12 ബൈബിൾ വിശ്വാസയോഗ്യമോ ? - 3 ആത്മീയ അടിത്തറ Bible Study II Bro Sunil Kumar C.G
12
ബൈബിൾ വിശ്വാസയോഗ്യമോ ? - 3 ആത്മീയ അടിത്തറ
Bible Study II Bro Sunil Kumar C.G
മത്തായി 24: 23-26
ബൈബിൾ വിശ്വാസയോഗ്യമോ എന്നത് ആത്മീയപശ്ചാത്തലത്തിൽ നമുക്ക് പരിശോധിക്കാം.
മത്തായി 24:5 -'ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.'
മുൻപറഞ്ഞത് യേശുക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ തന്റെ ശിഷ്യന്മാരെ മുൻകൂട്ടി അറിയിച്ച ഒരു പ്രവചന ഭാഗമാണ്. യേശുക്രിസ്തു ആണെന്നുളള ഭാവത്തിൽ അനേക വ്യക്തികൾ അവിടുത്തെ വരവിനു ശേഷം ഈ ലോകത്തിൽ എഴുന്നേല്ക്കും എന്നതാണ് ഈ വാക്യത്തിന്റെ അർത്ഥം.
ലോകത്തിൽ അനേകം ആളുകൾ തങ്ങൾ യേശുക്രിസ്തു ആണെന്ന് അവകാശപ്പെട്ട് വന്നുകഴിഞ്ഞു. ഈ കാലഘട്ടത്തിൽത്തന്നെ ഫിലിപ്പീൻസിലെ അപ്പോളോ ഖുബളോയി, സൈബീരിയയിലെ സെർജി ടൊറോപ്പോവ്, ഇംഗ്ലണ്ടിലെ ഡേവിഡ് ഐക്ക്, ഓസ്‌ട്രേലിയയിലെ അലൻ ജോൺ മില്ലർ, നെയ്‌റോബിയിലെ മെയിട്രേയ തുടങ്ങി അനേകർ യേശുക്രിസ്തുവാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. അവർക്ക് അനേകം അനുയായികളും ഉണ്ട്.
വിശുദ്ധവേദപുസ്തകത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിലും ആത്മീയ വീക്ഷണത്തിലും മനസ്സിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പ്രശ്‌നം സംഭവിക്കുന്നത്.
മത്താ 24:23 -'അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.'
ഇന്ന് ലോകത്തിൽ ചൂഷണത്തിനായി ഉപയോഗിക്കുന്ന പ്രധാന മേഖലകളിൽ ഒന്ന് ആത്മീയതയാണ്. എന്നാൽ, യേശുക്രിസ്തു വ്യക്തമാക്കിയ ഒരു കാര്യം, മനുഷ്യരൂപമെടുത്ത് അവിടുന്ന് ഒരിക്കൽ ഈ ഭൂമിയിൽ വന്നു. മാനവകുലത്തിന്റെ രക്ഷയ്ക്കും, മോചനത്തിനും വീണ്ടെടുപ്പിനുമായി കാൽവറി ക്രൂശിൽ യാഗമായി, കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു, മൂന്നാം നാൾ മരണത്തെ തോൽപ്പിച്ച് ഉയർത്തെഴുന്നേറ്റ് അവിടുന്ന് സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയി. ഇനി യേശുക്രിസ്തു ഭൂമിയിലേക്ക് വരുന്നത് ഒരു സാധാരണ മനുഷ്യനായല്ല. ഇപ്പോൾ, യേശുക്രിസ്തുവാണ് താൻ എന്ന് അവകാശപ്പെടുന്നവർ എല്ലാവരും ഈ ഭൂമിയിൽ സാധാരണ മനുഷ്യരായി ജീവിക്കുകയാണ്. ഈ സത്യം അറിയാത്തതുകൊണ്ടാണ് അനേകർ തെറ്റിപ്പോകുന്നത്.
1 തെസ്സ 4:16,17 -'കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പ്പാൻ മേഘങ്ങളിൽ എടുക്കപ്പെടും, ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.'
