7 വിവാഹം ബൈബിൾ വീക്ഷണത്തിൽ II Bible Study II Bro Sunil Kumar C.G
7
വിവാഹം ബൈബിൾ വീക്ഷണത്തിൽ
Bible Study II Bro Sunil Kumar C.G
എബ്രായർ 13:4
സമൂഹത്തിൽ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് വിവാഹം. ഇത് ദൈവത്താൽ സ്ഥാപിതമായതാണെന്ന് വിശുദ്ധ വേദപുസ്തകം പറയുന്നു.
ഉല്പ 2:18 -'അനന്തരം യഹോവയായ ദൈവം : മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല ; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.'
തുടർന്ന് ഉല്പ 2:19 - ൽ ദൈവം സകലജീവജാലങ്ങളേയും മനുഷ്യന്റെ മുമ്പിൽ വരുത്തി. അങ്ങനെ വന്ന ജീവജാലങ്ങളിൽ ഒന്നിനെപ്പോലും മനുഷ്യന്റെ തക്ക തുണയെന്ന് ദൈവമോ മനുഷ്യനോ കണ്ടില്ല.
ഉല്പ 2:21-23 -'ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽ നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടു വന്നു. അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽ നിന്നു മാംസവും ആകുന്നു. ഇവളെ നരനിൽ നിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.'
തന്റെ മുമ്പിൽ ദൈവം കൊണ്ടു വന്ന സ്ത്രീയെ കണ്ടപ്പോൾ മനുഷ്യൻ അവളെ തക്കതുണയെന്ന് തിരിച്ചറിഞ്ഞു.
ഉല്പ 2:21-24 -'അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ടു പിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും.' വിവാഹത്തിന്റെ കാതലായ ഒരു സന്ദേശം ഇതാണ്.
തങ്ങൾ രണ്ടു പേരും ഒരു ദേഹമാണെന്നുള്ള കാഴ്ചപ്പാടിലേക്ക് ഭാര്യയും ഭർത്താവും പ്രവേശിക്കണം എന്നാണ് വിശുദ്ധ വേദപുസ്തകം അടിവരിയിട്ട് പറയുന്നത്. അങ്ങനെയുള്ള ഒരു ഐക്യതയും കരുതലുമാണ് വിവാഹജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.
എബ്രാ 13:4 -'വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.'
വിവാഹത്തിന്റെ മഹനീയതയും നിർമ്മലതയും വിശുദ്ധിയും ദൈവം ഇവിടെ വ്യക്തമായി സൂചിപ്പിക്കുന്നു. ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ എല്ലാവർക്കും വിവാഹം മാന്യമാണ്. എന്നാൽ, ഏറ്റവും മാന്യമായിട്ടും ശ്രേഷ്ഠമായിട്ടും ദൈവം ആഗ്രഹിച്ച ബന്ധങ്ങളെപ്പോലും മനുഷ്യൻ മ്ലേച്ഛമായി ഉപയോഗിക്കുന്ന കാഴ്ച നാം ഈ കാലഘട്ടത്തിൽ കൂടുതലായി കാണുന്നുണ്ട്. പക്ഷെ, ദൈവം എന്നും ആഗ്രഹിക്കുന്നത് മനുഷ്യൻ തന്റെ ഭാര്യയോട് പറ്റിച്ചേർന്ന് വിശുദ്ധവും നിർമ്മലവുമായ ഒരു ജീവിതം നയിക്കേണം എന്നുള്ളതത്രേ.
വിവാഹമോചനങ്ങൾ ഏറ്റവും പെരുകിക്കൊണ്ടിരിക്കുന്നു എന്നത് നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലെ ഏറ്റവും ഖേദകരമായ ഒരു യാഥാർത്ഥ്യം ആണ്. ഇന്ന് അനേകരും വിവാഹമോചനത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. പല രാജ്യങ്ങളും അത്തരത്തിലുള്ള ജീവിത നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
മത്താ 19:3-6 -'പരീശന്മാർ യേശുവിന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. അതിന്നു അവൻ: സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ട് അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.'
