14 മനുഷ്യന്റെ അവസ്ഥ


                           14  മനുഷ്യന്റെ അവസ്ഥ


                                        റോമർ 7:15-23


  

ഉല്പത്തി 1 മുതൽ 3 വരെ അദ്ധ്യായങ്ങളിൽ മനുഷ്യനെ സൃഷ്ടിച്ചത് എങ്ങനെയെന്ന് നാം കാണുന്നുണ്ട്. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ പിശാചിന്റെ തന്ത്രത്തിൽ കുടുങ്ങി ദൈവത്തിൽ നിന്ന് അകന്നുപോയത് എങ്ങനെയെന്നും നാം ഇവിടെ വായിക്കുന്നു. ദൈവത്തിന്റെ  സ്‌നേഹത്തെയും കരുതലിനെയും അവഗണിച്ച് ദൈവം ചെയ്യരുത് എന്ന് കല്പിച്ച കാര്യം ചെയ്ത്, അനുസരണക്കേട് കാണിച്ച മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്ന് പുറത്തായി.

             റോമ 5:19 -'ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ..... ' 

               റോമ 5:12 -'അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.' 

പാപം എന്നത് നമ്മുടെ പ്രവൃത്തി നിമിത്തം നാം എത്തിപ്പെടുന്ന അവസ്ഥയല്ല. ദൈവത്തിന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞ് അവിടുത്തെ സാന്നിധ്യത്തിൽ വസിക്കാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, ദൈവത്തിന്റെ ഇഷ്ടം ചെയ്യാതെ പിശാചിനെ അനുസരിച്ച് ,തന്റെ സമ്പൂർണ്ണ അധികാരം പിശാചിന് അടിയറവ് വെച്ച് ,അവന്റെ നിയന്ത്രണത്തിലേക്ക് മാറി. അങ്ങനെ, ആദ്യത്തെ മനുഷ്യനായ ആദാമിന്റെ സന്തതികളായ സകല മനുഷ്യജാതിയും പാപത്തിന്റെ അടിമത്വത്തിലായി.

റോമ 3:23 -'ഒരു വൃത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു.' 

ദൈവതേജസ്സ് നഷ്ടപ്പെട്ട മനുഷ്യന്റെ ദേഹത്തിന്റെയും ദേഹിയുടെയും ആത്മാവിന്റെയും അവസ്ഥകൾക്ക് മാറ്റം വന്നു. 

ഉല്പ 3:7 -'ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്ന് അറിഞ്ഞു.' 

ദൈവത്തെ കാണാനും ഗ്രഹിക്കാനും, ദൈവത്തിലേക്ക് മാത്രം കേന്ദ്രീകരിച്ചിരുന്ന അവന്റെ ദൃഷ്ടി അവിടെ നിന്ന് മാറി, ലോകത്തിലേക്കായി അവന്റെ ഏകാഗ്രത നഷ്ടപ്പെട്ടു, അവന്റെ ശ്രദ്ധ മാറി. മനുഷ്യനിൽ നടന്നത് ആത്മിക മരണമാണ്. മരണം ഒരു വേർപാടാണ്. ഒരു വ്യക്തി മരിച്ചു എന്ന് പറയുമ്പോൾ ആ വ്യക്തിയുടെ ശരീരം അവിടെയുണ്ടെങ്കിലും ജീവൻ ആ ശരീരം വിട്ടുപോയി; ചുറ്റുമുള്ളവരോട് സംഭാഷിക്കാനോ ഇടപ്പെടാനോ കഴിയാത്ത അവസ്ഥയിൽ ആയിത്തീരുന്നു. അതുപോലെ ആത്മികമരണം സംഭവിച്ച മനുഷ്യൻ ആത്മാവായ ദൈവത്തോട് ഇടപെടാനോ സംഭാഷിക്കാനോ കഴിയാത്ത അവസ്ഥയിൽ ആയിത്തീർന്നു.

        1 കൊരി 2:14 -'എന്നാൽ പ്രാകൃതമനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല ; അതു അവന് ഭോഷത്വം ആകുന്നു.' 

