26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

 


                                         26  യേശു ക്രിസ്തു ആരാണ് ? 


                                             ജീവന്റെ വെളിച്ചം - 3


                                               യോഹന്നാൻ 8:12



യോഹ 8:12 -'യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു, എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും എന്നു പറഞ്ഞു.'

എഫെ 5:8 -'മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.'ദൈവത്തിന്റെ ഇഷ്ടാനുസരണമുള്ള പ്രവൃത്തികൾ യേശുക്രിസ്തുവിനായി ജീവിതം സമർപ്പിച്ചവരിൽ നിന്ന് ഉളവാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

ദൈവത്തോടൊപ്പം വസിക്കാനായി സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിശാചിന്റെ തന്ത്രത്തിൽ കുടുങ്ങി. തത്ഫലമായി അവനിൽ ആത്മീകമരണം നടന്നു, തേജസ്സില്ലാത്തവനായിത്തീർന്നു, ദൈവസന്നിധിയിൽ നിന്ന് പുറത്തായി. അങ്ങനെ ആദാമിന്റെ സന്തതിയായി ജനിച്ച മാനവകുലം മുഴുവൻ ദൈവേഷ്ടത്തിൽനിന്ന് പുറത്തായി. ദൈവതേജസ്സ് നഷ്ടപ്പെട്ട മനുഷ്യനിൽനിന്ന് വരുന്നതെല്ലാം ദൈവത്തിന്റെ കണ്ണുകളിൽ നിഷ്ഫലപ്രവൃത്തികളാണ്. അതുകൊണ്ടാണ് നമ്മുടെ നീതിപ്രവൃത്തികൾ ദൈവസന്നിധിയിൽ കറപുരണ്ട തുണിപോലെയാണെന്ന് വിശുദ്ധ വേദപുസ്തകം പറയുന്നത്. ലഭിച്ചതല്ലാതെ നമുക്ക് ഒന്നുമില്ല; എല്ലാം ദൈവത്തിന്റെ ദാനമാണ്. അതിൽനിന്ന് എന്തെങ്കിലും കൊടുത്ത് ദാതാവിനെ പ്രസാദിപ്പിക്കാൻ നമുക്ക് കഴിയില്ല.

എഫെ 5:10 -'സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.'

എഫെ 4:24 -'സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.'

1 കൊരി 1:30 - 'നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.'

ദൈവസന്നിധിയിൽനിന്ന് പുറത്താക്കപ്പെട്ട നമ്മെ, അവിടേക്ക് ചെല്ലുവാൻ പ്രാപ്തരാക്കുന്നത് യേശുക്രിസ്തുവാണ്. നമ്മുടെ പാപത്തിന്റെ ശിക്ഷ, കാൽവറിക്രൂശിൽ യേശുക്രിസ്തു സ്വന്തശരീരത്തിൽ ഏറ്റ്, പാപത്തിന് പരിഹാരം  വരുത്തി. അതുകൊണ്ട് നമ്മുടെ നീതിപ്രവൃത്തികൾ ദൈവം അംഗീകരിക്കുന്നത് യേശുക്രിസ്തുവിലൂടെയാണ്. 

യോഹ 1:12 -'അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.'

ഇവിടെ ഏക മധ്യസ്ഥൻ യേശുക്രിസ്തുവാണ്. ജീവന്റെ വഴികളിൽ നടക്കണമെങ്കിലും ജീവന്റെ പ്രകാശമുള്ളവരായിത്തീരണമെങ്കിലും നാം യേശുക്രിസ്തുമുഖാന്തരം ദൈവസന്നിധിയിൽ നിൽക്കുന്നവരാകണം.

1 കൊരി 1:30 -ൽ കണ്ടതുപോലെ നമുക്ക് ജ്ഞാനം ലഭിക്കേണ്ടത് യേശുക്രിസ്തുവിൽനിന്നാണ്. നമ്മുടെ പ്രവൃത്തികൾ നീതിയായി എണ്ണുന്നതും യേശുവിലൂടെയാണ്. അവിടുത്തെ രക്തമാണ് നമ്മെ സകല പാപവും പോക്കി ശുദ്ധീകരിക്കുന്നത്. അതാണ്, യേശു താൻ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് പറഞ്ഞതിന്റെ അർത്ഥം.

മത്താ 5:14 -'നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; .....' ശിഷ്യന്മാരും ലോകത്തിന്റെ വെളിച്ചമാകുന്നു എന്നാണ് യേശുക്രിസ്തു ഇവിടെ പറയുന്നത്.

മത്താ 5:15,16 -'വിളക്കു കത്തിച്ച് പറയിൻകീഴല്ല തണ്ടിൻമേലത്രെ വെക്കുന്നത്; അപ്പോൾ അത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ  നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.'

