2 ആരാണ് ദൈവം II Bible Study IIBro Sunil Kumar C.G
2
ആരാണ് ദൈവം II Bible Study
Bro Sunil Kumar C.G
ഉല്പത്തി 1:27
2 തിമൊ 3:16 -'എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ.' ഈ വാക്യത്തിൽ നാം കാണുന്നത് എല്ലാ തിരുവെഴുത്തും ദൈവം പ്രചോദനം കൊടുത്തിട്ട് എഴുതപ്പെട്ടതാണ് എന്നാണ്. ഇവിടെ നമുക്ക് ന്യായമായി ഉണ്ടാവാനിടയുള്ള ഒരു സംശയം, പ്രചോദനം കൊടുക്കുന്ന ഒരു വ്യക്തിത്വമാണോ ദൈവം എന്നുള്ളതാണ്.
പൊതുവെ അനേകർക്കും ദൈവം ഒരു സങ്കൽപമാണ്; ദൈവം നമ്മിൽ നിന്നും വളരെ ദൂരെ നിൽക്കുന്നു, ദൈവം നമുക്ക് അപ്രാപ്യനായ, കേൾക്കാനും, കാണാനും കഴിയാത്ത ഒരു ശക്തിയാണ്, എന്നൊക്കെയാണ്. ചിലർ ദൈവം ഉണ്ടെന്ന് ചിന്തിച്ച്, വിശ്വസിച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്നു. പല നിലകളിൽ അവർ ദൈവത്തോടുള്ള ബന്ധവും സമീപനവും തുടരാൻ പരിശ്രമിക്കുന്നു. മറ്റു ചിലർ ദൈവം ഇല്ല എന്നു വിശ്വസിക്കുന്നു. വേറെ ചിലർ ദൈവം ഉണ്ടെങ്കിലും തങ്ങൾക്ക് അപ്രാപ്യനാണ് എന്ന് ചിന്തിച്ച് കഴിയുന്നു.
വിശുദ്ധവേദപുസ്തകം തുടങ്ങുന്നത് ദൈവത്തിന്റെ സൃഷ്ടി വൈഭവം വെളിപ്പെടുത്തിക്കൊണ്ടാണ്. അതായത് ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ശ്രമിക്കാതെ, ദൈവത്തിന്റെ അസ്തിത്വം ഉറപ്പിക്കാൻ പരിശ്രമം നടത്താതെ, ദൈവത്തിന്റെ സമ്പൂർണ്ണമായ അസ്തിത്വത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് വേദപുസ്തകം തുടങ്ങുന്നത്.
ഉല്പ 1:1 -'ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.' ബൈബിൾ ആരംഭിക്കുന്നത് ദൈവത്തിന്റെ സൃഷ്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. ആകാശത്തേ യും ഭൂമിയേയും കാണുമ്പോൾ നാം ഓർക്കേണ്ടത് സ്രഷ്ടാവായ, യാഥാർത്ഥ്യമായ, നിലനിൽക്കുന്ന ഒരു ദൈവം ഉണ്ട് എന്നാണ്.
ഉല്പ 1:1-25 - വാക്യങ്ങളിൽ ദൈവത്തിന്റെ സകലവിധമായ സൃഷ്ടിയുടെ മനോ ഹാരിത നാം കാണുന്നു. ഭൂമിയേയും, സൂര്യചന്ദ്രന്മാരേയും, നക്ഷത്രങ്ങളേയും സൃഷ്ടിക്കുന്നു. ഭൂമിയിൽ നിന്ന് സസ്യലതാദികളെ മുളപ്പിക്കുന്നു, മൃഗങ്ങളെ സൃഷ്ടിക്കുന്നു, അങ്ങ നെ ദൈവത്തിന്റെ സൃഷ്ടിപ്പിന്റെ വിവരണമാണ് ഒന്നാം അധ്യായത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്.
