18 യേശു ക്രിസ്തു ആരാണ് ? ശിഷ്യന്മാരുടെ സാക്ഷ്യം

 


                      18    യേശു ക്രിസ്തു ആരാണ് ?


                            ശിഷ്യന്മാരുടെ സാക്ഷ്യം


                                              മത്തായി 16:13 



വൃത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്ത് തന്റെ കൂടെ ചേർത്തത്. അവരിലൊരാളായി കൂടെ നടക്കുമ്പോഴും അവിടുത്തെ ജീവിതവും പ്രവൃത്തിയും കണ്ട ശിഷ്യന്മാർ യേശുക്രിസ്തു ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞു.

ലൂക്കൊ  5:1-8  -'അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ രണ്ടു പടകു കരെക്ക് അടുത്ത് നില്ക്കുന്നത് അവൻ കണ്ടു; അവയിൽ നിന്ന് മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു, ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻ പിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു. അതിന്നു ശിമോൻ; നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ  വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു. അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകുരണ്ടും മുങ്ങുമാറാകുവോളം നിറെച്ചു. ശിമോൻ പത്രൊസ് അതു കണ്ടിട്ട് യേശുവിന്റെ കാല്ക്കൽ വീണ്: കർത്താവെ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.'

ഇവിടെ പത്രൊസിന് പാപബോധം ഉണ്ടാകുവാൻ തക്കവണ്ണം ഒരു സന്ദേശവും യേശുക്രിസ്തു കൊടുക്കുന്നതായി നാം കാണുന്നില്ല. എന്നാൽ കടലിനെക്കുറിച്ച് തനിക്കുള്ള സമ്പൂർണ്ണമായ അറിവും, പാരമ്പര്യവും,കഴിവുകളും വ്യർത്ഥമായിത്തീർന്ന സ്ഥാനത്ത് യേശുക്രിസ്തുവിന്റെ വാക്ക് അനുസരിച്ചതു നിമിത്തം തനിക്ക് ഇങ്ങനെ ഒരു മീൻപിടിത്തം ലഭിച്ചപ്പോൾ യേശുക്രിസ്തുവിലെ ദൈവത്വത്തെ പത്രൊസ് തിരിച്ചറിയുകയാണ്.

ലൂക്കൊ 5:18-26 -വാക്യങ്ങളിൽ ഒരു പക്ഷവാത രോഗിയെ യേശുക്രിസ്തുവിന്റെ അടുക്കൽ  കൊണ്ടുവരുന്നു. എന്നാൽ യേശു അവന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്ന് അവനോട് പറയുന്നു. ഇതു കേട്ട ശാസ്ത്രിമാരും പരീശന്മാരും ഇത് ദൈവദൂഷണമാണ് , ദൈവത്തിനു മാത്രമേ പാപങ്ങളെ മോചിക്കാൻ കഴിയൂ എന്ന് ചിന്തിക്കുന്നു.

ലൂക്കൊ 5:24  -'എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ട് എന്നു നിങ്ങൾ അറിയേണ്ടതിന് -അവൻ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്  കിടക്ക എടുത്ത് വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.' ഇവിടെ യേശുക്രിസ്തു സ്വയം തന്റെ പാപമോചനത്തിനുളള അധികാരം വെളിപ്പെടുത്തുന്നു.

മത്താ 16:13-17 -'യേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്ത് എത്തിയ ശേഷം തന്റെ ശിഷ്യന്മരോട്: ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു. ചിലർ യോഹന്നാൻ സ്‌നാപകൻ എന്നും മറ്റു ചിലർ ഏലിയാവെന്നും  വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്ന് അവർ പറഞ്ഞു. നിങ്ങളോ എന്നെ ആർ എന്നു പറയുന്നു എന്ന് അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു.'

അതെ, യേശുക്രിസ്തു ദൈവപുത്രനാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞു.

         യോഹ 1:47-49  -'നഥനയേൽ തന്റെ അടുക്കൽ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ ; ഇവനിൽ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു. നഥനയേൽ അവനോട്: എന്നെ എവിടെവെച്ച് അറിയും എന്ന് ചോദിച്ചതിന്നു: ഫിലിപ്പോസ് നിന്നെ വിളിക്കും മുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു. നഥനയേൽ അവനോട്: റബ്ബീ, നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു.'

യോഹ 6:1-14 -വാക്യങ്ങളിൽ 5 യവത്തപ്പവും 2 മീനും കൊണ്ട് അയ്യായിരം പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും പോഷിപ്പിക്കുന്നു.

അതിനുശേഷം കാതലായ ആത്മീയ സത്യങ്ങൾ യേശു അവരെ അറിയിക്കുന്നു.

യോഹ 6:35 -'യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകു ന്നു .....'

യോഹ 6:40 -'പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പ്പിക്കും.'

