10 ബൈബിൾ വിശ്വാസയോഗ്യമോ? - 1 ശാസ്ത്രീയ അടിത്തറ Bible Study II Bro Sunil Kumar C.G
10
ബൈബിൾ വിശ്വാസയോഗ്യമോ? - 1 ശാസ്ത്രീയ അടിത്തറ
Bible Study II Bro Sunil Kumar C.G
വെളിപ്പാട് 13:15-18
ശാസ്ത്രം ഇത്രത്തോളം പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, യേശുക്രിസ്തുവിന് മുമ്പ് 1500 വർഷങ്ങളുടെയും ക്രിസ്തുവിന് ശേഷം 100 വർഷങ്ങളുടെയും ഇടവളയിൽ, ഏകദേശം 1600 വർഷങ്ങൾ കൊണ്ട് എഴുതപ്പെട്ട ഈ വിശുദ്ധ വേദപുസ്തകം ഇന്നും പ്രസക്തമാണോ എന്നുള്ളത് അനേകർ ഇക്കാലത്ത് ചോദിക്കുന്ന ഒരു ചോദ്യമാണ്.
ആദ്യമായി, വിശുദ്ധ വേദപുസ്തകത്തിന്റെ ആധികാരികതയെക്കുറിച്ച് യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ എഴുതിയിരിക്കുന്ന കാര്യങ്ങൾ പരിശോധിച്ചു വേണം നാം ഈ വിഷയത്തെക്കുറിച്ച് മുമ്പോട്ട് ചിന്തിക്കേണ്ടത്.
2 തിമൊ 3:16 - 'എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിയ്ക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിനും .....'
ഏതെങ്കിലും മുൻവിധിയോടെയോ, മറ്റു കാഴ്ചപ്പാടിലോ വിശുദ്ധ വേദപുസ്തകത്തെ സമീപിക്കാതെ ദൈവത്തിന്റെ പ്രേരണയാലും പ്രചോദനത്താലും ആണ് ഇത് എഴുതപ്പെട്ടത് എന്ന് മനസ്സിൽ സംഗ്രഹിച്ച് വേണം നാം ഇതിന്റെ ആധികാരികത പരിശോധിക്കേണ്ടത്.
2 പത്രൊ 1:20,21 - 'തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകൽപനയാൽ മനുഷ്യർ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രെ'.
പരിശുദ്ധാത്മാവിനാൽ നിയോഗം പ്രാപിച്ച ഭക്തന്മാർ ദൈവത്തിന്റെ ആലോചന ലഭിച്ചിട്ട് എഴുതിയതാണ് വിശുദ്ധ വേദപുസ്തകം.
വിശുദ്ധവേദപുസ്തകത്തിന്റെ ആധികാരികത നാം പരിശോധിക്കുമ്പോൾ ഒന്നാമത് നാം ചിന്തിക്കേണ്ടത് ഇസ്രായേൽ രാജ്യത്തിന്റെ ചരിത്രമാണ്. ഏകദേശം കേരളത്തിന്റെ 2/3 ഭാഗം മാത്രം വിസ്തൃതിയുള്ള രാജ്യമാണ് ഇസ്രായേൽ. കേരളത്തിന്റെ വിസ്തൃതി ഏകദേശം 38863 ച: കി.മീ. എന്നാൽ ഇസ്രായേലിന്റെ വിസ്തൃതി 20770 ച: കി.മീ കേരളത്തിന്റെ അത്ര പോലും വലുപ്പം ഇല്ലാത്ത ഒരു ചെറുരാജ്യം എല്ലാ പ്രതികൂലങ്ങളേയും അതിജീവിച്ച് ഇന്നും ഈ ഭൂമുഖത്ത് നിലനിൽക്കുന്നു.
ഉല്പ 12:1 -'യഹോവ അബ്രഹാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ : നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.'
