17 യേശുക്രിസ്തു ആരാണ് ? യോഹന്നാൻ സ്‌നാപകന്റെ സാക്ഷ്യം
17 യേശുക്രിസ്തു ആരാണ് ?
യോഹന്നാൻ സ്‌നാപകന്റെ സാക്ഷ്യം
യോഹന്നാൻ 1:15-34
യേശുക്രിസ്തുവിന്റെ ജനനത്തോടുള്ള ബന്ധത്തിൽ ദൂതന്മാർ സാക്ഷ്യം നൽകിയതുപോലെ അവിടുത്തെ ശുശ്രൂഷയോടുള്ള ബന്ധത്തിൽ യോഹന്നാൻ സ്‌നാപകൻ സാക്ഷ്യം പറയുന്നു. യോഹന്നാനെക്കുറിച്ച് വേദപുസ്തകം പറയുന്നത്,
യോഹ 1:6 -‘ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ.’ യേശു ക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയ്ക്ക് വഴിയൊരുക്കുവാൻ ദൈവം അയച്ച വ്യക്തിയായിരുന്നു യോഹന്നാൻ സ്‌നാപകൻ.
ലൂക്കൊ 1:5-80 വാക്യങ്ങളിൽ യോഹന്നാന്റെ ജനനത്തെക്കുറിച്ച് വിശദമായി നാം വായിക്കുന്നു. മച്ചിയായിരുന്ന എലീശബെത്തിന് വാർദ്ധക്യത്തിൽ ദൈവം കൊടുത്ത സന്തതിയാണ് യോഹന്നാൻ.
ലൂക്കൊ 1:17 -‘അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചും കൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.’
യോഹ 1:19 -‘നീ ആർ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാർ യെരുശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ: അവൻ മറുക്കാതെ ഏറ്റു പറഞ്ഞു; ഞാൻ ക്രിസ്തു അല്ല എന്നു ഏറ്റുപറഞ്ഞു.’
യോഹ 1:23- ‘അതിന്നു അവൻ: യെശയ്യാ പ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു.’
മലാ 3:1- ‘എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു .....’
യോഹ 1:7- ‘അവൻ സാക്ഷ്യത്തിന്നായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു’
മശീഹയ്ക്ക് വേണ്ടി കാത്തിരിക്കുന്ന യെഹൂദ ജനത്തിന് യേശുക്രിസ്തു ആരെന്ന് പരിചയപ്പെടുത്തിക്കൊടുക്കുവാനാണ് ദൈവം യോഹന്നാൻ സ്‌നാപകനെ അയക്കുന്നത്.
യോഹ 1:15 -‘യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്കു മുമ്പനായിത്തീർന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചു പറഞ്ഞു.’
യോഹ 1:30 -‘എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.’
ലൂക്കൊ 1:36 -‘നിന്റെ ചാർച്ചക്കാരി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം.’
യേശുക്രിസ്തുവിന്റെ ജനനത്തോടുളള ബന്ധത്തിൽ മറിയയോട് ദൂതൻ സന്ദേശം അറിയിക്കുമ്പോൾ ഏലീശബത്ത് യോഹന്നാനെ ഗർഭം ധരിച്ചിട്ട് 6 മാസം ആയിരുന്നു. അതായത്, യോഹന്നാന് യേശുവിനെക്കാൾ 6 മാസം പ്രായം കൂടുതലുണ്ട്.
എന്നാൽ യോഹ 1:15,30 വാക്യങ്ങളിൽ യോഹന്നാൻ സ്‌നാപകൻ പറയുന്നത് യേശു യോഹന്നാന് മുമ്പേ ഉണ്ടായിരുന്നവനാണെന്നാണ്. കാരണം യേശുക്രിസ്തു ഭൂമിയിൽ വരുമ്പോൾ ഏത് രൂപം ധരിക്കണമോ ആ രൂപത്തിലായിരുന്നു ആദ്യത്തെ മനുഷ്യനായ ആദാമിനെ സൃഷ്ടിച്ചത്.
യോഹ 1:1 -‘ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.’
യോഹ 1:14 -‘വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനയി നമ്മുടെ ഇടയിൽ പാർത്തു.’ ഇവിടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് യേശു യോഹന്നാനെക്കാൾ മുമ്പേ ഉണ്ടായിരുന്നവനാണെന്നാണ്.
യോഹ 1:29 -‘പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.’