എബ്രാ 9:28 -'ക്രിസ്തുവും..... തനിക്കായി കാത്തുനിൽക്കുന്നവരുടെ രക്ഷയ്ക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.'
യേശുക്രിസ്തുവിന്റെ രണ്ടാം വരവ് എങ്ങനെയാണ് എന്ന് ഈ വാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാം. 'ജീവനോടെ ശേഷിക്കുന്ന നാം' എന്ന് തെസ്സലോനിക്യ ലേഖനത്തിൽ കാണുന്നത് എല്ലാവരെയും കുറിച്ച് അല്ല. യേശുവിനെ രക്ഷകനും കർത്താവും പാപമോചകനുമായിട്ട് അംഗീകരിച്ച് അവിടുത്തെ ഉപദേശങ്ങളെ ഹൃദയത്തിൽ കൈകൊണ്ട് കർത്താവിന്റെ രണ്ടാമത്തെ വരവിനുവേണ്ടി നോക്കി കാത്തിരിക്കുന്ന വിശുദ്ധന്മാരെ ചേർക്കുവാനാണ് അവിടുന്ന് ഇനി ഭൂമിയിലേക്ക് വരുന്നത്. ഒരു ശിശുവായി ഈ ഭൂമിയിൽ ജനിച്ചല്ല ഇനി അവിടുത്തെ വരവ്; വാനമേഘങ്ങളിൽ ആണ്. എന്ന് നാം 1 തെസ്സലോനിക്യർ 4:16 ൽ കണ്ടു.
അപ്പൊ. പ്ര 1:11 -'ഗലീലാ പുരുഷന്മാരെ, നിങ്ങൾ ആകാശത്തിലേക്കു നോക്കി നിൽക്കുന്നതു എന്ത്? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നെ അവൻ വീണ്ടും വരും എന്നു പറഞ്ഞു.'
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിന് ശേഷം ആകാശത്തേക്ക് നോക്കി നിൽക്കുന്ന ശിഷ്യന്മാരോട് ദൈവദൂതൻ പറയുന്ന കാര്യമാണ് ഈ വാക്യത്തിൽ നാം കണ്ടത്. യേശുക്രിസ്തു സ്വർഗ്ഗത്തിലേക്ക് എങ്ങനെ കരേറിപ്പോയോ അതേപോലെ തന്നെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരും. ഈ സത്യം അറിയാത്തതിനാലാണ് അനേകർ ഇക്കാലത്ത് തെറ്റിപ്പോകുന്നത്.
മത്താ 24:24 -'കളളക്രിസ്തുക്കളും കളളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും കാണിക്കും.'
അത്ഭുതങ്ങളും അടയാളങ്ങളും അടിസ്ഥാനമാക്കിയാണ് നാം നീങ്ങുന്നതെങ്കിൽ നാം തെറ്റിപ്പോകാൻ സാധ്യതയുണ്ട്. ഈ കാലഘട്ടത്തിൽ അനേകർ കാര്യസാധ്യത്തിനും അത്ഭുതങ്ങൾക്കും അടയാളങ്ങൾക്കുമായി പലയിടത്തും ഓടിനടക്കുന്നു. എന്നാൽ, ദൈവവചനത്തിൽ പറഞ്ഞിരിക്കുന്നത് എന്തെന്ന് പരിശോധിക്കേണ്ടത് വളരെ ആവശ്യമാണ്.
പുറ 4:1 -'അതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും; യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.'
മിസ്രയീം ദേശത്ത് ഫറവോന്റെ അടിമത്തത്തിലായിരുന്ന യിസ്രായേൽ ജനത്തെ അവിടെനിന്ന് വിടുവിച്ച് കൊണ്ടുവരുവാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തിയാണ് മോശെ. ദൈവമാണ് മോശെയെ അയച്ചത് എന്ന് ഫറവോൻ തിരിച്ചറിയേണ്ടതിന് അവരുടെ മുമ്പിൽ അത്ഭുതങ്ങൾ ചെയ്യുവാൻ മോശെയെ ദൈവം ഒരുക്കുന്നു.
