6 ബൈബിളിന്റെ മതപരമായ വീക്ഷണം II Bible Study II Bro SunilKumar C.G
6
ബൈബിളിന്റെ മതപരമായ വീക്ഷണം
Bible Study II Bro SunilKumar C.G
യോഹന്നാൻ 1:12
വിശുദ്ധ വേദപുസ്തകം ഈ കാലഘട്ടത്തിൽ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ,് മതപരിവർത്തനത്തിനായിട്ട് ആഹ്വാനം ചെയ്യുന്നു എന്നുള്ള ആക്ഷേപം. യഥാർത്ഥത്തിൽ എതെങ്കിലും മതത്തിലേക്കുള്ള പരിവർത്തനമല്ല ഇന്നത്തെ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾക്കുള്ള ശാശ്വതമായ പരിഹാരം. അതറിയണമെങ്കിൽ നാം ജയിലറകൾ പരിശോധിച്ചാൽ മതി; അവിടെ എല്ലാ മതസ്ഥരും ഉണ്ട്. ഇത് വ്യക്തമാക്കുന്നത്, ഏതെങ്കിലും ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതുകൊണ്ടു മാത്രം ഒരുവന്റെ അടിസ്ഥാന വിഷയങ്ങൾക്കോ സ്വാഭാവത്തിനോ ജീവിതചര്യകൾക്കോ മാറ്റം വരുന്നില്ല എന്നുള്ളതാണ്. ആത്യന്തികമായിട്ട് വിശുദ്ധ ബൈബിളിന്റെ കാതലായ സന്ദേശവും ആഹ്വാനവും ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മനുഷ്യനെ മാറ്റുക എന്നുള്ളതല്ല.
ഒരർത്ഥത്തിൽ മനുഷ്യന് ശാശ്വതമായ സന്തോഷവും സമാധാനവും പ്രത്യാശയും നൽകുവാൻ മതങ്ങളെല്ലാം ഒരേ പോലെ പരാജയപ്പെട്ടുപോയിരിക്കുന്നു; എന്നത് നമ്മൾ തുറന്ന ഹൃദയത്തോടെ അംഗീകരിക്കേണ്ട വസ്തുതയാണ്. യഥാർത്ഥത്തിൽ മനുഷ്യനു കുഴപ്പം സംഭവിച്ചിരിക്കുന്നത് അവന്റെ ഹൃദയത്തിലാണ്. മനുഷ്യന്റെ ചിന്താഗതികൾക്ക് ഒരു മാറ്റം വരാതെ പുറമേയുള്ള യാതൊരു പരിവർത്തനങ്ങളും കാതലായ മാറ്റം അവന്റെ ജീവിതത്തിൽ വരുത്തുന്നില്ല.
ഉല്പ 1,2,3 അധ്യായങ്ങളിൽ നാം കാണുന്നത്; ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒന്നാമത്തെ മനുഷ്യൻ, പാമ്പിന്റെ കൗശലത്തിലും സ്വാധീനത്തിലും അകപ്പെട്ട്, ദൈവം തിന്നരുതെന്ന് കല്പിച്ച വൃക്ഷഫലം തിന്ന് ദൈവകല്പന ലംഘിച്ച് പാപത്തിന്റെ അടിമത്തത്തിലാകുന്നതാണ്.
റോമ 5:12 -'അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.'
റോമ 5:15 -'..... ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ .....'
റോമ 5:18 -'അങ്ങനെ ഏകലംഘനത്താൽ സകല മനുഷ്യർക്കും ശിക്ഷാവിധി വന്നതു പോലെ .....'
റോമ 5:19 -'ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതു പോലെ .....'
