച്ചം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, സൃഷ്ടാവായ ദൈവം തന്നെ രൂപകല്പന ചെയ്തതാണ്.

യേശുക്രിസ്തു ഇവിടെ പരാമർശിക്കുന്ന വെളിച്ചം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അത് ജീവന്റെ വെളിച്ചമാണ്. ഉല്പത്തി 2:7 ൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചിട്ട് അവന്റെ മൂക്കിലേക്ക് ജീവശ്വാസം ഊതിയതായി നാം വായിക്കുന്നു. മനുഷ്യന് ചലനാത്മകത നൽകിയ ആ ജീവനെക്കൂടാതെ  മനുഷ്യന് തേജസ്സ് നൽകിയ ദൈവാത്മാവിനെ അവനിലേക്ക് ദൈവം പകർന്നു. ആ വെളിച്ചം മനുഷ്യനിലുണ്ടായിരുന്നു. ഇവിടെ യേശുക്രിസ്തു പരാമർശിക്കുന്നത് ആ ജീവന്റെ വെളിച്ചത്തെക്കുറിച്ചാണ്. അതാണ് ദൈവസാന്നിദ്ധ്യത്താൽ മനുഷ്യനിലുളവായ വെളിച്ചം.

വെളിച്ചത്തിന് പല ദൗത്യങ്ങളുണ്ട്. കാഴ്ചയ്ക്ക് പ്രയോജനകരമായിത്തീരുന്നതും, പ്രകാശം പരത്തുന്നതുമാണ് വെളിച്ചം. ഇരുട്ടിൽ യാത്ര ചെയ്യണമെങ്കിൽ വെളിച്ചം ആവശ്യമാണ്. ഇരുട്ടിൽ വഴി കാട്ടുക എന്നതാണ് ഇവിടെ വെളിച്ചത്തിന്റെ ദൗത്യം. എന്നാൽ, അക്ഷരം വെളിച്ചമാണ് എന്ന് പറയാറുണ്ട്. കാരണം, മനുഷ്യനിലുള്ള അറിവില്ലായ്മയുടെ ഇരുട്ടിനെ മാറ്റുവാനും അറിവ് പകരാനും അക്ഷരം എന്ന വെളിച്ചം പ്രയോജനകരമായിത്തീരും. ഇവിടെ വെളിച്ചത്തിന്റെ ദൗത്യം പുതിയൊരു മേഖല തിരിച്ചറിയാൻ തക്കവണ്ണം, അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ഗ്രഹിക്കാൻ ഒരുവനെ പ്രാപ്തനാക്കുക എന്നുള്ളതാണ്.

പക്ഷെ, ജീവന്റെ വെളിച്ചത്തിന്റെ ദൗത്യം സൃഷ്ടാവായ ദൈവത്തെ തിരിച്ചറിയുക, നമ്മെ എന്തിനുവേണ്ടി ദൈവം സൃഷ്ടിച്ച് ഈ ഭൂമിയിൽ ആക്കിവെച്ചു എന്ന് ഗ്രഹിക്കുക എന്നതാണ്. ദൈവമാഗ്രഹിക്കുന്ന സൽപ്രവൃത്തികളും ദൗത്യങ്ങളും പൂർത്തീകരിച്ച് നമുക്ക് നൽകപ്പെട്ട ജീവിതത്തിന്റെ പൂർണ്ണതയിലേക്ക് അതിന്റെ എല്ലാ അർത്ഥത്തിലും നാം എത്തിച്ചേരണം.

സങ്കീർത്തനങ്ങൾ 139:1-18 വാക്യങ്ങളിൽ അമ്മയുടെ ഗർഭത്തിൽ നാം ഉരുവായ കാലം മുതൽ നമ്മെ അറിയുന്ന, നമ്മുടെ അസ്ഥികളെ മെനഞ്ഞ, നമ്മുടെ നിരൂപണങ്ങളെയും, ചിന്തകളെയും, വാക്കുകളെയും, നമ്മുടെ ഇരിപ്പും, നടപ്പും കിടപ്പും  ശോധന ചെയ്തറിയുന്ന ഒരു ദൈവത്തെയാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ ശരീരവും ജീവനും പ്രവർത്തിക്കുവാനും മനസ്സിലാക്കുവാനുമുള്ള ശേഷിയും ദൈവത്തിന്റെ ദാനമാണ്. നാം ഇടപെടുന്ന വ്യക്തികളും, നമ്മുടെ വസ്തുവകകളും സമ്പത്തും ദൈവദാനമാണ്. ഈ ലോകത്തിൽ നിന്ന് ഉളവാകുന്ന എല്ലാ സ്വാധീനങ്ങൾക്കും ഉപരിയായി ദൈവേഷ്ടം അറിഞ്ഞ്, അന്വേഷിച്ച്, പ്രവർത്തിച്ച് ദൈവത്തിന്റെ നാമം മഹത്വപ്പെടുവാൻ തക്കവണ്ണം നമ്മളെ പ്രാപ്തമാക്കുക എന്നതാണ് കാര്യസ്ഥനായി കൂടെയിരിക്കുന്ന പരിശുദ്ധാത്മാവ് എന്ന വെളിച്ചത്തിന്റെ ദൗത്യം . ഈ ലോകത്തിന്റെ ആർഭാടങ്ങളിലും, വഞ്ചനയിലും, മോഹങ്ങളിലും, ധൂർത്തിലും പെട്ട്, തനിക്ക് ലഭിച്ചതെല്ലാം അവനവന്റെ സുഖത്തിനും താല്ക്കാലികമായ സന്തോഷത്തിനും വേണ്ടി മാത്രം ഉപയോഗിച്ച് ജീവിതം കഴിക്കാതെ; താൻ ദൈവത്തിന്റെ സന്നിധിയിൽ ഒരുനാൾ നിൽക്കേണ്ടതാണ് എന്നുള്ള ബോധ്യത്തിലേക്കും തിരിച്ചറിവിലേക്കും ഒരുവനെ വഴിനടത്താൻ ദൈവത്താൽ ലഭ്യമാകുന്ന പരിശുദ്ധാത്മാവിന്റെ പ്രകാശനമാണ് ജീവന്റെ വെളിച്ചം. ഇവിടെ യേശു പറയുന്ന ജീവന്റെ വെളിച്ചം മനുഷ്യന് ദിശാബോധം നൽകുന്ന വെളിച്ചമാണ്. ആ വെളിച്ചം നമുക്ക് വഴി തിരിച്ചറിയാനാണ്, ആ വഴി മറ്റുള്ളവർക്ക് വെളിപ്പെടുത്തിക്കൊടുക്കാനാണ്.  അവൻ ജീവിക്കുന്ന സാഹചര്യങ്ങളെ സൃഷ്ടാവായ ദൈവത്തിന്റെ മനസ്സിന്റെ അളവിൽ നിന്നുകൊണ്ട് കാണുവാൻ അത് അവനെ പ്രാപ്തനാക്കുന്നു. ജീവന്റെ വെളിച്ചത്തിന്റെ ഉറവിടം യേശുവാണ്. ലോകത്തിൽ ഒരു മനുഷ്യൻ സൃഷ്ടാവായ ദൈവത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുവാൻ ആവശ്യമായ മാതൃകയും അതിനാവശ്യമായ ഊർജ്ജവും ലഭിക്കുന്നത് യേശുവിൽ നിന്നാണ്.

