20 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 2

                                20 യേശുക്രിസ്തു ആരാണ് ?


                                        ജീവന്റെ അപ്പം - 2


                                        യോഹന്നാൻ 6:35



ദൈവത്തോടുകൂടെ വസിക്കാൻ ഏദൻ തോട്ടത്തിൽ ദൈവം ആക്കിവെച്ച മനുഷ്യൻ അനുസരണക്കേടിലൂടെ ദൈവത്തിൽനിന്ന് അകന്നുപോയപ്പോൾ അവന് സമൂലമായ മാറ്റം സംഭവിച്ചു.

ഉല്പ 2:23 -'അപ്പോൾ മനുഷ്യൻ; ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്ന്  മാംസവും ആകുന്നു .....'

തന്റെ വാരിയെല്ലിൽനിന്ന് ഒന്നെടുത്ത് ദൈവം സ്ത്രീയെ ഉളവാക്കി ആദാമിന്റെ അടുത്ത് കൊണ്ടുവന്നപ്പോൾ ആദാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഹവ്വ വേറൊരു വ്യക്തിയാണെങ്കിലും ആദാം അവരെ ഇരുവരേയും ഒരു ശരീരമായാണ് കാണുന്നത്. പരിഭവവും കുറ്റവും വഴക്കും ബഹളവുമില്ലാതെ അതേതരത്തിൽ ഉൾക്കൊള്ളുന്ന മാനസികാവസ്ഥയെ, ഇത്രത്തോളം ചേർന്നിരിക്കുന്നതിനെ വിവരിക്കാൻ മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് ആദാം ഇത്തരത്തിൽ ഒരു പദപ്രയോഗം നടത്തുന്നത്. 

ഉല്പ 3:6,7 -'ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചുതിന്നു ഭർത്താവിന്നും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു .....'

പാമ്പിന്റെ കൗശലത്താൽ വശീകരിക്കപ്പെട്ടപ്പോൾ ഹവ്വയും പിന്നീട് ആദാമും ആ വൃക്ഷഫലം തിന്നു. അതോടെ ദൈവകേന്ദ്രീകൃതമായ അവരുടെ അവസ്ഥയ്ക്ക് മാറ്റം വന്നു. ദൈവത്തോട് പുറന്തിരിയുന്ന അവസ്ഥ അവർക്കുണ്ടായി. അവർ ലോകത്തിലേക്ക് തിരിഞ്ഞു.

ഉല്പ 3:12 -'അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.'