ദൈവാത്മാവിനെ കേൾക്കാനോ ഉപദേശം കൈക്കൊള്ളാനോ കഴിയാത്ത മനുഷ്യന്റെ  അവസ്ഥയെ പ്രാകൃതം എന്നാണ് വിശുദ്ധ വേദപുസ്തകം പറയുന്നത്.

എബ്രാ 10:22 -'നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലുക.' 

               1 തിമൊ 1:18 -'..... നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചു നല്ല യുദ്ധസേവ ചെയ്ക.' 

മനുഷ്യനിലുള്ള മനുഷ്യാത്മാവ് നിയന്ത്രിക്കപ്പെടേണ്ടതും പൂരിതമാകേണ്ടതും ദൈവാത്മാവിനാലാണ്. അങ്ങനെയായിരുന്നു മനുഷ്യന്റെ സൃഷ്ടിയിൽ ഉണ്ടായിരുന്നത്. ദൈവത്തിന്റെ ആത്മാവ് അവനിൽനിന്ന് നഷ്ടപ്പെട്ടപ്പോൾ മനുഷ്യാത്മാവ് സജീവമല്ലാതെ വന്നു. തന്നിമിത്തം മനസ്സാക്ഷിയുടെ ഉപദേശത്തെ അനുസരിക്കാൻ ശരീരത്തിന് കഴിയാതെ വന്നു. അങ്ങനെ മനുഷ്യമനസ്സ് ലോകത്താൽ നിയന്ത്രിക്കപ്പെടാൻ തുടങ്ങി. അങ്ങനെ മനുഷ്യൻ സ്വന്തമായ ഇഷ്ടം, സ്വന്തവഴികൾ തുടങ്ങിയവയിലൂടെ നടക്കുവാൻ തക്കവണ്ണം അവന്റെ മനസ്സാക്ഷി ദുർബ്ബലമായിത്തീർന്നു. ദൈവത്തിന്റെ ഇഷ്ടം ആരായാതെയും അറിഞ്ഞിട്ടും അത് ചെയ്യുവാൻ കഴിയാതെയും മനുഷ്യൻ താൽക്കാലിക സുഖത്തിനും, സന്തോഷത്തിനും, ഇഷ്ടങ്ങൾക്കും വേണ്ടി ഏതറ്റം വരെയും പോകുവാൻ തക്കവണ്ണം പിശാചിനാൽ ഭരിക്കപ്പെടാൻ തുടങ്ങി. ആദാമിന്റെ സന്തതിയായി ജനിച്ച ഏതൊരു മനുഷ്യന്റെയും അവസ്ഥ ഇതാണ്. ആത്മാവ് സജീവമല്ലാത്ത, ദൈവാത്മാവ് നഷ്ടപ്പെട്ട ഈ അവസ്ഥയാണ് ജഡത്തിന്റെ പ്രവൃത്തികളായിട്ട് വിശുദ്ധവേദപുസ്തകം വിവരിക്കുന്നത്. ആത്മീയമായ മരണം സംഭവിച്ചപ്പോൾ ആത്മീയ തലത്തിൽ അവൻ ജഢമായിത്തീർന്നു.

ഗലാ 5:19-21 -'ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; .....' 

ആത്മികമരണം സംഭവിച്ച മനുഷ്യനിൽ നിന്ന് വെളിപ്പെടുന്നതാണ് ഇത്തരം പ്രവൃത്തികൾ.

           ഉല്പ 3:7 -'ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു .....'

           ഉല്പ 3:10 -'തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്ന് അവൻ പറഞ്ഞു.'

ദൈവകല്പന ലംഘിച്ചപ്പോൾ മനുഷ്യന്റെ മാനസികാവസ്ഥക്ക് മാറ്റം വന്നു. ഒരപ്പന്റെ അടുത്ത് മകൻ സ്വസ്ഥമായിരിക്കുന്ന ഒരവസ്ഥയായിരുന്നു ദൈവസാന്നിദ്ധ്യം അവനിൽ ഉളവാക്കിയിരുന്നതെങ്കിൽ, ഇപ്പോൾ അവൻ ഭയപ്പെട്ട് ഒളിക്കുകയാണ്. മനുഷ്യന്റെ മനസ്സിൽ ഭയം എന്ന വികാരം വന്നു. അവനിൽ സംശയവും നാളെയെക്കുറിച്ചുളള വിചാരവും ഉണ്ടായി. സമാധാനവും സന്തോഷവും, സ്വസ്ഥതയും മനുഷ്യന് നഷ്ടപ്പെട്ടു.

