13 മനുഷ്യജീവിതവും ബൈബിളും Bible Study II Bro Sunil Kumar C.G

 


  13  

മനുഷ്യജീവിതവും ബൈബിളും


Bible Study II Bro Sunil Kumar C.G           



                                   അപ്പൊ: പ്രവൃത്തികൾ 17:24-27



      വിശുദ്ധ വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ മനുഷ്യജീവിതം 6 ഘട്ടങ്ങളിലൂടെയാണ് കടന്ന്‌പോകുന്നത്.

  1. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഘട്ടം.

  2. ജനനശേഷം ഈ ഭൂമിയിലെ ജീവിതം.

  3. മരണം.

  4. മരണശേഷം ന്യായവിധിക്ക് മുമ്പ്.

  5. ന്യായ വിധി.

  6. ന്യായവിധിക്ക് ശേഷം.

സൃഷ്ടാവായ ദൈവത്തിന് നമ്മുടെ ജീവിതത്തിലുള്ള പദ്ധതികൾക്കായി, നാം സ്വയം സമർപ്പിച്ച് ജീവിക്കണം എന്നതാണ് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ഇഷ്ടം.

 1. അമ്മയുടെ ഉദരത്തിലായിരിക്കുന്ന ഘട്ടം.

അമ്മയുടെ ഉദരത്തിലായിരിക്കുന്ന അവസ്ഥ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടായിരുന്നെങ്കിലും, ആർക്കും ആ കാലഘട്ടത്തിലെ ഒന്നിനെക്കുറിച്ചും ഓർമ്മയില്ല. എങ്കിലും, ആ അവസ്ഥയിലൂടെ കടന്നു പോയശേഷമേ നാം ഈ ഭൂമിയിലേക്ക് എത്തിച്ചേരുന്നുള്ളു. അതുപോലെ തന്നെ, ഈ ഭൂമിയിലെ ജീവിതത്തിന് ശേഷം നാം എപ്പോൾ, എവിടെ, എങ്ങനെ ആയിരിക്കും എന്നുളളത്;  ഒരു മനുഷ്യന്റെ സാമാന്യ ബുദ്ധിയിലോ, അറിവിലോ ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല. എന്നാൽ അതിനെക്കുറിച്ച് വളരെ വ്യക്തമായി വിശുദ്ധ വേദപുസ്തകം അറിവു തരുന്നുണ്ട്.

സങ്കീ 139:13,14 -'നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉളളം നല്ലവണ്ണം അറിയുന്നു.'

കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത രണ്ട് കണങ്ങളെ സംയോജിപ്പിച്ച് അതിൽ നിന്ന് ഹൃദയം, തലച്ചോറ്, കണ്ണുകൾ തുടങ്ങി സകല അവയവങ്ങളേയും, അതിലേക്കുളള രക്തക്കുഴലുകളേയും മെനഞ്ഞുണ്ടാക്കി; ഓരോ അവയവത്തിനും അതിന്റെതായ വൃത്യസ്ഥമായ പ്രവർത്തന രീതികൾ. ഇതെല്ലാം എത്ര അത്ഭുതകരമാണ്.

സങ്കീ 139:16 -'ഞാൻ പീണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.'

നമ്മെ കാണുന്ന, സൃഷ്ടിച്ച, മെനഞ്ഞെടുത്ത ഒരു ദൈവം ഉണ്ടെന്ന് നാം മനസ്സിലാക്കണം. അമ്മയുടെ ഉദരത്തിലിരിക്കുന്ന ഒരു കുഞ്ഞിനോട്, അവൻ ജനിച്ചുവീഴാൻ പോകുന്ന ഈ ഭൂമിയെക്കുറിച്ച് പറഞ്ഞാൽ ഉൾക്കൊളളാൻ കഴിയാത്തതു പോലെ തന്നെയാണ്; ഈ ഭൂമിയിൽ ജീവിക്കുന്ന ഒരു വ്യക്തിയോട് ഈ ലോകത്തിലെ ജീവിതത്തിന് ശേഷമുളള കാര്യങ്ങൾ പറഞ്ഞാൽ അവന്റെ സാമാന്യ ബുദ്ധിയിലും അറിവിലും അത് ഉൾക്കൊള്ളാൻ കഴിയാത്തത്.

ഈ ഭൂമിയിൽ ജനിച്ച ഓരോ വ്യക്തികളെക്കുറിച്ചും ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. ഒന്നുമില്ലാതിരുന്ന നാളിൽത്തന്നെ അവനെക്കുറിച്ചുളള ദൈവത്തിന്റെ ഇഷ്ടം അവിടുത്തെ പുസ്തകത്തിൽ എഴുതിയിരുന്നു. നാം ഒരു സാധനം വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യുമ്പോൾ അതിന്റെ ഉപയോഗത്തെക്കുറിച്ച്, അത് എന്തിന് വേണ്ടിയുളളതാണെന്ന് നമുക്ക് നിശ്ചയം ഉളളതുപോലെ നമുക്ക് ജീവൻ തന്ന് ഈ ഭൂമിയിലേക്ക് അയച്ച സൃഷ്ടാവായ ദൈവത്തിന് നമ്മെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതി ഉണ്ട് .