പുറ 7:8-11 വാക്യങ്ങളിൽ ഫറവോന്റെ മുമ്പാകെ വടി നിലത്തിട്ട് അത് സർപ്പമാക്കി മാറ്റി, മോശെ അത്ഭുതം കാണിക്കുമ്പോൾ; ഫറവോൻ തന്റെ മന്ത്രവാദികളെ വിളിച്ച് അവരെക്കൊണ്ടും ഇതേ അത്ഭുതം കാണിക്കുന്നു. അത്ഭുതങ്ങളും അടയാളങ്ങളും ദൈവത്താൽ മാത്രമല്ല സംഭവിക്കുന്നത്, മന്ത്രവാദികളാലും ഇതൊക്കെ നടക്കും എന്ന് നാം ഇവിടെ കാണുന്നു. എന്നാൽ, പാമ്പായി മാറിയ മോശെയുടെ വടി, മന്ത്രവാദികൾ വടികൾ നിലത്തിട്ട് ഉണ്ടാക്കിയ പാമ്പുകളെ വിഴുങ്ങിക്കളയുന്നു. ദൈവത്തിന്റെ സമ്പൂർണ്ണമായ അധികാരത്തിന് മുമ്പാകെ ഇതൊന്നും നിലനില്ക്കുന്നില്ല എന്ന് ദൈവം ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു.
അത്ഭുത്തിന്റെയും അടയാളങ്ങളുടെയും ഉറവിടം എന്താണെന്ന് തിരിച്ചറിയുവാൻ തക്കവണ്ണം നാം ബുദ്ധിയുളളവരാകണം. കളളപ്രവാചകന്മാരും കളളക്രിസ്തുക്കളും തങ്ങൾ ദൈവത്താൽ അയക്കപ്പെട്ടവരാണെന്ന് തെളിയിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗവും അത്ഭുതങ്ങളും അടയാളങ്ങളും ആണ്. ഇവിടെയാണ് നാം യേശുക്രിസ്തുവിന്റെ ഈ ലോകത്തിലേക്കുളള ഒന്നാമത്തെ വരവിന്റെ ലക്ഷ്യം കേവലം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുക എന്നതല്ല, തന്റെ പരമയോഗത്താൽ സകല മാനവകുലത്തിന്റെയും രക്ഷ സാധ്യമാക്കുക എന്നതാണ് എന്ന് മനസ്സിലാക്കേണ്ടത്.
മത്താ 7:15-20 -'കളളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷംപൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു..... ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.'
അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നവരുടെ പിന്നാലെ നാം പോയാൽ, ദൈവം ഉദ്ദേശിക്കുന്ന അളവിലോ ആത്മീയ പക്വതയിലോ നാം എത്തിപ്പെടണമെന്നില്ല. ദൈവത്താൽ അയക്കപ്പെടുന്നവരിൽ ദ്രവ്യാഗ്രഹമോ, സ്വാർത്ഥതയോ, സ്വയം പ്രശംസയോ തന്നെത്താൻ ഉയർത്തുന്ന അവസ്ഥയോ, വ്യക്തികേന്ദ്രീകൃത താൽപര്യങ്ങളോ ഇല്ലാത്ത; ദൈവത്തിന് മാത്രം മഹത്വം കൊടുക്കുന്ന വിശുദ്ധിയും നിർമ്മലതയുമുളള പ്രവർത്തികൾ കാണാൻ സാധിക്കും. കളള ക്രിസ്തുക്കളും കളള പ്രവാചകന്മാരും ചെയ്യുന്ന അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും ലക്ഷ്യം സമ്പത്തുണ്ടാക്കുക, തന്നെത്താൻ ഉയർത്തുക, പേരും പ്രശസ്തിയും സമ്പാദിക്കുക എന്നിവ ആയിരിക്കും. എന്നാൽ യേശുക്രിസ്തുവിനാൽ അയക്കപ്പെടുന്ന ഭക്തന്മാരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും നടക്കുമ്പോൾ അവരിലൂടെ ഉയർത്തപ്പെടുന്നത് യേശുക്രിസ്തുവും ദൈവരാജ്യത്തിന്റെ മഹത്വവും ആണ്.