ശാസ്ത്രം പറയുന്നു - ഊർജ്ജത്തെ ഉണ്ടാക്കാനോ, നശിപ്പിക്കാനോ കഴിയില്ല; ഊർജ്ജത്തെ ഒരു അവസ്ഥയിൽ നിന്നു മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ സാധ്യമാകു.
ഒരു വീട് പണിയാനായി പാറ, മണൽ, സിമന്റ്, കമ്പി, മരം തുടങ്ങിയ സാധനങ്ങ ൾ വേണം. ഒരു നിർമ്മാണ പ്രവർത്തനം നടത്താൻ, ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്ലാതെ നമുക്ക് സാധിക്കില്ല. അങ്ങനെയെങ്കിൽ നാം ഈ ഭൂമിയെ നോക്കുമ്പോൾ എത്ര വൈവിധ്യവും വ്യത്യസ്തവുമായ തലങ്ങളിലാണ് ഈ ഭൂമിയിൽ എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ഭൂമിയിലെ കുന്നുകൾ, നദികൾ, ജലാശയങ്ങൾ, സമുദ്രങ്ങൾ, വൃക്ഷലതാദികൾ ഇവയെല്ലാം എത്ര വ്യത്യസ്തതയുള്ളതാണ്. ഈ പ്രപഞ്ചം തന്നെ വിളിച്ചു പറയുന്നു - സ്രഷ്ടാവായ ഒരു ദൈവം ഉണ്ട്!
നാം വസിക്കുന്ന ഭൂമിയുടെ ഏകദേശ വ്യാസം 12,748 കി.മീറ്റർ ആണ്. ഭൂമിയെ വലംവയ്ക്കുന്ന ചന്ദ്രന്റെ ഏകദേശ വ്യാസം 3475 കി.മീറ്റർ ആണ്. ഭൂമിയ്ക്ക് 50 ചന്ദ്രനെ ഉൾക്കൊള്ളാൻ കഴിയും. എന്നാൽ സൂര്യനുമായി ഭൂമിയെ താരതമ്യപ്പെടുത്തിയാൽ, ഒരു സൂര്യനകത്ത് 13 ലക്ഷം ഭൂമിയെ ഉൾക്കൊള്ളിക്കാൻ കഴിയും, അത്ര വലുതാണ് സൂര്യൻ.
ശാസ്ത്രം കണ്ടുപിടിച്ചതിൽ ഏറ്റവും വലിയ നക്ഷത്രമാണ് വി.കാനിസ് മെജോറിസ്. ഏകദേശം 93,000 ലക്ഷം സൂര്യനെ ആ നക്ഷത്രത്തിൽ ഉൾക്കൊള്ളിക്കാം. ഈ പ്രപഞ്ചത്തിൽ എത്രയോ സൗരയൂഥങ്ങൾ, ക്ഷീരപഥങ്ങൾ (ഗ്യാലക്‌സികൾ) എന്നിവ ഉണ്ട്. ഇതെല്ലാം എവിടെ നിന്ന് ഉണ്ടായി? കേവലം ശൂന്യതയിൽ നിന്ന് ഒരു നിമിഷം കൊണ്ട് പൊട്ടി മുളച്ച് വന്നതാണോ ഇതൊക്കെ?
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രം ഇപ്പോൾ നൽകുന്ന വിശദീകരണം 'ബിഗ് ബാങ്ങ് തിയറി' ആണ്. അതായത് ഏതോ ഒരു മഹാവിസ്‌ഫോടനത്തിന്റെ അനന്തരഫലമാണ് ഈ പ്രപഞ്ചം എന്നാണ് ശാസ്ത്രം പറയുന്നത്. അവിടെ നാം ചിന്തിക്കേണ്ട ഒരു വസ്തുത എങ്ങനെയാണ് ഈ മഹാവിസ്‌ഫോടനം ഉണ്ടായത് എന്നാണ്. ഇവിടെയാണ് സ്രഷ്ടാവായ ദൈവത്തിലേക്ക് നാം എത്തുന്നത്.