              എഫെ 2:1-3 -'അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.'

ആദാമിന്റെ ലംഘനത്താൽ പാപത്തിന്റെ അടിമകളായിത്തീർന്ന മനുഷ്യൻ ഇപ്പോൾ അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥയിലാണ്. അവനിൽനിന്ന് ഈ സ്വഭാവമാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.

             എഫെ 2:2 -'അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു.'

ദൈവത്തെ അനുസരിക്കുവാൻ തക്കവണ്ണം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തോട് ലംഘനം ചെയ്ത് ദൈവത്തിൽ നിന്ന് അകന്നപ്പോൾ പിശാച് അവനെ വരുതിയിലാക്കി. പിശാചിന്റെ ഇഷ്ടത്തിനൊത്തവണ്ണം, ദൈവത്തോടുള്ള നിരന്തരമായ അനുരണ ക്കേടിൽ ദൈവത്തേയും അവിടുത്തെ സ്വഭാവത്തെയും അറിയാതെ സ്വന്ത ഇഷ്ടങ്ങളിലും വഴികളിലും അനുസരണക്കേടിന്റെ മക്കളിൽ വ്യാപരിക്കുന്ന ആത്മാവിനെ അനുസരിച്ച് നടക്കുന്ന അവസ്ഥയിലേക്ക് മനുഷ്യന് മാറ്റം സംഭവിച്ചു.

എഫെ 2:3 -'അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.'

പാപത്താൽ ദൈവാത്മാവിന്റെ പ്രവൃത്തി മനുഷ്യനിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ അവൻ ആത്മസംബന്ധമായി മരിച്ചു. അവന്റെ ജഢം സ്വന്തം ഇഷ്ടത്തിനും മനോവികാരത്തിനും അനുസരിച്ച് കാര്യങ്ങൾ ചെയ്യുവാൻ തുടങ്ങി. മനുഷ്യന്റെ ദയനീയാവസ്ഥയെക്കുറിച്ച് വിശുദ്ധവേദപുസ്തകം തുടർന്ന് പറയുന്നു.

റോമ 7:15 -'ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.' ഞാൻ തന്നെയാണോ ഇത് ചെയ്തത്, എന്നെനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന്  പലരും പറയാറുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽപ്പെട്ട് മനോനില തെറ്റുമ്പോൾ അവർ അറിയാതെ പലതും ചെയ്യുകയാണ്. ജയിലറകളിൽ ഉള്ള പലരും ഒരു നിമിഷത്തിന്റെ വികാരത്തള്ളലിൽ പല കാര്യങ്ങളും എടുത്തുചാടി ചെയ്തവരാണ്.

റോമ 7:18 -'എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല.' നന്മചെയ്യണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും എല്ലാവർക്കും അറിയാവുന്നതും പറയുന്നതുമായ കാര്യമാണ്. പക്ഷെ, പ്രായോഗിക ജീവിതത്തിലേക്ക് വരുമ്പോൾ മറ്റുള്ളവരെ സഹായിക്കാനോ, ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിയാത്തവിധം മനുഷ്യർ സ്വാർത്ഥരായിത്തീരുന്നതാണ് നാം കാണുന്നത്.

