19 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 1
19 യേശുക്രിസ്തു ആരാണ് ?
ജീവന്റെ അപ്പം - 1
യോഹന്നാൻ 6:35
ഈ ഭൂമിയിലായിരിക്കുന്ന നമുക്കെല്ലാം ജീവൻ നിലനിർത്താൻ ആഹാരവും ജലവും ആവശ്യമാണ്. നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനും, വളർച്ചയ്ക്കും ഉന്മേഷത്തിനും വ്യത്യസ്തമായ ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യമാണ്. എന്നാൽ, വളരെ വ്യത്യസ്തമായ നിലയിലാണ് യേശുക്രിസ്തു ഇവിടെ തന്നെത്താൻ പരിചയപ്പെടുത്തുന്നത്.
യോഹ 6:35 -'യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്റെ അപ്പം ആകു
ന്നു .....'
അധികമാരും ചിന്തിക്കുകയോ, പ്രാധാന്യം കൊടുക്കുകയോ ചെയ്യാത്ത ഒരു വസ്തുതയാണ് യേശു ഇവിടെ പങ്കുവെയ്ക്കുന്നത്. യേശുവിനെക്കുറിച്ച് ലോകം പലതരത്തിലാണ് ഇന്ന് വിലയിരുത്തുന്നത്. ചിലർ പറയുന്നു അവിടുന്ന് മതപരിവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു, മറ്റുചിലർ അദ്ദേഹത്തെ ഒരു സാമൂഹിക പരിഷ്‌കർത്താവോ വിപ്ലവകാരിയോ ആയി കാണുന്നു. അതിനാൽത്തന്നെ യേശുക്രിസ്തുവിന്റെ സ്വയം പരിചയപ്പെടുത്തലിന് ഇന്ന് പ്രാധാന്യം ഏറെയുണ്ട്. ശരീരത്തിന് അപ്പം അഥവാ ആഹാരം ആവശ്യമുള്ളതുപോലെ മനുഷ്യന്റെ ജീവന്റെ സമൃദ്ധിക്ക് പോഷണം ആവശ്യമാണെന്നും അത് യേശുക്രിസ്തു ആണ് എന്നുമാണ് ഇതിന്റെ അർത്ഥം.
യോഹ 10:10 -'മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല, അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രെ ഞാൻ വന്നിരിക്കുന്നത്.'
ഉല്പ 1:26- 'അനന്തരം ദൈവം; നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.'
ഉല്പ 2:7 -'യഹോവയായ ദൈവം നിലത്തെപൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.'
ദൈവം ഒരു മനുഷ്യരൂപം സൃഷ്ടിച്ചിട്ട് അതിന്റെ മൂക്കിലേക്ക് ജീവശ്വാസം ഊതി. ദൈവത്തിന്റെ ജീവൻ ഉൾക്കൊള്ളുന്ന ശ്വാസം മനുഷ്യനിലേക്ക് ഊതിയപ്പോൾ അവൻ ജീവനുള്ള ദേഹിയായിത്തീർന്നു. ദേഹി അല്ലെങ്കിൽ പ്രാണൻ നിലനിൽക്കുന്നത് ജീവനുള്ള ശരീരത്തിലാണ്. എന്നാൽ, പ്രവർത്തിക്കാനും ചിന്തിക്കാനും കഴിയുന്ന ദേഹിയെക്കൂടാതെ മറ്റൊരു ജീവൻകൂടി മനുഷ്യനിലേക്ക് ദൈവം നൽകി. അങ്ങനെയാണ് മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നത്.
റോമ 3:23 -'ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു.'
പാപം ചെയ്യുന്നതിനുമുമ്പ് മനുഷ്യന് തേജസ്സ് ഉണ്ടായിരുന്നു. ആ തേജസ്സ് പ്രദാനം ചെയ്ത ജീവനാണ് ദൈവം മൂക്കിലേക്ക് ജീവശ്വാസം ഊതിയപ്പോൾ മനുഷ്യന് പകർന്ന് കിട്ടിയത്. ഈ ജീവൻ പ്രാപിച്ച ആദാമിന് ഇന്ന് നാം കാണുന്ന മരണമുള്ള അവസ്ഥ ആയിരുന്നില്ല. ദൈവസാന്നിധ്യം അറിഞ്ഞ്, ദൈവശബ്ദം കേട്ട്, സന്തോഷവും, സമാധാനവും അനുഭവിച്ച് ഭൂമിയെ വാഴാൻവേണ്ടിയാണ് ആദാമിനെ ദൈവം സൃഷ്ടിച്ചത്.
റോമ 8:10 -'ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.'
ദൈവത്തിന്റെ ആത്മാവ് പകർന്നതുനിമിത്തം മനുഷ്യനിലുണ്ടായ ജീവൻ തന്നെയാണ് ക്രിസ്തു നിമിത്തം ഉണ്ടാകുന്ന ജീവൻ.
