3 ദൈവം താരതമ്യങ്ങൾക്കതീതൻ II Bible Study II Bro SunilKumar C.G

 3 

ദൈവം താരതമ്യങ്ങൾക്കതീതൻ 

Bible Study II Bro SunilKumar C.G


പുറപ്പാട് 3:14 



'ഉണ്ടാകട്ടെ' എന്നുള്ള കല്പനയാൽ സകല ചരാചരങ്ങളേയും, സൂര്യചന്ദ്രനക്ഷത്രാദികളേയും സൃഷ്ടിച്ച സ്രഷ്ടാവായ ദൈവം താരതമ്യങ്ങൾക്കതീതനാണ്. ദൈവം; താരതമ്യം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നുമില്ല.

സ്വന്തജനമായ യിസ്രായേൽ മക്കളെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിക്കുവാൻ ദൈവം മോശെയെ ഫറവോന്റെ അടുക്കലേയ്ക്ക് അയയ്ക്കുന്നത് നാം കാണുന്നുണ്ട്. 

പുറ 3:13,14 -'മോശെ ദൈവത്തോട്: ഞാൻ യിസ്രായേൽ മക്കളുടെ അടുക്ക ൽ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയയ്ച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്ന് അവർ എന്നോട് ചോദിച്ചാൽ ഞാൻ അവരോട് എന്തു പറയേണം എന്നു ചോദിച്ചു. അതിന് ദൈവം മോശെയോട്:  ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിയ്ക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽ മക്കളോടു പറയേണം എന്നു കല്പ്പിച്ചു.' 

ഇവിടെ, വളരെ പ്രത്യേകമായ രീതിയിലാണ് ദൈവം തന്നെത്തന്നെ മോശെയ്ക്ക് പരിചയപ്പെടുത്തുന്നത് -'ഞാൻ ആകുന്നവൻ ഞാൻ ആകുന്നു' മറ്റൊന്നിനോടും തന്നെ സാമ്യപ്പെടുത്തുവാൻ കഴിയാത്തവണ്ണം സ്രഷ്ടാവായ ദൈവം വ്യത്യസ്തനാണ്. മുന്നോട്ട്, ദൈവവചനത്തിൽ നാം ഇപ്രകാരം കാണുന്നു. ദൈവം തന്റെ ജനത്തിന് മോശെ മുഖാന്തരം കല്പന കൊടുക്കുമ്പോൾ, ആദ്യഭാഗമായി നാം കാണുന്നതാണ് ഈ വാക്യങ്ങൾ.

പുറ 20:1-5 -'ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു, അടിമവീടാ യ മിസ്രയീം ദേശത്തു നിന്നു നിന്നെ കൊണ്ടു വന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്ക് ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിയ്ക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്‌ക്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; .......' ദൈവത്തെ മറ്റൊന്നിനോടും താരതമ്യപ്പെടുത്തുവാൻ കഴിയില്ല. 

സുവിശേഷത്തിൽ യേശുക്രിസ്തു ശമര്യസ്ത്രീയോട് പറയുകയാണ്.

യോഹ 4:24 -'ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്‌കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്‌ക്കരിക്കേണം.'

സ്രഷ്ടാവായ ദൈവം ആത്മസ്വരൂപിയാണ്; ദൈവം സർവ്വശക്തനും, സർവ്വവ്യാപിയും, സർവ്വജ്ഞാനിയും, സർവ്വ സമ്പൂർണ്ണനുമാണ്.

അപ്പൊ. പ്ര 17:24,25 -'ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിനും ഭൂമിയ്ക്കും നാഥനാകകൊണ്ട് കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിനും മുട്ടുള്ളവൻ എന്ന പോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.'

ദൈവം എത്ര വ്യക്തമായിട്ടാണ് തന്റെ വ്യക്തിത്വത്തെ വരച്ച് കാട്ടുന്നത്. നമുക്ക് ജീവൻ തന്നതും ശ്വാസം നൽകിയതും സകലവും നൽകിയതും ദൈവമാണ്. ആ ദൈവം നാം നിർമ്മിയ്ക്കുന്ന കേവലം ഒരു മന്ദിരത്തിൽ വാസം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വിശുദ്ധ വേദപുസ്തകം വ്യക്തമായി ഇത് പഠിപ്പിക്കുന്നു. നമ്മിൽ നിന്ന് അത്തരത്തിലുള്ള ഒരു ശുശ്രൂഷയാണ് ദൈവം ആഗ്രഹിയ്ക്കുന്നത്.

അപ്പൊ. പ്ര 17:26 -'ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽ നിന്ന് മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.' 

അപ്പൊ. പ്ര 17:27 -'അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വച്ച് അവനെ അന്വേഷിക്കേണ്ടതിനു തന്നേ. അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ലതാനും.'

താരതമ്യങ്ങൾക്കതീതനായ സ്രഷ്ടാവായ ദൈവത്തെ കണ്ടെത്തി, സ്രഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ് പിൻപറ്റി, അത്തരത്തിൽ അർത്ഥപൂർണ്ണമായ ജീവിതം നയിക്കാനാണ്

ദൈവം നമ്മെ എല്ലാവരെക്കുറിച്ചും ആഗ്രഹിക്കുന്നത്.

