5 ബൈബിളിന്റെ ദേശീയ വീക്ഷണം Bible Study II Bro Sunil Kumar C.G

  5 

ബൈബിളിന്റെ ദേശീയ വീക്ഷണം

Bible Study II Bro Sunil Kumar C.G

 


യോഹന്നാൻ 18:36 



യേശുക്രിസ്തുവിന്റെ ഭൂമിയിലേയ്ക്കുള്ള വരവിന്റെ ലക്ഷ്യം ക്രിസ്തുമതം സ്ഥാപിച്ച് രാജ്യങ്ങളെ അതിന്റെ സ്വാധീനത്തിലാക്കുക എന്നുള്ളതായിരുന്നു എന്ന് അനേകർ ചിന്തിയ്ക്കുന്നുണ്ട്. ക്രിസ്തുമതം നിലനിൽക്കുന്ന ചില രാജ്യങ്ങൾ ഈ ഭൂമുഖത്ത് ഉണ്ട് താനും. ഇവിടെയാണ് ബൈബിളിന്റെ ദേശീയ വീക്ഷണം എന്ന വിഷയത്തെക്കുറിച്ച് ഗൗരവമായി നമ്മൾ ചിന്തിയ്‌ക്കേണ്ടത്. ആ ഒരു ചിന്താഗതിമൂലം സുവിശേഷത്തെ ശക്തമായി എതിർക്കുന്ന പല വ്യക്തികളും ജാതികളും മതങ്ങളും സമൂഹങ്ങളും ഉണ്ട്.

എന്നാൽ വിശുദ്ധ വേദപുസ്തകം ആകമാനം പരിശോധിക്കുമ്പോഴും പഠിക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു യാഥാർത്ഥ്യം, ഏതെങ്കിലും ഒരു രാജ്യത്തെ കീഴടക്കി അതിനെ ക്രിസ്തീയ രാജ്യം ആക്കുക എന്നതല്ല വിശുദ്ധ വേദപുസ്തകത്തിന്റെ ആത്യന്തികമായ ഉദ്ദേശവും ആഹ്വാനവും. നമ്മുടെ നാട്ടിൽത്തന്നെ അനേകർ ചിന്തിയ്ക്കാറുണ്ട്, ക്രിസ്തീയ വിശ്വാസം അമേരിക്കയിൽ നിന്നോ യൂറോപ്പിൽ നിന്നോ ഇറക്കുമതി ചെയ്ത ഒന്നാണെന്ന്. മതപരമായ വീക്ഷണത്തിൽ ക്രിസ്തീയമാർഗ്ഗത്തെ കാണുന്നവരുണ്ട്. എന്നാൽ നാം അറിഞ്ഞിരിയ്‌ക്കേണ്ട ഒരു വസ്തുത, യേശുക്രിസ്തു ജനിച്ചത് യൂറോപ്യൻ രാജ്യങ്ങളിലോ അമേരിക്കയിലോ ഒന്നുമായിരുന്നില്ല മറിച്ച്, നമ്മുടെ ഭാരതം ഉൾപ്പെടുന്ന ഏഷ്യാ ഭൂഖണ്ഡത്തിലാണ് യേശുക്രിസ്തു പിറവിയെടുത്ത ബേത്‌ലഹേം സ്ഥിതി ചെയ്യുന്നത്. ഒരു രാജ്യമോ മതമോ സ്ഥാപിക്കാനല്ല യേശുക്രിസ്തു വന്നതെങ്കിൽ അവിടുത്തെ വരവിന്റെ ലക്ഷ്യം പിന്നെ എന്താണ്?

ഉല്പ 1,2,3 അധ്യായങ്ങളിൽ ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും സകലചരാചരങ്ങളേയും വാഴുവാൻ തക്കവണ്ണം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ, പിശാചിന്റെ തന്ത്രത്തിൽ കുടുങ്ങി അനുസരണക്കേട് കാണിച്ച് തേജസ്സ് നഷ്ടപ്പെട്ട് ശാപഗ്രസ്തനായിത്തീർന്നത് നാം കാണുന്നു. എന്നാൽ യഥാർത്ഥത്തിൽ കേവലം മനുഷ്യന്റെ അവസ്ഥയ്ക്ക് മാത്രമല്ല തന്നിമിത്തം കോട്ടം സംഭവിച്ചത്.

ഉല്പ 3:17 -'മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിയ്ക്കയും തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതു കൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിയ്ക്കപ്പെട്ടിരിയ്ക്കുന്നു; നിന്റെ ആയുഷ്‌കാലമൊക്കെയും നീ കഷ്ടതയോടെ അതിൽ നിന്ന് അഹോവൃത്തി കഴിയ്ക്കും.'