ഉല്പ 2:24 അടിസ്ഥാനമാക്കിയാണ് യേശുക്രിസ്തു ഇവിടെ പരീശന്മാരുടെ ചോദ്യത്തിന് ഉത്തരം നൽകുന്നത്. വിവാഹ ഉടമ്പടിയിലേക്ക് ഒരു സ്ത്രീയും പുരുഷനും പ്രവേശിക്കുമ്പോൾ അവർ ദൈവത്താൽ യോജിപ്പിക്കപ്പെടുന്നു എന്നും ഭാര്യാഭർതൃബന്ധത്തിലേക്ക് കടന്ന അവരെ പിന്നെ വേർതിരിക്കരുത് എന്നുമാണ് കർത്താവ് വ്യക്തമായി മറുപടി നൽകുന്നത്.
കൊരിന്ത്‌സഭ എഴുതി അയച്ച സംഗതികൾക്ക്, അപ്പൊസ്തലനായ പൗലോസ് നൽകുന്ന മറുപടിയാണ് ഇവിടെ നാം കാണുന്നത്.
1 കൊരി 7:11 -'ഭാര്യ ഭർത്താവിനെ വേർപിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹം കൂടാതെ പാർക്കേണം; അല്ലെന്നു വരികിൽ ഭർത്താവോടു നിരന്നു കൊള്ളേണം; ഭർത്താവു ഭാര്യയെ ഉപേക്ഷിക്കയുമരുത്'.
1 കൊരി 7:27 -'നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുത്.'
വിവാഹിതരായ വിശ്വാസികൾക്ക് പൗലോസ് നൽകുന്ന ഉപദേശമാണ് അവർ വേർപിരിയരുത്; അഥവാ പിരിയേണ്ടി വന്നാൽ അവർ മറ്റൊരു വിവാഹം കഴിക്കാതെ അങ്ങനെ തന്നെ പാർക്കേണം എന്നുള്ളത്.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പിണക്കമോ ആശയപരമായ ഭിന്നതകളോ വന്നാൽ ഉത്തരവാദിത്തപ്പെട്ടവർ, ബന്ധുക്കൾ, മാതാപിതാക്കൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് ആ വിഷയങ്ങൾ കൈകാര്യം ചെയ്ത് പരിഹരിച്ച് അവരെ ഒരുമിപ്പിച്ച് കൊണ്ടു പോകുന്ന ഒരു രീതിയായിരുന്നു നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നത്.
ഈ അടുത്ത കാലത്ത് കോടതി ഒരു നിരീക്ഷണം നടത്തി. അത് ഇങ്ങനെയാണ് 'മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചു കഴിഞ്ഞാൽ അവരുടെ വ്യക്തിപരമായ വിഷയങ്ങളിൽ മാതാപിതാക്കൾ അമിതമായ കൈകടത്തലുകൾ നടത്തരുത്.്' കാരണം, മുൻകാലങ്ങളേക്കാൾ നാം ഇന്ന് ജീവിക്കുന്ന സമൂഹത്തിന് വളരെ മാറ്റം സംഭവിച്ചു. ജീവിത സൗകര്യങ്ങളും നിലവാരങ്ങളും ഒത്തിരി മാറി. വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വില കല്പിക്കുന്നു എന്ന പേരിൽ, കുടുംബബന്ധങ്ങൾ നിലനിർത്താൻ, വിട്ടുവീഴ്ചകൾക്ക് അനേകരും തയ്യാറാകാത്ത ഒരു കാലമാണ് ഇത്.
രണ്ടു വ്യക്തികൾ വിവാഹം മൂലം ഒന്നിച്ചു ചേരുമ്പോൾ അവർ ജീവിച്ചു വന്ന സാഹചര്യങ്ങളും, അനുഭവിച്ച സുഖസൗകര്യങ്ങളും സമൂഹവും കുടുംബ പശ്ചാത്തലവും ആശയങ്ങളും ചിന്താഗതികളും എല്ലാം തികച്ചും വ്യത്യസ്തമാണ്. ഇങ്ങനെ തീർത്തും വ്യത്യസ്ത സാഹചര്യത്തിൽ നിന്നുള്ള രണ്ട് വ്യക്തികൾ ചേർന്ന് സുദൃഢമായ ഒരു കുടുംബ ജീവിതം നയിക്കണമെങ്കിൽ, പരസ്പരമുള്ള അംഗീകാരവും സ്‌നേഹവും ആവശ്യമാണ്.