ദൈവീക പദ്ധതികൾക്കു വേണ്ടി അബ്രഹാമിനെ ദൈവം തന്റെ സ്വന്തദേശമായ മെസൊപ്പൊട്ടോമിയയിൽ നിന്ന് വിളിച്ചിറക്കി. തനിക്ക് ദൈവം കൊടുക്കാനിരിക്കുന്ന വാഗ്ദത്ത ദേശത്തേക്ക് പോകുവാൻ അബ്രഹാമിനോട് പറയുന്ന ഭാഗമാണ് നാം മുന്നെ വായിച്ചത്.
ഉല്പ 12:5 -'അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്ക് പോകുവാൻ പുറപ്പെട്ടു കനാൻ ദേശത്ത് എത്തി.'
ഉല്പ 12:7 -'യഹോവ അബ്രാമിന്നു പ്രത്യക്ഷനായി : നിന്റെ സന്തതിക്കു ഞാൻ ഈ ദേശം ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു.'
ഉല്പത്തി പുസ്തകം എഴുതപ്പെട്ടത് ഏകദേശം യേശുക്രിസ്തുവിനു മുമ്പ് 1450-നും 1410-നും ഇടയ്ക്കാണ് എന്നാണ് വേദപണ്ഡിതന്മാർ പറയുന്നത്. ഇങ്ങനെ കനാൻ ദേശത്ത് എത്തിയ അബ്രഹാമിന്റെ മകനായ യിസ്ഹാക്കിന്റെ മകൻ യാക്കോബിന് പിന്നീട് ദൈവം നൽകുന്ന പേരാണ് ഇസ്രായേൽ (ബൈബിളിൽ യിസ്രായേൽ).
ഉല്പ 32:28 -'നീ ദൈവത്തോടും മനുഷ്യരോടും മല്ലു പിടിച്ചു ജയിച്ചതു കൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു.'
ഇസ്രായേൽ യഥാർത്ഥത്തിൽ ഒരു വ്യക്തിക്ക് നൽകുന്ന പേരാണ്. പിന്നീട് യാക്കോബിന്റെ തലമുറയെ ദൈവം ഇസ്രായേൽ എന്ന് വിളിക്കുന്നു. ഇസ്രായേലിന്റെ ചരിത്രം നാം പരിശോധിക്കുമ്പോൾ അനേകം രാജ്യങ്ങൾ അതിനെ കീഴടക്കി, പലതരത്തിലുള്ള എതിർപ്പുകളും യുദ്ധങ്ങളും ഇടപെടലുകളും ഈ രാജ്യത്തിനെതിരെ ഉണ്ടായി. അടിമത്തത്തിലും പ്രവാസത്തിലും കൂടി ആ ജനത കടന്നു പോയി. ലോകത്തിലെ മറ്റേതൊരു രാജ്യത്തിലും വ്യത്യസ്തമായി കലുഷിതമായ, ശിഥിലമാക്കപ്പെട്ട ഒരു ചരിത്രമായിരുന്നു ഇസ്രായേലിന് ഉണ്ടായിരുന്നത്.
2 ശമു 7:16 -'നിന്റെ ഗൃഹവും രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും,' ദൈവം നാഥാൻ പ്രവാചകനിലൂടെ ദാവീദ് രാജാവിനോട് ചെയ്ത വാഗ്ദത്തമാണ് തന്റെ രാജത്വം എന്നേക്കും സ്ഥിരമായിരിക്കും എന്നുള്ളത്. ദാവീദ് രാജാവിന് ശേഷം എത്രയോ രാജാക്കന്മാർ ഇസ്രായേൽ ഭരിച്ചു. വിവിധ സാമ്രാജ്യങ്ങൾ അതിനെ കീഴടക്കി.