വെയിലാറിയപ്പോൾ തോട്ടത്തിൽ മനുഷ്യനെ കാണുവാൻ എത്തിയ ദൈവത്തിന്റെ കാലൊച്ച കേട്ടപ്പോൾ ദൈവതേജസ്സ് നഷ്ടപ്പെട്ട് നഗ്നരായിത്തീർന്ന മനുഷ്യൻ ഇലകൊണ്ട് വസ്ത്രം തുന്നി, നാണം മറെച്ച് ദൈവസന്നിധിയിൽനിന്ന് ഓടിയൊളിച്ചു. ഒരർത്ഥത്തിൽ അന്നും ഇന്നും മനുഷ്യനെ തേടിയെത്താൻ ദൈവം ആഗ്രഹിക്കുമ്പോൾ മനുഷ്യൻ ദൈവസാന്നിധ്യം ഭയന്ന് ഓടിയൊളിക്കുന്നു. ആദ്യം എന്റെ അസ്ഥിയിൽ നിന്ന് അസ്ഥിയും മാംസത്തിൽ നിന്ന് മാംസവും എന്ന് സ്ത്രീയെക്കുറിച്ച് പറഞ്ഞ ആദാം, ഇവിടെ എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ എന്ന് ദൈവത്തോട് പറയുന്നു. ഒന്നാണെന്നുള്ള മനോഭാവം മാറി, ഐക്യം നഷ്ടപ്പെട്ട അവസ്ഥ. സ്‌നേഹത്തോടെ ഇരിക്കുമ്പോൾ എല്ലാവരും ഒന്നാണെന്ന് മനുഷ്യർ പറയുന്നു, എന്നാൽ ഒരു വിഷയം വരുമ്പോൾ തമ്മിൽത്തമ്മിൽ കുറ്റം ആരോപിക്കുന്ന അവസ്ഥ കാണാം. കുടുംബബന്ധങ്ങളിലും, സുഹൃദ് ബന്ധങ്ങളിലും ജോലി മേഖലകളിലും ഈ പ്രശ്‌നം നാം അഭിമുഖീകരിക്കാറുണ്ട്. മനുഷ്യർ സ്വാർത്ഥരായിത്തീർന്നിരിക്കുന്നു. ഇവിടെ ആദാം ദൈവത്തിന് നൽകുന്ന മറുപടിയിൽ ഒരു ധ്വനിയുണ്ട്. ഏദൻ തോട്ടത്തിൽ ഏകരായിരുന്നപ്പോൾ, മനുഷ്യൻ ഏകനായിരിക്കുന്നത് നല്ലതല്ല എന്നുകണ്ട് ദൈവം ആദാം പോലും ചോദിക്കാതെ ഒരു സ്ത്രീയെ തുണയായി കൊടുത്തതാണ്; അതു കൊണ്ട് ഈ സംഭവിച്ചതിലെ ഒന്നാമത്തെ കുറ്റക്കാരൻ ദൈവമാണ് എന്നാണ് ആദാം അർത്ഥമാക്കുന്നത്. ആദാമിന്റെ കാഴ്ചപ്പാടിനും വീക്ഷണത്തിനും മാറ്റം വന്നു. 

ജീവിതത്തിൽ കഷ്ടങ്ങളും ദു:ഖങ്ങളും ഒറ്റപ്പെടലും അവഗണനയും വരുമ്പോൾ എന്തിനാണ് ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചതെന്നും, എന്തിനാണ് ദൈവം ഈ സാഹചര്യങ്ങൾ എന്റെ ജീവിതത്തിൽ അനുവദിച്ചതെന്നും അനേകർ ചോദിക്കാറുണ്ട്. അവിടെ ദൈവത്തെയാണ് മനുഷ്യൻ കുറ്റപ്പെടുത്തുന്നത്. സ്വന്തം മക്കളുടെ നേട്ടങ്ങൾ തങ്ങളുടേതായിക്കാണിക്കാനും അവരുടെ ജീവിതത്തിലെ ദോഷവശങ്ങളും വീഴ്ചകളും ജീവിതപങ്കാളിയുടെ കുഴപ്പംകൊണ്ടാണ് എന്ന് സ്ഥാപിക്കാനും വ്യഗ്രതകാട്ടുന്ന അനേകം ഭാര്യാഭർത്താക്കന്മാർ ഉണ്ട്. അതുപോലെതന്നെ ഇന്ന് സമൂഹത്തിൽ വേർതിരിവുകൾ ശക്തമായി നിലനില്ക്കുന്നു. ഒരു കുടുംബത്തിൽ, ഒരേ മാതാപിതാക്കളാൽ വളർത്തപ്പെട്ട സഹോദരങ്ങളുടെ ഇടയിൽപ്പോലും ഉന്നതമായ നിലവാരത്തിലുള്ളവർക്ക് താഴ്ന്ന  നിലവാരത്തിൽ ജീവിക്കുന്ന സഹോദരങ്ങളെ മറ്റുള്ളവരോട് പരിചയപ്പെടുത്താനോ, വേർതിരിവുകളില്ലാതെ അവരോട് ഇടപെടാനോ കഴിയാത്ത അവസ്ഥകൾ പലയിടങ്ങളിലും കാണാം. ഇതിന്റെ കാരണമായി പറയാൻ പലതും ഉണ്ടെങ്കിലും മനുഷ്യനിൽ നിന്ന് ദൈവാത്മാവ് നഷ്ടപ്പെട്ട് അവൻ ദൈവത്തിൽ നിന്ന് അകന്നുപോയതാണ് ഇതിന്റെയെല്ലാം മൂലകാരണം. ഇതിന് മാറ്റം വരണമെങ്കിൽ പുറമേയുള്ള യാതൊന്നുകൊണ്ടും സാദ്ധ്യമല്ല. സമൂഹത്തിൽ ഉടലെടുത്തിരിക്കുന്ന ഇത്തരം പ്രശ്‌നങ്ങൾ രാഷ്ട്രീയപാർട്ടികളുടെ വാഗ്ദാനം കൊണ്ടോ, കൗൺസലിങ് കൊണ്ടോ, ബോധവൽക്കരണം കൊണ്ടോ, ദാനങ്ങൾ നൽകിയതുകൊണ്ടോ ശാശ്വതമായി പരിഹരിക്കാൻ സാധ്യമല്ല.