സങ്കീ 146:6 -'ദൈവം ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി .....'
സങ്കീ 33:9 -'ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; ദൈവം കൽപിച്ചു, അങ്ങനെ സ്ഥാപിതമായി.'
ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച മഹാവിസ്‌ഫോടനം എന്തായിരുന്നു? അതാണ് സങ്കീ 33:9 - ൽ നാം കാണുന്നത്. ദൈവം ഉണ്ടാകട്ടെ എന്ന് കല്പിച്ചപ്പോൾ; അവിടുത്തെ കല്പനയിൽ ഈ സകല പ്രപഞ്ചവും ഉളവായി.
ദൈവം കേവലം ഒരു ശക്തി മാത്രമല്ല. കാറ്റ്, തിരമാല, സുനാമി, ടൊർണാഡോ, കൊടുങ്കാറ്റ് ഇവയ്‌ക്കെല്ലാം ശക്തിയുണ്ട്. എന്നാൽ ഈ ശക്തികൾ ഒന്നും നിർമ്മാണ പ്രവർത്തനം നടത്തുന്നില്ല; നേരെ മറിച്ച് നശീകരണ പ്രവർത്തനമാണ് നടത്തുന്നത്. തിരമാലയടിച്ച് മനോഹരമായ ഒരു വീട് ഉണ്ടാകുന്നില്ല, കൊടുങ്കാറ്റിന് ഒരു നിർമ്മിതിയെ നശിപ്പിക്കാനേ കഴിയൂ. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം; ദൈവം കേവലം ഒരു ശക്തി മാത്രമല്ല; ജ്ഞാനത്തോടെ, വളരെ വ്യക്തമായ ഒരു രൂപരേഖയോടെ, ലക്ഷ്യത്തോടെ സൃഷ്ടി നടത്താൻ തക്കവണ്ണം സർവ്വശക്തനും, സർവ്വജ്ഞാനിയും, സർവ്വവ്യാപിയും, സർവ്വസമ്പൂർണ്ണനുമാണ്.
നാലോ, അഞ്ചോ അംഗസംഖ്യയുള്ള ഒരു കുടുംബം പുലർത്താൻ ഒരു സാധാരണ മനുഷ്യൻ എത്രമാത്രം പാടുപെടുന്നു. ഈ പ്രപഞ്ചത്തിൽ സമുദ്രത്തിലെ മത്സ്യങ്ങൾ, കാട്ടിലെ മൃഗങ്ങൾ, പറവകൾ, സസ്യജാലങ്ങൾ, മനുഷ്യൻ എന്നിവ ഉൾപ്പെടെ കോടാനുകോടി ജീവജാലങ്ങൾ ഉണ്ട്. വൈവിധ്യമാർന്ന ഇവയ്‌ക്കെല്ലാം വേണ്ടുന്ന തോതിലും അനുപാതത്തിലും ആവശ്യമായ ഭക്ഷണം, ജീവിക്കാൻ ആവശ്യമായ അനുകൂല സാഹചര്യങ്ങൾ, ഭൂപ്രകൃതി ഇവ ഒക്കെ ഒരുക്കി, എത്ര ചിട്ടയോടെ, സന്തുലിതമായിട്ടാണ് ദൈവം ഈ കാര്യങ്ങളെല്ലാം ചെയ്തിരിയ്ക്കുന്നത്.