തുടർന്ന് യേശു പറയുന്നു 'എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവനാകും'. പരപ്രേരണയോ, നിർബന്ധമോ കൂടാതെ സമർപ്പണത്തോടെ യേശുവിനെ പിൻപറ്റണം. കാര്യസാധ്യത്തിനായി മാത്രം വരുന്നവർ എക്കാലത്തുമുണ്ട്. പക്ഷേ അവർക്ക് ജീവന്റെ വെളിച്ചമുണ്ടാകില്ല.

ലൂക്കൊസ് സുവിശേഷത്തിൽ പത്ത് കുഷ്ഠരോഗികൾ സൗഖ്യം പ്രാപിക്കാൻ യേശുവിന്റെ അടുക്കൽ വരുന്നത് കാണുന്നുണ്ട്. അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണ്. യേശുവിനെക്കുറിച്ച് കേട്ട് സൗഖ്യം പ്രാപിക്കാൻ ആശിച്ച് വരുന്ന അവരോട് യേശു, പോയി തങ്ങളെത്തന്നെ പുരോഹിതന് കാണിക്കാൻ പറയുന്നു. ആ വാക്ക് വിശ്വസിച്ച് അവിടെ ചെല്ലുമ്പോൾ സൗഖ്യമാകും എന്ന വിശ്വാസത്തിൽ അവർ പോകുകയാണ്. പോകുന്ന വഴിയിൽ അവർ 10 പേരും സൗഖ്യം പ്രാപിക്കുന്നു. 9 പേരും സൗഖ്യം പ്രാപിച്ച് മുമ്പോട്ടു പോയപ്പോൾ ഒരുവൻ മാത്രം തിരികെ യേശുവിന്റെ അടുക്കൽ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരിച്ചു വരുന്നു. ബാക്കി 9 പേരും പുരോഹിതന്റെ സാക്ഷ്യപത്രം വാങ്ങിച്ച് സമൂഹത്തിന്റെ മധ്യത്തിൽ ജീവിക്കാൻ ഉത്സാഹിച്ച് മുമ്പോട്ടു പോകുമ്പോൾ ഒരുവൻ മാത്രം തിരിച്ചുവന്ന് യേശുവിന്റെ കാൽക്കൽ വീണ് യേശുവിനെ അനുഗമിക്കാൻ തന്നെത്തന്നെ സമർപ്പിക്കുകയാണ്. യേശുവിന്റെ അടുക്കൽ വന്ന് തന്റെ കുഷ്ഠരോഗം മാറി, സമൂഹമധ്യേ തന്നെത്തന്നെ വെളിപ്പെടുത്തി ജീവിക്കുവാൻ താൽപര്യപ്പെട്ടു വന്നവൻ;  യേശുവിനെ അനുഗമിക്കുവാൻ തയ്യാറാകുന്നു. ഇതാണ് ക്രിസ്തീയ ജീവിതം. ഇത് യേശു ബലമായി ആരിൽ നിന്നും പിടിച്ചുവാങ്ങുന്നതല്ല. യേശുക്രിസ്തുവിന്റെ ദൈവത്വം മനസ്സിലാക്കി, ആ പത്തുപേരിൽ മടങ്ങിവന്ന ഒരുവനെപ്പോലെ നാഥനെ അനുഗമിക്കുവാൻ തന്റെ ജീവിതത്തെ സമർപ്പിക്കുന്നവനാണ് ജീവന്റെ വെളിച്ചം ഉണ്ടാകുന്നത്. 

ഈ സ്‌നേഹനാഥന്റെ മുമ്പാകെ നമ്മുടെ ജീവിതം സമർപ്പിക്കാം. അവിടുത്തെ അനുഗമിക്കുവാനും ജീവന്റെ വെളിച്ചമുള്ളവരാകുവാനും നമ്മെ ഏവരെയും ദൈവം സഹായിക്കട്ടെ.



    Video Link






Comments

Popular posts from this blog

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5