  2. ജനനശേഷം ഈ ഭൂമിയിലെ ജീവിതം.

1 കൊരി 4:7 -'..... ലഭിച്ചതല്ലാതെ നിനക്ക് എന്തുളളൂ .....' വേറൊരു സന്ദർഭത്തിലാണ് പൗലോസ് ഈ വാക്യം എഴുതുന്നതെങ്കിലും മനുഷ്യജീവിതത്തിൽ ഏതൊരു വ്യക്തിയും ഓർക്കേണ്ട ഒരു സന്ദേശവും ആശയവുമാണ് ഇത്. ഈ ഭൂമിയിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ദൈവം തന്നതല്ലാതെ നമുക്ക് ഒന്നുമില്ല. നാം ജനിച്ച ജീവിത സാഹചര്യത്തിലേക്ക് ദൈവം നമ്മെ അയച്ചു. അത് ദൈവത്തിന് നമ്മെക്കുറിച്ചുളള സമ്പൂർണ്ണ ഇഷ്ടം നിവർത്തിക്കുന്നതിനായിട്ടാണ്.

അപ്പൊ: പ്ര 17:24,25 -'ലോകവും അതിലുളളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുളളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.'

ദൈവം എന്തിനുവേണ്ടിയാണ് ഈ ഭൂമിയിൽ ജീവിക്കാൻ നമുക്ക് അവസരം നൽകിയത് എന്ന തിരിച്ചറിവാണ് ഓരോ വ്യക്തികളുടെയും ജീവിതം അർത്ഥപൂർണ്ണവും ഫലവത്തും ആകുന്നത്.

അപ്പൊ: പ്ര 17: 26,27 -'ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിനു അതിരുകളും കാലങ്ങളും നിശ്ചയിച്ചു. അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നെ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.'

ആദം എന്ന ഒറ്റ വ്യക്തിയിൽ നിന്നാണ് ഈ ഭൂമിയിലെ സകല മനുഷ്യരെയും ദൈവം ഉളവാക്കിയത്. ദൈവത്തെ അന്വേഷിച്ച് കണ്ടെത്താനുളള മുഖാന്തരങ്ങൾ ദൈവം ഓരോ ദിവസവും ഓരോ നിമിഷവും നമുക്ക് നൽകുന്നുണ്ട്. അനേകർ ചോദിക്കാറുണ്ട് ഈ ദൈവം എവിടെയാണ്, ദൈവം ഉണ്ടോ, ദൈവത്തെ ആരെങ്കിലും കണ്ടിട്ടുണ്ടോ. എന്നാൽ വിശുദ്ധ വേദപുസ്തകം പറയുന്നു ദൈവം നമ്മിലാർക്കും അകന്നിരിക്കുന്നവനല്ല. ദൈവം നമ്മോട് അടുത്തിരിക്കുന്നു.

റോമ 1:20 -'ദൈവത്തിന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവർത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു .....'

ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നത് യുക്തിരാഹിത്യമോ ബുദ്ധിഹീനതയോ അല്ല. ഈ പ്രപഞ്ചത്തിലേക്കും നമ്മിലേക്കും നോക്കുമ്പോൾ ദൈവത്തിന്റെ അദൃശ്യ ലക്ഷണങ്ങൾ നമുക്ക് കാണാൻ കഴിയും. ദൈവം ഇല്ലെന്ന് പറയുന്നവർക്ക് പ്രതിവാദം ഇല്ലാതിരിക്കേണ്ടതിന് അവിടുത്തെ ലക്ഷണങ്ങൾ പ്രവർത്തികളാൽ വെളിപ്പെട്ടുവരുന്നു. 

എന്താണ് ദൈവത്തിന്റെ പ്രവൃത്തി? 

അപ്പൊ: പ്ര 14:17 -'എങ്കിലും അവൻ നന്മ ചെയ്യുകയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുളള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നൽകി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം           തരാതിരുന്നിട്ടില്ല.'

ഭൂമിയിൽ ദൈവത്തിന്റെ നിസ്തുല്യമായ അസ്തിത്വത്തെ വെളിപ്പെടുത്തുന്നതാണ്, ദൈവത്തിന്റെ എല്ലാ ദാനങ്ങളും നന്മകളും.

റോമ 2:6-8 -'ദൈവം ഓരോരുത്തനു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കും നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും.'

