11 ബൈബിൾ വിശ്വാസയോഗ്യമോ? - 2ചരിത്രപരമായ അടിത്തറ Bible Study II Bro Sunil Kumar C.G

  11 

ബൈബിൾ വിശ്വാസയോഗ്യമോ? - 2ചരിത്രപരമായ അടിത്തറ 


Bible Study II Bro Sunil Kumar C.G           


ലൂക്കോസ് 21:9-11



ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ചില കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ഭാഗത്ത് വിശുദ്ധവേദപുസ്തകത്തെ നാം വിചിന്തനം ചെയ്യുന്നത്.

മത്താ 24:3 -'അവൻ (യേശു) ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യൻമാർ തനിച്ചു അവന്റെ അടുക്കൽ വന്നു. അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിനും അടയാളം എന്തു എന്നും, പറഞ്ഞുതരേണം എന്നും അപേക്ഷിച്ചു.'

അവിടെ കർത്താവ് മറുപടിയിൽ പറയുന്ന അടയാളങ്ങൾ ഇന്നും ലോകത്തിൽ നിറവേറിക്കൊണ്ടിരിക്കുകയാണ്.

മത്താ 24:6 -'നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കും. ചഞ്ചലപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ.'

ഈ കാലഘട്ടം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസ- ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വലിയ പുരോഗതിയും വളർച്ചയും നമുക്ക് കാണാൻ കഴിയുന്നുണ്ട്. എങ്കിലും, അതിന് അനുപാതികമായ സന്തോഷമോ, സമാധാനമോ, സ്വസ്ഥതയോ വ്യക്തികളിലും, സമൂഹങ്ങളിലും, രാജ്യങ്ങളിലും ലോകത്തിലെവിടെയും കാണാൻ കഴിയുന്നില്ല. കാലം മുന്നോട്ട് പോകുന്തോറും അസമാധാനം വർദ്ധിച്ചു വരുന്നു. ഒരർത്ഥത്തിൽ മനുഷ്യന് അറിവും വിദ്യാഭ്യാസവും കൂടുമ്പോൾ ഈ മേഖലകളിൽ ഒരു മുന്നേറ്റം ഉണ്ടാകേണ്ടതാണ്. എന്നാൽ, വൈരുദ്ധ്യം എന്ന് പറയട്ടെ, എപ്പോഴും അങ്ങനെയല്ല സംഭവിക്കുന്നത്.

1914 ജൂലൈ 28 മുതൽ 1918 നവംബർ 11 വരെ ഒന്നാം ലോകമഹായുദ്ധത്തിനും 1939 സെപ്റ്റംബർ 1 മുതൽ 1945 സെപ്റ്റംബർ 2 വരെ രണ്ടാം ലോക മഹായുദ്ധത്തിനും ലോകം സാക്ഷിയായി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ജപ്പാനിലെ നാഗാസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിക്കാനിടയായി. പണ്ട് കാലങ്ങളിൽ ഗോത്രങ്ങൾ അല്ലെങ്കിൽ രാജ്യങ്ങൾ തമ്മിൽ താൽക്കാലികമായ യുദ്ധങ്ങൾ നടന്ന സ്ഥാനത്ത്, 1900 മുതൽ നാം കാണുന്നത് എല്ലാ രാജ്യങ്ങളും രണ്ടു ചേരിയായി നിന്ന് യുദ്ധം ചെയ്യുന്ന  താണ്. കാലം പുരോഗമിക്കുന്തോറും  ഇതിന് ഒരു കുറവും വരുന്നില്ല. യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അവിടുന്ന് തന്റെ ശിഷ്യന്മാരോട് പറഞ്ഞു.

മത്താ 24:6,7 -'നിങ്ങൾ യുദ്ധങ്ങളെയും യുദ്ധ ശ്രുതികളെയും കുറിച്ച് കേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.'   

ഇന്ന് സമൂഹത്തിലേക്ക് നോക്കുമ്പോൾ യേശു ക്രിസ്തു പറഞ്ഞ വാക്കുകൾ അതേപോലെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരികമായി ഉയർന്ന നിലയിൽ ജനങ്ങൾ എത്തിയിരിക്കുന്ന ഇക്കാലത്തും ജാതി, മതം എന്നിവയുടെ പേരിൽ അവർ തമ്മിൽത്തല്ലുന്നു, ഒടുക്കിക്കളയുന്നു. വാർത്താ മാധ്യമങ്ങളിൽ നമ്മൾ നിരന്തരം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു മതത്തിനുളളിൽത്തന്നെയും ജാതി പറഞ്ഞ് ജനങ്ങൾ തമ്മിൽത്തല്ലുന്നു. എല്ലാ മേഖലകളിലും ഈ അവസ്ഥ നമുക്ക് കാണാൻ കഴിയും. ഇന്നേക്ക് 1900 വർഷങ്ങൾക്ക് മുമ്പ് മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്ക് വന്ന യേശു ക്രിസ്തു വളരെ വ്യക്തമായി പറഞ്ഞ കാര്യങ്ങളോരോന്നും അക്ഷരംപ്രതി ഭൂമിയിൽ നിറവേറിക്കൊണ്ടിരിക്കുന്നു. ചരിത്രപരമായ വചന നിവൃത്തിയായി നാം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.

