21 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 3

                                                                    




                                                  21 



                              യേശുക്രിസ്തു ആരാണ് ?


                                     ജീവന്റെ അപ്പം - 3


                                     യോഹന്നാൻ 6:35



ദൈവത്തോട് അനുസരണക്കേട് കാണിച്ച് ഏദെൻതോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ദൈവീക ജീവൻ നഷ്ടമായി ദൈവത്തിൽ നിന്ന് അകന്നുപോയ മനുഷ്യന്  ഇനി ഏറ്റവും ആവശ്യമായിരിക്കുന്നത് നഷ്ടപ്പെട്ടുപോയ ആ ദൈവിക ജീവൻ തിരികെ ലഭിക്കുക എന്നതാണ്. 

യോഹ 10:11 -'ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.'

യോഹ 10:10 -'മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.'

തന്റെ ജീവനെ കൊടുക്കുന്ന ഒരു നല്ല ഇടയനെ ആണ് നാം ഇവിടെ പരിചയപ്പെടുന്നത്. മനുഷ്യന് നഷ്ടമായ ജീവനെ തിരിച്ചുനൽകാനാണ് നല്ല ഇടയനായ യേശുക്രിസ്തു വന്നത്.

ഉല്പ 6:3 -'അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവ് സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ .....'

ഒരുവനിൽനിന്ന് ജീവൻ നഷ്ടപ്പെടുമ്പോൾ പിന്നെ നാം ശേഷിക്കുന്ന ശരീരത്തെ ജഡം എന്നാണ് വിളിക്കുന്നത്. അതു പോലെ ദൈവം ഇവിടെ ദൈവത്തിന്റെ നിലവാരത്തിലാണ് മനുഷ്യനെ ജഡം എന്ന് പറയുന്നത്. ദൈവസ്വരൂപത്തിലും സാദൃശ്യത്തിലും ഇരിക്കുവാൻ നൽകപ്പെട്ട ജീവൻ മനുഷ്യനിൽനിന്ന് നഷ്ടമായിപ്പോയി എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യനിൽനിന്ന് ജഡത്തിന്റെ പ്രവൃത്തികൾ വെളിപ്പെട്ടുവരുന്നു. 

നല്ലതുപോലെ കായ്ഫലമുള്ള ഒരു മാവിൽനിന്ന് പഴുത്ത മാങ്ങകൾ കിട്ടാൻ വേണ്ടി കുട്ടികൾ കല്ലെറിഞ്ഞേക്കാം, അല്ലെങ്കിൽ മറ്റുതരത്തിലുള്ള ഉപദ്രവങ്ങൾ അതിന് നേരിടേണ്ടി വരാം. എന്നാൽ അതുകൊണ്ടൊന്നും അടുത്ത പ്രാവശ്യം അത് ഫലം തരാതിരിക്കില്ല. കാരണം, ഫലം പുറപ്പെടുവിക്കുക എന്നുള്ളത് അതിന്റെ പ്രകൃതമാണ്. ഏതു സാഹചര്യം നേരിട്ടാലും അതിൽനിന്ന് ഫലം പുറപ്പെട്ടുകൊണ്ടേയിരിക്കും. അതേപോലെ ദൈവാത്മാവുള്ള ആത്മീകൻ എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തിയിൽനിന്ന് ആത്മാവിന്റെ ഫലം അവന്റെ പ്രകൃതമായി പുറപ്പെട്ട് വരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