ലേവ്യ 17:14 -'സകല ജഡത്തിന്റെയും ജീവൻ അതിന്റെ ജീവാധാരമായ രക്തം തന്നേ .....'
ശരീരത്തിൽ രക്തം മൂലമുണ്ടാകുന്ന ജീവനാണ് ക്രിയാത്മകമായി പ്രവർത്തിക്കാൻ നമ്മെ പ്രാപ്തമാക്കുന്നത് എന്ന് ഈ വാക്യം വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാം. പക്ഷെ, യേശുക്രിസ്തു പകർന്നു തരുന്ന ജീവൻ ദൈവതേജസ്സ് നൽകുന്ന ദൈവീകചിന്തകൾ നമ്മിലേക്ക് പകരുന്ന ജീവനാണ്. അതുകൊണ്ട് 'ഞാൻ ജീവന്റെ അപ്പം' എന്ന് യേശുക്രിസ്തു പറയുമ്പോൾ അത് അർത്ഥമാക്കുന്നത് ദൈവീക ജീവൻ നമുക്ക് നല്കുവാനും അതിന്റെ സമൃദ്ധിയിലേക്ക് നടത്തുവാനുമാണ് യേശു വന്നത് എന്നാണ്. യോഹന്നാൻ 6-ാം അദ്ധ്യായത്തിൽ യേശു അഞ്ചപ്പവും രണ്ട് മീനും കൊണ്ട് 5000 പുരുഷന്മാരെയും അവരുടെ കുടുംബങ്ങളെയും പോഷിപ്പിക്കുന്നു. തുടർന്ന്, അടുത്ത ദിവസവും അവർ യേശുവിനെ അന്വേഷിച്ച് വരുന്നു. ആ സ്ഥലത്ത് യേശുവിനെ കാണാത്തതിനാൽ ചെറുപടകുകളിൽ കയറി അക്കരെയെത്തി യേശുവിനെ കണ്ടെത്തുന്നു. യേശു അവരോട് പറയുന്നത് നിങ്ങൾ എന്നെ തിരക്കി വന്നത് ഇന്നലെ നിങ്ങൾ അപ്പം തിന്ന് തൃപ്തരായതുകൊണ്ടാണ് എന്നാണ്. മരുഭൂമിയിൽ മോശെ മന്ന വർഷിപ്പിച്ചു തന്ന് പോഷിപ്പിച്ചു എന്ന് പറഞ്ഞ ജനത്തോട് യേശുക്രിസ്തു പറയുന്നത് മോശയിലൂടെ ദൈവമാണ് സ്വർഗ്ഗത്തിൽ നിന്ന് മന്നാ കൊടുത്തത് എന്നാണ്. ഈ മന്ന തിന്നാലും കഴിഞ്ഞ ദിവസം ലഭിച്ചതുപോലെയുള്ള അപ്പം തിന്നാലും നിങ്ങൾ മരിക്കും, എന്നാൽ മരണത്തെ ജയിക്കുന്ന ജീവൻ ഒരുവന് ഉണ്ടാകണമെങ്കിൽ അത് യേശുവിൽ നിന്നാണ് പ്രാപിക്കേണ്ടത് എന്ന് യേശു ജനത്തോട് ഉത്തരം പറയുകയാണ്.
മത്താ 16:26 -'ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവനു എന്തു പ്രയോജനം .....?
ഈ ഭൂമിയിലായിരിക്കുമ്പോൾ ഒരുവന് ധനം സമ്പാദിക്കാം, ആർഭാടമായ ജീവിതം നയിക്കാം, സുഖഭോഗങ്ങൾക്ക് വേണ്ടി പണം ചിലവഴിക്കാം, പേരിനും, പ്രശ്‌സതിക്കും, മാന്യതയ്ക്കും വേണ്ടി എന്തും ചെയ്യാം, മറ്റുള്ളവരുടെ ശ്രദ്ധ നേടാൻവേണ്ടി പല കാര്യങ്ങളും ചെയ്യാം. പക്ഷെ, ഇതെല്ലാം നേടിയാലും നമ്മുടെ ജീവനെ നഷ്ടമാക്കിയാൽ എന്ത് പ്രയോജനം? ഇത് ഓരോരുത്തരോടുമുള്ള യേശുക്രിസ്തുവിന്റെ വ്യക്തിപരമായ ചോദ്യമാണ്. ഈ ഭൂമിയിൽ ജനിക്കാനുള്ള അവസരവും, ജീവിക്കാനുള്ള സാഹചര്യവും, ജീവനും ദൈവം തന്നു. എന്നാൽ ഇതുകൊണ്ട് നിത്യമായ കാലത്തേക്ക് എന്താണ് പ്രയോജനം. പലരും കരുതുന്നതുപോലെ മരണത്തോടുകൂടി എല്ലാം അവസാനിക്കുന്നില്ല. ഈ ഭൂമിയിലെ ആയുസ്സിന്‌ശേഷം വരുവാനുള്ള ഒരു ദീർഘമായ കാലഘട്ടം ഉണ്ട്. അപ്പോൾ എങ്ങനെ ആയിരിക്കണം എന്നുള്ളതിന്റെ പരിശീലനകാലമാണ് ഈ ഭൂമിയിലെ ജീവിതം.