ഇവിടെ ദൈവം ആദമിനോടു പറയുന്നു - ദൈവത്തോട് അനുസരണക്കേട് കാണിച്ചത് നിമിത്തം മനുഷ്യൻ വാഴുവാൻ തക്കവണ്ണം സൃഷ്ടിയ്ക്കപ്പെട്ടിരുന്ന ഈ ഭൂമി ശാപഗ്രസ്തമായി.

ഉല്പ 3:18,19 -'മുള്ളും പറക്കാരയും നിനക്ക് അതിൽ നിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും. നിലത്തു നിന്നു നിന്നെ എടുത്തിരിയ്ക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിയ്ക്കും; .....'

മനുഷ്യനെ സൃഷ്ടിച്ച് ഏദൻ തോട്ടത്തിൽ ആക്കിയപ്പോൾ ദൈവം മനുഷ്യനോട് പറഞ്ഞത്, നന്മതിന്മകളെക്കുറിച്ചുള്ള, വൃക്ഷത്തിൻ ഫലം ഒഴികെ തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം അവന് തിന്നാമെന്നാണ് ( ഉല്പ 2:16,17 ). അതായത്, ഏദൻ തോട്ട ത്തെ  കാക്കുവാനും അതിൽ വേല ചെയ്‌വാനും മനുഷ്യനെ ആക്കുമ്പോൾ അവന് വൃക്ഷഫലങ്ങളാണ് ദൈവം ഭക്ഷിക്കാനായി നൽകിയത്. എന്നാൽ മനുഷ്യൻ ദൈവത്തോട് അനുസരണക്കേട് കാണിച്ചതിനുശേഷം ദൈവം അവനോടു പറയുന്നത്, നിന്റെ ആയുഷ്‌കാലമൊക്കെയും നീ ഭൂമിയിൽ നിന്നു കഷ്ടതയോടെ അഹോവൃത്തി കഴിയ്ക്കും എന്നാണ്. മനുഷ്യനു വീഴ്ച സംഭവിച്ചപ്പോൾ; അതു മൂലം ഭൂമി ശാപഗ്രസ്തമായി; മുള്ളും പറക്കാരയും അതിൽ നിന്നു മുളയ്ക്കാൻ തുടങ്ങി. മനുഷ്യൻ തന്റെ ഉപജീവനത്തിനായി വിയർപ്പോടു കൂടി കഠിനാധ്വാനം ചെയ്ത് ഈ ഭൂമിയിൽ മല്ലിടേണ്ടി വന്നു ( ഉല്പ 3:1-24 ).'   

വിശുദ്ധവേദപുസ്തകത്തിന്റെ വെളിച്ചത്തിൽ നാം മനസ്സിലാക്കേണ്ടത്, എത്ര അധ്വാനിച്ചാലും വേണ്ടുംവണ്ണം ഫലം ലഭിയ്ക്കുവാൻ കഴിയാത്തവണ്ണം ഈ ഭൂമി മാറി. മനുഷ്യന്റെയും ഭൂമിയുടേയും ഘടനയ്ക്ക് മാത്രമല്ല, ജീവജാലങ്ങളുടെ ഘടനയ്ക്കും മാറ്റം വന്നു.

  ഉല്പ 1:30 -'ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിയ്ക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.'

അതായത്, സകലജീവജാലങ്ങൾക്കും ആഹാരമായി പച്ചസസ്യങ്ങൾ ആണ് ദൈവം  കരുതിയിരുന്നത്. അതായിരുന്നു ദൈവം നൽകിയ ഘടന. ഈ ഘടനയെല്ലാം മനുഷ്യൻ പാപം ചെയ്തപ്പോൾ മാറ്റിമറിയ്ക്കപ്പെട്ടു. പ്രക്ഷുബ്ധമായ ഇത്തരം അവസ്ഥയിലേക്ക് മാറ്റപ്പെട്ട ഈ ഭൂമിയിൽ ഒരു രാജ്യം സ്ഥാപിക്കാനല്ല യേശുക്രിസ്തു വന്നത്. 