മർക്കൊ 16:20 -'അവർ പുറപ്പെട്ടു എല്ലായിടത്തും പ്രസംഗിച്ചു; കർത്താവ് അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.'
ഈ വേദഭാഗത്ത് യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ പ്രവർത്തനത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ശിഷ്യന്മാർ സുവിശേഷം അറിയിക്കുന്നു; ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുത്ഥാനത്തിന് അവർ സാക്ഷ്യം നില്ക്കുന്നു. അവർ വചനം പ്രസംഗിക്കുമ്പോൾ കർത്താവ് അവരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുന്നു. അങ്ങനെ ദൈവവചനം ഉറപ്പിക്കപ്പെടുന്നു.
ഇക്കാലത്ത് സാമൂഹികമായും സാംസ്‌കാരികമായും നാം വളരെ ഉന്നമനം പ്രാപിച്ചു എന്ന് അഭിമാനിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ നമ്മുടെ കേരളം 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി. എന്നാൽ ഇന്ന് നമുക്ക് കാണാൻ കഴിയുന്നത്, സമൂഹത്തിന്റെ പലതലങ്ങളിലും വർദ്ധിച്ചുവരുന്ന അധാർമ്മികത ആണ്. ബസ്സിലും, ട്രെയിനിലും നടുറോഡിലും എന്തിന് സ്വന്തം വീട്ടിൽ പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല എന്ന അവസ്ഥ വന്നിരിക്കുന്നു; പല മേഖലകളിലും അവർ ചൂഷണം ചെയ്യപ്പെടുന്നു. മോഷണം, കൊളള, കൊലപാതകം, കൈക്കൂലി, വിവാഹമോചനം, പീഢനം, തട്ടിക്കൊണ്ടുപോകൽ, അവയവ തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഭീകര പ്രവർത്തനങ്ങൾ, മൊബൈൽ ഫോണിന്റെ തെറ്റായ ഉപയോഗം എന്നിവ സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
മത്താ 24:37 -'നോഹയുടെ കാലം പോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും.'
ഉല്പ 6:11-12 -'എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമം കൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി; അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.'
ഈ കാലഘട്ടത്തിലും ഇതാണ് നടക്കുന്നത്. വിദ്യാഭ്യാസവും സുഖസൗകര്യങ്ങളും, ആർഭാടവും കൂടിയെങ്കിലും സമൂഹത്തിലേക്കും വ്യക്തികളിലേക്കും നോക്കുമ്പോൾ അത്തരത്തിലുളള ഒരു ഉന്നമനം കാണാൻ കഴിയുന്നില്ല. ധാർമ്മികമായ അധ:പതനം എല്ലാ നിലകളിലും കാണാൻ കഴിയുന്നുണ്ട്. ബാങ്ക് കൊളളകളും, എടിഎം തട്ടിപ്പും, ഇന്റർനെറ്റ് വഴിയുളള പൈസ തട്ടിപ്പും വർദ്ധിക്കുന്നു. തലമുറകൾ ധാർമ്മികമായി അധ:പതിച്ചുകൊണ്ടിരിക്കുന്നു. പല വീടുകളിലും മക്കൾക്ക് അമ്മായപ്പന്മാരെ അനുസരിക്കാൻ മനസ്സില്ലാതായിരിക്കുന്നു. കാര്യങ്ങൾ തീരുമാനിക്കുന്നത് അമ്മായപ്പന്മാരല്ല, മക്കളാണ്. മാതാപിതാക്കളെ ബഹുമാനിക്കാനോ അനുസരിക്കാനോ അവർ ഒരുക്കമല്ല.
മത്താ 24:38,39 -'ജലപ്രളയത്തിനു മുമ്പുളള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും, കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കികളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.'
മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, ആരോഗ്യത്തിന് ഹാനികരമായ മറ്റ് വസ്തുക്കളുടെ അമിതമായ ഉപയോഗം, ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം, മനസ്സിന് കേവലം ഉല്ലാസം നൽകുന്ന കാര്യങ്ങൾക്കായുളള മനുഷ്യന്റെ നെട്ടോട്ടം, എല്ലാം ഇക്കാലത്ത് വർദ്ധിച്ചുവരുന്നു. സ്വന്തസുഖത്തിന് വേണ്ടി ഏതറ്റംവരെയും പോകാൻ മടിക്കാത്ത തരത്തിൽ മനുഷ്യൻ ആയിത്തീർന്നു. ഇന്ന് വിവാഹത്തോട് അനുബന്ധിച്ചുളള കാര്യങ്ങൾക്ക് ജനം എത്ര അമിത പ്രാധാന്യമാണ് കൊടുക്കുന്നത്. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ആഭരണത്തിന്റെയും ആർഭാടത്തിന്റെയും കാര്യത്തിൽ എത്രയോ പണം മനുഷ്യർ അനാവശ്യമായി ധൂർത്തടിക്കുന്നു. ലോകത്തിന്റെ ഒരു ഭാഗത്ത് മനുഷ്യർ ആഹാരത്തിനായി വലയുമ്പോൾ വേറൊരു ഭാഗത്ത് എത്ര ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്.
ലൂക്കോ 17:28 -'ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവർ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.'
ഇന്ന് വില്പന എന്നുളളത് മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുന്നു. ആമസോൺ, ഫ്‌ളിപ്പ്കാർട്ട്, തുടങ്ങിയ ഓൺലൈൻ വില്പന, മനുഷ്യന്റെ ഇഷ്ടപ്രകാരമുളള കാര്യങ്ങൾ വാങ്ങാനുളള ലോണുകൾ, എന്നിവയെല്ലാം ഇന്ന് സാധാരണമാണ്. വർഷങ്ങൾക്ക്മുമ്പ് ഒരാൾ ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ അതിനുളള കാര്യങ്ങൾ തന്നെത്താൻ കണ്ടെത്തി ചെയ്യണം.
എന്നാൽ ഇന്നു ഏതുകാര്യത്തിനും പലതരം ലോണുകൾ ലഭ്യമാണ്. എന്നാൽ ഇതിലൂടെ തങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്നുളള വസ്തുത അനേകർ മനസ്സിലാക്കുന്നില്ല. അനേകർ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ വഴിയാധാരമായി പോകുന്നു. കാർഷികരംഗത്തും മനുഷ്യർ മാരകമായ വിഷങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു. പക്ഷേ, ഇസ്രയേൽ ഉൾപ്പെടെയുളള അനേകരാജ്യങ്ങൾ ശാസ്ത്രീയമായ രീതിയിൽ കാർഷികമേഖലയിൽ മുന്നേറുന്നുണ്ട്.
കേരളത്തിൽ പലരും വീടുപണിയുന്നത് ആവശ്യത്തിനുവേണ്ടിയല്ല, സമ്പത്തും പേരും പെരുമയും പ്രശസ്തിയും കാണിക്കാൻ വേണ്ടിയാണ്. ഒരായുസ്സ് മുഴുവൻ ജോലിചെയ്ത് കിട്ടുന്ന പണം മുഴുവൻ ഒരു വീടുപണിയാൻ ഉപയോഗിക്കുന്നു. പിന്നീട് അവർ ജോലിചെയ്യുന്നതും ഈ കടം വീട്ടാൻ വേണ്ടിയാണ്.
മത്തായി സുവിശേഷത്തിലും ലൂക്കോസിന്റെ സുവിശേഷത്തിലും കർത്താവിന്റെ വരവിനോടുളള ബന്ധത്തിൽ പറഞ്ഞിരിക്കുന്ന അടയാളങ്ങൾ, ഈ കാലഘട്ടത്തിൽ നിവർത്തീകരിക്കപ്പെടുന്നതായി നാം ഇന്നത്തെ സമൂഹത്തിൽ നോക്കിയാൽ വ്യക്തമായി മനസ്സിലാക്കാം. ഇതെല്ലാം വിശുദ്ധ വേദപുസ്തകത്തിന്റെ ആധികാരികതയെ വെളിപ്പെടുത്തുന്നു.
Bible Study Video Link
Comments
Post a Comment