22 യേശുക്രിസ്തു ആരാണ് ? ജീവന്റെ അപ്പം - 4

                                                                        




                                           22 



                              യേശുക്രിസ്തു ആരാണ് ?


                               ജീവന്റെ അപ്പം - 4


                         യോഹന്നാൻ 6:35



മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്ക് വന്ന യേശുക്രിസ്തു തന്നെത്തന്നെ പരിചയപ്പെടുത്തുകയാണ്  'ഞാൻ ജീവന്റെ അപ്പം ആകുന്നു'. എന്തിനാണ് അവിടുന്ന് ഈ ഭൂമിയിലേക്ക് വന്നത് ?

യോഹ 1:14 -'വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.'

എബ്രാ 2:14 -'മക്കൾ ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി .....'

യോഹ 1:1 -'ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.'

യേശുക്രിസ്തുവിനെക്കുറിച്ചാണ് ഈ വാക്യങ്ങൾ വെളിപ്പെടുത്തുന്നത്. മാനവകുലം ദൈവാത്മാവ് നഷ്ടപ്പെട്ട് ഇന്നീ കാണുന്ന രോഗവും കഷ്ടവും വേദനയും ഭാരങ്ങളും നിറഞ്ഞ അവസ്ഥയിലേക്ക് എത്തിപ്പെട്ടതുകൊണ്ട് ദൈവമായിരുന്നവൻ മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നതാണ് യേശുക്രിസ്തു.

2 കൊരി 5:21 -'പാപം അറിയാത്തവനെ, നാം അവനിൽ ദൈവത്തിന്റെ നീതി ആകേണ്ടതിന്ന് അവൻ നമുക്കുവേണ്ടി പാപം ആക്കി.'

ആദാം ദൈവതേജസ്സ് നഷ്ടപ്പെട്ട് ഒരു സാധാരണ മനുഷ്യനായി ഭൂമിയിലേക്ക് വന്നത് അനുസരണക്കേടിനാൽ അവൻ ദൈവത്തോട് പാപം ചെയ്തതുകൊണ്ടായിരുന്നു.

നിരനിരയായിപ്പോകുന്ന ഉറുമ്പിൻകൂട്ടത്തെ നശിപ്പിക്കാൻ തീയിടാറുണ്ട്. എന്നാൽ മുമ്പിൽ തീയുണ്ടെന്നും അനേകം ഉറുമ്പുകൾ ചാകുന്നുണ്ടെന്നും മറ്റുള്ള ഉറുമ്പുകളോട് പറയണമെങ്കിൽ ഒരു ഉറുമ്പായിത്തീർന്ന് അവരുടെ ഭാഷ ഉപയോഗിച്ചേ സാധിക്കൂ.

അതുപോലെ പാപത്താൽ ദൈവതേജസ്സ് നഷ്ടപ്പെട്ട് ദൈവത്തിന്റെ നിരന്തരമായ സാമീപ്യത്തിൽനിന്നും സഹവാസത്തിൽനിന്നും അകന്ന് ദൈവശബ്ദം കേൾക്കാൻ കഴിയാതായ മനുഷ്യനെത്തേടി ദൈവമായിരുന്നവൻ തന്റെ തേജസ്സ് മനപ്പൂർവ്വം മാറ്റിവെച്ച് മനുഷ്യരൂപത്തിൽ ഈ ഭൂമിയിൽ വന്നു.

ഫിലി 2:6-8 -'അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളംതന്നേ, അനുസരണമുള്ളവനായിത്തീർന്നു.'

ലൂക്കൊ 1:35 -'അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.'

റോമ 8:3 -'ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ സാധിപ്പാൻ ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു. പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.'

അബ്രഹാമിന്റെസന്തതി പരമ്പരയായ ഇസ്രായേൽ ജനത്തിന് ദൈവം ന്യായപ്രമാണം നൽകി. ആ പ്രമാണം അനുസരിച്ച് അവരുടെ ജീവിതത്തിൽ വരുന്ന പാപത്തിന്റെ പരിഹാരത്തിനായി ഊനമില്ലാത്ത മൃഗങ്ങളെ യാഗം കഴിക്കുക പതിവായിരുന്നു. ഓരോ വ്യക്തികളും യാഗം കഴിക്കുന്നതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു. ഒരുവന്റെ പാപത്തിന്റെ ശിക്ഷയായിട്ട് താൻ മരിക്കേണ്ട സ്ഥാനത്ത് തനിക്കു വേണ്ടി ഒരു ഊനമില്ലാത്ത മൃഗത്തെ, തന്റെ പാപം അതിന്മേൽ ചുമത്തി യാഗമാക്കുന്നു. എന്നാൽ സകല മാനവകുലത്തിന്റെയും സമൂലമായ രക്ഷയ്ക്കുവേണ്ടി ഊനമില്ലാത്ത, പാപമില്ലാത്ത ഒരുവനെ യാഗമാക്കുവാൻ അന്വേഷിക്കുമ്പോൾ, ആദാമിൽനിന്ന് പിറന്ന മാനവകുലം മുഴുവൻ പാപത്തിന്റെ അടിമത്തത്തിലായതുകൊണ്ട് ദൈവമായിരുന്നവൻതന്നെ മനുഷ്യരൂപത്തിൽ ഭൂമിയിൽ വന്നു.

'ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാഞ്ഞതിനെ സാധിക്കുവാൻ' എന്ന വാക്യത്തിന്റെ അർത്ഥം ദൈവത്തേക്കാൾ പിശാചിനെ അനുസരിച്ച ആദിമമനുഷ്യൻ ദൈവത്തെപ്പോലെയായിത്തീരും എന്ന പിശാചിന്റെ വാക്കുകേട്ടാണ് അത് ചെയ്തത്. ആ വീഴ്ച നിമിത്തം അനുസരണക്കേടിന്റെ ആത്മാവ് അവരെ ഭരിക്കുവാൻ തുടങ്ങി. ചെയ്യരുതെന്ന് പറയുന്നത് ചെയ്യാനുള്ള പ്രവണത മനുഷ്യനുണ്ടായി. ചെയ്യരുതെന്ന് പറയുന്ന കാര്യം ചെയ്യാൻ കൊച്ചുകുഞ്ഞുങ്ങൾ മുതൽ പ്രായഭേദമെന്യേ എല്ലാവർക്കും ഒരു പ്രവണതയുണ്ട്. അതുകൊണ്ട് ഒരിക്കലും മനുഷ്യന് ന്യായപ്രമാണം പറയുന്ന കാര്യങ്ങൾ പൂർണ്ണമായി അനുസരിക്കാൻ പറ്റില്ല. സ്വന്തംകഴിവിൽ ആശ്രയിച്ച് ചെയ്യാൻ ശ്രമിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ പ്രശ്‌നമായിത്തീരാറുണ്ട്.

ഇനി മുതൽ മദ്യപിക്കില്ല എന്ന് തീരുമാനം എടുക്കുന്നവരുണ്ട്. അതുപോലെ കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുണ്ടാക്കാതെ സമാധാനമായിരിക്കും എന്ന് തീരുമാനിക്കുന്നവരും ഉണ്ട്. ചില ദിവസങ്ങൾ കഴിയുമ്പോൾ കാണുന്ന കാഴ്ച എത്രത്തോളം ശക്തിയിൽ അവർ ഈ കാര്യങ്ങൾ ചെയ്യാൻ തീരുമാനിച്ചോ, അതിന്റെ ഇരട്ടി ശക്തിയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതരത്തിൽ, ആ തീരുമാനത്തിന് വിപരീതമായി പിന്നീട് അവർ പ്രവർത്തിക്കാൻ പ്രേരിതരാകുന്നു. ചുരുക്കം ചിലർക്ക് മാത്രമേ ഇങ്ങനെയുള്ള തീരുമാനങ്ങളിൽ ഉറച്ചുനില്ക്കാൻ കഴിയുന്നുള്ളൂ.

ജഡത്താലുള്ള ബലഹീനത എന്ന് അർത്ഥമാക്കുന്നത് ദൈവാത്മാവിന്റെ സാന്നിധ്യം നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ പരിമിതിമൂലം ഉളവായ ബലഹീനതയാണ്. നല്ലത് എന്താണെന്നറിയാമെങ്കിലും അത് ചെയ്യാൻ പ്രാപ്തിയില്ല, തിന്മ എന്തെന്നറിയാമെങ്കിലും അത്  വിട്ടൊഴിയാൻ കഴിയുന്നില്ല. എന്നാൽ, ആ ബലഹീനതയ്ക്ക് പരിഹാരം വരുത്തുവാൻ തേജോമയനായ ദൈവം, വചനമായിരുന്നവൻ മനുഷ്യരൂപമെടുത്ത് നമുക്കുവേണ്ടി അനുസരണം തികയ്ക്കുവാൻ കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ വന്ന് നമുക്കു പകരം കാൽവറിക്രൂശിൽ നമ്മുടെ ലംഘനങ്ങളുടെ ശിക്ഷ ഏറ്റെടുത്ത് നമുക്കുവേണ്ടി യാഗമായി. ഇവിടെയാണ് യേശുക്രിസ്തുവിന്റെ പ്രസ്താവനയുടെ പ്രസക്തി. 'ഞാൻ നല്ല ഇടയനാകുന്നു, നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.' അതുകൊണ്ട്, നമുക്ക് ഈ നല്ല ഇടയന്റെ മുമ്പാകെ നമ്മെത്തന്നെ സമർപ്പിക്കാം.


                                                      Video Link


Comments

Popular posts from this blog

29 യേശു ക്രിസ്തു ആരാണ് ? നരുത്ഥാനം - 1

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5