ഭൂമിയിലേക്കു മനുഷ്യരൂപമെടുത്തു വന്ന യേശുക്രിസ്തു തന്റെ ശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോൾ, മെയ്‌വഴക്കവും അഭ്യാസവും തികഞ്ഞ യുവാക്കളേയോ, കായിക അഭ്യാസികളേയോ ആയിരുന്നില്ല ശിഷ്യന്മാരായി തിരഞ്ഞെടുത്തത്. മറിച്ച് മീൻ പിടിക്കുന്നവരും, ചുങ്കം പിരിക്കുന്നവരും, പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി യേശുവിന്റെ അടുക്കലേക്ക് ഓടിയണഞ്ഞ് അതിൽ ആശ്വാസം പ്രാപിച്ച സാധാരണക്കാരായ ജനങ്ങളുമാണ്, തന്നെ അനുഗമിച്ചവരിൽ ഭൂരിപക്ഷം പേരും. അവരെ ആരെയും ഒരു സായുധ പോരാട്ടത്തിലേക്ക് ഒരുക്കുവാനോ ഒരു രാജ്യം പിടിച്ചടക്കുവാനുള്ള പദ്ധതിയിട്ട് അത് ലക്ഷ്യം വെച്ച് നീങ്ങാനോ ഒന്നും യേശു ഇഹലോകത്തിൽ ആയിരുന്നപ്പോൾ മുതിർന്നതായിട്ട് നാം എവിടെയും കാണുന്നില്ല.

       യോഹ 18:36 -'..... യേശു: എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കൈയിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു.'

ഈ ഭൂമിയിൽ ഒരു രാജ്യം സ്ഥാപിക്കുകയോ, ഏതെങ്കിലും ഒരു പ്രദേശത്തെ തന്റെ രാജ്യം ആക്കിത്തീർക്കുകയോ ആയിരുന്നില്ല യേശുക്രിസ്തുവിന്റെ വരവിന്റെ ലക്ഷ്യം.

യോഹ 18:10,11-'ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാത് അറത്തു കളഞ്ഞു; ആ ദാസന് മല്‌ക്കൊസ് എന്നു പേർ. യേശു പത്രൊസിനോട്: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.'

ഗതസമനത്തോട്ടത്തിൽ യേശുവിനെ പിടിക്കാൻ വന്ന ഭടന്മാരിൽ നിന്ന് യേശുവിനെ രക്ഷിക്കാൻ പത്രൊസ് വാളെടുത്ത് ഒരുവന്റെ കാത് അറുത്തിടുന്നതായി നാം കാ

ണുന്നു. അവിടെ യേശുക്രിസ്തു പറയുന്നത് -'പത്രൊസേ, നീ നിന്റെ വാൾ ഉറയിലിടുക'എന്നാണ്. ചുരുക്കത്തിൽ യേശുക്രിസ്തു എവിടെയും വാളെടുക്കാൻ ആഹ്വാനം ചെയ്തിട്ടില്ല. അത്രയുമല്ല, ആ ഘട്ടത്തിലും കാത് മുറിഞ്ഞു പോയവന്റെ കാത് നിലത്തു നിന്നെടുത്ത് ചേർത്തുവെച്ച് സൗഖ്യം നൽകുന്ന യേശുവിനെയാണ് കാണാൻ കഴിയുന്നത് ( ലൂക്കൊ 22:47-51 ).

യോഹ 6:15 -'അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.'

തന്നെ രാജാവാക്കാൻ ജനങ്ങൾ ശ്രമിക്കുന്നു എന്ന് അറിഞ്ഞിട്ട് അവിടം വിട്ട് പോവുകയാണ് യേശുക്രിസ്തു.

യോഹ 18:37 -'പീലാത്തൊസ് അവനോടു: എന്നാൽ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശു; നീ പറഞ്ഞതു പോലെ ഞാൻ രാജാവു തന്നേ; സത്യത്തിനു സാക്ഷി നിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു; സത്യതല്പരനായവൻ എല്ലാം എന്റെ വാക്കു കേൾക്കുന്നു എന്നു ഉത്തരം പറഞ്ഞു.'

എന്റെ രാജ്യം ഐഹികമല്ല, ഈ ഭൂമിയിൽ ഒരു രാജ്യം സ്ഥാപിക്കാനല്ല താൻ 

വന്നത് എന്ന് പറയുന്ന യേശുക്രിസ്തു; അതേസമയം താൻ രാജാവാണെന്ന് ഏറ്റു            പറയുന്നു.

അപ്പൊ. പ്ര 1:2-11 - വാക്യങ്ങളിൽ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർക്ക് പ്രത്യക്ഷനായിട്ട് സ്വർഗ്ഗാരോഹണം ചെയ്യുന്നത് നാം കാണുന്നു.

അപ്പൊ. പ്ര 1:10,11 -'അവൻ പോകുന്നേരം അവർ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോൾ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽ നിന്നു: ഗലീലാ പുരുഷന്മാരെ, നിങ്ങൾ ആകാശത്തിലേക്ക് നോക്കി നില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങൾ കണ്ടതു പോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.'

വെളി 20:4-6 -'ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ  ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്‌കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടു കൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടു കൂടെ ആയിരം ആണ്ടു വാഴും.' ഇവിടെ നാം കാണുന്നത്, യേശുക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായവർ ജീവിച്ച്, ആയിരമാണ്ട് തന്നോടു കൂടെ വാഴുന്നതാണ്. അത് ഈ ഭൂമിയിലാണ് സംഭവിക്കുന്നത്.