ആദാമിന്റെ കാര്യത്തിൽ സംഭവിച്ചത്, ദൈവാത്മാവ് അവനിൽ ഉണ്ടായിരുന്നപ്പോൾ യാതൊരു പരപ്രേരണയും കൂടാതെ മുന്നൊരുക്കം കൂടാതെ അവന് സ്ത്രീയെനോക്കി ഇത് എന്റെ അസ്ഥിയിൽനിന്ന് അസ്ഥിയും മംസത്തിൽനിന്ന് മാംസവും എന്ന് പറയാൻ കഴിഞ്ഞു. ആത്മാവിന്റെ പ്രകടനം അല്ലെങ്കിൽ വെളിപ്പെടൽ പരപ്രേരണകൊണ്ടോ, ബാഹ്യസമ്മർദ്ദം കൊണ്ടോ, ബോധപൂർവ്വം കണ്ടെത്തിയോ ഉണ്ടാകുന്നതല്ല, മറിച്ച് അത് സ്വതസിദ്ധമായി തനതായി പുറപ്പെട്ടുവരുന്നതാണ്. അതുകൊണ്ട്, ആത്മാവിന്റെ വെളിപ്പെടുത്തലുകൾ പുറമേനിന്ന് നോക്കുമ്പോൾ പ്രവൃത്തികളാണെങ്കിലും വിശുദ്ധവേദപുസ്തകം അതിന് പറയുന്നത് ആത്മാവിന്റെ ഫലം എന്നാണ്.

ഗലാ 5:22,23 -'ആത്മാവിന്റെ ഫലമോ: സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം .....'

ആദാമിന്റെ മുമ്പിൽ ഹവ്വായെ ദൈവം കൊണ്ടുവന്നപ്പോൾ അവന് കിട്ടിയ തുണയോടുള്ള സ്‌നേഹവും, സന്തോഷവും അവന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്. അവരുടെ ജീവിതത്തിൽ അപ്പോൾ സമാധാനം ഉണ്ടായിരുന്നു.

ഗലാ 5:19-21 -'ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ .....'

ഒരു കുഞ്ഞ് ജനിക്കുമ്പോൾ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നു. ആ കുഞ്ഞ് അത് പറഞ്ഞിട്ടല്ല, മറിച്ച് അവന്റെ ആവശ്യങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കൾ ചെയ്യുകയാണ്. തങ്ങൾ എന്തൊക്കെ ചെയ്തു എന്ന് എഴുതി വെക്കാറില്ല. എന്നാൽ മറ്റൊരു കുഞ്ഞിനെ കാണാൻ പോകുമ്പോൾ ഒരു സമ്മാനം വാങ്ങിക്കൊണ്ടു പോകാറുണ്ട്. അതിനായി ആരുടെ കുഞ്ഞാണ്, കുഞ്ഞിന്റെ മാതാപിതാക്കളുമായി ഉള്ള ബന്ധം എങ്ങനെയുള്ളതാണ് എന്നൊക്കെ കണക്കിലെടുത്ത് ചില മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയപ്പെട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്. അത് ഒരു പ്രവൃത്തിയായി ചെയ്യുന്നു. എന്നാൽ സ്വന്തം കുഞ്ഞിന് ചെയ്യുമ്പോൾ അത് സ്വമേധയാ വരുന്നു. ഇതുപോലെ തന്നെ ആത്മാവിന്റെ ഫലം സ്വമേധയാ ഉളവാകുമ്പോൾ ജഡത്തിന്റെ പ്രവൃത്തികൾ ചില മാനദണ്ഡങ്ങളെ അനുസരിച്ച്, വ്യവസ്ഥകൾക്ക് വിധേയപ്പെട്ട് വരുന്നു. 

ദൈവം ഒന്നാമത്തെ മനുഷ്യനെ ആത്മാവിൽ നിർമ്മിച്ചപ്പോൾ നിഷ്‌കളങ്കവും, നിർമ്മലവും, ഒരു പ്രത്യുപകാരം പ്രതീക്ഷിക്കാത്തതുമായ അനുഭവത്തിൽ അവനിൽ നിന്ന് കാര്യങ്ങൾ പുറപ്പെട്ടുവരേണം എന്നാണ് ആഗ്രഹിച്ചത്.