ഇവിടെയാണ് യേശുക്രിസ്തു നൽകുന്ന ജീവന്റെ പ്രസക്തി നാം മനസ്സിലാക്കേണ്ടത്.

ഉല്പ 3:22,23 -'യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചുതിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുത് എന്നു കല്പിച്ചു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽ നിന്നു പുറത്താക്കി.'

വൃക്ഷഫലം പറിച്ചുതിന്ന് ദൈവീകജീവൻ നഷ്ടപ്പെട്ട് ഇന്നുകാണുന്നതുപോലെ ബലഹീനതയും കഷ്ടവും രോഗവും ഭാരവും പ്രയാസവുമുള്ള ശരീരത്തിന്റെ ഉടമയായിത്തീർന്ന മനുഷ്യൻ അതേ അവസ്ഥയിൽ തുടർന്ന് എന്നേക്കും ജീവിക്കാൻ ഇടവരരുത് എന്നതുകൊണ്ടാണ് ദൈവം മനുഷ്യനെ ഏദെൻതോട്ടത്തിൽനിന്ന് പുറത്താക്കുന്നത്. അങ്ങനെ പുറത്തായ ആദ്യ മനുഷ്യനായ ആദാമിന്റെ സന്തതിപരമ്പരകളാണ് ഇന്നത്തെ എല്ലാ മനുഷ്യരും.

റോമ 3:23 -'ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു.'

റോമ 5:17 -'ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ .....?

നമ്മൾ നമ്മെത്തന്നെ ജീവനുള്ളതായിക്കാണുമ്പോൾ, സൃഷ്ടാവായ ദൈവം നമ്മെ കാണുന്നത് അങ്ങനെയല്ല. മനുഷ്യന്റെ അതിക്രമങ്ങൾ ലോകത്ത് പെരുകിയപ്പോൾ ദൈവം പറയുന്നത് ഇങ്ങനെയാണ്.

