16 യേശുക്രിസ്തു ആരാണ് ? ദൂതന്മാരുടെ സാക്ഷ്യം

 


 16   യേശുക്രിസ്തു ആരാണ് ?

 ദൂതന്മാരുടെ സാക്ഷ്യം

                                      മത്തായി 1:18- 23



                മിശിഹയായിട്ട് യേശുവിനെ അംഗീകരിക്കുവാനും തിരിച്ചറിയുവാനും അങ്ങനെ മിശിഹയ്ക്ക് വേണ്ടി കാത്തിരിക്കുവാനും ഒരു ജനത്തെ പഴയ നിയമ ന്യായപ്രമാണത്തിലൂടെ പശ്ചാത്തലം ഒരുക്കിയതിനു ശേഷമാണ് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വരുന്നത്. അവിടുത്തെ ജനനത്തോട് അനുബന്ധിച്ചുള്ള എല്ലാ സന്ദേശങ്ങളും നൽകുന്നത് ദൂതന്മാരാണ്. തന്റെ ജനനംതന്നെ അനേക പ്രവചനങ്ങളുടെ നിവൃത്തിയാണ്. യേശുക്രിസ്തുവിന്റെ ഈ ഭൂമിയിലേക്കുള്ള വരവ് കാത്തിരിക്കാനായി വ്യക്തമായ ഒരു സൂചന ദൈവം യെശയ്യാപ്രവചനത്തിൽക്കൂടി ആ ജനത്തിന് നൽകി.

യെശ 7:14 -‘അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും : കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്ന് പേർ വിളിക്കും.’

യേശുക്രിസ്തുവിന്റെ ജനനത്തോടുളള ബന്ധത്തിൽ ദൈവം വ്യക്തമായ ആലോചന യോസേഫിന് നൽകുന്നു.

മത്താ 1:18- 21 -‘എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന് വിവാഹം നിശ്ചയിക്കപ്പെട്ട ശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി. ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.’  യേശു എന്ന പേരിന്റെ അർത്ഥം ‘ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് മോചിക്കുന്നവൻ’ എന്നാണ്. അവിടുന്ന് ഒരു മതത്തിന്റെ സ്ഥാപകനല്ല.

യോഹ 1:14 -‘അവൻ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടു: ഞങ്ങൾ മശീഹയെ എന്നുവെച്ചാൽ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.’

യോഹ 4:29 -‘ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷെ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.’

‘മശീഹ’ എന്ന വാക്കിന്റെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്. ‘യേശുക്രിസ്തു’ എന്ന പേരിന്റെ അർത്ഥം ‘ജനങ്ങളെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാൻ അയക്കപ്പെട്ടവൻ’ എന്നാണ്. മറിയയോടും ദൂതൻ യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് സന്ദേശം നൽകുന്നുണ്ട്.

ലൂക്കൊ 1:28,29 -‘ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു.’

പാപമോചകനായി ഭൂമിയിലേക്ക് പ്രവേശിക്കുന്ന യേശുക്രിസ്തുവിനെ ഉൾക്കൊളളുവാൻ തക്കവണ്ണം, അഥവാ, യേശുക്രിസ്തുവിന്റെ മാതാവായിരിക്കുവാൻ തക്കവണ്ണമു ള്ള കൃപ ദൈവം മറിയക്ക് നൽകി.

ലൂക്കൊ 1:30,31 -‘ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവനു യേശു എന്നു പേർ വിളിക്കണം.’

ഇവിടെ ഏതൊരു സ്ത്രീക്കും ഉണ്ടാകുന്ന സംശയം തന്നെ മറിയക്കും ഉണ്ടായി. ആ സംശയം മറിയ ദൂതനോട് ചോദിക്കുന്നു.

ലൂക്കൊ 1:34,35 -‘മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിനു ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.’

യേശുക്രിസ്തു എങ്ങനെ മറിയുടെ ഉദരത്തിൽ വരും എന്നതിനുള്ള ഉത്തരം ദൂതൻ ഇവിടെ വ്യക്തമാക്കുകയാണ്. ഒരു പുരുഷനായിട്ടല്ല പരിശുദ്ധാത്മാവ് അവിടെ വന്നത്. മറിച്ച് ഉയരത്തിലുളള ശക്തി മറിയയുടെമേൽ നിഴലിട്ടു. ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽ ഇത് മനസ്സിലാക്കാൻ എളുപ്പമാണ്. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ലാബിൽ വെച്ച് ഒരു കുഞ്ഞിന്റെ ഭ്രൂണത്തെ ഉളവാക്കിയതിന് ശേഷം അതിനെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ചികിത്സ ഇക്കാലത്തുണ്ട്. അവിടെ വ്യക്തിപരമായി ഒരു പുരുഷസംസർഗ്ഗം ഉണ്ടായിട്ടല്ല ആ കുഞ്ഞ് അവിടെ ഉണ്ടാകുന്നത്, മറിച്ച് ബാഹ്യമായിട്ട് അതിനെ ഉളവാക്കിയതാണ്. 