വിശുദ്ധവേദപുസ്തകത്തിൽ 'ജഢം' എന്ന വാക്ക് രണ്ടുതരത്തിൽ ഉപയോഗിച്ചിരിക്കുന്നു. ഒന്ന് ശരീരം എന്നുള്ള തരത്തിൽ, മറ്റൊന്ന് ദൈവാത്മാവ് നഷ്ടപ്പെട്ട മനുഷ്യന്റെ അനുഭവം എന്ന തരത്തിൽ. ചുരുക്കത്തിൽ, യേശുവിനെ രക്ഷകനും പാപമോചകനുമായി സ്വീകരിക്കാത്ത, ദൈവാത്മാവിനാൽ മുദ്രയിടപ്പെടാത്ത മനുഷ്യൻ ആത്മാവ് നഷ്ടപ്പെട്ട ജഡത്തിന്റെ അവസ്ഥയിലാണ്. അവനിൽ നിന്ന് ബോധപൂർവ്വം വരുന്ന ഏതൊരു കർമ്മങ്ങളെയും ജഢത്തിന്റെ പ്രവൃത്തികൾ എന്നാണ് പറയുന്നത്. വിശുദ്ധവേദപുസ്തകത്തിന്റെ വെളിച്ചത്തിൽ നാം ഏത് നിലവാരത്തിലായിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ദൈവം ചില പരീക്ഷണങ്ങൾ വെച്ചിരിക്കുന്നു.

സ്‌കൂളിലെ കെമിസ്ട്രി ലാബിൽ ഒരു ദ്രാവകം ആസിഡാണോ, ആൽക്കലിയാണോ എന്ന് തിരിച്ചറിയാൻ ലിറ്റ്മസ് പേപ്പർ ടെസ്റ്റ് നടത്താറുണ്ട്. അത് ചുമപ്പ് നിറം കാണിക്കുന്നെങ്കിൽ ദ്രാവകം ആസിഡും നീല നിറമാണ് കാണിക്കുന്നതെങ്കിൽ ദ്രാവകം ആൽക്കലിയും ആണ്. അതുപോലെ ജഡത്തിന്റെ പ്രവൃത്തികൾ ഒരുവനിൽനിന്ന് പുറപ്പെട്ടുവരുന്നെങ്കിൽ ദൈവദൃഷ്ടിയിൽ അവൻ ജഡമാണ്. ദൈവാത്മാവുള്ളവന് അറിയാം ദൈവം എല്ലാം കണ്ടുകൊണ്ടിരിക്കുന്നു, അറിയുന്നു എന്ന്. അതുകൊണ്ട് ദൈവഭയത്തിലും, ദൈവസ്‌നേഹത്തിലും, ദൈവാശ്രയത്തിലും അവന്റെ ജീവിതത്തിൽ കാര്യങ്ങൾ വെളിപ്പെടും. ദൈവാത്മാവിന്റെ സാന്നിധ്യമില്ലാത്ത ഒരു വ്യക്തിയുടെ ചിന്ത താൻതന്നെ സ്വരൂപിച്ചില്ലെങ്കിൽ തനിക്കൊന്നും ഉണ്ടാകില്ല, കാര്യങ്ങൾ എല്ലാം പ്രശ്‌നമാകും എന്നാണ്. ദൈവം അവർക്കുവേണ്ടി കരുതും എന്ന ബോധം അവർക്കില്ല. അവരിൽനിന്ന് പുറപ്പെടുന്ന പ്രവൃത്തികളെല്ലാം ഒരു മാനദണ്ഡം അനുസരിച്ചായിരിക്കും. തന്റെ പേരും, പ്രവൃത്തിയും വെളിപ്പെടാൻ ആഗ്രഹിച്ചോ തന്റെ തന്നെ ഉയർച്ചക്കും, മഹത്വത്തിനും, ഗുണത്തിനും വേണ്ടിയോ കാര്യങ്ങൾ ചെയ്യുവാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ഘടകം അവന്റെ ജഡാവസ്ഥയാണ്.