1.തെസ്സ 4:16,17 -'കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.'

ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കരേറിപ്പോയ യേശുക്രിസ്തു തനിക്കായി കാത്തിരിക്കുന്ന തന്റെ ഭക്തന്മാരെ ചേർക്കുവാൻ വാനമേഘങ്ങളിൽ വീണ്ടും വരും. ഇവിടെ ക്കയറിവരുവിൻ എന്ന സ്വർഗ്ഗീയ നാദത്തിന്റെ മുമ്പാകെ ഈ ഭൂമിയിൽ മരിച്ച് അടക്കം ചെയ്യപ്പെട്ട ക്രിസ്തുശിഷ്യന്മാർ ഉയിർത്തെഴുന്നേല്ക്കും. പിന്നെ ഭൂമിയിൽ ജീവനോടെ ശേഷിക്കുന്ന ക്രിസ്തുശിഷ്യന്മാർ രൂപാന്തരം പ്രാപിച്ച് യേശുവിനെ വരവേല്ക്കാൻ വാനമേഘങ്ങളിൽ എടുക്കപ്പെടും.

വിശുദ്ധവേദപുസ്തകത്തിന്റെ പ്രഖ്യാപനം ഇതാണ്. ഭൂമിയിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയെക്കുറിച്ചും ദൈവത്തിന്റെ ആത്യന്തികമായ പദ്ധതിയും ഇതുതന്നെ യാണ്.

യേശുക്രിസ്തു രണ്ടാമത് ഭൂമിയിലേക്ക് വന്ന്, ആദാമിന്റെ ലംഘനത്താൽ ശാപഗ്രസ്തമായിത്തീർന്ന ഈ ഭൂമിയുടെ ഏതെങ്കിലും ഭാഗമെടുത്ത് രാജ്യമാക്കുന്നതിനുപകരം, തനിക്കുവേണ്ടി കാത്തിരിക്കുന്ന വിശുദ്ധന്മാരെ ചേർത്ത് ഈ ഭൂമിയെ ആകമാനം ആയിരം ആണ്ട് ഭരിക്കും.

വെളി 21:1 -'ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.'

ആയിരമാണ്ട് യേശുക്രിസ്തു ഈ ഭൂമിയിൽ വാണതിനുശേഷം, ഈ ഭൂമിയേയും ആകാശത്തേയും ദൈവത്തിന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞിട്ട്; പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും വെളിപ്പെടുത്തി അതിലേക്ക് യേശുക്രിസ്തു തന്റെ ഭരണത്തെ മാറ്റുന്ന കാഴ്ച നാം കാണുകയാണ്.

വെളി 21:5 -'ഇനി മരണം ഉണ്ടാകയില്ല; ദു:ഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു .....'

വെളി 22:3-5 -'യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതു കൊണ്ട് വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.'

    വിശുദ്ധ ബൈബിൾ നൽകുന്ന സന്ദേശം ഇതാണ്. ഈ ഭൂമിയിൽ ഒരു രാജ്യം സ്ഥാപിക്കാനല്ല യേശുക്രിസ്തു വന്നത്.  മറിച്ചോ, കർത്താവിന്റെ രണ്ടാമത്തെ വരവിങ്കൽ ഈ ഭൂമിയെ ആകമാനം യേശുക്രിസ്തു തന്റെ വിശുദ്ധന്മാരുമായി ചേർന്ന് ഭരിക്കും. ശേഷം ഈ ഭൂമിയേയും ആകാശത്തേയും നീക്കിക്കളഞ്ഞ് പുതിയ ഒരു ആകാശത്തെയും ഭൂമിയെയും ഉളവാക്കി, അവിടെ യേശുക്രിസ്തു തന്റെ ഭക്തന്മാരുമായി കോടാനുകോടി യുഗങ്ങൾ വാഴും. അതാണ് ബൈബിൾ നമുക്ക് നൽകുന്ന പ്രത്യാശ. ആ പ്രത്യാശയാണ് യേശുക്രിസ്തുവിന്റെ ഓരോ ശിഷ്യനെയും നയിക്കുന്നത്. നിത്യതയിൽ യുഗായുഗങ്ങൾ ദൈവവും മനുഷ്യനും ഒരുമിച്ച് ജീവിക്കുന്ന ഒരു പുതിയ ആകാശവും ഭൂമിയുമാണ് ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്. അതിനായി ദൈവം നമ്മെ ഏവരെയും ഒരുക്കട്ടെ!



Bible Study Video Link




Comments