യേശുക്രിസ്തു മറിയയുടെ ഗർഭത്തിൽ ഒരു ഭ്രൂണമായി നിക്ഷേപിക്കപ്പെട്ടു എന്നാണ് നാം വിശുദ്ധ വേദപുസ്തകത്തിൽ കാണുന്നത്. മറിയയുടെയും യോസേഫിന്റെയും അംശങ്ങൾ ചേർന്നല്ല യേശു എന്ന പ്രജ ഉളവായത്. മറിച്ച് അവിടുന്ന് ഒരു  ശിശുവായി മറിയയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കപ്പെട്ടു. ഇവിടെ മറിയയുടെ രക്തവുമായി യേശുക്രിസ്തുവിന് നേരിട്ടുള്ള ഒരു ബന്ധവും ഇല്ലായിരുന്നു. അതാണ് കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് പറഞ്ഞത്. അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പ് വൃത്യസ്തമാകാറുണ്ട് , അതുപോലെ തന്നെ യേശുവിന്റെ രക്തവും മറിയയുടെ രക്തവും തമ്മിൽ നേരിട്ടുള്ള ഒരു ഇടകലർച്ച ഉണ്ടായിട്ടില്ല. അത് സൂചിപ്പിക്കുന്നത്, ആദാമിന്റെ സന്തതികൾ എല്ലാവരും പാപത്തിന്റെ അടിമത്തത്തിലായിരിക്കെ, ആ പാപരക്തത്തിലല്ല യേശുക്രിസ്തു പിറന്നത്. മറിച്ച്, വിശുദ്ധപ്രജയായി ഉത്ഭവിച്ചതാണ്.

റോമ 5:14 -‘എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.’

ആദിമനുഷ്യനായ ആദാമിനെ ദൈവം നിലത്തെ പൊടികൊണ്ട് സൃഷ്ടിച്ചത് വരുവാനുള്ളവന്റെ പ്രതിരൂപമായാണ്. അതായത്, ആരോ ഒരാൾ വരണം, വരുമ്പോൾ സ്വീകരിക്കേണ്ട രൂപമേതാണോ, അതിന്റെ പ്രതിരൂപമായിരുന്നു ആദാമിനുള്ളത്. ദൈവപദ്ധതിയുടെ നിവൃത്തീകരണത്തിനുവേണ്ടി യേശു ഭൂമിയിലേക്ക് വരുമ്പോൾ ഏത് രൂപം സ്വീകരിക്കണമോ, ആ രൂപമായിരുന്നു ആദാമിന് ദൈവം കൊടുത്തിരുന്നത്.

എബ്രാ 10:5 -‘ആകയാൽ ലോകത്തിൽ വരുമ്പോൾ: ‘ഹനനയാഗവും വഴിപാടും  നീ ഇഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു. സർവ്വാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു: ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ വരുന്നു .....’~തനിക്കായി ഒരുക്കപ്പെട്ട ഒരു ശരീരത്തിലേക്കാണ് യേശു വന്നത്.

ഫിലി 2:6-8 -‘അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുളള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ, ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി, തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളംതന്നേ, അനുസരണമുളളവനായിത്തീർന്നു.’

ദൈവരൂപത്തിലിരുന്നവൻ, ആ സമത്വം എല്ലാം വിട്ടിട്ട് നമ്മളുടെ പാപത്തിന് പരിഹാരം വരുത്തുവാൻ, പാപമോചകൻ എന്ന പേരോടുകൂടി, മനുഷ്യരൂപമെടുത്ത് ഭൂമിലേക്ക് വന്നു. മറ്റൊരുകാര്യംകൂടെ ഇവിടെ ചിന്തിക്കാനുണ്ട്. അനേകർ കരുതുന്നത് യേശുക്രിസ്തുവിന്റെ അമ്മയായ മറിയ മരണംവരെയും കന്യക ആയിരുന്നു എന്നാണ്. എന്നാൽ അങ്ങനെ ആയിരുന്നില്ല എന്ന്, വിശുദ്ധ വേദപുസ്തകം വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. 

മത്താ 1:24,25 -‘യോസേഫ് ഉറക്കം ഉണർന്നു കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു ആദ്യജാതനായ മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല.’

മത്താ 12:46 - 50 -‘അവൻ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു യേശു: എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ എന്നു ചോദിച്ചു. ശിഷ്യന്മാരുടെ നേരെ കൈ നീട്ടി : ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.’

