8 കുടുംബം ബൈബിൾ വീക്ഷണത്തിൽ Bible Study II Bro Sunil Kumar C.G
8
കുടുംബം ബൈബിൾ വീക്ഷണത്തിൽ
Bible Study II Bro Sunil Kumar C.G
എഫെസ്യർ 5:22-28
വിവാഹം എന്നതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടുംബം. വിശുദ്ധ വേദപുസ്തകത്തിൽ കുടുംബബന്ധത്തിന് കൊടുത്തിരിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ സ്വഭാവത്തിന്റെയും വ്യക്തിത്വത്തിന്റെയും രൂപീകരണത്തിൽ കുടുംബത്തിന് നിർണ്ണായക പങ്കുണ്ട്. മാതാപിതാക്കൾ എന്ത് പറയുന്നു എന്നതിനേക്കാൾ അധികം അവരെ നിരീക്ഷിച്ചാണ് കുഞ്ഞുങ്ങൾ കാര്യങ്ങൾ ഗ്രഹിക്കുന്നത്. മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, മക്കൾ, ബന്ധുക്കൾ തുടങ്ങി കുടുംബത്തിലെ ഓരോ വ്യക്തികളുടെ വിഷയങ്ങളും, അവരോടുള്ള കടപ്പാടുകളും വളരെ പ്രാധാന്യത്തോടെയാണ് വിശുദ്ധ വേദപുസ്തകം കൈകാര്യം ചെയ്യുന്നത്.
ഭാര്യാഭർതൃബന്ധം
എഫെ 5:22 -'ഭാര്യമാരേ, കർത്താവിന് എന്ന പോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴട ങ്ങുവിൻ.' ഭാര്യമാരോടുള്ള ഒരു പ്രബോധമായിട്ടാണ് അപ്പൊസ്തനായ പൗലോസ് ഈ ഭാഗം പറയുന്നത്. കർത്താവിന് എന്നപോലെ എന്ന ആ പദപ്രയോഗം വളരെ വിശേഷപ്പെട്ടതാണ്. സമ്പൂർണ്ണമായി യേശുക്രിസ്തുവിന് വിധേയപ്പെട്ട് ഒരു സ്ത്രീ എങ്ങനെ ജീവിക്കുന്നുവോ, അതേ അർത്ഥത്തിൽ അവർ സ്വന്തം ഭർത്താവിന് കീഴടങ്ങണം.
എഫെ 5:24 -'എന്നാൽ സഭ ക്രിസ്തുവിന് കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്ക് സകലത്തിലും കീഴടങ്ങിയിരിക്കേണം.'
കൊലൊ 3:18 -'ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്ക് കർത്താവിൻ ഉചിതമാകും വണ്ണം കീഴടങ്ങുവിൻ.' സഭ വിശുദ്ധിയിലും നിർമ്മലതയിലും യേശുക്രിസ്തുവിന് എങ്ങനെ ഉചിത മായി കീഴടങ്ങുമോ അതേപോലെ ഭാര്യമാർ സ്വന്തം ഭർത്താക്കന്മാർക്ക് കീഴടങ്ങണം.
എഫെ 5:25 -'ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്‌നേഹിക്കുന്നതു പോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ.' അതായത് കർത്താവ് തന്റെ സഭയെ സ്‌നേഹിച്ചതുപോലെ ഭർത്താവ് തന്റെ ഭാര്യയെ സ്‌നേഹിക്കണമെന്നാണ് വിശുദ്ധ വേദപുസ്തകം പറയുന്നത്.
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം; കീഴ്‌പ്പെടൽ എന്നാൽ കീഴടക്കലോ, പരിധിയിൽ നിർത്തലോ അല്ല. മറിച്ച് ക്രിസ്തു സഭയെ സ്വന്തജീവൻ കൊടുത്ത് സ്‌നേഹിച്ചതുപോലെ ഭർത്താവ് തന്റെ ഭാര്യയെ സ്‌നേഹിക്കാൻ തയ്യാറാവുമ്പോൾ, യാതൊരു പരപ്രേരണയോ നിർബന്ധമോ കൂടാതെ സ്വമേധയാ സ്ത്രീയിൽ നിന്നുണ്ടാവുന്നതാണ് ആ കീഴ്‌പ്പെടൽ. അതാണ് കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കും അടിസ്ഥാനം. നിർബന്ധമോ മറ്റേതെങ്കിലും പ്രേരണയോ അല്ല, യേശുക്രിസ്തുവിനെ സ്‌നേഹിക്കുവാൻ തക്കവണ്ണം ശിഷ്യന്മാരെ ഒരുക്കിയെടുത്തത്. മറിച്ച്, നിർലോഭമായ നിസ്വാർത്ഥമായ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ മുമ്പാകെ ഓരോ വ്യക്തികളും സ്വയംസമർപ്പിക്കപ്പെട്ടതാണ്. അത്തരത്തിൽ ഭാര്യയെ സ്‌നേഹിക്കാൻ ഒരു ഭർത്താവ് തയ്യാറാകുമ്പോൾ, കർത്താവിനെന്നവണ്ണം സ്വന്തഭർത്താവിന് കീഴടങ്ങാൻ ഭാര്യ തയ്യാറാകും.