1955-1975 കാലഘട്ടത്തിൽ വിയറ്റ്‌നാമിൽ അമേരിക്ക യുദ്ധം നടത്തി.

1962 ഒക്‌ടോബർ 20- നവംബർ 21 വരെ ഇന്ത്യ- ചൈന യുദ്ധം ഉണ്ടായി.

1965 ഏപ്രിൽ- സെപ്റ്റംബർ കാലത്തും 1971ഡിസംബർ 3-16 കാലത്തും ഇന്ത്യയും- പാക്കിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായി. അതെല്ലാം ഭൂപ്രദേശത്തെയും അതിർത്തിയേയും സംബന്ധിച്ചായിരുന്നു. ഇന്നും ആ തർക്കങ്ങൾ തീർന്നിട്ടില്ല.

1979-1989 വരെ അഫ്ഗാനിലെ റഷ്യൻ യുദ്ധം.

ചുരുക്കിപ്പറഞ്ഞാൽ മധ്യേഷ്യൻ രാജ്യങ്ങൾ അസമാധാനത്തിന്റെയും അസന്തുഷ്ടിയുടെയും യുദ്ധത്തിന്റെയും ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. കുവൈത്തിൽ ഇറാക്കിന്റെ അധിനിവേശവും, ഇറാൻ-ഇറാക്ക് യുദ്ധവും നാം കണ്ടു. ഇസ്രയേലിനെതിരെ ചില അറബ് രാഷ്ട്രങ്ങൾ നടത്തുന്ന യുദ്ധങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്, ഇന്നും ഇത് വർദ്ധിക്കുന്നു.

മത്തായി 24:7 - ൽ നാം കണ്ട ക്ഷാമവും ഭൂകമ്പവും ഒരു ഒറ്റപ്പെട്ട കാര്യമല്ല.

ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണ സുഡാൻ, സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ ക്ഷാമവും ദാരിദ്ര്യവും കൊടുമ്പിരികൊണ്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിക്കാൻ ആഹാരമില്ലാതെ ആളുകൾ ചെളിമണ്ണികൊണ്ട് അപ്പം ഉണ്ടാക്കി കുഞ്ഞുങ്ങൾക്ക് ഭക്ഷിക്കാൻ കൊടുക്കുന്നത്, കഴിഞ്ഞ നാളുകളിൽ നമ്മൾ മാദ്ധ്യമങ്ങളിൽ കണ്ടതാണ്. ഒരിറ്റ് വെളളത്തിന് വേണ്ടി ജനങ്ങൾ നെട്ടോട്ടമോടുന്നു. പോഷകക്കുറവുകൊണ്ടും, ഭക്ഷണത്തിന്റെയും വെളളത്തിന്റെയും കുറവുകൊണ്ടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങൾ. ലോകത്തിൽ, ഒരുഭാഗത്ത് അമിതഭക്ഷണം നിമിത്തം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നു, മറുഭാഗത്ത്  ഭക്ഷണമില്ലാതെ ആരോഗ്യം നഷ്ടപ്പെടുന്ന ജനകോടികൾ. സൊമാലിയയിലെ 1 കോടി 20 ലക്ഷം ജനങ്ങളിൽ 11 ലക്ഷം പേർ ആ നാട് വിട്ടു. 2011-ൽ 21.5 ലക്ഷം ജനങ്ങൾ തെക്കൻ സൊമാലിയയിൽ മരണമടഞ്ഞു. ഒരർത്ഥത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യകളിലൂടെ,  വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും ഈ കാര്യങ്ങൾ പരിഹരിക്കാൻ  വേണ്ടി ഉത്സാഹിക്കുന്നുണ്ടെങ്കിലും, ഒരു മനുഷ്യന്റെയും കൈപ്പിടിയിൽ ഒതുങ്ങാത്ത രീതിയിൽ കാര്യങ്ങൾ ആയിത്തീർന്നിരിക്കുന്നു.

ഇതെല്ലാം യേശു ക്രിസ്തു തന്റെ വരവിനെക്കുറിച്ച് നടത്തിയ പ്രവചനത്തിന്റെ നിവൃത്തിയാണ്.