റോമ 7:19 -'ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.' ജോലികിട്ടുന്നതിനുമുമ്പ് പലരും പറയാറുണ്ട്, ഞാൻ ഒരു നല്ല ജോലി കിട്ടിക്കഴിഞ്ഞാൽ അനേകർക്ക് ഉപകാരപ്രദമായി, കൈക്കൂലി മേടിക്കാതെ ആരെയും ബുദ്ധിമുട്ടിക്കാതെ എല്ലാവരുടെയും കാര്യങ്ങൾ എത്രയും പെട്ടെന്ന് ശരിയാക്കിക്കൊടുക്കാൻ ശ്രമിക്കും എന്ന്. എന്നാൽ ജോലികിട്ടി കാലങ്ങൾ കഴിയുമ്പോൾ അവരുടെ രീതിക്കും അവസ്ഥക്കും മാറ്റം വരുന്നു. നേരത്തേ എടുത്ത തീരുമാനങ്ങൾ മറക്കേണ്ടിവരുന്നു. മറ്റുള്ളവരെ സഹായിക്കുന്നത് നല്ല കാര്യമാണെന്ന്  അറിയാമെങ്കിലും, ആ ബോധ്യത്തെ മറികടന്ന് മറ്റൊരു ശക്തി അവരെ നിയന്ത്രിക്കുന്നു.

റോമ 7:21 - 'അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.' എന്നാൽ ദൈവവചനം വിശ്വാസികളോട് ഇങ്ങനെ പറയുന്നു -

റോമ 6:12 -'ആകയാൽ പാപം നിങ്ങളുടെ മർതൃശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്.' ലോകത്തിന്റെ മോഹങ്ങളെ അനുസരിക്കുമാറ് പാപം മർത്യശരീരത്തെ കീഴ്‌പ്പെടുത്തി വാഴുകയാണ്.

റോമ 6:16 -'നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നേ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചു പോരുകയും ചെയ്യുന്നവനു ദാസന്മാർ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിന്നായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർ തന്നേ.'

റോമ 3:23 -'ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,' മനുഷ്യന്റെ തേജസ്സ് നഷ്ടപ്പെട്ടു, അവന് ആത്മികമരണം ഉണ്ടായി. 

ഉല്പ 3:17-19 -'..... നീ പൊടിയാകുന്നു, പൊടിയിൽ തിരികെചേരും.' ഇതാണ് ശാരീരികമരണം. എന്നാൽ ഇതിനപ്പുറമായിട്ട്  മനുഷ്യന്റെ ജീവന് ശാശ്വതമായ മരണം മുമ്പിലുണ്ട്. പക്ഷേ, യേശുക്രിസ്തുവിലൂടെ ലഭിക്കുന്നത് ഇതിൽനിന്നുള്ള രക്ഷയാണ്.

മത്താ 16:26 -'ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം .....'

1 കൊരി 15:40-48 -'..... ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; .....'

ദ്രവത്വവും, അപമാനവും, ബലഹീനതയും, പ്രാകൃതവും, മർത്യതയും ഉളളതായി നമ്മുടെ ശരീരം മാറി.

1 പത്രൊ 1:5  പറയുന്നു ക്ഷയവും മാലിന്യവും വാട്ടവും മനുഷ്യന്റെ ശരീരത്തിന് ഉണ്ടാകുവാനിടയായി.

ഏത് രാജ്യത്തിലോ, ജാതിയിലോ, വർഗ്ഗത്തിലോ ഉള്ളവൻ ആയാലും അടിസ്ഥാനപരമായി മനുഷ്യൻ പാപത്തിന്റെ അടിമത്തത്തിലായിത്തീർന്നു. അവന്റെ ആത്മാവ് ദുർബലമായി. മനസ്സ് ലോകത്താൽ നിയന്ത്രിക്കപ്പെടാൻ തുടങ്ങി. ശരീരം മരണത്തിന് വിധേയപ്പെട്ടു. ഇവിടെയാണ് നാം യേശുക്രിസ്തുവിലൂടെയുള്ള രക്ഷയുടെ മഹത്വം കാണുന്നത്.

റോമർ 5:19 ൽ പറയുന്നതുപോലെ ഏക മനുഷ്യനാൽ പാപം സകല മനുഷ്യരിലും പരന്നിരിക്കുകയാണ്. പാപമാണ് മനുഷ്യനെ നിയന്ത്രിക്കുന്നതും. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തി ദൈവകേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കാൻ ദൈവം നമ്മെ എല്ലാവരെയും സഹായിക്കട്ടെ.



Video LInk






Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5