റോമ 2:11 -'ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.'

ഈ ഭൂമിയിൽ ദൈവം നമുക്ക് ഒരു ജീവിതം തന്നത്, നല്ല പ്രവൃത്തിക്കു വേണ്ട സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിച്ച് നിത്യജീവൻ പ്രാപിക്കാനാണ്. മറിച്ച് ശാഠ്യത്തോടെ സത്യം അനുസരിക്കാതെ അനീതിയിലേക്ക് നാം നമ്മുടെ ജീവിതത്തെ നയിച്ചാൽ നമുക്ക് ലഭിക്കുന്നത് കോപവും ക്രോധവും ആണ്.

3. മരണം.

സങ്കീ 90:3 'നീ മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാകുന്നു; മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ എന്നും അരുളിചെയ്യുന്നു.'

സങ്കീ 90:10 -'ഞങ്ങളുടെ ആയുഷ്‌ക്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.'

ഈ ഭൂമിയിലെ ജീവിതം പൂർത്തിയാക്കി ദൈവം നമ്മെ തിരികെവിളിക്കുമ്പോൾ, നാം ഈ ശരീരം വിട്ട് പോകുന്ന അവസ്ഥയാണ് മരണം. വിശുദ്ധവേദപുസ്തകം പറയുന്നു നമുക്ക് നൽകപ്പെട്ട ഈ ശരീരം ഒരു കൂടാരമാണ്. അമ്മയുടെ ഉദരത്തിൽ വച്ച് ഒരു കൂടാരം ഉളവാക്കി നമ്മെ അതിൽ ആക്കുന്നു. ഈ ഭൂമിയിൽ നാം വസിക്കുന്നത് ആ കൂടാരത്തിലാണ്. എന്നാൽ മരണത്തോടെ നാം ആ കൂടാരം വിട്ട് ദൈവസന്നിധിയിൽ ചെല്ലുന്നു. ദൈവം നമ്മെ ആക്കുന്ന സ്ഥലത്തേക്ക് നാം പോകുന്നു.

4. മരണശേഷം ന്യായവിധിക്ക് മുമ്പ്.

ലൂക്കൊ 16:19-31. ഈ വേദഭാഗത്ത് ലാസർ, ധനവാൻ എന്നീ രണ്ടുപേരുടെ അനുഭവം യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട്  വിവരിക്കുന്നത് കാണാൻ കഴിയും.        

ലൂക്കൊ 16:22 -'ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.'

ലൂക്കൊ 16:23 -'ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ .....'

ലാസർ എന്ന മനുഷ്യൻ വ്രണം പിടിച്ച് ധനവാന്റെ പടിവാതിക്കൽ കിടക്കുകയാണ്. ധനവാന്റെ മേശയിൽ നിന്ന് വീഴുന്ന ഭക്ഷണം എങ്കിലും തിന്ന് വിശപ്പടക്കാമല്ലോ എന്നതാണ് അവന്റെ ആഗ്രഹം. ഒരുവൻ കഷ്ടത അനുഭവിച്ച് വ്രണങ്ങൾ നിറഞ്ഞവനായി, യാതൊരാളാലും ശുശ്രൂഷിക്കപ്പെടുവാൻ ഇല്ലാതെ അവഗണിക്കപ്പെട്ട് വേദന നിറഞ്ഞവനായി പടിവാതിൽക്കൽ കിടക്കുന്നു. ധനവാൻ തന്റെ സമൃദ്ധിയിലും സമ്പന്നതയിലും സന്തോഷിച്ച് അവന്റെ ഭവനത്തിൽ കഴിയുന്നു. മരണശേഷം ലാസർ അബ്രഹാമിന്റെ മടിയിലേക്കും ധനവാൻ പാതാളത്തിൽ യാതനാസ്ഥലത്തേക്കും പോയി.

ഭൂമിയിൽ ആയിരുന്നപ്പോൾ നാം എങ്ങനെ ദൈവഹിതത്തിൽ ആയിരുന്നു എന്നുളളതാണ്, മരണശേഷം നാം എങ്ങനെ ആയിരിക്കും എന്നത് നിർണ്ണയിക്കുന്നത്. ഇതാണ് ഈ വേദഭാഗത്ത് നാം കാണുന്നത്.

മത്താ 16:26 -'ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?'

ജീവനെ നഷ്ടമാക്കാതെ അതിനെ നേടുക എന്നുളളതാണ് ഒരുവനെ സംബന്ധിച്ച് ഈ ഭൂമിയിൽ ഏറ്റവും പ്രധാനകാര്യം. അതാണ് ദൈവത്തിന്റെ ന്യായവിധി ദിവസത്തിൽ നിൽക്കാൻ അവനെ ഒരുക്കുന്നത്.

5. ന്യായ വിധി.