എഫെ 2:10 -'നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരിക്കിയിരിക്കുന്നു.' നമ്മെ ഉരുവാക്കിയ ദൈവം നമ്മെ ഏല്പിച്ച ദൗത്യം, ദൈവേഷ്ടപ്രകാരം ചെയ്യുന്ന സൽപ്രവൃത്തികളായി; ദൈവത്തിന് മഹത്വം ഉണ്ടാകണം എന്ന ഒരേയൊരു ആഗ്രഹത്തോടെ, പുകഴ്ചയോ അംഗീകാരമോ ആഗ്രഹിക്കാതെ  ഫലമായി പുറത്ത് വരണം. വെളിച്ചമായി മറ്റുള്ളവർക്ക് സൃഷ്ടാവായ ദൈവത്തെ കാണിച്ച് കൊടുക്കണം. 

റോമ 12:21 -'തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.'

ഇതാണ് യേശുക്രിസ്തു നമുക്ക് കാണിച്ചു തന്ന വെളിച്ചം. തന്നെ അനുഗമിക്കുന്ന ഒരുവന്റെ പ്രായോഗിക ജീവിതത്തിൽ ഇങ്ങനെ ആയിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

യോഹന്നാന്റെ സുവിശേഷം നാം പരിശോധിക്കുമ്പോൾ അനേകം ഭാഗങ്ങളിൽ യേശു പറയുന്നുണ്ട്, 'ഞാൻ എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ് വന്നത്' എന്ന്. യെരുശലേമിലെ ഉത്സവത്തിന്റെ സമയത്ത് യേശുവിന്റെ സഹോദരന്മാർ യേശുവിനോട് ചോദിക്കുന്നുണ്ട്, നിനക്കിപ്പോൾ അവിടേക്ക് പോയി അത്ഭുതങ്ങൾ ചെയ്ത് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിച്ചുകൂടെ എന്ന്. അതിനുള്ള യേശുവിന്റെ മറുപടി 'എന്റെ സമയം ഇതുവരെ ആയിട്ടില്ല' എന്നായിരുന്നു. പിതാവായ ദൈവത്തിന്റെ സമയം ആയിരുന്നു യേശുവിന്റെ സമയം. യേശുവിനെ അനുഗമിക്കാനുറച്ച ഒരുവനിൽനിന്ന് പുറപ്പെടുന്ന പ്രവൃത്തികൾ ലോകത്തിന്റെ മുമ്പാകെയുള്ള അംഗീകാരത്തിനോ, പ്രശസ്തിക്കോ, പ്രതിഫലത്തിനോ വേണ്ടിയല്ല മറിച്ച് ദൈവനാമമഹത്വത്തിനായിട്ട് ആയിത്തീരേണം. ഇതാണ് ഇരുട്ട് പിടിച്ചടക്കാത്ത വെളിച്ചം എന്നതിന്റെ അർത്ഥം.

യോഹ 1:4,5 -'അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.'

അംഗീകാരത്തിനും ഗുണത്തിനും വേണ്ടി കാര്യങ്ങൾ ചെയ്യുമ്പോൾ ആ പ്രവൃത്തികൾ ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളാണ്. മനുഷ്യന് അത് നല്ലതെന്ന് തോന്നിയാലും ദൈവത്തിന്റെ ദൃഷ്ടിയിൽ അങ്ങനെയല്ല.

മത്താ 16:26 -'ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? .....' ഭൗതീകമായ നിലനില്പിനും അംഗീകാ രത്തിനും വേണ്ടി മാത്രമാണ് നമ്മുടെ ഓട്ടമെങ്കിൽ അതെല്ലാം ഇരുട്ടിന് വേണ്ടിയുള്ളതാണ്. ലോകം അത്തരത്തിൽ മാത്രം ചിന്തിച്ചിരുന്ന ഒരു കാലത്താണ് ദൈവം മനുഷ്യനായി ലോകത്തിൽ വന്നത്. 'വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.' ലോകത്തിന്റെ സമ്മർദ്ദങ്ങൾക്കൊന്നും തകർക്കാൻ കഴിയാത്തവിധം ദൈവേഷ്ടം യേശുവിലൂടെ നിറവേറി. എന്നാൽ ഇരുട്ടിലായിരുന്ന ലോകം അതൊന്നും മനസ്സിലാക്കാതെ നിന്ദ്യമായി ക്രൂരമായി പ്രതികരിച്ചപ്പോഴും ആ തിന്മയോട് തോല്ക്കാതെ നന്മയാൽ ക്രിസ്തു തിന്മയെ ജയിച്ചു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.

നാം പലപ്പോഴും ഒരു പ്രവൃത്തിക്ക് അല്ലെങ്കിൽ വാക്കുകൾക്ക് അതേ രീതിയിൽ പ്രതികരിക്കാറുണ്ട്. എന്നാൽ യേശുക്രിസ്തു അവരുടെ മനോഭാവത്തെയാണ് കൈകാര്യം ചെയ്തത്. യേശു പറയുന്നു 'ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു.' അവിടുന്ന് ശിഷ്യരെ നോക്കി പറയുന്നു - 'നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു.' 

ലോകത്തിന്റെ ഇരുളിന് പിടിച്ചടക്കുവാൻ കഴിയാത്ത; വെളിച്ചത്തിന്റെ പ്രവൃത്തിയുള്ളവരായി കർത്താവിനെ അനുഗമിക്കുവാൻ നമുക്ക് ഒരുങ്ങാം, നമ്മെത്തന്നെ സമർപ്പിക്കാം.


Video Link





Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4