25 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 2

                         




                                            25  



                            യേശുക്രിസ്തു  ആരാണ് ?


                                      ജീവന്റെ വെളിച്ചം - 2


                                   യോഹന്നാൻ 8:12



കർത്താവായ യേശുക്രിസ്തു തന്നെത്തന്നെ പരിചയപ്പെടുത്തുന്നു - 'ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും .....'

യോഹ 1:14 -'വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു.'

യോഹ 1:4 -'അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു.'

        മത്താ 4:14,15 -'സെബൂലൂൻദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു.' ഇരുട്ടിലിരിക്കുന്ന ജനം വെളിച്ചം കണ്ടു എന്ന് പറയുമ്പോൾ യേശു ആക്ഷരികമായി പ്രകാശം പരത്തി എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് ജീവിതത്തിന്റെ അർത്ഥം എന്തെന്നറിയാതെ ലക്ഷ്യബോധമോ, ദിശാബോധമോ ഇല്ലാതിരുന്ന ജനത്തിന് മാതൃകയായി, അവർക്ക് ലക്ഷ്യബോധവും സന്തോഷവും സമാധാനവും സ്വസ്ഥതയും നൽകുന്നവനായി യേശു അവർക്കിടയിൽ ജീവിച്ചു എന്നത്രേ .

യഥാർത്ഥത്തിൽ ദൈവം ഭൂമിയെ സൃഷ്ടിച്ചപ്പോൾ അത് മുള്ളും പറക്കാരയും നിറഞ്ഞതായിരുന്നില്ല. മനുഷ്യന്റെ അനുസരണക്കേടിനാൽ പാപത്തിന്റെ അടിമത്വത്തിൽ ആയപ്പോൾ ഈ ഭൂമിയുടെയും സസ്യലതാദികളുടെയും ഘടനക്ക് മാറ്റം വന്നു. കംപ്യൂട്ടറിൽ വൈറസ് കയറുമ്പോൾ അതിന്റെ പ്രവർത്തനം താറുമാറാകുന്നതുപോലെ, സകലത്തിന്മേലും വാഴുവാൻ തക്കവണ്ണം ദൈവം സൃഷ്ടിച്ച മനുഷ്യൻ തെറ്റിപ്പോയപ്പോൾ സകലവും ഇരുളിലായി. അവിടെയാണ് യേശുക്രിസ്തു വെളിച്ചമായി വന്നത്. 

യോഹ 1:4,5 -'അവനിൽ ജീവൻ ഉണ്ടായിരുന്നു; ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.'

വഴിതെറ്റി അലയുന്നവർക്ക് വഴികാട്ടുന്നതും, എങ്ങോട്ട് നീങ്ങണമെന്ന് അറിയാത്തവർക്ക് ദിശാബോധം നൽകുന്നതുമാണ് വെളിച്ചം. ദൈവീകതേജസ്സും സാന്നിധ്യവും നിയന്ത്രണവും നഷ്ടപ്പെട്ട് അവനവന്റേതായ വഴിയിലേക്ക് തിരിഞ്ഞ മനുഷ്യന് വെളിച്ചം  പകരാനാണ്  യേശുക്രിസ്തു മനുഷ്യരുടെ വെളിച്ചമായി ഭൂമിയിലേക്ക് വന്നത്. നാം ആയിരിക്കുന്ന ലോകം ദൈവത്തിന്റെ ആത്യന്തിക പദ്ധതിയിലല്ല ചലിക്കുന്നതെന്നും, അത് ഇരുളിലാണെന്നും മനസ്സിലാക്കാൻ ആവശ്യമായ ഉൾബലം ഒരുവന് ലഭിക്കുന്നത് വെളിച്ചമായ യേശു  അവന്റെ ഉള്ളിൽ വരുമ്പോഴാണ്.

എഫെ 5:10 -'സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.' ഈ വെളിച്ചത്തിന്റെ ഫലം ജീവന്റെ വെളിച്ചമായ യേശുവിന്റെ വെളിപ്പെടുത്തലുകളാണ്.

എഫെ 5:11 -'ഇരുട്ടിന്റെ നിഷ്ഫല പ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്.' ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികൾ എതൊക്കെയെന്ന് അതിനു മുൻപ് പറയുന്നുണ്ട്.

എഫെ5:38- 'ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്ക് ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്‌തോത്രമത്രേ വേണ്ടത്. ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല .....' ജീവന്റെ വെളിച്ചമുള്ളവൻ സകല സദ്ഗുണവും നീതിയും വെളിപ്പെടുത്തുകയും അതിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നവനായിരിക്കും. ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തിയിലേക്ക് വീണുപോയ മനുഷ്യനെ വെളിച്ചത്തിന്റെ പ്രകാശനത്തിലേക്ക് കൊണ്ടുവരാനാണ് ദൈവം പദ്ധതിയിട്ടത്. 

യോഹ 8:12 - ൽ നാം ലോകത്തിന്റെ വെളിച്ചം, ജീവന്റെ വെളിച്ചം എന്നീ കാര്യങ്ങൾ കാണുന്നുണ്ട്. ജീവന്റെ വെളിച്ചം എന്നാൽ ജീവനിൽ നിന്ന് പുറപ്പെടുന്ന വെളിച്ചം. ലോകത്തിന്റെ വെളിച്ചം എന്ന് പറയുമ്പോൾ ലോകത്തിന്റെ  നിഷ്ഫലപ്രവൃത്തികളെ നമുക്ക് കാട്ടിത്തരുവാൻ, ലോകത്തെ മനസ്സിലാക്കാനും  തിരിച്ചറിയുവാനും മനുഷ്യനെ പ്രാപ്തമാക്കുന്ന വെളിച്ചം എന്നാണ്. അവിടെയാണ് പരിശുദ്ധാത്മാവിന്റെ സഹായം ഒരു മനുഷ്യന്റെ പ്രായോഗിക ജീവിതത്തിൽ വെളിപ്പെടുന്നത്.