അഭിപ്രായ വ്യത്യാസങ്ങൾ വരാത്ത ഒരു കുടുംബവും ഈ ഭൂമുഖത്ത് കാണുകയില്ല. വിവാഹം കഴിഞ്ഞ മക്കളുടെ കാര്യങ്ങളിൽ മാതാപിതാക്കൾക്ക് ഉത്തരവാദിത്തവും ശ്രദ്ധയും ഉള്ളത് നല്ലതാണ്. അപ്പോൾ ത്തന്നെ, അവരുടെ എല്ലാ കാര്യങ്ങളിലും ഇടപെടാതെ, അവരുടേതായ അഭിപ്രായം രൂപീകരിക്കാനും ജീവിതം പടുത്തുയർത്താനുമുള്ള സ്വാതന്ത്ര്യം നൽകി; പരസ്പരം ഉൾക്കൊള്ളാനും മനസ്സിലാക്കാനും അവസരം നൽകി, ജീവിക്കാൻ അനുവദിക്കുന്നതായിരിക്കും അവരുടെ കുടുംബത്തിന്റെ ശ്രേഷ്ഠമായ മുന്നേറ്റത്തിന് നല്ലത്.
ഉല്പ 2:18 -'അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു.'
മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന തിരിച്ചറിവിൽ അവന് താങ്ങായി, തണലായി, തുണയായിട്ടാണ് ദൈവം ഭാര്യയെ നൽകുന്നത്. ആ തിരിച്ചറിവുള്ള കുടുംബം എത്ര മനോഹരമാണ്.
1 കൊരി 7:2 -'എങ്കിലും ദുർന്നടപ്പു നിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭർത്താവും ഉണ്ടായിരിക്കട്ടെ.'
അതായത്, പരസ്ത്രീ-പരപുരുഷ ബന്ധത്തിൽ നിന്ന് ഒഴിവാകുവാൻ മനുഷ്യന് ദൈവം കല്പിച്ചാക്കിയിരിക്കുന്ന വ്യവസ്ഥയാണ് വിവാഹം.
1 കൊരി 7:3 -'ഭർത്താവ് ഭാര്യക്കും ഭാര്യ ഭർത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.'
വിവാഹ ജീവിതത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽത്തമ്മിൽ ചെയ്യേണ്ടുന്ന, കരുതേണ്ടുന്ന ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം മനസ്സിലാക്കി ഉൾക്കൊണ്ട് പരസ്പരം ചെയ്യുവാൻ കഴിയുമ്പോൾ അത് ജീവിതത്തിന്റെ ഭദ്രതയ്ക്ക് കാരണമാകുന്നു.
1 കൊരി 7:9 -'ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.'
സ്വയം നിയന്ത്രണമോ, വികാരവിചാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തിയോ ഇല്ലെങ്കിൽ, അവർ അഴലുന്നതിനെക്കാൾ വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ദൈവവചനം നമ്മെ ഉപദേശിക്കുന്നു.
മത്താ 19:3-12 - ൽ പരീശന്മാർ വന്ന് യേശുവിനെ പരീക്ഷിച്ച് വിവാഹമോചനത്തെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിക്കുന്നത് നാം നേരത്തെ കണ്ടു. യേശുക്രിസ്തു അവിടെ അവർക്ക് തക്കതായ ഒരു മറുപടി കൊടുക്കുന്നു. ഇതു കേട്ട ശിഷ്യന്മാർ പറയുന്നതിതാണ്.
മത്താ 19:10 -'സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു'.
മത്താ 19:11,12 -'യേശു അവരോട്: വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. അമ്മയുടെ ഗർഭത്തിൽ നിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട് .....'