മർക്കൊ 7:20-22 -'മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്; അകത്തു നിന്ന്, മനുഷ്യരുടെ ഹൃദയത്തിൽ നിന്നുതന്നേ; ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്‌കർമ്മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.' മനുഷ്യനിൽനിന്ന് ഈ പ്രവൃത്തികൾ ഉണ്ടാകുവാൻ കാരണം അവന്റെ അകത്ത് ഹൃദയത്തിന് മാറ്റം സംഭവിച്ചു. മനസ്സലിവ് നഷ്ടപ്പെട്ടു, ദുഷ്ടത നിറഞ്ഞു. ദൈവസ്‌നേഹത്തിലും കരുതലിലും കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ല. ആദാം ദൈവത്തിൽനിന്ന് അകന്നു പോയില്ലെങ്കിൽ ഈ ലോകത്തിലെ മനുഷ്യരെല്ലാം ദൈവതേജസുള്ളവരായേനെ. അവരെല്ലാം ഒരു അപ്പന്റെ മക്കൾ എന്നപോലെ സ്‌നേഹത്തിലും സഹവർത്തിത്വത്തിലും കഴിയുമായിരുന്നു. ദൈവമാണ് അവരുടെ പിതാവ് എന്ന ബോധ്യത്തിൽ നാളെയെക്കുറിച്ചുള്ള ആശങ്കകളും, ആകുലതകളും, ഭാരവും വിട്ടൊഴിഞ്ഞ് ദൈവാത്മാവിനാൽ അവരുടെ ഉള്ളിൽ ലഭ്യമാകുന്ന ദൈവീക ആലോചനപ്രകാരം കരുതുവാനും ചെലവഴിക്കാനും, കൊടുക്കുവാനും മനുഷ്യൻ തയ്യാറാകുമായിരുന്നു. ദൈവത്തിന്റെ കരുതലിനെ മറന്ന മനുഷ്യൻ ഇടുങ്ങിയ ചിന്താഗതിയിലേക്ക് മാറി, തനിക്കുവേണ്ടി മാത്രം സ്വരൂപിക്കുന്ന അവസ്ഥയിലേക്ക് ഒതുങ്ങിപ്പോയി. ഇവിടെയാണ് ഓരോരുത്തരും വ്യക്തിപരമായി യഥാസ്ഥാനപ്പെടേണ്ടത്. സൃഷ്ടാവായ ഒരു ദൈവമുണ്ടെന്നും, തന്നെ ഉരുവാക്കിയത് ആ ദൈവമാണെന്നും ആ ദൈവം തന്റെ സ്‌നേഹത്തിലേക്ക് നാം മടങ്ങിവരുവാൻ ആഗ്രഹിക്കുന്നു എന്നും നാം തിരിച്ചറിയണം. ആ അറിവ് നമ്മിൽ ഉളവാക്കുവാനും ദൈവസ്‌നേഹം വെളിപ്പെടുത്തുവാനും ആണ് യേശുക്രിസ്തു ഈ ലോകത്തിൽ വന്നത്.

യോഹ 1:1 -'ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.'

ദൈവതേജസ്സ് നഷ്ടപ്പെട്ട് ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട് ഭൂമിയിലായ മനുഷ്യനെത്തേടി യേശു ഭൂമിയിൽ മനുഷ്യനായി വന്നു. നമ്മെ വീണ്ടെടുത്ത് രക്ഷിച്ച്, ആത്മാവിനെ ദാനമായി തന്ന്, ഒന്നാമത്തെ മനുഷ്യന് നഷ്ടമായ ജീവനെ തിരികെ തരുവാൻ അവിടുന്ന് വന്നു. അവിടുത്തെ ജീവൻ നമുക്കുവേണ്ടി നൽകി. ജീവന്റെ അപ്പമായ, നമുക്ക് സമൃദ്ധമായ ജീവനുണ്ടാകുവാനായി വന്ന, ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്ന നല്ല ഇടയന്റെ മുമ്പാകെ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം. 


                                                     video link 


Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5