കൊലൊ 3:19 -'ഭർത്താക്കന്മാരെ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്.' ലോകത്തിൽ ഒരു കുടുംബവും നൂറ് ശതമാനം തികഞ്ഞതായിരിക്കില്ല. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് രണ്ട് വ്യക്തികൾ ചേർന്നു വരുമ്പോൾ ചിന്തകളിലും ആശയങ്ങളിലും ഒത്തിരി പൊരുത്തക്കേടുകൾ വന്നേക്കാം. എന്നാൽ തമ്മിൽത്തമ്മിൽ ഉൾക്കൊള്ളാനും കീഴ്‌പ്പെടാനും സാധ്യമാകുന്നതിന്റെ കാരണം ഭർത്താവിന്റെ സ്‌നേഹവും ഭാര്യയ്ക്ക് അതിനോടുള്ള വിധേയത്വവുമാണ്.
എഫെ 5:28,29 -'അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്താൻ സ്‌നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരു നാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതു പോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നതു.'
തലമുറകളുടെ വ്യക്തിത്വവികാസവും രൂപീകരണവും പ്രധാനമായും ഒരു കുടുംബത്തിലാണ് നടക്കുന്നത്. കുടുംബത്തിലെ പരസ്പരസ്‌നേഹവും കരുതലുമാണ് ഒരു കുഞ്ഞിന്റെ വ്യക്തിത്വത്തെ പരുവപ്പെടുത്തുന്നത്. അതുകൊണ്ട് മക്കൾക്ക് മാതൃകയാകുന്ന, തനിക്കു തന്നെ സ്വസ്ഥതയും സമാധാനവുമുള്ള ഒരു ജീവിതം ഉണ്ടാവാൻ ഒരാൾ തന്റെ ഭാര്യയെ തന്നെപ്പോലെ സ്‌നേഹിക്കണം. സ്വയം സ്‌നേഹിക്കുന്നു എന്നതിന്റെ പ്രതിഫലനമായാണ് അത് ചെയ്യേണ്ടത്.
1 പത്രൊ 3:1-5 -'ഭാര്യമാരെ നിങ്ങളുടെ ഭർത്താക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ. അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും. നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നത്.'
1 പത്രൊ 3:7 -'അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനയ്ക്ക് മുടക്കം വരാതിരിക്കേണ്ടതിനു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു സ്ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.' സ്ത്രീകൾ ബലഹീനപാത്രങ്ങളായതു കൊണ്ട് അവരിൽ നിന്ന് ബലഹീനമായ സമീപനം ഉണ്ടായെന്ന് വരാം. എന്നാൽ, അവരും ജീവന്റെ കൃപയ്ക്ക് കൂട്ടവകാശികളാണെന്നുള്ള തിരിച്ചറിവിലൂടെയാണ് ഉത്തമനായ ഒരു ഭർത്താവ് തന്റെ ജീവിതം മുമ്പോട്ടു നയിക്കേണ്ടത്. അവിടെയാണ് കുടുംബത്തിന്റെ സന്തോഷവും സമാധാനവും സ്വസ്ഥതയും ഓരോ വ്യക്തികൾക്കും അനുഭവിക്കാൻ കഴിയുന്നത്.
1 കൊരി 7:3 -'ഭർത്താവ് ഭാര്യയ്ക്കും ഭാര്യ ഭർത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.' ഭാര്യയും ഭർത്താവും തങ്ങളുടെ ജീവിതത്തിലെ പര്‌സപരമുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. ഭർത്താവ് ഭാര്യയെ കരുതണം, അവളുടെ സന്തോഷത്തിവും സുഖത്തിനും ആവശ്യമായ കാര്യങ്ങൾക്കായി സമയം കണ്ടെത്തണം. തിരിച്ച് ഭാര്യയും പരസ്പരമുള്ള ഇഷ്ടങ്ങളും താല്പര്യങ്ങളും തിരിച്ചറിഞ്ഞ് തമ്മിൽത്തമ്മിൽ കരുതി, ആവശ്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത്, ജീവിതം നയിക്കുമ്പോഴാണ് കുടുംബജീവിതം ധന്യമായിത്തീരുന്നത്.