സ്വർഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്, ദൈവത്തിന്റെ ഇഷ്ടപ്രകാരം ദൈവത്തിൽ നിന്ന് ആലോചന പ്രാപിച്ച് വിവാഹം ഒഴിവാക്കുക എന്നതാണ്. അത് ഒരു ഉപദേശത്തിന്റെ ചട്ടക്കൂടിൽ നിന്ന് ഉളവാകുന്ന ആശയമല്ല ദൈവവിളിയിൽ നിന്നുണ്ടാകുന്നതാണ്, അല്ലെങ്കിൽ അവർ അഴന്നു പോകാനിടയുണ്ട്. ദൈവികമായ ഒരു വരം ലഭിച്ചില്ലായെങ്കിൽ ഒരിക്കലും ഒരു വ്യക്തി വിവാഹം ഒഴിവാക്കരുത് എന്നാണ് വിശുദ്ധ വേദപുസ്തകം തരുന്ന സന്ദേശം.
1 കൊരി 7:5 -'പ്രാർത്ഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേക്ക് പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ,'
ഇവിടെയാണ് നമുക്ക് ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം. ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ ഉന്നത ജീവിതം സൗകര്യങ്ങളുണ്ടാക്കാൻ വേണ്ടി അനേകർ വിവാഹശേഷം ഭാര്യയെയോ ഭർത്താവിനെയോ വിട്ട് വിദേശരാജ്യങ്ങളിലേക്കും ദൂരെ സ്ഥലങ്ങളിലേക്കും ജോലിക്കായി പോകുന്നുണ്ട്. എന്നാൽ എല്ലാവരും അങ്ങനെയല്ല. നാട്ടിൽ നില്ക്കാൻ സാഹചര്യമില്ലാതെ ഉപജീവനത്തിനു വേണ്ടി വിദേശത്ത് പോകേണ്ടി വരുന്നവർ ഉണ്ട്. അതേപോലെ വിവാഹത്തിനു മുമ്പ് വിദേശത്തായിരുന്നവർ എല്ലാവർക്കും ഭാര്യയെയോ ഭർത്താവിനെയോ വിവാഹശേഷം വിദേശത്ത് കൊണ്ടു പോകാനുള്ള സാഹചര്യം ഉണ്ടായി എന്നും വരില്ല.
ഏതു വിധമായാലും, ഒരുമിച്ച് ജീവിക്കുന്നതിനു വേണ്ടി ചില ആഡംബരങ്ങളും സുഖസൗകര്യങ്ങളും ഒഴിവാക്കി; കഷ്ടപ്പാടുകൾ സഹിക്കേണ്ടി വന്നാലും അത് ഉൾക്കൊണ്ട് കുടുംബമായി ഒന്നിച്ച് ജീവിക്കുന്നതാണ്, വിവാഹബന്ധത്തിന്റെ ഭദ്രതയ്ക്കും കുഞ്ഞുങ്ങളുടെ മാതൃകാപൂർണ്ണമായ വളർച്ചയ്ക്കും നല്ലത്. അതാണ് വിശുദ്ധ വേദപുസ്തകം തരുന്ന സന്ദേശം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾ വ്യത്യസ്തമായതിനാൽ, ദൈവവചനത്തെ അടിസ്ഥാനമാക്കിയുള്ള സ്വയപരിശോധനയാണ് ഇവിടെ ആവശ്യം.
1 തിമൊ 3:1-4 -'ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു. എങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു, എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു. എന്നാൽ അദ്ധ്യക്ഷൻ നിരപവാദ്യനായി ഏകഭാര്യയുടെ ഭർത്താവും നിർമ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാൻ സമർത്ഥനും ആയിരിക്കേണം, മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂർണ്ണഗൗരവത്തോടെ അനുസരണത്തിൽ പാലിക്കുന്നവനും ആയിരിക്കേണം.'
ക്രിസ്തീയ ശുശ്രൂഷകന്മാർ എങ്ങനെയായിരിക്കണം എന്നാണ് അപ്പൊസ്തലനായ പൗലൊസ് ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഇന്നത്തെ സാമൂഹിക ചുറ്റുപാടുകളിൽ ദൈവം ഏല്പിച്ചിരിക്കുന്ന പ്രാഗത്ഭ്യത്തോടെ ശുശ്രൂഷ ചെയ്യാനും ഭവനങ്ങൾ സന്ദർശിക്കാനും; വിവാഹം കഴിഞ്ഞ, മാതൃകയുള്ള വ്യക്തികളെ ശുശ്രൂഷയിൽ ആക്കുന്നതാണ് നല്ലത്.