അങ്ങനെ ശിഥിലീകരിക്കപ്പെട്ട ഇസ്രായേൽ 1948 മേയ് 14-ാം തീയതി വൈകിട്ട് 4 മണിക്ക് പുന:സ്ഥാപിക്കപ്പെട്ടു. ശക്തി, ആയുധം, സമ്പത്ത്, ഭരണാധികാരികളുടെ ശ്രേഷ്ഠത് എന്നിവയെല്ലാം കൊണ്ട് ഉന്നതിയിൽ നിന്ന അനേക സാമ്രാജ്യങ്ങൾ ഈ ലോകത്തു നിന്ന് നീക്കപ്പെട്ടു. റോമാ സാമ്രാജ്യം, സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യം എന്നറിയപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യം, തുടങ്ങി അനേക സാമ്രാജ്യങ്ങൾ മാറിപ്പോയി. എന്നാൽ ഒരു യുദ്ധം കൂടാതെ ഒറ്റ രാത്രി കൊണ്ട് ഇസ്രായേൽ രാജ്യം പുന:സ്ഥാപിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്ക് ശേഷം ഇസ്രായേൽ എന്ന കുടുംബം ഒരു രാജ്യമായി ഭൂമിയിൽ സ്ഥാപിതമാകുവാൻ ഇടയായത് തന്നെ വിശുദ്ധ വേദപുസ്തകത്തിന്റെ ആധികാരികതയെ അരക്കിട്ടുറപ്പിക്കുന്ന ഒരു പ്രധാന വസ്തുതയാണ്.
1914 മുതൽ 1918 വരെയുള്ള ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനിൽ കരിമരുന്നിന്റെ ക്ഷാമം വന്നപ്പോൽ വായുവിലെ നൈട്രജൻ ഉപയോഗിച്ച് വെടിമരുന്നുണ്ടാക്കാൻ യെഹൂദ ശാസ്ത്രജ്ഞനായ ചെയിംവെയ്‌സ്മാൻ ബ്രിട്ടനെ സഹായിച്ചു. പ്രതിഫലമായിട്ട് ഒരു സ്വതന്ത്ര രാജ്യം സാധ്യമാക്കാൻ യഹൂദരെ സഹായിക്കുമെന്ന 'ബൽഫർ' ഉടമ്പടി ഉളവാക്കപ്പെട്ടു. അതിന്റെ ഫലമായി 1948-ൽ ഇസ്രായേൽ രാജ്യം സ്ഥാപിതമായി. ഈ ലോകത്ത് ഒരിക്കൽ നശിച്ചു പോയ ഒരു സാമ്രാജ്യമോ രാജ്യമോ പിന്നീട് പുനസ്ഥാപിക്കപ്പെട്ടതായി ലോകചരിത്രത്തിൽ നമുക്ക് കാണാൻ കഴിയില്ല.
വചനത്തിന്റെ ശാസ്ത്രീയ അടിത്തറ -
അപ്പൊ. പ്ര. 4:13 -'അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ, എന്നും അറിഞ്ഞു.'
യേശുവിന്റെ ക്രൂശീകരണത്തിനും അടക്കത്തിനും പുനരുദ്ധാനത്തിനും ശേഷം ശിഷ്യന്മാർ യേശുവിന്റെ പുനരുത്ഥാനത്തിന്റെ സാക്ഷിയായി ജനങ്ങളോട് സുവിശേഷിക്കുമ്പോൾ പത്രൊസിന്റെയും യോഹന്നാന്റെയും വാക്ചാതുര്യവും ആധികാരിതയും കേട്ട് അവിടെ കൂടിയ ജനങ്ങൾ ആശ്ചര്യപ്പെടുന്നു. അവർ പറഞ്ഞ ആത്മീയ സത്യങ്ങൾ ഇന്നും അതേ പോലെ ഈ ലോകത്തിൽ നിറവേറിക്കൊണ്ടിരിക്കുന്നു.
ഇന്ന് 'റോബോട്ടിക്‌സ്' എന്ന മേഖല വിശാലമായിക്കൊണ്ടിരിക്കുകയാണ്. 2015 ഏപ്രിൽ 11-ന് ഹോങ്‌കോങ് ആസ്ഥാനമായുള്ള 'ഹാൻസൻ റോബോട്ടിക്‌സ്' എന്ന കമ്പനി സംസാരിക്കുവാനും അമ്പതിലധികം മുഖഭാവങ്ങൾ പ്രകടിപ്പിക്കുവാനും കഴിയുന്ന ഒരു റോബോട്ടിനെ ഉണ്ടാക്കി. 2017 ഒക്‌ടോബറിൽ സൗദി അറേബ്യ 'സോഫിയ' എന്ന ആ റോബോട്ടിന് പൗരത്വം കൊടുത്തു. ഇവിടെ ഒരു പ്രവചന നിവൃത്തി ഉണ്ട്.