കേവലം ശൂന്യതയിൽ നിന്ന് ഇതൊന്നും ഉളവായി വന്നതല്ല. ഒരു സംഭവം ഇങ്ങനെ കേട്ടിട്ടുണ്ട് - വൈദ്യുത ബൾബ് കണ്ടുപിടിച്ച തോമസ് ആൽവാ എഡിസൻ ഒരിയ്ക്കൽ ഒരു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയിൽ അദ്ദേഹം ബൈബിൾ വായിച്ചു കൊണ്ടിരുന്നു. തൊട്ടടുത്ത് വന്നിരുന്ന യുവാവായ ഒരു യാത്രക്കാരൻ എഡിസൻ ബൈബിൾ വായിയ്ക്കുന്നത് കണ്ടപ്പോൾ വളരെ അസ്വസ്ഥനായി. ആ യുവാവ് താൻ ഒരു യുവശാസ്ത്രജ്ഞനാണ് എന്ന് എഡിസനെ സ്വയം പരിചയപ്പെടുത്തി. ഈ ബൈബിൾ വായിയ്ക്കുന്നതിലെ യുക്തിരാഹിത്യത്തെ കുറിച്ച് എഡിസനോട് സംസാരിച്ചു. ശേഷം എഡി സന് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തിയപ്പോൾ അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് വിസിറ്റിംഗ് കാർഡ് എടുത്ത് ഈ യുവശാസ്ത്രജ്ഞന് കൊടുത്തു. അപ്പോഴാണ് ഈ യുവാവ് എഡിസനെ തിരിച്ചറിഞ്ഞത്. അദ്ദേഹം എഡിസനോട് എനിക്ക് താങ്കളെ വ്യക്തിപരമായി ഒന്നു കണ്ട്, അങ്ങയോടൊപ്പം കുറച്ചു നിമിഷങ്ങൾ ചെലവഴിക്കാൻ ആഗ്രഹം ഉണ്ട് എന്നു പറഞ്ഞു. എഡിസൻ ഒരു സമയം അദ്ദേഹത്തിന് അനുവദിച്ചു കൊടുത്തു. ആ ദിവസം പറഞ്ഞ സമയത്ത് തന്നെ ആ യുവാവ് എഡിസന്റെ അടുത്തെത്തി. ദീർഘനേരത്തെ സംഭാഷണത്തിനു ശേഷം അദ്ദേഹത്തിന്റെ പരീക്ഷണശാലയിലേക്ക് അവർ ഒരുമിച്ചു കയറി. ഓരോരോ ഉപകരണങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെ കണ്ടുകണ്ട് വരുന്ന വഴിയിൽ സൗരയൂഥത്തിന്റെ മനോഹരമായ ഒരു മാതൃക അവിടെ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നത് ഈ യുവശാസ്ത്രജ്ഞന്റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം എഡിസനോടു ചോദിച്ചു- 'ആരാണ് ഇത്ര മനോഹരമായി ഈ മാതൃക പണിതെടുത്തത്.' എഡിസൻ പറഞ്ഞു -'ഞാൻ കഴിഞ്ഞ ദിവസം ഇവിടെ നിന്നു പോകുമ്പോൾ ഇത് ഇവിടെ ഇല്ലായിരുന്നു. ഇന്നു ഞാൻ വന്നപ്പോൾ ഇവിടെ ഇത് ഇരിയ്ക്കുന്നത് കണ്ടു.' യുവശാസ്ത്രജ്ഞന് മനസ്സിലായി അത് ഒരിക്കലും സാധ്യമല്ല. ഒരു ദിവസം കൊണ്ട് ഇത് എങ്ങനെ തനിയെ ഉണ്ടാകും. വീണ്ടും അദ്ദേഹം എഡിസനോട് അതേ ചോദ്യം ആവർത്തിച്ചു. ഉടനെ എഡിസൺ മറുപടി പറഞ്ഞു -'കോടാനുകോടി നക്ഷത്രങ്ങളേയും, ഈ പ്രപഞ്ചത്തിലെ സകലത്തേയും സൃഷ്ടിച്ച, ഒരു ദൈവമില്ല എന്ന് ചിലർ വിശ്വസിക്കുന്നു. അങ്ങനെയെങ്കിൽ ഒരു സ്രഷ്ടാവില്ലാതെ സ്വയം ആയാണ് ഈ പ്രപഞ്ചം ഉണ്ടായി വന്നതെങ്കിൽ; ഈ മാതൃക ഒരു ദിവസം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമുണ്ടോ?' അപ്പോഴാണ് ആ യുവശാസ്ത്രജ്ഞന് തന്റെ ചിന്താഗതിയിലെ അബദ്ധം മനസ്സിലായത്.