നമ്മുടെ നാട്ടിൽ മാതാപിതാക്കൾ ആലോചിച്ച് കൂട്ടിചേർക്കപ്പെടുന്ന വിവാഹ ങ്ങളാണ് പൊതുവെ നടക്കുന്നത്. ഇന്നത്തെ മാറിയ സാഹചര്യങ്ങളിൽ സ്ത്രീയും പുരുഷനും സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ വിളിയിലൂടെയും ഒക്കെ പരസ്പരം പരിചയത്തിലായി സ്വയമായി കണ്ടെത്തുന്ന വിവാഹങ്ങളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വിവാഹങ്ങളിൽ ജീവിതപങ്കാളിയുടെ യഥാർത്ഥ സ്വഭാവവും സാഹചര്യങ്ങളുമൊക്കെ പലപ്പോഴും പിന്നീടായിരിക്കും തിരിച്ചറിയുന്നത്. പുറമെയുള്ള കാര്യങ്ങൾ കണ്ട് വിവാഹബന്ധത്തിലേക്ക് നീങ്ങുമ്പോൾ അതിൽ ഒത്തിരി പ്രശ്‌നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
മാതാപിതാക്കളും ഉത്തരവാദിത്തപ്പെട്ടവരും ആലോചിച്ച് അന്വേഷിച്ച് കണ്ടെത്തുന്ന വിവാഹങ്ങൾ ആയിരിക്കും ഏറ്റവും ഉചിതമായിട്ടുള്ളത്. ഉല്പത്തി പുസ്തകം 25-ാം അധ്യായത്തിൽ അബ്രഹാം തന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ കണ്ടെത്താൻ തന്റെ വിശ്വസ്തദാസനായ എല്യേസറിനെ അയക്കുന്നതായി നാം കാണുന്നുണ്ട്. ദൈവത്താൽ നയിക്കപ്പെട്ടവനായി ആ ദാസൻ പോയി റിബെക്കയെ കണ്ടെത്തുന്നു. പുറമെയുള്ള സൗന്ദര്യമോ, സമ്പത്തോ, ഒന്നുമല്ല ദൈവഹിതം മാത്രമായിരിക്കണം വിവാഹജീവിതത്തിന്റെ മാനദണ്ഡമാകേണ്ടത് എന്നാണ് വിശുദ്ധവേദപുസ്തകം ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നത്. മുന്നോട്ടുള്ള ജീവിതത്തിൽ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോഴും വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുമ്പോഴും പുറമെയുള്ള യാതൊന്നുമല്ല ഒരു വ്യക്തിയെ സഹായിക്കുന്നത്; മറിച്ച് ദൈവത്താൽ കൂട്ടിച്ചേർക്കപ്പെടുന്നു എന്ന യോജിപ്പാണ്. ആകയാൽ ഒരു ക്രിസ്തുശിഷ്യനെ സംബന്ധിച്ച് പുറമെയുള്ള എല്ലാറ്റിനെക്കാളും ദൈവവചനവും ദൈവഹിതവുമായിരിക്കണം പരമപ്രധാനം.
വിവാഹം എന്നത് ദൈവത്താൽത്തന്നെ സ്ഥാപിതമായ വളരെ സുപ്രധാനമായ ഒരു ബന്ധമാണ്. അതിന് ഒത്തിരി ഉത്തരവാദിത്തങ്ങളുണ്ട്. സമൂഹത്തിന്റെ നിലനില്പ്പ് വിവാഹബന്ധത്തിലൂടെയാണ് നടക്കുന്നത്. അത് വളരെ പവിത്രമാണ്. ഏക ഭാര്യയിലും ഭർത്താവിലും ഒതുങ്ങേണ്ടതാണ്. പരസ്ത്രീയിലേക്കോ പരപുരുഷനിലേക്കോ നീങ്ങേണ്ടതല്ല; അങ്ങനെയുള്ള കാര്യങ്ങളെ ദൈവം നിശിതമായി കൈകാര്യം ചെയ്യുന്നു.
ദൈവവചന പ്രകാരം മാതൃകാപൂർണ്ണമായ ഒരു വിവാഹജീവിതം നയിക്കാൻ ദൈവം ഏവരെയും സഹായിക്കട്ടെ.
Comments
Post a Comment