ഭൂമിശാസ്ത്രപരമായി നാം നോക്കുമ്പോൾ ഭൂകമ്പങ്ങളുടെ തോതും, എണ്ണവും തീവ്രതയും മുമ്പില്ലാത്തതരത്തിൽ വർധിക്കുന്നു. നേപ്പാളിൽ 2015 ഏപ്രിൽ 25ന് നടന്ന ഭൂകമ്പത്തിൽ ഏകദേശം 9000 പേർ മരിച്ചു. ആ ഭൂകമ്പത്തിന്റെ അലകൾ ഇങ്ങ് കൊച്ചി വരെ എത്തി. 2000 ഡിസംബർ 12ന് കേരളത്തിൽ ഇടുക്കി ജില്ലയിൽ ഭൂചലനം ഉണ്ടായി. ഹെയ്ത്തിയിൽ 2010, 2016, 2018 വർഷങ്ങളിൽ ഭൂകമ്പം ഉണ്ടായി. ഇന്ത്യയിൽ 1993 സെപ്റ്റംബർ 30ന് ലത്തൂരിൽ ഉണ്ടായ ഭൂകമ്പത്തിൽ 20000 പേർ മരിച്ചു. ഉത്തരാഖണ്ഡ്, ചെന്നൈ, ഡൽഹി, ഹിമാലയം തുടങ്ങി പല സ്ഥലങ്ങളിൽ അതിന്റെ അലകൾ എത്തി. നാസ ഉൾപ്പെടെയുളള ഗവേഷണ കേന്ദ്രങ്ങൾ ഭൂകമ്പ സാദ്ധ്യതയെ പരിശോധിക്കുന്ന ഒരു ലിസ്റ്റ് തയ്യാറാക്കി. അത് പരിശോധിച്ചാൽ ലോകത്തെമ്പാടും ഭൂകമ്പസാദ്ധ്യത വർദ്ധിച്ചിരിക്കുന്നതായി കാണാം. നാം ഒരു കാലത്ത് കരുതിയത് നമ്മുടെ ഇന്ത്യ, അതിൽത്തന്നെയും കേരളം വളരെ സുരക്ഷിതമാണെന്നാണ്. എന്നാൽ, ഇന്ന് അങ്ങനെ കരുതാൻ സാദ്ധ്യമല്ല.

ലൂക്കൊ 21:11 -'വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും. ഭയങ്കര കാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും.'

മഹാവ്യാധികൾ പെരുകുകയാണ്. ഒരു കാലത്ത് ഭീകരമായ തരത്തിൽ മനുഷ്യനെ കാർന്നുതിന്നിരുന്ന പല വ്യാധികളെയും കീഴടക്കാൻ കഴിഞ്ഞെങ്കിലും ഇന്ന് ഭയാനകമായ തരത്തിൽ മറ്റുപല മഹാവ്യാധികളും പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. എയ്ഡ്‌സ് ഒരു കാലത്ത് മഹാവ്യാധിയായി കരുതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ നിപ്പ, എബോള, എച്ച്-വൺ എൻ-വൺ, ക്യാൻസർ, കോവിഡ് തുടങ്ങി പല രോഗങ്ങളും ലോകത്ത് പല രാജ്യങ്ങളിലും പടരുന്നു. ക്യാൻസർ രോഗികളുടെ എണ്ണം ഏറ്റവും അധികം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കേരളം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പണ്ട് കാലത്ത് ഇത് വളരെ അപൂർവ്വമായിരുന്നു. പല തരത്തിലുളള പനികൾ, വൃക്കരോഗങ്ങൾ തുടങ്ങി അനേക രോഗങ്ങളുടെ ക്രമാതീതമായ വർദ്ധന ഇക്കാലത്ത് നാം കാണുന്നു. ശാസ്ത്രരംഗത്ത് രോഗങ്ങളെ നിയന്ത്രിക്കാൻ നൂതനമായ ഒത്തിരി സങ്കേതങ്ങൾ ഉണ്ട്. പക്ഷെ, ഭയാനകമായ കാര്യം, മനുഷ്യൻ ഏതെങ്കിലും ഒരു രോഗത്തെ നിയന്ത്രണവിധേയം ആക്കുമ്പോൾ മറ്റൊന്ന് വർദ്ധിതശക്തിയോടെ പ്രത്യക്ഷപ്പെടുന്നു.

ലൂക്കൊ 21:25,26 -'സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും. ആകാശത്തിന്റെ ശക്തികൾ ഇളകിപ്പോകുന്നതിനാൽ ഭൂലോകത്തിനു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തും കൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.'