ചിലർ ചിന്തിക്കുന്നത് യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെക്കുറിച്ചാണ് സഹോദരന്മാരും എന്ന് ആദ്യഭാഗത്ത് പറഞ്ഞിരിക്കുന്നത് എന്നാണ്. അത് അങ്ങനെയല്ല എന്ന് തുടർന്ന് വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

മത്താ 13:53-56 -‘ഈ ഉപമകളെ പറഞ്ഞു തീർന്ന ശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തിൽ വന്നു, അവരുടെ പള്ളിയിൽ അവർക്കു ഉപദേശിച്ചു. അവർ വിസ്മയിച്ചു : ഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു? ഇവൻ തച്ചന്റെ മകൻ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദന്മാർ യാക്കോബ്, യോസെ, ശീമോൻ, യൂദാ എന്നിവർ അല്ലയോ? ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെനിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.’

യേശുവിന്റെ അപ്പനായ യോസഫിന് മറിയയിൽ പിന്നീട് മക്കളുണ്ടായി. അവരുടെ പേരാണ് നാം ഇവിടെ വായിച്ചത്.

ലൂക്കൊ 2:7 -‘അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്കു സ്ഥലം ഇല്ലായ്കയാൽ പശുത്തൊട്ടിയിൽ കിടത്തി.’

മറിയയുടെ ആദ്യത്തെ മകനായിരുന്നു യേശുക്രിസ്തു.

യോഹ 7:3 -‘അവന്റെ സഹോദരന്മാർ അവനോടു : നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.’

യോഹ 7:5 -‘അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.’

അപ്പൊ. പ്ര 1:12 - 14 -‘അവർ യെരുശലേമിന്നു സമീപത്തു ഒരു ദിവസത്തെ വഴിദൂരമുളള ഒലീവ് മലവിട്ടു യെരുശലേമിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി. പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചുപോന്നു.’ 

വിവാഹം കഴിയാത്ത ഒരു സ്ത്രീക്ക് കുഞ്ഞുണ്ടാകുകയാണെങ്കിൽ അവളെ കല്ലെറിഞ്ഞ് കൊല്ലുവാൻ തക്കവണ്ണം ന്യായപ്രമാണം ഉണ്ടായിരുന്ന ഒരു സമൂഹത്തിലായിരുന്നു മറിയയും യോസേഫും ജീവിച്ചിരുന്നത്. എന്നാൽ, ആ കാലഘട്ടത്തിലാണ് യേശുക്രിസ്തു കന്യകയായ മറിയയിലൂടെ ഭൂമിയിൽ മനുഷ്യരൂപമെടുത്ത് വന്നത്. അതിനായുളള സന്ദേശം ദൈവം അവർക്ക് നൽകി.

ലൂക്കൊ 2:8-14 -‘അന്നു ആ പ്രദേശത്തു ഇടയന്മാർ രാത്രിയിൽ ആട്ടിൻകൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നു. അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ നിന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു. ദൂതൻ അവരോടു: ഭയപ്പെടേണ്ടാ; സർവ്വജനത്തിന്നും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്കു അടയാളമോ: ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗ്ഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു പറഞ്ഞു.’

യേശുക്രിസ്തുവിന്റെ ജനനശേഷം ദൂതന്മാർ ഇടയന്മാരോട് സന്ദേശം പങ്കുവെയ്ക്കുന്നു. ഒരുപക്ഷെ യേശുവിന്റെ ജനനശേഷമുള്ള ആദ്യത്തെ സുവിശേഷ സന്ദേശമായിരുന്നു അത്. സുവിശേഷപ്രസംഗം തുടങ്ങിയത് മനുഷ്യരല്ല, അത് ദൂതന്മാരാൽ ദൈവം തുടങ്ങിവെച്ചതാണ്. ജാതി, മത. വർഗ്ഗ, വർണ്ണ വ്യത്യാസമേതുംകൂടാതെ ഏത് മനുഷ്യനും മഹാസന്തോഷം പകരുന്ന വാർത്തയാണ്  യേശുക്രിസ്തുവിന്റെ ജനനം. ആ വരവിന്റെ ആത്യന്തികമായ ലക്ഷ്യം ദൂതന്മാർ വെളിപ്പെടുത്തി. മാനവകുലത്തെ രക്ഷിക്കുന്ന രക്ഷകൻ, നന്മ എന്താണെന്നറിഞ്ഞിട്ടും ചെയ്യുവാൻ പ്രാപ്തിയില്ലാത്തവരായി, തിന്മയെന്തെന്നറിഞ്ഞിട്ടും രക്ഷപ്പെടുവാൻ ത്രാണിയില്ലാതെ വലയുന്ന നമ്മെ പാപത്തിന്റെ നിത്യമായ ശിക്ഷാവിധിയിൽനിന്ന് രക്ഷിക്കുവാൻ നമ്മുടെ പാപങ്ങളെ ഏറ്റെടുത്ത് നമുക്ക് പകരം യാഗമായിത്തീരുവാൻ ഈ ഭൂമിയിൽ വന്നു. ആ രക്ഷകന്റെ മുമ്പിൽ നമുക്ക് നമ്മുടെ ജീവിതം സമർപ്പിക്കാം.


Video Link 




Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4