ഉല്പ 6:3 -'മനുഷ്യനിൽ എന്റെ ആത്മാവ് സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ ..... ' നാം ജീവനുണ്ട് എന്ന് പറയുന്ന ഈ ശരീരത്തെ ദൈവം കാണുന്നത് ജഡമായാണ്. ദൈവദത്തമായ ജീവൻ അവനിൽനിന്ന് നഷ്ടമായപ്പോൾ തമ്മിൽത്തമ്മിൽ സ്‌നേഹിച്ച്, ഉൾക്കൊണ്ട്, ഐക്യം നൽകിയ ആത്മാവ് അവനിൽനിന്ന് മാറിപ്പോയി. തമ്മിൽ ഉപദ്രവിച്ചും കുറ്റം പറഞ്ഞും സ്വന്തഇഷ്ടം നടക്കാനായി ഏതറ്റംവരെയും പോകാൻ മനുഷ്യന് മടിയില്ലാതായി. നൂറ് ശതമാനം സാക്ഷരത കൈവരിച്ചു എന്ന് അവകാശപ്പെടുന്ന കേരളത്തിന്റെയും അവസ്ഥ വിഭിന്നമല്ല. ഒരു രാജ്യം നന്നാകണമെങ്കിൽ ഓരോ സംസ്ഥാനങ്ങളും നന്നാവണം, ഓരോ ജില്ലകൾ നന്നാവണം, ഓരോ പഞ്ചായത്തും വാർഡുകളും നന്നാവണം. ആത്യന്തികമായി ഒരു കുടുംബവും, ഓരോ വ്യക്തികളും നന്നാവണം. വൈദ്യശാസ്ത്രപ്രകാരം തലവേദന ഒരു രോഗലക്ഷണമാണ്. അതുപോലെതന്നെ ഇന്ന് മനുഷ്യൻ ചെയ്യുന്ന തിന്മകളുടെ അടിസ്ഥാനകാരണം കണ്ടെത്താതെ പുറമേ എന്തെങ്കിലും ചെയ്താൽ ശാശ്വതപരിഹാരം ആകുകയില്ല. മദ്യക്കുപ്പികളിലും സിഗരറ്റ് കവറിലും അത് ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിയിട്ടുണ്ട്. അത് വായിച്ച് മനസ്സിലാക്കിയാലും അത് ഒഴിവാക്കാൻ പലർക്കും കഴിയുന്നില്ല. നിയമം മൂലം പൂർണ്ണമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കിലും ശിക്ഷയെ ഭയന്നെങ്കിലും മനുഷ്യർ ചില കാര്യങ്ങൾ നേരെയാക്കും. എന്നാൽ ദൈവം ആഗ്രഹിക്കുന്നത് കേവലം ഭയംകൊണ്ട് കാര്യങ്ങൾ നേരെയാവണമെന്നല്ല. ഒരു കുട്ടി തന്റെ അപ്പനേയും അമ്മയേയും അനുസരിക്കുന്നത് കേവലം ശിക്ഷയോടുള്ള ഭയംകൊണ്ട് മാത്രമാണെങ്കിൽ ആ ബന്ധം പ്രശ്‌നമുള്ളതാണ്. എന്നാൽ അപ്പനും അമ്മയും തന്നെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്നും തന്റെ നന്മയ്ക്കായിട്ടാണ് അവർ ശിക്ഷിക്കുന്നതെന്നും അറിഞ്ഞ് അനുസരിക്കുമ്പോൾ ആ ബന്ധം ഭദ്രമാണ്. അതുപോലെ കേവലം ഒരു നിയമത്തെ ഭയന്ന് മനുഷ്യൻ നേരായി നടക്കുന്നതിനുപരിയായി യേശുക്രിസ്തു നമുക്ക് നൽകുന്ന ജീവനിൽനിന്ന് ഉടലെടുക്കുന്ന സ്‌നേഹത്തിൽ നടക്കേണ്ടത് ആവശ്യമാണ്.

ഒരു മനുഷ്യനിൽനിന്ന് ദൈവം മനുഷ്യജാതിയെ മുഴുവൻ ഉളവാക്കി. ലോകത്തിലുളള സകല മനുഷ്യരുടെയും പിതാവ് ഒറ്റ മനുഷ്യനാണെന്നും തന്നിമിത്തം ജാതി, മത, വർഗ്ഗ, രാജ്യ വ്യത്യാസങ്ങൾക്കതീതമായി ഒരപ്പന്റെ മക്കളാണ് സകല മനുഷ്യരും എന്ന ദിശാബോധം നമുക്ക് ലഭിക്കുന്നത് യേശുക്രിസ്തുവിന്റെ ജീവൻ നാം ധാരാളമായി ഉള്ളിൽ ഉൾക്കൊള്ളുമ്പോഴാണ്. ഇവിടെ മതം മാറ്റമോ പുറമെയുളള പരിവർത്തനമോ അല്ല ശാശ്വതമായ പരിഹാരം. യേശുവിന്റെ ജീവൻ നമ്മുടെ ഉള്ളിൽ പരിവർത്തനം നടത്തേണ്ടതുണ്ട്. ദൈവേഷ്ടം ചെയ്യുന്നവരായി ജീവിക്കാൻ നമുക്ക് ഒരുങ്ങാം.

 

video link





Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5