സൂര്യന്റെ ആയുസ്സ് മുമ്പ് കണക്കുകൂട്ടിയിരുന്നതിനേക്കാളും വളരെ വേഗത്തിൽ കുറയുന്നു എന്ന് വാനനിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. പ്രപഞ്ചം വല്ലാത്ത ഒരു പ്രതികൂലത്തെ നേരിടുവാൻ തക്കവണ്ണം സമൂലമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 2018 മാർച്ച് 14 ന് ഈ ലോകം വിട്ടുപോയ, വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ഇങ്ങനെ പറയാനിടയായി - ' ഈ ഭൂമി മനുഷ്യവാസത്തിന് സുരക്ഷിതമല്ല. മനുഷ്യരാശിയുടെ നിലനില്പിനായി മറ്റ് ഗോളങ്ങളിലേക്ക് നാം കുടിയേറേണ്ടി വരും'. മനുഷ്യന് ജീവിക്കാൻ കഴിയാത്തതരത്തിൽ വല്ലാത്ത ഒരു അവസ്ഥയിലേക്ക് ഭൂമി മാറിക്കൊണ്ടിരിക്കുന്നു. മറ്റ് ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്വാധീനംമൂലം ഭൂമിയുടെ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നു. അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്‌സൈഡ് വാതകം വർദ്ധിക്കുന്നതു മൂലം ചൂട് കൂടുന്നു.

ലൂക്കൊ 21:25 -'സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങൾ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികൾക്ക് നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും.' 2004 ഡിസംബർ 26-ാം തീയതി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസത്തിന് കേരളം സാക്ഷ്യം വഹിച്ചു. സുമാത്ര ദ്വീപിനടുത്തുണ്ടായ ഒരു ഭൂകമ്പത്തിൽ നിന്നുണ്ടായ സുനാമി, കേരള - തമിഴ്‌നാട് തീരങ്ങളിൽ വളരെ നാശം വിതച്ചു. സമുദ്രം മീറ്ററുകളോളം ഉയരത്തിൽ പൊങ്ങി കരയിലേക്ക് അടിച്ചുകയറി. അനേകർക്ക് വസ്തുവകകളും ജീവനും നഷ്ടപ്പെട്ട്, കൊടിയ ദുരിതത്തിലായി.  ഇന്തോനേഷ്യൻ തീരങ്ങളിൽ സുനാമികൾ നിരന്തരം  ഉണ്ടാകുന്നുണ്ട്. മനുഷ്യന്റെ ചിന്തകൾക്കപ്പുറമായി സമുദ്രത്തിന്റെയും ഭൂമിയുടെയും അവസ്ഥ മാറികൊണ്ടിരിക്കുന്നു. വിശുദ്ധ വേദപുസ്തകം പ്രവചിച്ചതുപോലെ തന്നെ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.

2018 ആഗസ്റ്റിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചു. 2018 ൽ ത്തന്നെ ഒമാനിൽ 3 വർഷം കൊണ്ട് പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് പെയ്തു. കുവൈറ്റിലും ഖത്തറിലും ഒക്കെ മഴ നിമിത്തം കൊടും പ്രളയം ഉണ്ടായി; റോഡുകളും, വാഹനങ്ങളും ഒക്കെ നശിച്ചു. ഇന്ത്യയിൽത്തന്നെ ചെന്നൈയിൽ പ്രളയം ഉണ്ടായി. 2017 നവംബർ 29 മുതൽ ഡിസംബർ 6 വരെ 'ഓഖി' ചുഴലിക്കാറ്റ് കേരളതീരത്ത് നാശം വിതച്ചു. 2018 നവംബർ 17ന് 'ഗജ' ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ ഉണ്ടായി. അമേരിക്കയിൽ ചുഴലിക്കാറ്റുകളുടേയും കൊടുങ്കാറ്റുകളുടേയും നിരന്തരമായ ശല്യം വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു. ഇതെല്ലാം മുൻകൂട്ടി വിശുദ്ധ വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.

പ്രകൃതി ദുരന്തങ്ങളും കൂടി വരുന്നു. മണാലിയിൽ 2012 ആഗസ്റ്റിൽ മേഘവിസ്‌ഫോടനം ഉണ്ടായി. ഉയർന്ന പല സ്ഥലങ്ങളും അപ്പാടെ ഒഴുകിപ്പോയി. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും മുമ്പെങ്ങുമില്ലാത്തതരത്തിൽ വർദ്ധിച്ചുവരുന്നു.

മത്തായി 24:7 ൽ നാം അത് വായിക്കുന്നു.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഏതൊരാൾക്കും വിശുദ്ധ വേദപുസ്തകം വിശ്വാസയോഗ്യമാണെന്നും അതിൽ പറയുന്ന കാര്യങ്ങളാണ് ഇന്ന് ഭൂമിയിൽ നിറവേറുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് വേദപുസ്തകത്തിന്റെ ആധികാരികതയിലേക്കും സന്ദേശങ്ങളിലേക്കും നമുക്ക് നമ്മുടെ ഹൃദയങ്ങളെ തിരിക്കാം.



Bible Study Video LInk



Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5