വെളി 1315 -'മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും .....'
ഇന്നേക്ക് 1900 വർഷം മുമ്പ് എഴുതപ്പെട്ട ഈ വേദഭാഗത്ത് ക്രിസ്തു ശിഷ്യനായ യോഹന്നാൻ പറയുന്നു - പ്രതിമ സംസാരിക്കും.
കുറച്ചു നാൾ മുമ്പ് യു.എ.ഇ-യിൽ സംസാരിക്കാൻ കഴിയുന്ന ഒരു റോബോട്ടിനെ പോലീസ് ആയി നിയമിച്ചു എന്ന് നാം കേട്ടു. അങ്ങനെ യുദ്ധമേഖല, ആയുധ നിർമ്മാണം, വാഹന നിർമ്മാണം എന്നീ രംഗങ്ങളിൽത്തുടങ്ങി പല മേഖലകളിലും വിശാലമായ തരത്തിൽ റോബോട്ടിനെ ഉപയോഗിക്കുന്നു.
2-ാം നൂറ്റാണ്ടിൽ കമ്പ്യൂട്ടർ നിർമ്മിച്ചു, 21-ാം നൂറ്റാണ്ടിൽ കമ്പ്യൂട്ടറിന്റെ വിശാലമായ ഉപയോഗം തുടങ്ങി. ഇതിന്റെ യാതൊരു സാധൃതയും ചിന്തിക്കാൻ കഴിയാതിരുന്ന നൂറ്റാണ്ടുകൾ മുമ്പ് ശിഷ്യനായ യോഹന്നാൻ എഴുതി - പ്രതിമ സംസാരിക്കും. ശാസ്ത്രീയ ഈ ഒരൊറ്റ അടിത്തറ മതി വിശുദ്ധവേദപുസ്തകത്തിന്റെ വിശ്വാസയോഗ്യത തെളിയിക്കാൻ.
വെളി 13:16,17 -'അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലംകൈ മേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്യാൻ വഹിയാതെയും ആക്കുന്നു.'
വലംകൈ മേലോ നെറ്റി മേലോ മുദ്ര ഏൽക്കാതെ വാങ്ങുവാനും വില്ക്കുവാനും കഴിയാത്ത ഒരു കാലത്തെക്കുറിച്ച് 1900 വർഷങ്ങൾക്ക് മുമ്പ് കേവലം സാധാരണക്കാരനായ യോഹന്നാൻ വെളിപ്പാട് പുസ്തകത്തിൽ കുറിച്ചിരിക്കുന്നു. ഇക്കാലത്ത്ത പണത്തിന്റെയും കറൻസിയുടെയും ഉപയോഗം ഏറ്റവും കുറക്കാനുള്ള ശ്രമമാണ് എല്ലാ ഗവൺമെന്റുകളും നടത്തുന്നത്. 2016 നവംബർ 18-ന് ഒരു മനുഷ്യനും ചിന്തിക്കാത്ത സമയത്ത് ഇന്ത്യയിൽ നോട്ടു നിരോധനം വന്നു. ഗവൺമെന്റ് പറഞ്ഞ ഒരു പ്രധാന ലക്ഷം ഇനി മുതൽ ക്രയവിക്രയങ്ങൾ നോട്ടുകളിൽ നിന്ന് ക്രെഡിറ്റ് ഡെബിറ്റ് കാർഡുകളിലേക്ക് മാറ്റുക എന്നതായിരുന്നു. കമ്പ്യൂട്ടർ, മൊബൈൽ തുടങ്ങി പല മാധ്യമങ്ങളിലൂടെയും ധനവിനിമയം പ്രോത്സാഹിപ്പിക്കുക എന്നതും നോട്ട് നിരോധനത്തിന്റെ പരമമായ ലക്ഷ്യമായിരുന്നു.