റോമാ ലേഖനം 5-ാം അധ്യായത്തിൽ പാപത്തിന്റെ തിക്തഫലങ്ങൾ മനുഷ്യനെ നിരന്തരമായി എങ്ങനെ സ്വാധീനിച്ച് വേട്ടയാടുന്നു എന്ന് നാം കാണുന്നു. മാനവകുലം മുഴുവനും ആദാമിന്റെ സന്തതിപരമ്പരകളാണ്, മതങ്ങളെല്ലാം മനുഷ്യസൃഷ്ടിയുമാണ്. അതുകൊണ്ട് കേവലം മതംമാറ്റം മനുഷ്യന്റെ അടിസ്ഥാന സ്വഭാവത്തിനോ വിഷയങ്ങൾക്കോ ശാശ്വതമായ ഒരു പരിഹാരവും വരുത്തുന്നില്ല.
ഉല്പ 2:16,17 -'യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടം പോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.'
ദൈവം മനുഷ്യനെ ഏദെൻ തോട്ടത്തിൽ ആക്കിയിട്ട് അവന് കൊടുക്കുന്ന കല്പനയാണ് നാം കണ്ടത്. മനുഷ്യന്റെ മുമ്പിൽ രണ്ട് സാധ്യതകളുണ്ട് - ഫലം തിന്നുക അല്ലെങ്കിൽ തിന്നാതിരിക്കുക. ഇതിൽ ഏത് തീരുമാനവും കൈക്കൊള്ളാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ദൈവം അവന് നൽകുന്നു. അതായത് തിരഞ്ഞെടുപ്പിനുള്ള സമ്പൂർണ്ണ സ്വാതന്ത്ര്യം ദൈവം ഒന്നാമത്തെ മനുഷ്യന് നൽകി. എന്നാൽ, ദൈവകല്പന ലംഘിച്ചു കൊണ്ടു വൃക്ഷഫലം മനുഷ്യൻ തിന്നുകയാണ്. ദൈവ ഇഷ്ടത്തെ മറികടന്ന് സ്വന്ത ഇഷ്ടത്തിലേക്ക് തിരിയാനാണ് അവൻ താല്പര്യപ്പെട്ടത്.
ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വസ്തുത, ഏതു കാലഘട്ടത്തിലും ഒരു വ്യക്തിയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യത്തെ ദൈവം അംഗീകരിക്കുന്നു. മനുഷ്യന്റെ ഏത് തിരഞ്ഞെടുപ്പും അവന്റെ സ്വന്ത ഇഷ്ടത്തിൽ നിന്നാകണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
യോഹ 14:6 -'യേശു അവനോടു: ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.'
ശിഷ്യന്മാരുടെ ചോദ്യത്തിന് യേശുക്രിസ്തു നൽകുന്ന ഉത്തരമാണ് നാം ഇവിടെ കാണുന്നത്. പിതാവായ ദൈവത്തിന്റെ അടുക്കലേക്കുള്ള വഴിയാണ് താൻ എന്ന് യേശുക്രിസ്തു ശിഷ്യന്മാരോട് പറയുന്നു. വിശുദ്ധ വേദപുസ്തകം നൽകുന്ന ആത്യന്തികമായ സന്ദേശം, വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ആ സ്‌നേഹത്തിനു മുമ്പാകെ തങ്ങളുടെ ജീവിതം സമർപ്പിച്ച്, പിതാവായ ദൈവത്തിന്റെ അടുക്കലേക്ക് എത്തുവാൻ തക്കവണ്ണം ഓരോ വ്യക്തികളും രൂപാന്തരപ്പെടുക എന്നുള്ളതാണ്.
യോഹ 1:12 -'അവനെ ( യേശുക്രിസ്തുവിനെ ) കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.'
എല്ലാവരും യേശുക്രിസ്തുവിനെ കൈക്കൊള്ളണം എന്ന നിർബന്ധപൂർവ്വമായ ഒരു കല്പന ദൈവം ഇവിടെ നൽകുകയല്ല; മറിച്ച് യേശുക്രിസ്തുവിന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞ്, അവിടുത്തെ നാമത്തിൽ വിശ്വസിച്ച് സമർപ്പിക്കപ്പെട്ട ഒരു ജീവിതത്തിലേക്ക് ഒരുവൻ വരേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോൾത്തന്നെ തിരഞ്ഞെടുപ്പിനുള്ള സമ്പൂർണ്ണമായ സ്വാതന്ത്ര്യവും അധികാരവും ദൈവം മനുഷ്യന് നൽകുന്നു.