യേശുക്രിസ്തു ദൈവപുത്രനെന്നും പാപമോചകനെന്നും സ്വയം പരിചയപ്പെടുത്തുമ്പോൾ ഏക സത്യദൈവത്തിൽ വിശ്വസിക്കുന്ന യെഹൂദന് അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ഇത് കഠിന വാക്കാണ്, ഇത് ആർക്ക് കേൾപ്പാൻ കഴിയും എന്നു പറഞ്ഞ് അവർ പിറുപിറുക്കുന്നു. തുടർന്ന്, യേശുവിനെ അനുഗമിച്ച പലരും അവനെ വിട്ടുപോകുന്നതായി നാം കാണുന്നു.

യോഹ 6:67-69 -'ആകയാൽ യേശു പന്തിരുവരോട്: നിങ്ങൾക്കും പൊയ്‌ക്കൊൾവാൻ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോൻ പത്രൊസ് അവനോട്: കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.'

പലരും പിന്മാറിപ്പോയെങ്കിലും ദൈവീകവെളിപ്പാട് ലഭിച്ച് യേശുക്രിസ്തുവിന്റെ ദൈവത്വം ആധികാരികമായി തിരിച്ചറിഞ്ഞ പത്രൊസും ശേഷം ശിഷ്യന്മാരും യേശുവിനെ അതേ അളവിൽ  ഉൾക്കൊണ്ട് പിൻപറ്റുവാൻ ആഗ്രഹിച്ചു. ദൈവത്താൽത്തന്നെ ലഭിക്കുന്ന വെളിപ്പാടിനാലാണ് ഒരുവന് ഈ തിരിച്ചറിവ് ഉണ്ടാകുന്നത്.

വിശുദ്ധവേദപുസ്തകത്തിൽ പുതിയ നിയമത്തിൽ അനേക ലേഖനങ്ങൾ എഴുതിയ ഒരു വ്യക്തിയാണ് അപ്പൊസ്തലനായ പൗലൊസ്. ശൗൽ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ഒരു ക്രിസ്തുശിഷ്യൻ ആയിത്തീർന്നതെങ്ങനെയെന്ന് നാം അപ്പൊസ്തല പ്രവൃത്തികളിൽ കാണുന്നുണ്ട്.

അപ്പോ. പ്ര 22:1-35 വാക്യങ്ങളിൽ പൗലൊസ് യെഹൂദന്മാർക്ക് തന്നെത്താൻ പരിചയപ്പെടുത്തുന്നു.

അപ്പൊ. പ്ര 22:3-5 -'ഞാൻ കിലിക്യയിലെ തർസൊസിൽ ജനിച്ച യെഹൂദനും ഈ നഗരത്തിൽ വളർന്നു ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാൽ നിങ്ങൾ എല്ലാവരും ഇന്നു ഇരിക്കുന്നതുപോലെ ദൈവസേവയിൽ എരിവുള്ളവനായിരുന്നു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചുംവന്നു. അതിന്നു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘം ഒക്കെയും എനിക്കു സാക്ഷികൾ: അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്‌കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിന്നായി യെരുശലേമിലേക്കു കൊണ്ടുവരേണ്ടതിന്നു ഞാൻ അവിടേക്കു യാത്രയായി.'

ഫിലി 3:5,6 -'എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽ ജാതിക്കാരൻ; ബെന്യമിൻ ഗോത്രക്കാരൻ; എബ്രായരിൽ നിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്‌കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.'

ഈ വാക്യങ്ങളൊക്കെയും പൗലൊസ് സ്വയം പരിചയപ്പെടുത്തുന്നതാണ്. ന്യായപ്രമാണത്തിലെ കല്പനകളെല്ലാം അതേപോലെ പാലിക്കാൻ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു പൗലൊസ്.

പുറ 20 :1-17 വാക്യങ്ങളിൽ 10 കല്പനകൾ കാണുന്നുണ്ട്. അതിലെ പ്രധാനമായ ഒരു കല്പനയാണ് ഒന്നാമത്തേത്- 'ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്.' അതുകൊണ്ട്, ഇത് വിശ്വസിച്ച പൗലൊസ് യേശു ദൈവപുത്രൻ എന്ന് സുവിശേഷിച്ച ക്രിസ്തുശിഷ്യരെ കൊല്ലുവാൻ തുനിയുന്നു. ദമസ്‌കൊസിലുളള ഈ മാർഗ്ഗക്കാരെ പിടിച്ചുകെട്ടാൻ പോയ പൗലൊസിന് യേശുക്രിസ്തുവിന്റെ സ്വർഗീയ ദർശനം ഉണ്ടാകുകയാണ്. (അപ്പൊ. പ്ര 9:3-5). പിന്നീട്, ഒരു ക്രിസ്തുശിഷ്യനായി മാറിയ ശൗൽ എന്ന പൗലൊസ് യേശുതന്നേ ദൈവപുത്രൻ എന്ന് യെഹൂദന്മാരുടെ പള്ളികളിൽ പ്രസംഗിക്കാൻ തുടങ്ങി. തന്റെ ലേഖനങ്ങളിൽ പലയിടത്തും യേശുവിന്റെ ദൈവത്വത്തെക്കുറിച്ച് ആധികാരികമായി താൻ പഠിപ്പിക്കുന്നുണ്ട്.