സ്വീഡനിലും ആസ്‌ട്രേലിയയിലും ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കാൻ അനുവാദം നൽകുന്ന തരത്തിൽ കാര്യങ്ങൾ മാറി. പല രാജ്യങ്ങളും കൈയിൽ ചിപ്പ് ഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗവേഷണം നടത്തിക്കൊണ്ടരിക്കുകയാണ്. ഒരു മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഒരു ചിപ്പിലൂടെ ലഭ്യമാക്കാൻ അവർ ആഗ്രഹിക്കുന്നു. യാത്രാമദ്ധ്യേ പണത്തിന്റെ വിനിമയം, വ്യാപാരം എന്നീ കാര്യങ്ങൾക്ക് പണം കൈയിൽ കൊണ്ടു നടക്കേണ്ട കാര്യമില്ല. ശരീരത്തിലുള്ള ഈ ചിപ്പ് മതി. ഈ നൂറ്റാണ്ടിൽ തിരുവചനത്തിലെ വെളിപ്പാട് പുസ്തകത്തിലെ ഈ പ്രവചനം യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു.
വെളി 18:1113 -'ഭൂമിയിലെ വ്യാപാരികൾ പൊന്ന്, വെള്ളി, രത്‌നം, മുത്ത്, നേരിയ തുണി ധൂമ്ര വസ്ത്രം, പട്ട്, കടുഞ്ചുവപ്പ്, ചന്ദനത്തരങ്ങൾ, ആനക്കൊമ്പു കൊണ്ടുള്ള സകലവിധ സാമാനങ്ങൾ, വിലയേറിയ മരവും പിച്ചളയും ഇരുമ്പും, മർമ്മരക്കല്ലും കൊണ്ടുള്ള ഓരോ സാമാനം, ലവംഗം, ഏലം, ധൂപവർഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാൽ അവളെച്ചൊല്ലി കരഞ്ഞു ദു:ഖിക്കുന്നു.'
ഇവിടെ പലവിധത്തിലുള്ള വിൽപ്പന ചരക്കുകളെക്കുറിച്ച് നാം വായിക്കുന്നു. മാനുഷദേഹം, മാനുഷപ്രാണൻ എന്നീ ചരക്കുകൾ യഥാർത്ഥത്തിൽ അന്ന് ഉണ്ടായിരുന്ന അടിമകളുടെ കൈമാറ്റത്തെക്കുറിച്ചും മനുഷ്യക്കച്ചവടത്തെക്കുറിച്ചും ആണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് വേദപണ്ഡിതന്മാർ പറയുന്നു.
ലൂക്കോ 17:28 -' ലോത്തിന്റെ കാലത്ത് സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചും കൊണ്ടും വിറ്റും നട്ടും പണിതും പോന്നു.'