കേവലം ഒരു സൗരയൂഥത്തിന്റെ മാതൃക നിർമ്മിക്കാൻ ഒരു വ്യക്തിയുടെ കരം ആവശ്യമാണെങ്കിൽ; ഇത്ര ചിട്ടയോടെ, മനോഹരമായി, ഈ പ്രപഞ്ചത്തെ, ശൂന്യതയിൽ നിന്ന് സൃഷ്ടിച്ച, പരിപാലിക്കുന്ന, യഥാവിധി നിലനിർത്തുന്ന ഒരു ദൈവം ഉണ്ട് - സ്രഷ്ടാവായ ദൈവം.
സ്രഷ്ടാവായ ദൈവം സൃഷ്ടിയിൽ ഉണ്ടാവണമെന്ന് നിർബന്ധമില്ല. കോഴിക്കൂട് പണിത ആശാരി അതിലില്ല. നാം ഉപയോഗിക്കുന്ന വാഹനങ്ങളിലൊന്നും അതിന്റെ നിർമ്മാതാവില്ല. നാം വീട് പണിയാൻ ഒരു കോൺട്രാക്ടറെ ഏൽപ്പിച്ചാൽ അദ്ദേഹം മനോഹരമായി അത് പണിത് നമുക്ക് കൈമാറുന്നു. ആ കോൺട്രാക്ടറാണ്, പണി പൂർത്തിയാക്കിയത് എന്നതു കൊണ്ട് അദ്ദേഹത്തിന് ആ വീട്ടിൽ താമസിക്കാനുള്ള സ്വാതന്ത്ര്യമോ, അധികാരമോ ഇല്ല. വീട് നമുക്ക് കൈമാറിയിട്ട് തന്റെ അടുത്ത പണിയ്ക്കായി അദ്ദേഹം പോകും. ഒരു സൃഷ്ടി നടത്തി എന്ന് കരുതി നിർമ്മാതാവ് അതിൽ ഉണ്ടാവണമെന്നില്ല. ഈ സകലവും സൃഷ്ടിച്ചത് ദൈവമാണെങ്കിലും അതിൽ ദൈവം വസിയ്ക്കണമെന്നില്ല.
മനുഷ്യൻ ദൈവത്തിന്റെ സൃഷ്ടി ആണെങ്കിലും, അവനിൽ ദൈവം വസിയ്ക്കണമെന്നില്ല. ദൈവം സർവ്വ ശക്തനും, സർവ്വ ജ്ഞാനിയും, സർവ്വ വ്യാപിയും, സർവ്വ സമ്പൂർണ്ണനുമാണ്. ആ ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചത്.
ഉല്പ 1:26 -'അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക; .....'
ഉല്പ 1:27 -'ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.'
ഉല്പ 2:7 -'..... യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിത്തീർന്നു.'