          ദൈവം മനുഷ്യരൂപം എടുത്ത,് മാനവകുലത്തിന്റെ രക്ഷയ്ക്കായിട്ട്  വരുന്നു    എന്നതിന്റെ അടയാളമാണ്, കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിച്ചത്. മറ്റൊന്നിനോടും സാമ്യപ്പെടുത്താൻ കഴിയാത്ത ദൈവം, മനുഷ്യരൂപമെടുത്ത് 'ദൈവം നമ്മോട് കൂടെ' എന്നർത്ഥം വരുന്ന ഇമ്മാനുവേൽ എന്ന യേശുക്രിസ്തുവായി; നമുക്കായി ഭൂമിയിൽ വന്നു.

യേശുക്രിസ്തു ഭൂമിയിലേക്ക് പിറക്കുവാൻ ദൈവം തിരഞ്ഞെടുത്ത മറിയ; ആ മറിയയ്ക്ക് വിവാഹം നിശ്ചയിച്ച യോസേഫിനോട് കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി പറയുന്ന ഭാഗം, ഇവിടെ നാം കാണുന്നു. 

മത്താ 1:20-23 -'ഇങ്ങനെ നിനച്ചിരിയ്ക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. 'കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് പേർ വിളിക്കും' എന്നു കർത്താവ് പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.'

യെശ 7:14 -'അതുകൊണ്ട് കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും; കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനുവേൽ എന്നു പേരു വിളിക്കും.'

ഫിലി 2:5 -'ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.'

ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. യേശുക്രിസ്തു ദൈവത്തിന്റെ അസ് തിത്വത്തെ, കരുണയെ, വ്യക്തിത്വത്തെ, ആളത്വത്തെ മാനവകുലത്തിന് വെളിപ്പെടുത്തി. ദൈവമായവൻ, ദൈവസ്വരൂപത്തിൽ ഇരുന്നവൻ, ആ രൂപം വെടിഞ്ഞ് മനുഷ്യവേഷത്തിൽ നമുക്കായി പിറന്നു. ഇന്ന് അനേകർ ഈ യേശുവിനെ പല രൂപത്തിലും ഭാവത്തിലും ആക്കി ആരാധിക്കാൻ ശ്രമിയ്ക്കുന്നുണ്ട്. എന്നാൽ, ഭൂമിയിൽ മനുഷ്യനായി, രൂപമെടുത്ത യേശുക്രിസ്തു മാനവകുലത്തിന്റെ പാപത്തിനു വേണ്ടി കാൽവരിക്രൂശിൽ യാഗമായി കല്ലറയിൽ അടക്കം ചെയ്യപ്പെട്ടു; മൂന്നാം നാൾ മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റു. അവിടുത്തെ രൂപം ഇന്ന് ഒരു മനുഷ്യനും ഭാവനയിൽ പോലും കാണാൻ കഴിയില്ല.

യേശുക്രിസ്തുവിന്റെ പ്രിയശിഷ്യനായ യോഹന്നാൻ, പത്മോസ് എന്ന ദ്വീപിൽ വെച്ച് ഉയർത്തെഴുന്നേറ്റ കർത്താവിന്റെ തനി സ്വരൂപം ദർശനത്തിൽ കാണാനിടയായി. അഉ 95 കാലഘട്ടത്തിൽ എഴുതപ്പെട്ട വെളിപ്പാട് പുസ്തകത്തിൽ നാം അത് കാണുന്നു. ആ കാലത്ത് സുവിശേഷം നിമിത്തം പത്മോസ് ദ്വീപിലേക്ക് നാടുകടത്തപ്പെട്ട യോഹന്നാൻ കൂട്ടിനാരുമില്ലാത്ത ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരിയ്ക്കുമ്പോൾ, കർത്തൃദിവസത്തിൽ തനിക്ക് ദൂതൻ മുഖാന്തരം ആ വെളിപ്പാട് ലഭിയ്ക്കുകയാണ്.

വെളി 1:12-17 -'എന്നോട് സംസാരിച്ച നാദം എന്ത് എന്ന് കാണ്മാൻ ഞാൻ തിരിഞ്ഞു. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. അവന്റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും, കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചൽ പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ട്; അവന്റെ വായിൽ നിന്നു മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെടുന്നു; അവന്റെ മുഖം സൂര്യൻ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെ പോലെ അവന്റെ കാൽക്കൽ വീണു .....'

വെളി 1:17 - ൽ ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ രൂപം തന്റെ കണ്ണുകൾ കൊണ്ട് കണ്ടപ്പോൾ, നോക്കാൻ പോലും ത്രാണിയില്ലാതെ യോഹന്നാൻ കുഴഞ്ഞ്, മരിച്ചവനെ പോലെ അവിടുത്തെ കാൽക്കൽ വീഴുകയാണ്.

1 കൊരി 6:19 -'ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിയ്ക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?'

             താരതമ്യങ്ങൾക്ക് അതീതനായ ദൈവം, നമ്മെ വിലയ്ക്കു വാങ്ങി നമ്മിൽ വസിക്കാനാണ് ആഗ്രഹിയ്ക്കുന്നത്. മറ്റൊരു മന്ദിരത്തിലും വസിയ്ക്കാൻ അവിടുന്ന് ആഗ്രഹിയ്ക്കുന്നില്ല. ആത്മസ്വരൂപനായ ആ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിപ്പാൻ തക്കവണ്ണം നമ്മുടെ ജീവിതം ദൈവത്തിനായി സമർപ്പിയ്ക്കാം. ആ കാഴ്ചപ്പാടിലേയ്ക്ക്  വരാൻ നമുക്ക് ഉത്സാഹിക്കാം. ദൈവം നമ്മെ അനുഗ്രഹിയ്ക്കു മാറാകട്ടെ.

 


Bible Class Video Link




Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5