1 കൊരി 7:4,5 -'ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളത്; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവനല്ല ഭാര്യയ്ക്കത്രേ അധികാരം. പ്രാർത്ഥനയ്ക്ക് അവസരമുണ്ടാവാൻ ഒരു സമയത്തേയ്ക്ക് പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേർപ്പെട്ടിരിക്കരുത്, നിങ്ങളുടെ അജിതേന്ദ്രീയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേർന്നിരിപ്പിൻ.' ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കരുതലും വിധേയത്വവും, കുടുംബജീവിതത്തിന്റെ സഫലതയ്ക്ക് ആവശ്യമാണ്. ആ തിരിച്ചറിവ് വളരെ അത്യാവശ്യമാണ്.
മാതാപിതാക്കളും മക്കളും
എഫെ 6:1,2 -'മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യ കല്പന ആകുന്നു.'
ഇന്നത്തെ കാലഘട്ടം പണ്ടത്തെപ്പോലെയല്ല, ഇന്ന് പല കുടുംബത്തിലും മാതാപിതാക്കളല്ല മക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. എങ്ങനെ മക്കളെ ഒന്ന് നിയന്ത്രിക്കുമെന്ന് കരുതി പല മാതാപിതാക്കളും ഭയപ്പെട്ട് നില്ക്കുകയാണ്. പക്ഷെ, വിശുദ്ധവേദപുസ്തകം പറയുന്നു - മക്കൾ അമ്മയപ്പന്മാരെ അനുസരിക്കണം. തുടർന്ന് പറയുന്നു; നന്മയും, വിദ്യാഭ്യാസവും ജോലിയും ധനവും ഇവയൊക്കൊയുണ്ടായാലും ഇതൊന്നുമല്ല ജീവിതത്തിന്റെ അനുഗ്രഹത്തിന്റെ ആധാരം - അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്നതത്രേ!
കൊലൊ 3:20 -'മക്കളേ നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.'
മത്താ 10:37,38 -'എന്നെക്കാൾ അധികം അപ്പനെയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനേയോ മകളേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.' അപ്പനെയും അമ്മയെയും ബഹുമാനിക്കുക എന്ന് പറയുമ്പോൾ നമ്മുടെ കർത്തതാവ് ഏതളവിൽ ആഗ്രഹിക്കുന്നുവോ, ആ അളവിലാണ് നാം ഇത് ചെയ്യേണ്ടത്. കേവലം ഉപരിപ്ലവമായ, മാനുഷിക മായ സ്‌നേഹത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. കാൽവരിക്രൂശിൽ സ്വന്ത ജീവൻ നൽകി നമ്മെ ഓരോരുത്തരെയും സ്‌നേഹിച്ച യേശുക്രിസ്തുവിന്റെ സ്‌നേഹത്തിനൊത്തവണ്ണം മാതാപിതാക്കളെ സ്‌നേഹിക്കുക; എന്നതാണ് വിശുദ്ധവേദപുസ്തകം മക്കൾക്ക് നൽകുന്ന ഉപദേശം.
യോഹ 19:25-27 -'യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു. യേശു തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും നിൽക്കുന്നത് കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്ന് അമ്മയോട് പറഞ്ഞു. പിന്നെ ശിഷ്യനോട് ഇതാ, നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.'
കാൽവറിക്രൂശിൽ ആണികളാൽ തറയ്ക്കപ്പെട്ട് കിടക്കുമ്പോൾ, ആ വേദനയുടെ മദ്ധ്യത്തിലും നൊന്തു പ്രസവിച്ച തന്റെ അമ്മയായ മറിയയെ താൻ സ്‌നേഹിക്കുന്ന ശിഷ്യനായ യോഹന്നാനെ ഏല്പിച്ചു കൊടുക്കുകയാണ് യേശുക്രിസ്തു. തന്റെ അമ്മയോടുള്ള ഉത്തരവാദിത്തം ക്രൂശിൽ കിടക്കുന്ന നേരത്തും നിർവ്വഹിച്ച ഒരു രക്ഷകനെയാണ് നമ്മൾ അനുഗമിക്കുന്നത്.
1 തിമൊ 5:4 -'വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.'
മാതാപിതാക്കളെ സംരക്ഷിച്ച്, ആവശ്യങ്ങൾ നിറവേറ്റി, അവരുടെ ജീവിതനിലവാരം തിരിച്ചറിഞ്ഞ് കർത്താവിൽ കൃപയോടെ ക്രമീകരിക്കുക. പരിമിതികൾ ഉണ്ടെന്ന് വരാം. മക്കളുടെ അവസ്ഥ മനസ്സിലാക്കാത്ത മാതാപിതാക്കൾ ആണെന്ന് വരാം. എങ്കിലും കൃപയ്‌ക്കൊത്തവണ്ണം കർത്താവിൽ കാര്യങ്ങൾ ചെയ്യുക.
1 തിമൊ 5:8 -'തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.'