ഈ വാക്യങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്ന യാഥാർത്ഥ്യം മനുഷ്യൻ ഒരു നാൾ എവിടെ നിന്നോ പൊട്ടി മുളച്ചു വന്നതല്ല. മറിച്ച്, തന്റെ വാക്കിനാൽ പ്രപഞ്ചത്തെ സൃഷ്ടിച്ച
ദൈവം തന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചതാണ്. മനുഷ്യന്റെ ശരീരഘടന ഒന്ന് പരിശോധിച്ചാൽ; എത്ര അത്ഭുതകരമായിട്ടാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്ന് കാണാൻ കഴിയും. സാധാരണ മനുഷ്യന്റെ ഹൃദയത്തിന്റെ ഭാരം 310 ഗ്രാം ആണ്. ഈ ഹൃദയം ഒരു മിനിറ്റിൽ ശരാശരി 72 പ്രാവശ്യം സ്പന്ദിക്കുന്നു. ഒരു മിനിറ്റിൽ 5-7 ലിറ്റർ വരെ രക്തമാണ് ഹൃദയം പമ്പ് ചെയ്യുന്നത്. ഭവനത്തിൽ ഉപയോഗിയ്ക്കുന്ന പമ്പുകൾ തുടങ്ങി നാം നിരന്തരം ഉപയോഗിയ്ക്കുന്ന ഉപകരണങ്ങൾ എല്ലാം, ഇടയ്ക്കിടയ്ക്ക് അതിന്റെ മെയിന്റനൻസ് പണികൾ ചെയ്യേണ്ടതായുണ്ട്. എന്നാൽ, ഒരു മനുഷ്യന്റെ ജീവിത കാലയളവിൽ മുഴുവൻ വിശ്രമമില്ലാതെ ഹൃദയം അതിന്റെ പ്രവർത്തി ചെയ്യുന്നു!
മനുഷ്യനെ ദൈവം തനതായ വ്യക്തിത്വത്തിലാണ് സൃഷ്ടിച്ചിരിയ്ക്കുന്നത്. നിലത്തെ പൊടി കൊണ്ട് അവിടുത്തെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ചു. മറ്റെന്തിൽ നിന്നെങ്കിലും രൂപാന്തരം പ്രാപിച്ച് ഉണ്ടായതല്ല മനുഷ്യൻ. കുരങ്ങിൽ നിന്ന് വാല് മുറിഞ്ഞാണ് മനുഷ്യൻ ഉണ്ടായത് എന്ന് ചിന്തിച്ചാൽത്തന്നെയും കേവലം വാലു മുറിഞ്ഞാൽ മാത്രം പോരല്ലോ; രോമം പൊഴിയണം അവയവങ്ങളുടെ ഘടന മാറണം; ഇതിനെല്ലാം ഉപരി ചിന്താശക്തി, വ്യക്തിത്വം ഇതെല്ലാം മാറണമല്ലൊ?
ഒരു പല്ലി അപകടത്തിൽപെട്ടാൽ വാലു മുറിച്ച് രക്ഷപ്പെടും. പല്ലി ഉണ്ടായ കാലം മുതൽ ഇങ്ങനെയാണ്. പുതിയതായി ആ വാല് മുളച്ചു വരും. തലമുറയായി നടക്കുന്ന കാര്യമാണെങ്കിലും ഈ കാലത്തുള്ള പല്ലികൾക്കും വാലുണ്ട്. അതിനെ സൃഷ്ടിച്ച സ്രഷ്ടാവ് അത്തരത്തിൽ രൂപകൽപ്പന ചെയ്താണ് പല്ലിയെ സൃഷ്ടിച്ചത്.
അപ്പൊ. പ്ര 14:17 -'..... നന്മ ചെയ്കയും ആകാശത്തു നിന്ന് മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്ക് തരികയും ആഹാരവും സന്തോഷവും നൽകി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാൽ തന്നെക്കുറിച്ച് ദൈവം സാക്ഷ്യം തരാതിരുന്നിട്ടില്ല.'