യോഹ 1:35,36 - ‘പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ കടന്നുപോകുന്ന യേശുവിനെ നോക്കീട്ടു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു’
ദൂതൻ യേശുക്രിസ്തുവിന്റെ ജനനത്തിന് മുമ്പ് യോസേഫിനോട് പറഞ്ഞതും ഇതുതന്നെയാണ്. (മത്താ 1:21)
യേശുക്രിസ്തു ലോകത്തിന്റെ പാപം ചുമന്നൊഴിക്കുന്നത് എങ്ങനെയെന്ന് തുടർന്ന് നാം വായിക്കുന്നു.
2 കൊരി 5:21 -‘പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്നു, അവൻ നമുക്കുവേണ്ടി പാപം ആക്കി.’
യേശുക്രിസ്തു പരിശുദ്ധാത്മാവ് നിഴലിട്ടതുനിമിത്തം ഉളവായ വിശുദ്ധ പ്രജയാണ്. അതുകൊണ്ട് ആദാമ്യ തലമുറയിലെ രക്തത്തിന്റെ പിന്തുടർച്ചയല്ല യേശുക്രിസ്തുവിലുള്ളത്. ദൈവമായിരുന്നവൻ മനുഷ്യ രൂപമെടുത്ത് ഭൂമിയിൽ വെളിപ്പെട്ടുവന്നതാണ് യേശുക്രിസ്തു. തന്നെ അനുഗമിക്കുന്ന ജനത്തോട് യേശു ചോദിക്കുന്നു ‘നിങ്ങളിൽ ആർ പാപത്തെക്കുറിച്ച് എനിക്ക് ബോധം വരുത്തും?’ ആരാലും പാപത്തെക്കുറിച്ച് ബോധം വരുത്തുവാൻ ഇടയാകാത്തവണ്ണം നിർമ്മലവും, നിഷ്‌കളങ്കവുമായ സാക്ഷ്യമുള്ള ജീവിതം നയിച്ച യേശുക്രിസ്തുവിനെ ദൈവം നമുക്കു വേണ്ടി പാപം ആക്കി.
റോമ 8:3 -‘ജഡത്താലുളള ബലഹീനത നിമിത്തം ന്യായപ്രമണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.’
ഫിലി 2:5-8 -‘ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.’
ന്യായപ്രമാണം ആവശ്യപ്പെടുന്നത് അനുസരണമാണ്. യെഹൂദന് പഴയനിയമത്തിൽ നൽകപ്പെട്ട പ്രമാണങ്ങളെല്ലാം അനുസരിക്കുവാനാണ് നൽകപ്പെട്ടത്. ഒന്നാമത്തെ മനുഷ്യന് ദൈവത്തെ അനുസരിക്കുവാൻ കഴിഞ്ഞില്ല. ആ അനുസരണം നിവർത്തിക്കുവാനാണ് ആദാമ്യതലമുറയുടെ പാപജഢത്തിന്റെ സാദൃശ്യത്തിൽ യേശുക്രിസ്തുവിനെ ഭൂമിയിൽ അയച്ചത്. യേശുക്രിസ്തു പാപത്തിന്റെ ശിക്ഷ സ്വന്തശരീരത്തിൽ വഹിച്ച് നമുക്കുവേണ്ടി രക്ഷ സാധ്യമാക്കി. ആ യേശുക്രിസ്തുവിന്റെ അനുസരണം സ്വന്തം അനുസരണമായി അംഗീകരിച്ച് ഏറ്റെടുക്കുന്നവർക്ക് പാപമോചനം ലഭിക്കുന്നു.
1 പത്രൊ 2:24 -‘നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു.’
പാപമോചനത്തിന്റെ സന്തോഷവും സമാധാനവും ദൈവസാന്നിധ്യവും നമ്മുടെ ജീവിതത്തിൽ അനുഭവിച്ച് ദൈവനീതിക്ക് ജീവിക്കേണ്ടതിനും, ദൈവത്തെ അനുസരിച്ച് ദൈവവഴികളിൽ നടക്കുന്ന വിശുദ്ധജീവിതം നമുക്ക് ഉണ്ടാകേണ്ടതിനുമാണ് യേശുക്രിസ്തു കാൽവറി ക്രൂശിൽ യാഗമായത്.
യോഹ 1:31 -‘ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്‌നാനം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.’
യോഹ 1:32,33 -‘യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു; അത് അവന്റെമേൽ വസിച്ചു. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്‌നാനം കഴിപ്പാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ പരിശുദ്ധാത്മാവിൽ സ്‌നാനം കഴിപ്പിക്കുന്നവൻ ആകുന്നു എന്നു പറഞ്ഞു.’