എഫെ 4:24 -'സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.' ഒരു വൃക്ഷത്തെ സംബന്ധിച്ച് ഫലം സ്വമേധയാ ഉണ്ടായി വരുന്നതാണ്. അതുപോലെ, സകല സദ്ഗുണവും നീതിയും സത്യവും ഒരുവനിൽ നിന്ന്  ഫലം പുറപ്പെടുന്നതുപോലെ പുറത്തുവരാൻ ജീവന്റെ വെളിച്ചം അവനെ പ്രാപ്തമാക്കുന്നു. ഒന്നാമത്തെ മനുഷ്യൻ ദൈവസാന്നിദ്ധ്യത്തിലും സമാധാനത്തിലും സ്വസ്ഥതയിലും സുരക്ഷിതത്വ ബോധത്തിലും ആയിരുന്നു. പാപം ചെയ്ത് ദൈവസാന്നിദ്ധ്യം അവനിൽ നിന്ന് വിട്ടുപോയപ്പോൾ അവന്റെ സുരക്ഷിതത്വബോധം നഷ്ടപ്പെട്ടു. അവന് വേണ്ടി താൻതന്നെ കരുതിയില്ലെങ്കിൽ എല്ലാം വ്യർത്ഥമാകും എന്ന ചിന്ത അവനെ ഭരിക്കാൻ തുടങ്ങി. മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയാതായി. എങ്ങനെ ജീവിക്കണം എന്ന് അറിഞ്ഞാലും അങ്ങനെ ജീവിക്കാൻ കഴിവില്ലാതായി.

റോമ 7:18,19 -ൽ നന്മയെന്തെന്ന് അറിയാം എന്നാൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. തിന്മ എന്തെന്നറിഞ്ഞിട്ടും വിട്ടൊഴിയാൻ കഴിയുന്നില്ല എന്ന് പറഞ്ഞിരിക്കുന്നു.

എഫെ 5:8 -'മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.'

മുമ്പെ മനുഷ്യൻ സ്വന്ത ഇഷ്ടത്തിലും താല്പര്യത്തിലും ഇരുളിന്റെ നിഷ്ഫലപ്രവൃത്തിയിലും  ആയിരുന്നു. വിദ്യാഭ്യാസവും സാമൂഹിക ഉന്നമനവും ഉണ്ടെങ്കിലും മദ്യത്തിന്റെയും ലഹരിയുടെയും ഉപയോഗവും അനുസരണക്കേടും കൂടിക്കൊണ്ടിരിക്കുന്നു. പരസ്പര സ്‌നേഹവും ഉത്തരവാദിത്വബോധവും കരുതലും കുറയുന്നു. ഇങ്ങനെയായിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്, യേശുവിനെ അറിയുന്നതിനുമുമ്പ് ഇരുളായിരുന്നു എന്ന് പറയുന്നത്. യേശുവിൽ ആകുമ്പോൾ അവൻ വെളിച്ചമായി മാറുന്നു. അവനിൽത്തന്നെ ജീവന്റെ വെളിച്ചമുണ്ടാകും. അവന് നടക്കാനാവശ്യമായ ദിശാബോധം പരിശുദ്ധാത്മാവ് അവനിൽ ഇരുന്ന് അവന് ദാനമായി നൽകും. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവരുടെ ജീവിതത്തിൽ ദൈവം ഇങ്ങനെയൊരു അവസ്ഥയാണ് ആഗ്രഹിക്കുന്നത്. ഇവിടെയാണ് ലോകത്തിന്റെ വെളിച്ചമായ യേശുക്രിസ്തുവിന്റെ വാക്കിന്റെ പ്രസക്തി.

1 കൊരി 1:30 -'നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.'

എഫെ 5:10 -'സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.' അനീതിയുടെയും ഇരുളിന്റെയും കീഴിലായവന് നീതിയുടെയും വെളിച്ചത്തിന്റെയും പ്രവൃത്തി ചെയ്യാൻ കഴിയില്ല. പാപത്തിന്റെ അടിമത്വത്തിലായ മനുഷ്യന്റെ പ്രവൃത്തികൾ എല്ലാം ദൈവമുമ്പാകെ അനീതിയാണ്. ആയതിനാൽ നമ്മുടെ പ്രവൃത്തികളിൽ നിന്ന് നമുക്ക് ദൈവീകനീതി ലഭിക്കില്ല. അതുകൊണ്ടാണ് യേശുക്രിസ്തു നമ്മുടെ നീതിയായിത്തീർന്നത്. നമ്മിലെ വെളിച്ചത്തിന്റെ ആധാരം യേശുക്രിസ്തുവിന്റെ സാന്നിധ്യമാണ്. സമ്പൂർണ്ണമായി സമർപ്പിച്ച്, അവിടുത്തെ അനുഗമിക്കുക എന്നുള്ളതാണ് അതിന് ആവശ്യം; അതിനായി നമ്മെ ദൈവം സഹായിക്കട്ടെ.


                                                                        Video Link



Comments

Popular posts from this blog

27 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 4

26 യേശു ക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 3

28 യേശുക്രിസ്തു ആരാണ് ? ജീവന്റെ വെളിച്ചം - 5