വേദപുസ്തകം എഴുതപ്പെട്ട കാലഘട്ടത്തിൽ ഇന്നത്തെപ്പോലുള്ള അണുകുടുംബങ്ങളല്ല ഉണ്ടായിരുന്നത്. നാം പ്രാർത്ഥനയോടെ ദൈവഹിതം അറിഞ്ഞ് നമ്മുടെ ബന്ധക്കൾക്കുവേണ്ടിയും കരുതാൻ ബാദ്ധ്യസ്ഥരാണ്. കർത്താവിൽ ക്രിസ്തുവിനെന്നവണ്ണം തിരിച്ചറിഞ്ഞ് വേണം അത് ചെയ്യാൻ.
മത്താ 22:23-30 വാക്യങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് പുനരുത്ഥാനത്തിൽ ഭാര്യ, ഭർത്താവ്, മക്കൾ എന്ന ബന്ധങ്ങളില്ല. പക്ഷെ, താല്ക്കാലികമായ ഭൂമിയിലെ ഈ ബന്ധത്തിലാണ് യേശുക്രിസ്തുവിന്റെ സ്‌നേഹത്തെ നാം വെളിപ്പെടുത്തേണ്ടത്. ക്രിസ്തുവിൽ ക്രിസ്തുവിനെന്നവണ്ണം വിനിയോഗിക്കാൻ നമ്മെ ഏല്പിച്ച സമ്പത്ത്, താലന്ത്, സമയം ഇതെല്ലാം തനിക്കും മക്കൾക്കും വേണ്ടി മാത്രം കരുതണം എന്നല്ല ഇവിടെ അർത്ഥമാക്കുന്നത്. കർത്താവിന്റെ സന്നിധിയിൽ കണക്ക് പറയേണ്ടുന്ന ഒരു നാളുണ്ട് എന്നറിഞ്ഞ് നാം മറ്റുള്ളവർക്ക് ചെയ്യണം എന്നാണ് ഇവിടുത്തെ ആശയം.
1 കൊരി 4:7 -'..... ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ .....' സമ്പത്ത്, കഴിവുകൾ എന്തായിരുന്നാലും നമുക്ക് ലഭിച്ചതാണങ്കിൽ, തന്നവനോട് നാം കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ട് ക്രിസ്തു ആഗ്രഹിക്കുന്നതരത്തിൽ മാത്രം ചെയ്യാനാണ് നമുക്ക് പരിജ്ഞാനം ആവശ്യമായിരിക്കുന്നത്. അതിലുപരിയായി നാം ചുവടുവെച്ചാൽ നിത്യതയിൽ നാം കണക്ക് ബോധിപ്പിക്കേണ്ടി വരും.
എഫെ 6:4 -'പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.'
കൊലൊ 3:21 -'പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുത്. ' ഇന്ന് ജീവിതസാഹചര്യങ്ങൾ മാറി. അനേകർ മക്കളെ ശിക്ഷിക്കാറില്ല. അതേ സമയം എത്ര ബാലശിക്ഷ കൊടുത്താലും അവർ തെറ്റിപ്പോയെന്നും വരാം. പക്ഷേ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും കുഞ്ഞുങ്ങളെ വളർത്താൻ ശ്രമിച്ചിട്ടും അവർ തെറ്റിപ്പോയാൽ അന്ന് ദൈവസന്നിധിയിൽ കരഞ്ഞ് അവർക്കുവേണ്ടി ഇടിവിൽ നിൽക്കാനുള്ള പ്രാഗത്ഭ്യം മാതാപിതാക്കൾക്കുണ്ടാവും. മക്കളുടെ വ്യക്തിത്വത്തെ മാനിക്കുന്നതിനോടൊപ്പം ഹൃദയത്തിലെ നിഷ്‌കളങ്കതയും പ്രാഗത്ഭ്യവും ധൈര്യവും ചോർന്നു പോകാത്ത തരത്തിൽ അവർക്കാവശ്യമായ നിർദ്ദേശങ്ങൾ കൊടുത്ത് അവരെ വളർത്തേണ്ടതായുണ്ട്.
സ്വന്ത ഇഷ്ടത്തിനുവേണ്ടി ഏതറ്റം വരെയും പോകാൻ അനേകരും ധൈര്യപ്പെടുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധവേദപുസ്തകത്തിലെ ദിവ്യമായ ഉപദേശത്തിന് ചെവികൊടുത്തു കൊണ്ട് ഒരു നല്ല തലമുറയെ വാർത്തെടുക്കുവാൻ സമൂഹത്തിന് പ്രയോജനമുള്ള ഒരു മാതൃകാ കുടുംബമായിത്തീരാൻ നമുക്ക് നമ്മളെത്തന്നെ സമർപ്പിക്കാം.
Bible Study Video Link
Comments
Post a Comment