എന്നാൽ, ഈ വാക്യം കൂടെ അതിനോട് ചേർത്ത് ചിന്തിക്കുമ്പോൾ ഇന്ന് വ്യാപാരരംഗം ഏറ്റവും വിശാലമായ തരത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഓൺലൈൻ മാധ്യമങ്ങളിലൂടെയും, വീടുകളിൽ നേരിട്ടെത്തിയും, ഉള്ള വിൽപ്പനയും, വസ്തുവകകളുടെ ക്രയവിക്രയങ്ങളും ഏറ്റവും വേഗത്തിൽ ഈ കാലഘട്ടത്തിൽ നടക്കുന്നു. ഇന്ന് മനുഷ്യശരീരത്തിലെ അവയവങ്ങൾ പോലും വിൽക്കാൻ കഴിയുന്ന തരത്തിൽ ശാസ്ത്രം പുരോഗമിച്ചിരിക്കുന്നു. മനുഷ്യന്റെ ഹൃദയം, വൃക്ക, മജ്ജ, തൊലി തുടങ്ങിയ അവയവങ്ങളും എന്തിനേറെ മനുഷ്യന്റെ തലപോലും മാറ്റിവെക്കാൻ കഴിയുമോ എന്ന തരത്തിലുള്ള ഗവേഷണങ്ങൾ പോലും ഇക്കാലത്ത് നടക്കുന്നുണ്ട്. മുമ്പ് നാം പത്രത്തിൽ വായിച്ചതു പോലെ മനുഷ്യ ശരീരത്തിൽ ഒരു മൂക്ക് കൃത്രിമമായി വളർത്തിയെടുത്ത് അത് ശരീരത്തിൽ വെച്ച് പിടിപ്പിക്കുന്ന തരത്തിലുള്ള പുരോഗതി വൈദ്യശാസ്ത്രരംഗത്ത് കൈവരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെത്തന്നെ വില്പനച്ചരക്കാക്കുന്ന തരത്തിൽ ആരോഗ്യരംഗം മാറി.
ഇപ്പോൾ ത്രീ-ഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യന്റെ അവയവങ്ങളും, തൊലിയും കൃത്രിമമായി നിർമ്മിച്ചെടുത്ത് മനുഷ്യനിൽ വെച്ചു പിടിപ്പിക്കാൻ കഴിയുന്ന തരത്തിൽ ശാസ്ത്രം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
വിശുദ്ധവേദപുസ്തകം ശാസ്ത്രത്തിന് എതിരാണെന്ന് അനേകർ ചിന്തിക്കുന്നു. എന്നാൽ, ഒരിക്കലും അത് അങ്ങനെയല്ല. ഇതിനെ കാലാകാലങ്ങളിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചിട്ട് അത് നിമിത്തം പലവിധമായ പ്രശ്‌നങ്ങളും പല രാജ്യങ്ങളും, ദേശങ്ങളും അനുഭവിച്ചിട്ടുണ്ട്. പക്ഷെ, അതൊന്നും വിശുദ്ധവേദപുസ്തകത്തിന്റെ ആധികാരികതയെയോ
സന്ദേശത്തെയോ ഉൾക്കൊണ്ടുകൊണ്ടുള്ളതല്ല, അതിന് പിന്നിൽ പ്രവർത്തിച്ചിരുന്നവർക്ക്
അവരുടേതായ സ്ഥാപിത താൽപര്യങ്ങളും ഉദ്ദേശങ്ങളും ഉണ്ടായിരുന്നു.
ലോകം കണ്ട വിഖ്യാതരായ അനേക ശാസ്ത്രജ്ഞന്മാർ ബൈബിളിന്റെ ആധികാരികത അംഗീകരിച്ച് അതിനെ ഉൾക്കൊണ്ടവരായിരുന്നു. ഐൻസ്റ്റീൻ, തോമസ് ആൽവാ എഡിസൺ, ഐസക് ന്യൂട്ടൻ തുടങ്ങിയവർ ഈ വേദപുസ്തകം അതുപോലെ വിശ്വസിച്ചിരുന്നവരാണ്. പല കണ്ടുപിടുത്തങ്ങളിലും ഈ വിശുദ്ധവേദപുസ്തകത്തിന്റെ ആധികാരികതയെ ഊട്ടിയുറപ്പിക്കുന്ന തെളിവുകൾ കാണാം.
വേദപുസ്തകത്തിന്റെ വിശ്വാസ്യത നാം പരിശോധിക്കുമ്പോൾ അത് ശാസ്ത്രത്തോട് വളരെ ചേർന്നു നിൽക്കുന്നതായി നമുക്ക് കാണാം. ആ അർത്ഥത്തിൽ വിശുദ്ധ വേദപുസ്തകത്തെ ഉൾക്കൊള്ളുവാനും അതിന്റെ വിശ്വാസ്യതയെ അംഗീകരിക്കുവാനും എല്ലാവർക്കും കഴിയട്ടെ.
Bible Study Video Link
Comments
Post a Comment