വെള്ളം നിറമില്ലാത്ത, പ്രത്യേകിച്ച് രുചിയില്ലാത്ത ഒരു ദ്രാവകമാണ്. ഈ ജലത്തെ ആ രീതിയിൽ നിർമ്മിച്ചതാരാണ്? ഭൂമിക്കടിയിൽ ഇതിനെ സൂക്ഷിച്ചതാരാണ്? ഹൈഡ്രജന്റെയും, ഓക്‌സിജന്റെയും കൂടിച്ചേരലാണ് വെള്ളം. ഹൈഡ്രജൻ തനതായി നിന്നാൽ കത്തുന്ന വാതകമാണ്. ഓക്‌സിജൻ കത്താൻ സഹായിക്കുന്ന ഒരു വാതകമാണ്. ഇത് രണ്ടും കൂട്ടിച്ചേർത്ത് തീ കെടുത്തുന്ന ജലമാക്കി മാറ്റിയതാണ് ദൈവത്തിന്റെ അത്ഭുത സൃഷ്ടിയുടെ പ്രദർശനം. ഏത് സൃഷ്ടിയിലേയ്ക്ക് നോക്കിയാലും ഇങ്ങനെ വ്യത്യസ്തമായും മനോഹരമായുമാണ് ഇവയെല്ലാം സൃഷ്ടിക്കപ്പെട്ടിരിയ്ക്കുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും.
റോമ 1:20 -'അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടി മുതൽ അവന്റെ പ്രവർത്തികളാൽ ബുദ്ധിയ്ക്ക് തെളിവായി വെളിപ്പെട്ടു വരുന്നു; അവർക്ക് പ്രതിവാദമില്ലാതിരിക്കേണ്ടതിന് തന്നേ.'
ഈ ലോകത്തിൽ ഒരു വ്യക്തിയ്ക്കും പ്രതിവാദം പറയാൻ ഇടയില്ലാത്ത തരത്തിൽ ദൈവം തന്റെ നിത്യശക്തിയും, ദിവ്യത്വവും ലോകസൃഷ്ടി മുതൽ മനുഷ്യന് വെളിപ്പെടുത്തിയിരിയ്ക്കുന്നു.
ഈ ഭൂമിയിൽ നാം ജനിച്ചപ്പോൾ ഇവിടെ ജീവിയ്ക്കാൻ ആവശ്യമായ യാതൊന്നും കൊണ്ടു വന്നില്ല. നമുക്ക് ഒരു ജന്മം ലഭിച്ചതു പോലും നാം ആഗ്രഹിച്ചിട്ടില്ല. ജനിച്ച് മാസങ്ങ ൾ കഴിഞ്ഞാണ്, ചുറ്റുമുള്ളത് തിരിച്ചറിയാനുള്ള പ്രാപ്തി പോലും നമുക്കുണ്ടാകുന്നത്.
സങ്കീ 53:1 -'ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; ....'
അതായത്, ഭൂമിയിൽ ഒരു ജന്മം ലഭിച്ച്, ദൈവം ലഭ്യമാക്കിയ നന്മകൾ അനുഭവിച്ച്, ആ നന്മകളിലൂടെ വളർന്ന്, ദൈവത്തിന്റെ ദാനമായ ജീവൻ അനുഭവിച്ച് ഇവിടെ പാർക്കുന്ന ഏതെങ്കിലും ഒരു വ്യക്തി ദൈവം ഇല്ല എന്ന് പറയുന്നുവെങ്കിൽ അവനെക്കുറിച്ച് വിശുദ്ധ വേദപുസ്തകം പറയുന്നത് - 'അവൻ മൂഢനാണെന്നാണ്.'
ഈ പ്രപഞ്ചത്തിന് ഒരു നാഥനില്ല, ഒരു സ്രഷ്ടാവില്ല എന്ന് ആർക്കും പറയാൻ കഴിയില്ല. നമ്മോട് സംസാരിക്കാൻ ആഗ്രഹിക്കുന്ന, നമ്മളെ കേൾക്കാനും, ഉപദേശിക്കാനും, നമ്മോട് സംവദിക്കാനും ആഗ്രഹിക്കുന്ന ഒരു ദൈവം ഉണ്ട്. അത് തിരിച്ചറിഞ്ഞ്, അവിടുത്തെ ശബ്ദം കേട്ട്, അവിടുത്തെ വഴികളിൽ നടക്കാൻ നമ്മെ സമർപ്പിക്കാം.
Comments
Post a Comment