ഫിലി 2 :5,6 - ക്രിസ്തുയേശു മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നവനാണെന്ന് ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.

തീത്തോ 2 :12- ൽ മഹാദൈവവും  നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തു എന്ന് പറഞ്ഞിരിക്കുന്നു.

യോഹ 14:8 -ൽ പിതാവായ ദൈവത്തെ കാണിച്ചുതരേണം എന്ന് ആവശ്യപ്പെടുന്ന ശിഷ്യന്മാരോട് യേശുക്രിസ്തു പറയുന്നു - 'എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.'

യോഹ 14:7 -'നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നു മുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.'

ഒരാളെ അന്വേഷിച്ച് വീട്ടിൽ വരുന്നയാളോട് ആ വ്യക്തിയുടെ മകൻ- 'എന്നെ കണ്ടാൽ മതി, എന്റെ അച്ഛനെ കാണുന്നതിന് തുല്യമാണ്', എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ പറ്റില്ല. കാരണം, ആ മകന് അവന്റേതായ ഒരു വ്യക്തിത്വം ഉണ്ട്. അവന്റെ പിതാവ് വേറൊരു വ്യക്തിയാണ്. എന്നാൽ, ' ഞാനും പിതാവും ഒന്നത്രേ - എന്നെ കണ്ടവൻ എന്റെ പിതാവിനെ കണ്ടിരിക്കുന്നു' - (യോഹ 14 :9) എന്ന് യേശുക്രിസ്തു പറയുമ്പോൾ അത് ആക്ഷരികമായി അങ്ങനെതന്നെയാണ്. യേശുക്രിസ്തു  ഭൂമിയിലായിരുന്നപ്പോൾ പിതാവായ ദൈവത്തിന്റെ എല്ലാ സ്വഭാവ സവിശേഷതകളും അവിടുന്ന് തന്നിലൂടെ നമ്മോട് വെളിപ്പെടുത്തി. ദൈവത്തിന്റെ സ്‌നേഹം, കരുണ, ക്ഷമ, ആർദ്രത, അധികാരം, സർവ്വസമ്പൂർണ്ണത തുടങ്ങിയ ഗുണങ്ങളെല്ലാം അതേപോലെ യേശുവിൽ നാം കാണുന്നുണ്ട്.

വെളിപ്പാട് പുസ്തകം ഒന്നാം അദ്ധ്യായത്തിൽ ക്രിസ്തുശിഷ്യനായ യോഹന്നാൻ പത്മൊസ് എന്ന ദ്വീപിലേക്ക് നാടുകടത്തപ്പെട്ട് അവിടെ തനിച്ച് ആയിരിക്കുമ്പോൾ കർത്തൃദിവസത്തിൽ തനിക്കുണ്ടായ ആത്മവിവശതയിൽ കണ്ട വെളിപ്പാട് വിവരിക്കുന്നു.

വെളി 1:12-15 -'എന്നോടു സംസാരിച്ച നാദം എന്തു എന്നു കാൺമാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടുപഴുപ്പിച്ച വെള്ളോട്ടിന്നു സദൃശ്യവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴുനക്ഷത്രം ഉണ്ട്; അവന്റെ വായിൽ നിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുളള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെ കണ്ടിട്ട് ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാല്ക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതാളത്തിന്റെയും താക്കോൽ എന്റെ കൈവശമുണ്ട്.'

കർത്താവിന്റെ സ്‌നേഹത്താൽ വിളിച്ചു വേർതിരിക്കപ്പെട്ട് യേശുവിനെ അനുഗമിച്ച ശിഷ്യന്മാർ എല്ലാവരും തങ്ങളുടെ യെഹൂദ പാരമ്പര്യത്തിൽ മിശിഹയ്ക്ക് വേണ്ടി, പാപമോചകനായ രക്ഷകന് വേണ്ടി കാത്തിരുന്നവരാണ്. അവർ ഒന്നടങ്കം പറയുന്നു - യേശുക്രിസ്തു പാപത്തെ മോചിക്കുവാൻ അധികാരമുള്ളവനാണ്, ദൈവപുത്രനാണ് - സാക്ഷാൽ ദൈവമാണ്.

യോഹന്നാൻ എഴുതി (യോഹ 1:1-3) 'ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു .....'

ആ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിച്ച് അവിടുത്തേക്ക് വേണ്ടി ഒരുങ്ങാം. സമർപ്പിക്കാം.'


Video Link







Comments

Popular posts from this blog

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5