1 തെസ്സ 5:23 -'..... നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.'
മനുഷ്യന് ആത്മാവും, പ്രാണനും, ദേഹവുമുണ്ട്. അതായത് മനസാക്ഷിയെ ഉണർത്തുന്ന മനുഷ്യാത്മാവ്, വിവേകവും വകതിരിവും, ബുദ്ധിയും ചിന്തകളും നൽകുന്ന മനസ്സ്, ശരീരം എന്നിവ ഉണ്ട്. എന്നാൽ ഇവിടെ പറയുന്നത് അതിനുപരിയായി മനുഷ്യനുള്ള ജീവനെക്കുറിച്ചാണ്. ഈ ഭൂമിയിൽ ജീവനുള്ളവയുടെ എല്ലാം അവസ്ഥ വ്യത്യസ്തമാണ്. മരങ്ങൾ ഓടിനടക്കുന്നില്ലെങ്കിലും അവയ്ക്ക് ജീവനുണ്ട്. ഭൂമിയിൽ നിന്ന് ജലവും, ലവണങ്ങളും വലിച്ചെടുത്ത് സ്വന്തമായി ആഹാരം പാകം ചെയ്ത് അവ വളരുന്നുണ്ട്. പക്ഷിമൃഗാദികളുടെ ജീവൻ വേറൊരു തരത്തിലാണ്. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ബാക്ടീരിയ, ഫംഗസ്, അമീബ തുടങ്ങിയ ജീവികളും ഉണ്ട്. കഴിഞ്ഞ നാളിൽ ജോൺ ആഗസ്റ്റെ അഫ്രയിൽ എന്ന ജർമ്മൻ ബയോളജിസ്റ്റ് ടാർഡിഗ്രേഡ് എന്ന ഒരു ജീവിയെ കണ്ടെത്തി. ജലവും, ഭക്ഷണവും ഇല്ലാതെ ഏത് ഉയർന്ന ഊഷ്മാവിലും, ഇവയ്ക്ക് വർഷങ്ങളോളം ജീവിക്കാൻ കഴിയും. ദൈവം ഓരോന്നിനും ജീവൻ പകർന്നിരിക്കുന്നത് വ്യത്യസ്തമായ തരത്തിലാണ്. നാം മരിച്ച് കിടക്കുമ്പോഴും നമ്മുടെ ശരീരത്തിലെ അടിസ്ഥാന ഘടകമായ കോശങ്ങളിലെ ആറ്റങ്ങൾ സജീവമാണ്. ചലനാത്മകമായ ജീവൻ നമ്മുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടാലും അതിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവൻ നമ്മുടെ ശരീരത്തിലെ ഓരോ ആറ്റങ്ങളിലും നിലനിൽക്കുന്നു.
ഉല്പത്തി 1,2,3 അദ്ധ്യായങ്ങളിൽ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതും അവനെ ഏദെൻ തോട്ടത്തിൽ ആക്കുന്നതും നമുക്ക് കാണാം. ദൈവകല്പനയെ ലംഘിച്ച് അനുസരണക്കേടിനാൽ മനുഷ്യൻ ദൈവത്തോട് പാപം ചെയ്യുന്നു. അതിന്റെ ഫലമായി ദൈവം ജീവശ്വാസം ഊതിയപ്പോൾ നൽകപ്പെട്ട ദൈവതേജസ്സ് പ്രദാനം ചെയ്തിരുന്ന ദൈവീകജീവൻ അവരിൽ നിന്ന് നഷ്ടമായി. അവർ തങ്ങളെത്തന്നെ നഗ്നരെന്ന് തിരിച്ചറിയുകയാണ്. ഇവിടെയാണ് യേശുക്രിസ്തുവിന്റെ പ്രഖ്യാപനം നമുക്കെല്ലാവർക്കും ആവശ്യമായി വരുന്നത്.
ഒന്നാമത്തെ മനുഷ്യനായ നമ്മുടെ പൂർവ്വപിതാവായ ആദാമിനെ ദൈവം സൃഷ്ടിച്ചപ്പോൾ അവനു നൽകിയിരുന്ന തേജസ്സ് എനിക്കും നിങ്ങൾക്കും ലഭ്യമാകുവാൻ നമുക്ക് യേശുക്രിസ്തുവിനെ ആവശ്യമാണ്. അവിടുത്തെ മുമ്പാകെ നമുക്ക് നമ്മുടെ ജീവിതം സമർപ്പിക്കാം. ആ യേശുവിനെ കർത്താവായി അംഗീകരിച്ച് ഒരു വിശുദ്ധജീവിതം നയിക്കുവാൻ നമുക്കേവർക്കും കഴിയട്ടെ!
video lInk
Comments
Post a Comment