ചിലരുടെ ദുഷ്ടത നിറഞ്ഞ പ്രവൃത്തികൾ കാണുമ്പോൾ അനേകർ ഇങ്ങനെ ചോദിക്കാറുണ്ട്. 'ഒരു ദൈവമുണ്ടെങ്കിൽ ഇതൊക്കെ സംഭവിക്കാതെ തടഞ്ഞുകൂടെ'?
പക്ഷെ, വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ നാം കാണുന്നത്, മനുഷ്യന്റെ പ്രവൃത്തികൾക്കൊക്കെ ദൈവം പകരം നൽകുന്നു ( 2 കൊരി 5:10 ). എന്നാൽ, മനുഷ്യന് നൽകപ്പെട്ട സ്വാതന്ത്ര്യം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാൻ ദൈവം അവന് അവസരം നൽകിയിരിക്കുന്നു. ആ മാഹാത്മ്യം മനസ്സിലാക്കി ബോധപൂർവ്വം സമർപ്പണത്തോടെ ഒരുവൻ യേശുവിനെ പിൻപറ്റുക എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.
ലൂക്കോ 9:23 -'പിന്നെ അവൻ ( യേശുക്രിസ്തു ) എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾ തോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.'
യേശുക്രിസ്തു ഇവിടെ വ്യക്തമാക്കുന്നത് ഒരുവന്റെ സമ്പൂർണ്ണ ഇഷ്ടത്താൽ നടക്കേണ്ട വസ്തുതയാണ് യേശുവിനെ പിൻപറ്റുക എന്നത്. എല്ലാവരും തന്നെ അനുഗമിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു, എന്നാൽ ആരെയും നിർബന്ധിക്കുന്നില്ല. വിശുദ്ധ വേദപുസ്തകം പഠിക്കുമ്പോൾ യേശുക്രിസ്തു ഒരു മതം സ്ഥാപിച്ചതായി എവിടെയും നാം കാണുന്നില്ല.
അപ്പൊ. പ്ര 2:47 -'കർത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.'
യേശുക്രിസ്തു ഒരുക്കുന്ന രക്ഷാപദ്ധതിയിലേക്ക് പ്രവേശിക്കപ്പെട്ടവരെ രൂപാന്തരപ്പെട്ട ഒരു ജീവിതചര്യയിലേക്ക് കൊണ്ടുവന്ന് പുതിയൊരു ജീവിത അനുഭവത്തിൽ മുന്നേറുവാൻതക്കവണ്ണം ഒരുക്കുന്ന ഒരു കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ( അപ്പൊ. പ്ര 2:43-47 )
അപ്പൊ. പ്ര 9:1,2 -'ശൗൽ കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ട് മഹാപുരോഹിതന്റെ അടുക്കൽ ചെന്നു, ദമസ്‌കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചു കെട്ടി യെരുശലേമിലേക്കു കൊണ്ടുവരുവാൻ തക്കവണ്ണം അവിടുത്തെ പള്ളികൾക്ക് അവനോട് അധികാരപത്രം വാങ്ങി.'
യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവിടുത്തെ ശിഷ്യന്മാർ യെറുശലേമിലും മറ്റനേകം ദേശങ്ങളിലും സുവിശേഷവുമായി കടന്നുപോയി അനേകരെ ശിഷ്യന്മാരാക്കിയപ്പോൾ ദമസ്‌കൊസിലുള്ള ക്രിസ്തുശിഷ്യരെ കണ്ടുപിടിച്ച് കൊല്ലുവാൻ തക്കവണ്ണം അധികാരപത്രവുമായി കടന്നുപോയ ഒരു മനുഷ്യനായിരുന്നു ശൗൽ. ദമസ്‌കൊസിന് സമീപമെത്തുമ്പോൾ കർത്താവായ യേശുക്രിസ്തുവിന്റെ ദർശനം ശൗലിനുണ്ടാവുകയാണ്. അതിന് മുമ്പാകെ കുതിരപ്പുറത്തുനിന്നു താഴെവീണ ശൗൽ കാഴ്ച നഷ്ടപ്പെട്ടവനായി എഴുന്നേൽക്കുന്നതാണ് തുടർന്നുള്ള ഭാഗങ്ങളിൽ നാം കാണുന്നത്. ഉയർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ദർശനം ഉണ്ടായപ്പോൾ, ശൗൽ അവിടെവെച്ച് രൂപാന്തരപ്പെടുകയാണ്. ശിഷ്യന്മാരെ കൊല്ലുവാൻ തക്കവണ്ണം പോയ ശൗൽ, യേശുക്രിസ്തുവിന്റെ സ്‌നേഹത്താൽ പിടിക്കപ്പെട്ട് ക്രിസ്തുശിഷ്യനായി മാറുന്ന കാഴ്ച നാം കാണുകയാണ് ( അപ്പൊ. പ്ര 9:3-30 ).
വെളി 3:20 -'ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.'
യേശുക്രിസ്തു പത്മൊസ് എന്ന ദ്വീപിൽ യോഹന്നാന് പ്രത്യക്ഷപ്പെടുമ്പോൾ, അവിടുന്ന് വളരെ വ്യക്തമായി പറയുകയാണ് - 'ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു.'
ഏതെങ്കിലും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്മേലോ തിരഞ്ഞെടുക്കുവാനുള്ള അധികാരത്തിന്മേലോ കൈകടത്തുന്നവനല്ല യേശുക്രിസ്തു. അതല്ല വിശുദ്ധ വേദപുസ്തകത്തിന്റെ ആഹ്വാനവും.സ്വന്ത ഇഷ്ടത്താലും തീരുമാനത്താലും ഒരുവൻ യേശുക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മാർഗ്ഗത്തിലേക്ക് ചുവടുവെക്കണം. അല്ലാതെ, ഉപരിപ്ലവമായ ഒരു മതംമാറ്റം മനുഷ്യന് ശാശ്വതമായ ഒരു പരിഹാരവും നൽകുന്നില്ല.
'..... ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.' ( യോഹ 14:6 ) എന്നുള്ള യേശുക്രിസ്തുവിന്റെ സന്ദേശത്തിന്റെ കാതൽ ഉൾക്കൊണ്ട്, അത്തരത്തിൽ മുന്നേറുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. വിശുദ്ധ വേദപുസ്തകത്തിൽ യേശുക്രിസ്തു നൽകുന്ന ആഹ്വാനം ശിഷ്യത്വത്തിനു വേണ്ടിയുള്ളതാണ്. തന്റെ ശിഷ്യനാകാനാണ് യേശുക്രിസ്തു ഓരോ വ്യക്തികളെക്കുറിച്ചും ആഗ്രഹിക്കുന്നത്. അവിടുന്ന് പറയുന്നു- '..... ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യന്നു മതി .....' ( മത്താ 10:25 ).
ഈ കാലഘട്ടത്തിൽ നമ്മുടെ ചിന്താധാരകൾക്ക് ഒരു മാറ്റം വരട്ടെ. ക്രിസ്തീയ വിശ്വാസം ശിഷ്യത്വത്തിന്റെ മാർഗ്ഗമാണ്. തന്നെത്താൻ ത്യജിച്ച് നാൾ തോറും തന്റെ ക്രൂശെടുത്ത്, യേശുക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യന്മാരുടെ ഒരു സമൂഹമായിത്തീരാനാണ് ദൈവം മനുഷ്യരെ ഏവരേയും കുറിച്ച് ആഗ്രഹിക്കുന്നത്. അതിനായി ദൈവം എല്ലാവരെയും സഹായിക്കട്ടെ.
Comments
Post a Comment