എബ്ര 9:27 -'ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ .....'

2 കൊരി 5:10 -'അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടേതാകുന്നു.'

ഭൂമിയിൽ ആയിരിക്കുമ്പോൾ നാം എങ്ങനെ ആയിരിക്കുന്നു എന്നുളളതാണ് ദൈവത്തിന്റെ ന്യായവിധി ദിവസത്തെ നേരിടുവാൻ നമ്മെ പ്രാപ്തരാക്കുന്നത്.

വെളി 20:11-13 -'ഞാൻ വലിയോരു വെളളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽ നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽ നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവർത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുളള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവർത്തികൾക്കടുത്ത വിധി ഉണ്ടായി.'

ഓരോരുത്തരും അവരവരുടെ പ്രവർത്തികൾക്ക് തക്ക പ്രതിഫലം കൈക്കൊള്ളാൻ,  ദൈവസന്നിധിയിൽ നിൽക്കേണ്ട ഒരു ന്യായവിധി ദിവസമുണ്ട്. അവിടെ നിൽക്കാൻ യോഗ്യരാകേണ്ടതിനാണ് ഭൂമിയിൽ ജന്മം ലഭിച്ച ഏത് മനുഷ്യനും ഉത്സാഹിക്കേണ്ടത്. പലരും പറയാറുണ്ട് നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടു വന്നിട്ടില്ല, ഇവിടെ നിന്ന് നാം ഒന്നും കൊണ്ടുപോകുന്നതുമില്ല എന്ന്. എന്നാൽ, ജീവിതത്തിന്റെ കാതലായ വിഷയങ്ങളിലേക്ക് കടക്കുമ്പോൾ മനുഷ്യർ സ്വാർത്ഥനായി, സ്‌നേഹം നഷ്ടപ്പെട്ട് തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തുനിയുന്നു. വിശുദ്ധ വേദപുസ്തകം പറയുന്നത് ഒരു ന്യായവിധി നാളുണ്ടെന്നും അന്ന് ദൈവത്തിന്റെ മുൻപിൽ എല്ലാവരും നിൽക്കേണ്ടിവരും എന്നും ഓർത്ത് ഈ ആയുസ്സിൽ നാം ആയിരിക്കണം.

6. ന്യായവിധിക്ക് ശേഷം.

വെളി 21:8 -'എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കുലപാതകന്മാർ, ദുർനടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും, ഭോഷ്‌ക് പറയുന്ന ഏവർക്കും ഉളള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.'

ഈ ലോകത്തിൽ ദൈവത്തിന്റെ ഇഷ്ടം അറിയാതെ സ്വന്തവഴികളിൽ നടന്നവർക്കും ദൈവേഷ്ടം ചെയ്യാതെ സ്വന്തഇഷ്ടം ചെയ്തവർക്കും ദൈവം അനുവദിക്കുന്നതാണ് തീയും ഗന്ധകവും കത്തുന്ന പൊയ്ക. അതാണ് രണ്ടാമത്തെ മരണം.

വെളി 20:6 -'ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുളളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന് അധികാരമില്ല .....'

ദൈവത്തിന്റെ ഇഷ്ടം അറിഞ്ഞ്, യേശുവിനെ രക്ഷകനും കർത്താവും വീണ്ടെടുപ്പുകാരനുമായി സ്വീകരിച്ച് വിശുദ്ധജീവിതം നയിച്ച് അവിടുത്തെ രണ്ടാമത്തെ വരവിനായി കാത്തിരുന്ന്, തന്റെ ഭക്തന്മാരെ ചേർക്കുവാൻ വീണ്ടും വരുന്ന ക്രിസ്തുവിനോടുകൂടെ പുനരുത്ഥാനത്തിൽ പങ്കുളളവനായിത്തീരുന്നവനാണ് ഭാഗ്യവാനും വിശുദ്ധനും.

വെളി 22:1-6 വാക്യങ്ങളിൽ നാം കാണുന്നത് ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുളളവരായിത്തീർന്ന വിശുദ്ധന്മാർ, ദൈവം സൃഷ്ടിക്കുന്ന പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും രാജാധിരാജാവായ യേശുക്രിസ്തുവിനോടൊപ്പം രാജാക്കന്മാരായി വാഴുന്നതാണ്.

അതിനാൽ, ദൈവം ഈ ഭൂമിയിൽ തന്നിരിക്കുന്ന ആയുസ്സ് സൃഷ്ടാവായ ദൈവത്തെ അറിഞ്ഞ്, അവിടുത്തെ വഴികളിൽ  ജീവിച്ച് ദൈവത്തോടൊപ്പമുളള നിത്യമായ വാസത്തിനായി നമുക്കൊരുങ്ങാം, സമർപ്പിക്കാം.

Bible Study Video Link





Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5