യേശുക്രിസ്തുവിനെ ലോകത്തിനും യെഹൂദജനത്തിനും വെളിപ്പെടുത്തുക എന്നതായിരുന്നു, യോഹന്നാൻ സ്‌നാപകൻ യേശുവിനെ സ്‌നാനം കഴിപ്പിച്ചതിന്റെ ലക്ഷ്യം.
മത്താ 3:13-15 -‘അനന്തരം യേശു യോഹന്നാനാൽ സ്‌നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻകരെ അവന്റെ അടുക്കൽ വന്നു. യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്‌നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു. യേശു അവനോടു: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നത് നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവൻ അവനെ സമ്മതിച്ചു.’
യോഹ 1:34 -‘അങ്ങനെ ഞാൻ കാണുകയും ഇവൻ ദൈവപുത്രൻ തന്നേ എന്നു സാക്ഷ്യം പറയുകയും ചെയ്തിരിക്കുന്നു.’
യേശുവിനെ ദൈവപുത്രനെന്ന് യെഹൂദജനത്തിന് യോഹന്നാൻ സ്‌നാപകൻ വെളിപ്പെടുത്തുകയാണ്.
മത്താ 3:11 -‘..... അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം ഏല്പിക്കും.’
ഈ കാലഘട്ടത്തിൽ ഈ വാക്യം പലതരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. അനേകരും ചിന്തിക്കുന്നത് പരിശുദ്ധാത്മാവിനെക്കാളും കുറച്ചുകൂടെ തീവ്രതയേറിയ സ്‌നാനമാണ് തീ കൊണ്ടുളള സ്‌നാനം എന്നാണ്. എന്നാൽ തുടർന്ന് നാം ഇങ്ങനെയാണ് കാണുന്നത്;
മത്താ 3:12 -‘വീശുമുറം അവന്റെ കയ്യിൽ ഉണ്ട്; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ട് ചുട്ടുകളയുകയും ചെയ്യും.’
പരിശുദ്ധാത്മാവിനെ നൽകുന്നത് നല്ല ഫലം പുറപ്പെടുവിക്കാനാണ്. എന്നാൽ തീ നല്ല ഫലം നൽകാത്ത പതിരിനെ ചുട്ടുകളയാനാണ് ഉപയോഗിക്കുന്നത്.
യോഹ 14:16 -‘എന്നാൽ ഞാൻ പിതാവിനോട് ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരും.’
യോഹ 15:16 -‘..... ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു; നിങ്ങൾ പോയി ഫലം കായ്‌ക്കേണ്ടതിന്നു നിങ്ങളുടെ ഫലം നിലനില്‌ക്കേണ്ടതിന്നും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു .....’
യോഹ 15:2 -‘എന്നിൽ കായ്ക്കാത്ത കൊമ്പ് ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്ക്കുന്നത് ഒക്കെയും അധികംഫലം കായ്‌ക്കേണ്ടതിന്ന് ചെത്തി വെടിപ്പാക്കുന്നു.’
യോഹ 15:6 -‘എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തുകളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്ത് തീയിൽ ഇടുന്നു .....’
മത്താ 7:19 -‘നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു.’
1 കൊരി 3:13,15 -‘..... ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്ന് തീ തന്നേ ശോധന ചെയ്യും..... ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്ന് ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽക്കൂടി എന്നപോലെ അത്രേ.’
യേശുക്രിസ്തുവിനായി നല്ല ഫലം കായ്ക്കാനാണ് നമ്മെ തിരഞ്ഞെടുത്തത്. അതിനായി പരിശുദ്ധാത്മാവിനെ നമുക്ക് നൽകി. ആ ഫലം കളപ്പുരയിൽ കൂട്ടിവെക്കുകയും പതിര് കെടാത്തതീയിൽ കത്തിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിനെ ദൈവപുത്രനെന്നും പരിശുദ്ധാത്മാവിൽ സ്‌നാനം കഴിപ്പിക്കുന്നവനെന്നും സാക്ഷ്യം പറയാനാണ് യോഹന്നാൻ സ്‌നാപകൻ വന്നത്. യേശുവിന്റെ പരമയാഗത്താൽ നമുക്ക് പരിശുദ്ധാത്മാവിനെ ദാനമായി ലഭിക്കുന്നു. സദ്ഫലങ്ങൾ നിറഞ്ഞ ഒരു ജീവിതം കർത്താവിനായി നയിക്കാൻ നമുക്ക് ഒരുങ്ങാം. സമർപ്പിക്കാം.
Video Link
Comments
Post a Comment